ഒരേ ഒരു ചോദ്യം

ഒരിക്കൽ ഒരു രത്‌നവ്യാപാരിക്ക് വളരെ അമൂല്യവും വിലപിടിപ്പുള്ളതുമായ ഒരു പവിഴം കിട്ടി. അദ്ദേഹം ആ പവിഴം തന്റെ രത്‌നാഭരണശാലയിൽ വില്പനയ്ക്കായി വയ്ക്കാൻ തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തിന് തോന്നി, ഈ പവിഴം വെറുതെ വച്ചാൽ പോരാ, ഇതിന് നല്ലൊരു പെട്ടികൂടി വേണം. അങ്ങനെ അദ്ദേഹം നല്ലയിനം മരംകൊണ്ട് കൊത്തുപണികളോടുകൂടിയ, സ്വർണംകൊണ്ടുള്ള തകിടു പതിപ്പിച്ച, ഒരു പെട്ടിയുണ്ടാക്കി. അകത്ത് വിലപിടിപ്പുള്ള തുണി വച്ചു. അതിൽ സുഗന്ധതൈലം പൂശി. അങ്ങനെ ആ അമൂല്യരത്‌നത്തിന് യോഗ്യമായ ഒരു പെട്ടി ഉണ്ടാക്കി ആ പവിഴം തന്റെ കടയിൽ വില്പനയ്ക്കായി വച്ചു.
അധികം താമസിയാതെ അവിടെ വന്ന ധനികനായ ഒരു യുവാവ് അത് കണ്ടു. ആ യുവാവ് രത്‌നവ്യാപാരിയോട് വിലപേശാൻ തുടങ്ങി. പെട്ടെന്ന് ആ വ്യാപാരി തിരിച്ചറിഞ്ഞു, യുവാവ് വിലപേശുന്നത് ആ പവിഴത്തിനുവേണ്ടി അല്ല, പവിഴം ഇരിക്കുന്ന മരപ്പെട്ടിക്കുവേണ്ടിയാണ്. ആ യുവാവ് അത്യമൂല്യമായ പവിഴത്തിലല്ല ആകൃഷ്ടനായിരുന്നത് പകരം മരപ്പെട്ടിയിലാണ്.

മരപ്പെട്ടിക്കുള്ളിൽ…
എന്താണ് ആ പവിഴം? എന്താണ് ആ മരപ്പെട്ടി? അതിന്റെ ഉത്തരം നന്നായി മനസ്സിലാക്കാൻ സുവിശേഷത്തിലെ വളരെ മനോഹരമായ ഒരു രംഗംകൂടി ശ്രദ്ധിക്കണം. ഉത്ഥിതനായ യേശു, രാത്രി മുഴുവൻ ഫലം കിട്ടാതെ അധ്വാനിച്ച് ഒഴിഞ്ഞ വലയുമായി വഞ്ചിയിൽ തിരിച്ചെത്തിയ ശിഷ്യരെ തിബേരിയാസ് കടൽത്തീരത്ത് കണ്ടുമുട്ടുന്ന ഭാഗം (യോഹന്നാൻ 21:1-19). ഒരിക്കൽ വലയും വള്ളവുമൊക്കെ യേശുവിനുവേണ്ടി ഉപേക്ഷിച്ച ശിഷ്യരാണവർ. പക്ഷേ, ഊണിലും ഉറക്കത്തിലും മൂന്നുവർഷം യേശുവിന്റെകൂടെ നടന്നിട്ട് അവൻ പിടിക്കപ്പെട്ടപ്പോൾ ഓടി രക്ഷപ്പെട്ടവർ! ഹൃദയവേദനയുടെ ആധിക്യത്തിൽ അവൻ രക്തം വിയർത്ത് പ്രാർത്ഥിച്ചപ്പോൾ ഉറങ്ങിയവർ! ആ വള്ളത്തിന്റെ അമരത്തിരിക്കുന്നത് പത്രോസാണ്. നിന്നോടുകൂടെ മരിക്കേണ്ടിവന്നാൽപോലും ഞാൻ നിന്നെ നിഷേധിക്കുകയില്ലെന്ന് പറഞ്ഞിട്ട് ഒരു പരിചാരികയുടെ മുൻപിൽ അവനെ ഞാൻ അറിയുകയില്ലെന്ന് മൂന്നുപ്രാവശ്യം ആവർത്തിച്ച് പറഞ്ഞ ശിഷ്യപ്രമുഖൻ.
ഇതാ ആ ശിഷ്യർക്കായി പ്രാതൽ ഒരുക്കി, സ്‌നേഹിതരേ എന്ന് അവരെ വിളിച്ച്, വല നിറയെ മീൻ നല്കി അവരെ കാത്തിരിക്കുന്ന ഉത്ഥിതനായ യേശു. യേശുവിന്റെ ചോദ്യം ‘നിങ്ങളുടെ തെറ്റുകൾ ഓർക്കുന്നുണ്ടോ?’ ‘നിങ്ങൾ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത്?’ എന്നൊന്നുമായിരുന്നില്ല. അവന് ഒരേയൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. അത് ഇന്നിനെക്കുറിച്ചാണ്, ഇപ്പോഴത്തെക്കുറിച്ചാണ്. ഇപ്പോൾ, ഇവിടെ, ‘നീ എന്നെ സ്‌നേഹിക്കുന്നുവോ?’

ഏശയ്യാ 1:18 ”കർത്താവ് അരുളിച്ചെയ്യുന്നു: വരുവിൻ, നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപം കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കമ്പിളിപോലെ വെളുക്കും.” നമ്മുടെ ഇന്നലെകളിലെ വീഴ്ചകളും പരാജയങ്ങളും അവിശ്വസ്തതയും തള്ളിപ്പറച്ചിലുകളും ഇതാ യേശു എടുത്തുകളയുന്നു. യേശു ഒരിക്കലും അതിനെപ്പറ്റിയല്ല നമ്മോട് ചോദിക്കുന്നത്.

