കണ്ണുകളിൽ തീക്ഷ്ണതയും ശബ്ദത്തിൽ ഗാംഭീര്യവും നിറഞ്ഞ അരോഗദൃഢഗാത്രനായ ‘ലീ’ എന്ന നാൽപത്തിയേഴുകാരൻ, അമേരിക്കയിലെ ഒരു ജയിലിൽ കഠിനതടവ് അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷം 21 കഴിഞ്ഞു. ഇനിയും എത്ര വർഷംകൂടി ശിക്ഷയനുഭവിക്കണമെന്ന ചോദ്യത്തിന് മുന്നിൽ അദ്ദേഹം മൂകനായി നിന്നു. കാരണം അതിനുത്തരം ‘മരണംവരെ’ എന്നായിരുന്നു.
കരുണയുടെ വർഷത്തോടനുബന്ധിച്ച് അമേരിക്കൻ ജയിലുകളിൽ വിശ്വാസാധിഷ്ഠിതമായി നടത്തുന്ന ‘ബ്രിഡ്ജസ് റ്റു ലൈഫ്’ എന്ന മഹത്തായ പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്കയിലെ ജയിലുകളിൽ എല്ലാ ചൊവ്വാഴ്ചയും ഞങ്ങൾ സന്ദർശകരായി മാറി. പത്തുപേരടങ്ങുന്ന ജയിൽവാസികളുടെ ഗ്രൂപ്പിന് ക്ലാസെടുക്കണം – അതായിരുന്നു എന്റെ ദൗത്യം.
അവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അവരുടെ തെറ്റുകൾ അവരെക്കൊണ്ടുതന്നെ ഗ്രൂപ്പിൽ പറയിപ്പിക്കണം. അവർ ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കിക്കൊടുക്കണം. ജയിൽമോചിതരാകുമ്പോൾ നല്ല വഴിയിൽ ജീവിതം നയിക്കാൻ വേണ്ട മാർഗനിർദേശങ്ങൾ കൊടുക്കണം, ഇതൊക്കെയാണ് ചെയ്യേണ്ടത്. പതിവുപോലെ ഞങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞു. അന്ന് ഗ്രൂപ്പിൽ തന്റെ ജീവിതകഥ പറയേണ്ടിയിരുന്നത് ലീ എന്ന ചെറുപ്പക്കാരനായിരുന്നു.
കരൾ നീറ്റുന്ന കഥ
ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച്, കൂദാശകൾ സ്വീകരിച്ച്, നല്ലൊരു മകനായി വളർന്ന് ഇരുപത്തിയഞ്ചാമത്തെ വയസിൽ വിവാഹിതനായി, രണ്ട് കുട്ടികളുടെ പിതാവായ ലീയ്ക്ക് അന്ന് 27 വയസ് പ്രായം. പഴയ ഒരു സുഹൃത്ത് അവിചാരിതമായി കടന്നുവന്നു. അവന്റെ ആവശ്യമനുസരിച്ച് അവനെ ഒരു വീട്ടിൽ കൊണ്ടുചെന്നാക്കാനായി തന്റെ കാറുമെടുത്ത് ലീ യാത്രയായി. ഭാര്യയും മക്കളും നോക്കിനില്‌ക്കേ സുഹൃത്തിനോടൊപ്പം പോയ ലീ പിന്നീട് ഇരട്ടകൊലപാതകത്തിന്റെ പേരിൽ ജയിലിലാവുകയാണുണ്ടായത്.
