വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവരെക്കുറിച്ച് കേട്ടിട്ടുണ്ട്. സമൃദ്ധിയുടെ മടിത്തട്ടിൽ ജനിച്ചു വീഴുന്നവരെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു പഴഞ്ചൊല്ല് ആണിത് എന്നതിനാൽ ഒരു പ്രതീകാത്മക അർത്ഥമേ ഇതിന് കൊടുക്കേണ്ടതുള്ളൂ. എന്നാൽ എല്ലാ ദിവസവും അക്ഷരാർത്ഥത്തിൽത്തന്നെ സ്വർണപ്പാത്രത്തിൽ ഭക്ഷണം കഴിച്ചിരുന്ന ഒരു വ്യക്തിയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോൾ വലിയ അതിശയം തോന്നി.
ഒരു കാലത്ത് തമിഴ് സിനിമയിലെ മുടിചൂടാമന്നനായിരുന്ന ത്യാഗരാജ ഭാഗവതർ എന്ന എം.കെ.ടി. ഭാഗവതരാണ് കഥാപാത്രം. ദരിദ്രകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പഠനകാലത്ത് ഫീസ് കൊടുക്കുവാൻപോലും അദ്ദേഹം ക്ലേശിച്ചിട്ടുണ്ട്. എന്നാൽ ദൈവം ദാനമായി നല്കിയ അഭിനയ-സംഗീത സിദ്ധികൾകൊണ്ട് അദ്ദേഹം ഉയർന്നു, തമിഴ്മക്കളുടെ ഹൃദയങ്ങൾ കവർന്ന ഒരു ഹീറോയായി മാറി. തമിഴ് സിനിമയുടെ ആരംഭകാലഘട്ടമാണ്. അതിന് മൂന്ന് വയസേ ആയിട്ടുള്ളൂ. ഭാഗവതർ അഭിനയിച്ച ‘പവലക്കൊടി’ എന്ന സിനിമ വൻ ഹിറ്റായി. ആദ്യ അഭിനയത്തിനുതന്നെ നാല്പതിനായിരം രൂപ അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചു. കാലം 1926 ആണെന്നോർക്കണം. അന്ന് അത് വളരെ വലിയ ഒരു തുകയാണ്.
പിന്നീടങ്ങോട്ട് ഭാഗവതരുടെ ജൈത്രയാത്രയായിരുന്നു. അദ്ദേഹം അഭിനയിച്ച ‘ഹരിദാസ്’ എന്ന സിനിമ അക്കാലത്തെ എല്ലാ റെക്കോർഡുകളെയും ഭേദിച്ചു. സമ്പത്തിന്റെ കാര്യത്തിലും ഭാഗവതരെ വെല്ലുവാൻ അന്ന് ആരുമുണ്ടായിരുന്നില്ല. ഫീസ് കൊടുക്കുവാൻ ഒരു കാലത്ത് ബുദ്ധിമുട്ടിയ ആൾ മുൻപ് സൂചിപ്പിച്ചതുപോലെ ഭക്ഷണം സ്വർണപ്പാത്രത്തിലാക്കി. വിലകൂടിയ കാറുകൾ, വസതികൾ- എല്ലാം അദ്ദേഹം സ്വന്തമാക്കി. വെള്ളക്കുതിരകളോട് അദ്ദേഹത്തിന് വലിയ കമ്പമുണ്ടായിരുന്നു. അതിനാൽ പലപ്പോഴും അദ്ദേഹത്തിന്റെ യാത്ര സ്വന്തം വെള്ളക്കുതിരയുടെ പുറത്തായിരുന്നു. അദ്ദേഹത്തെ ഒന്നു നോക്കുവാൻ ജനലക്ഷങ്ങൾ കാത്തുനിന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന തീവണ്ടികൾ മൂന്നും നാലും മണിക്കൂറുകൾ വൈകിയാണ് ഓടിയിരുന്നത്.