‘നീ എല്ലാത്തിനെക്കാളും ഉപരിയായി, എല്ലാവരെക്കാളും ഉപരിയായി എന്നെ സ്‌നേഹിക്കുന്നുവോ?’ ആദ്യത്തെ മാർപാപ്പയാകാനായി തിരഞ്ഞെടുക്കപ്പെട്ട പത്രോസ്ശ്ലീഹയുമായി യേശു നടത്തിയ ഒരു ഇന്റർവ്യൂ ആയിരുന്നു ഈ ചോദ്യമുയർന്ന രംഗം. ഒരു ഇന്റർവ്യൂവിൽ വരുന്ന ഉദ്യോഗാർത്ഥിക്ക് ആവശ്യത്തിനുള്ള യോഗ്യതയും കഴിവുകളും ഉണ്ടോ എന്ന് ചോദിച്ചറിയണം. തന്റെ അജഗണത്തിന്റെ കാവൽക്കാരനായി പത്രോസ്ശ്ലീഹായെ നിയമിക്കുന്നതിനുമുൻപ് യേശു ചോദിച്ച ഏക കഴിവും ഏക യോഗ്യതയും ”നീ എന്നെ സ്‌നേഹിക്കുന്നുവോ?” എന്നുമാത്രമായിരുന്നു.

രത്‌നം സ്വന്തമാക്കാൻ
ഒരു വിളിയുടെ രണ്ട് വശങ്ങളാണ്: യേശുവിനോടുള്ള അഗാധമായ സ്‌നേഹവും ശുശ്രൂഷാദൗത്യവും. ഉറപ്പായിട്ടും സ്‌നേഹം കുറയുന്നിടത്ത് ശുശ്രൂഷയിൽ മന്ദതയും താല്പര്യക്കുറവും മടുപ്പും തോന്നും. വെളിപാട് 2:4 ”നിനക്കെതിരെ എനിക്കൊന്ന് പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു. അതിനാൽ നീ ഏതവസ്ഥയിൽനിന്നാണ് അധഃപതിച്ചതെന്ന് ചിന്തിക്കുക.” വിളിച്ചവനോടുള്ള സ്‌നേഹം കുറയുമ്പോൾ ഏൽപിച്ചിരിക്കുന്ന ശുശ്രൂഷയും ഉത്തരവാദിത്വങ്ങളും തീർച്ചയായും ഭാരമുള്ളതായിത്തീരും.

ആദ്യം പറഞ്ഞ കഥയിലെ പവിഴവും പെട്ടിയും എന്താണെന്ന് മനസിലാക്കാൻ ഇനി എളുപ്പമാണ്. ആ രത്‌നം യേശുമാത്രം ആണ്. ജീവിതത്തിലെ യഥാർത്ഥ സന്തോഷം യേശുവാകുന്ന ആ രത്‌നം സ്വന്തമാക്കുക എന്നതാണ്. ഒരു ക്രിസ്ത്യാനി ആയതിനാൽ, ഒരു ശുശ്രൂഷകനാകയാൽ, ഒരു സമർപ്പിതൻ ആയതിനാൽ, ഒരു വൈദികനാകയാൽ എനിക്ക് ലഭിക്കുന്ന കുറെ അവസരങ്ങളും സ്ഥാനങ്ങളും ബഹുമതിയും ഭൗതികനേട്ടങ്ങളും ഒക്കെയാണ് ആ മരപ്പെട്ടി. യേശു പറഞ്ഞു: സ്വർഗരാജ്യം നല്ല രത്‌നങ്ങൾ തേടുന്ന വ്യാപാരിക്ക് തുല്യം. അവൻ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോൾ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അത് വാങ്ങുന്നു (മത്തായി 13:45-46).

നമ്മൾ എന്താണ് തിരയുന്നത്? നമ്മൾ എന്തിനുവേണ്ടിയാണ് വിലപേശുന്നത്? നമ്മൾ എന്തിലേക്കാണ് കൂടുതൽ ആകൃഷ്ടരായിരിക്കുന്നത്? മരപ്പെട്ടിയിലോ പവിഴത്തിലോ? ഇന്ന് ആകർഷണീയമായി തോന്നുന്ന, ഇന്ന് കൊതി തോന്നുന്ന ഒരു മരപ്പെട്ടി നാളെ നമുക്ക് അരോചകമായി തീർന്നേക്കാം. ദൈവശുശ്രൂഷക്കായി സ്വയം സമർപ്പിച്ചിട്ടും പവിഴമാകുന്ന യേശുവിനെ മറന്ന് സ്വന്തം സ്ഥാനമാനങ്ങളാകുന്ന മരപ്പെട്ടിയുടെ പിന്നാലെയാണോ ഞാൻ ഓടുന്നത്?

പൗലോസ് ശ്ലീഹായോടുകൂടെ എനിക്കും പറയാൻ സാധിക്കണം – എന്റെ കർത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയാൽ, സർവവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു. അവനെപ്രതി ഞാൻ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ് (ഫിലിപ്പി 3:8). നാം ഈശോയോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നവരാണ്. എന്നാൽ ഈശോ നമ്മളോടു ചോദിക്കുന്ന ആ ചോദ്യം നമുക്കൊന്നു കേൾക്കാം: നീ എന്നെ സ്‌നേഹിക്കുന്നുവോ?

ഫാ. ജോൺ മസിയാസ് ഒ.പി

Leave a Reply

Your email address will not be published. Required fields are marked *