കള്ളനും കൊലയാളിയുമായിരുന്ന സുഹൃത്തിനെ മനസിലാക്കാതെ അയാൾ പറഞ്ഞതനുസരിച്ച് ഒരു വീടിനു മുന്നിൽ ലീ കാറിൽ കാത്തിരുന്നു. സുഹൃത്ത് തിരികെ വരുന്നതും കാത്തിരുന്ന ലീ പെട്ടെന്നാണ് വീടിനുള്ളിൽ വെടിയൊച്ച കേട്ടത്. ഒന്നുമാലോചിക്കാതെ അവൻ വീടിനുള്ളിലേക്ക് കയറി. അവിടെ രക്തത്തിൽ കുതിർന്ന് മരണത്തോട് മല്ലടിക്കുന്ന രണ്ടു മനുഷ്യർ, കൈയിൽ തോക്കുമായി നില്ക്കുന്ന തന്റെ സുഹൃത്ത്. പെട്ടെന്ന് തന്റെ കൈയിലിരുന്ന തോക്ക് ലീയുടെ കൈകളിലേക്ക് വച്ചുകൊടുത്ത് മോഷ്ടിച്ച പണവുമായി സുഹൃത്ത് രക്ഷപ്പെട്ടു. പോലീസ് വരുമ്പോൾ തോക്കുമായി നില്ക്കുന്ന ലീ പകച്ചുപോയി. തന്റെ നിരപരാധിത്വം ഏറ്റുപറഞ്ഞെങ്കിലും ആരുമത് വിശ്വസിച്ചില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ലീ വിധിക്കപ്പെട്ടു – ‘ആജീവനാന്തം കഠിനതടവ്.’
എന്റെ ഭാര്യയും മക്കളും എന്നെ ഉപേക്ഷിച്ചു. എന്റെ മാതാപിതാക്കൾ എന്നെ തള്ളിപ്പറഞ്ഞു. ഈ ലോകത്തിൽ എന്റെ നിസഹായത മനസിലാക്കാൻ ആരുമുണ്ടായില്ല. ജീവിതം പൂർണമായി തകർന്നുപോയ ഞാൻ മരണംവരെ ഈ ജയിലിനുള്ളിൽ കഴിയണം. എന്തിനുവേണ്ടി? ഞാൻ ചെയ്ത തെറ്റ് എന്ത്? ആരോടാണ് ഞാൻ മാപ്പു പറയേണ്ടത്? എന്റെ സ്ഥാനത്ത് നിങ്ങളാണെങ്കിൽ എന്തു ചെയ്യുമായിരുന്നു? എനിക്കൊരു ഉത്തരം തരൂ.” പൊട്ടിക്കരഞ്ഞുകൊണ്ട് ലീ പറഞ്ഞുനിർത്തി. അവനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഈ നേരിന്റെ മനുഷ്യനോട് എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ പകച്ചുപോയി.
പെട്ടെന്ന് എന്റെ മനസിലേക്ക് കുരിശിന്റെ വഴിയിലെ പ്രാർത്ഥനയാണ് ഓടിവന്നത്. ”എന്നെ മറ്റുള്ളവർ തെറ്റിദ്ധരിക്കുമ്പോഴും നിർദയമായി വിമർശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം സമചിത്തതയോടെ സഹിക്കുവാൻ എന്നെ പഠിപ്പിക്കണമേ.” ആബേലച്ചൻ വളരെ മനോഹരമായി കുറിച്ചുവച്ച പ്രാർത്ഥന ഞാൻ ലീയുടെ മുന്നിൽ അവതരിപ്പിച്ചു. ഒരു തെറ്റും ചെയ്യാത്തവനായിരുന്നിട്ടും കുരിശുമരണത്തിന് വിധിക്കപ്പെട്ട നാഥന്റെ കുരിശിൻചുവട്ടിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി.
അവന്റെ കൈയിൽനിന്ന് വാങ്ങിയ വിലാസത്തിൽ ഞങ്ങൾ പരമാവധി അന്വേഷിച്ചെങ്കിലും അവന്റെ ഭാര്യയെയോ മക്കളെയോ മാതാപിതാക്കളെയോ കണ്ടെത്തുവാൻ സാധിച്ചില്ല. അടുത്ത ആഴ്ച വീണ്ടും ജയിലിൽവച്ച് അവനെ കണ്ടുമുട്ടുമ്പോൾ ഞാനെന്തു പറയും, ഈശോയേ എനിക്കൊരു വഴി കാണിച്ചുതരണമേ എന്ന് പ്രാർത്ഥിച്ച് ബൈബിൾ തുറന്നു. അവിടുന്ന് എന്നെ നയിച്ചത് യോഹന്നാന്റെ സുവിശേഷത്തിലേക്കായിരുന്നു.
