അടഞ്ഞ വാതിൽ തുറക്കാനിതാ താക്കോൽ

കുവൈറ്റിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഞാൻ. 2015 ജൂൺ 28-ന് ഞാനും എന്റെ കുടുംബവുംകൂടി യാത്ര ചെയ്തിരുന്ന കാർ ഒരു സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയും റോഡിനരികിൽ നിന്ന ഒരു യുവാവിന് ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്തു. അത് ഞങ്ങൾക്ക് വലിയ വേദനയായി. രണ്ടര മാസത്തോളം അയാൾ അബോധാവസ്ഥയിൽ ആയിരുന്നു. കുവൈറ്റ് ഗവൺമെന്റ് എനിക്ക് യാത്രാനിരോധനം ഏർപ്പെടുത്തി.

അയാളുടെ ആരോഗ്യത്തിനായി ഞാനും കുടുംബവും കർത്താവിനോട് കരഞ്ഞപേക്ഷിച്ചു. ജപമാല ചൊല്ലിയും വിശുദ്ധ കുർബാന അർപ്പിച്ചും പ്രാർത്ഥിച്ചു. ആശുപത്രി അധികൃതർ അയാളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ ജീവഛവമായ മകനെ തങ്ങൾക്ക് വേണ്ടെന്ന് സ്വന്തം പിതാവ് പറഞ്ഞു. ഇതുംകൂടി കേട്ടപ്പോൾ ഞങ്ങളുടെ പ്രാർത്ഥനയുടെ ശക്തി കൂടി. ശാലോമിന്റെ ജാഗരണ പ്രാർത്ഥനയിൽ വീട്ടിലിരുന്ന് പങ്കെടുക്കുമായിരുന്നു.

പ്രാർത്ഥനകളുടെ ഫലമായി അത്ഭുതംതന്നെ കർത്താവ് ചെയ്തു. അബോധാവസ്ഥയിൽ കിടന്ന യുവാവ് സെപ്റ്റംബർ 16-ന് ട്രക്കിയോസ്റ്റമി ട്യൂബ് തനിയെ വലിച്ചൂരി കട്ടിലിൽ എഴുന്നേറ്റിരുന്നു! ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി! ഒരാഴ്ച കഴിഞ്ഞപ്പോൾ സംസാരിക്കാൻ തുടങ്ങി. നാട്ടിൽ വിളിച്ച് അമ്മയോടും ഭാര്യയോടും അയാൾ സംസാരിച്ചു.

അങ്ങനെ ഒക്‌ടോബർ 28-ന് സ്വന്തം നാട്ടിലേക്ക് അയാൾ തിരിച്ചുപോയി. പിറ്റേ വർഷം, 2016, സെപ്റ്റംബർ 28-ന് എന്റെ യാത്രാനിരോധനം മാറി, നാട്ടിലെത്തി അമ്മയെയും പ്രിയപ്പെട്ടവരെയും കാണാൻ കഴിഞ്ഞു. സാധ്യതകളുടെ അടഞ്ഞ വാതിൽ പ്രാർത്ഥനയെന്ന താക്കോൽകൊണ്ട് തുറക്കാനാകുമെന്ന് എനിക്ക് ബോധ്യമായി.

ബിജു ജോർജ്‌

Leave a Reply

Your email address will not be published. Required fields are marked *