ബെത്‌സയ്ഥാ കുളക്കരയിൽ മുപ്പത്തെട്ടു വർഷമായി തളർന്നുകിടന്നവന്റെ അരുകിലേക്ക് ഈശോ കടന്നുവരുന്ന രംഗം. മുപ്പത്തെട്ടു വർഷത്തെ അവന്റെ തളർവാതം അവിടുന്ന് എടുത്തുമാറ്റി. ബെത്‌സയ്ഥാ കുളക്കരയിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞതെല്ലാം ലീ ഒരു കൊച്ചുകുട്ടിയെപ്പോലെ കേട്ടിരുന്നു.
സ്വാതന്ത്ര്യത്തിലേക്ക്…
തങ്ങൾക്ക് ഈ പ്രോഗ്രാമിൽനിന്നുണ്ടായ അനുഭവം ഓരോരുത്തരും പങ്കുവയ്ക്കുന്ന ദിവസമെത്തി. ലീ സ്റ്റേജിലേക്ക് കയറി, തന്റെ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. എന്നിട്ടവൻ പറഞ്ഞു, ”ഞാൻ കഴിഞ്ഞ ഇരുപതുവർഷമായി തളർന്ന് കിടക്കുകയായിരുന്നു. എന്നാലിന്ന് എനിക്ക് ജീവനുണ്ട്. ഇനിമേലിൽ എന്റെ മനസിൽ നിരാശയില്ല, ദുഃഖമില്ല, എന്റെ ജീവിതത്തിൽ സംഭവിച്ചവയെക്കുറിച്ച് എനിക്ക് പരിഭവമില്ല. കാരണം ഈശോ അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഈ ജയിലറയ്ക്കുള്ളിൽനിന്നും മോചനം ലഭിച്ചില്ലെങ്കിലും എന്റെ മനസിലെ തളർച്ചകളുടെയും അന്ധകാരത്തിന്റെയും ജയിലറകളിൽനിന്ന് ഞാൻ മോചിതനായിരിക്കുന്നു. അതിന് ബൈബിൾതന്നെ കാരണമായി. ഞാൻ ഇന്നുമുതൽ നല്ലൊരു ക്രിസ്ത്യാനിയായി ജീവിക്കും. സ്വർഗരാജ്യത്തിന്റെ സ്വാതന്ത്ര്യം ഞാൻ സ്വന്തമാക്കും.” അവൻ പറഞ്ഞുനിർത്തിയപ്പോൾ ആ ജയിലറയ്ക്കുള്ളിലെ എല്ലാ കുറ്റവാളികളും കണ്ണുനീർ വീഴ്ത്തി.
അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇന്ന് ജയിലറയ്ക്കുള്ളിൽ പ്രാർത്ഥനാസമ്മേളനങ്ങൾ ഉണ്ട്. സുവിശേഷം പഠിക്കുന്നുണ്ട്, സ്‌നേഹവും സമാധാനവും പങ്കുവയ്ക്കലുണ്ട്. അതിനെല്ലാം പിന്നിൽ ചുക്കാൻ പിടിക്കാൻ ഒരു വ്യക്തിയുണ്ട് – ലീ എന്ന ‘കൊലയാളി.’ രണ്ടു മാസങ്ങൾക്കുശേഷം പുതിയ ഗ്രൂപ്പിനെ പരിശീലിപ്പിക്കുവാനായി ഞങ്ങൾ വീണ്ടും അതേ ജയിലിലെത്തി. അപ്പോൾ ഞങ്ങളെ എതിരേറ്റതും പുതിയ ഗ്രൂപ്പിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതും ലീ ആയിരുന്നു. അവിടെവച്ച് ലീ എന്നോട് പറഞ്ഞു: ”ഞാൻ എന്നും രാവിലെ പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനയുണ്ട് – എന്നെ മറ്റുള്ളവർ
തെറ്റിദ്ധരിക്കുമ്പോഴും നിർദയമായി വിമർശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാൻ എന്നെ
പഠിപ്പിക്കണമേ.”
ജയിംസ് വടക്കേക്കര