മാറിമറിഞ്ഞപ്പോൾ…
എന്നാൽ എല്ലാം പെട്ടെന്നാണ് മാറിമറിഞ്ഞത്. ഒരു കൊലക്കേസിൽ പ്രതിയായി അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. മുപ്പതു മാസത്തെ ജയിൽവാസത്തിനുശേഷം അദ്ദേഹം പുറത്തുവന്നപ്പോൾ സ്ഥിതിഗതികൾ ആകെ മാറിയിരുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി വല്ലാതെ കുറഞ്ഞു. അഭിനയിക്കുവാനുള്ള ഓഫറുകൾ ഇല്ലാതായെന്ന് പറയാം. അഭിനയിച്ച ചിത്രങ്ങൾ വൻ പരാജയങ്ങളായി മാറി. കൂനിന്മേൽ കുരുവെന്നവണ്ണം അദ്ദേഹത്തിന് കലശലായ പ്രഷറും പ്രമേഹവും പിടിപെട്ടു. അങ്ങനെ മദ്രാസ് ജനറൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം 1959 ഒക്‌ടോബർ 22-ന് മരിച്ചു. കാത്തുനില്ക്കുന്ന ജനക്കൂട്ടം ഇപ്പോഴില്ല. മൂന്നോ നാലോ പേർ മാത്രമായിരുന്നു മൃതദേഹത്തെ അനുഗമിക്കുവാനുണ്ടായിരുന്നത്.
ഇത് വായിക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത് ഭോഷനായ ധനികന്റെ ഉപമയായിരിക്കും അല്ലേ? യേശു പറഞ്ഞ ആ ഉപമ അനേകരുടെ ജീവിതത്തിൽ സംഭവിക്കാവുന്ന ഒരു സാധ്യത ആയിരുന്നു എങ്കിൽ ഇപ്പോൾ അതൊരു യാഥാർത്ഥ്യമാണ്. ഇന്ന് അനേകരുടെ ജീവിതങ്ങളിൽ ഈ ദുരന്തനാടകം വീണ്ടും വീണ്ടും അരങ്ങേറുന്നുണ്ട്.
താജ്മഹലും ഈഫൽ ടവറും ചൈനയിലെ വൻമതിലുമൊക്കെ ലോകത്തിലെ മഹാത്ഭുതങ്ങളായി ഗണിക്കപ്പെടുന്നുണ്ടാകാം. എന്നാൽ അവയെ ഒക്കെ വെല്ലുന്ന ഒരു മഹാത്ഭുതം ഇന്നും നടന്നുകൊണ്ടിരിക്കുന്നു. എന്നും നടന്നുകൊണ്ടിരിക്കുകയും ചെയ്യും. കാരണം സമ്പത്തിന്റെയും പ്രൗഢിയുടെയും നൈമിഷികത കൺമുൻപിൽ കണ്ടാലും മനുഷ്യൻ വിശ്വസിക്കുകയില്ല എന്നതുതന്നെ. അവൻ എന്നും ആ മരീചിക സ്വന്തമാക്കുവാൻ ഓടിക്കൊണ്ടേയിരിക്കും. അങ്ങനെയുള്ളവനെ ഭോഷൻ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടത്?
ഒളിഞ്ഞിരിക്കുന്ന നിധികൾ
യേശു നല്കിയ മേല്പറഞ്ഞ ഉപമയിൽ രണ്ട് നിധികളാണ് ഒളിഞ്ഞിരിക്കുന്നത്. അവ മറക്കാതെ ഹൃദയഭിത്തിയിൽ കൊത്തിവയ്ക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവനാണ് അനുഗൃഹീതൻ. ആദ്യത്തേത് നമ്മെ ഓർമിപ്പിക്കുന്നത് മനുഷ്യജീവിതം എന്തുകൊണ്ടല്ല ധന്യമാകുന്നത് എന്നതാണ്. ‘എന്തല്ല’ എന്ന് പറഞ്ഞശേഷമാണ് ‘എന്താണ്’ എന്ന് യേശു പറയുന്നത്. നിലവിലുള്ള ധാരണയെ തിരുത്തിക്കുറിക്കാനാണ് ‘എന്തല്ല’ എന്ന് ആദ്യം പറയുന്നത്. ലോകം ഒരുവനെ പഠിപ്പിക്കുന്നത് സമ്പത്ത് പരമപ്രധാനമാണ് എന്നാണ്. ‘പണമില്ലാത്തവൻ പിണം’, ‘പണത്തിന് മുകളിൽ പരുന്തും പറക്കുകയില്ല’ തുടങ്ങിയ ചൊല്ലുകൾ ലോകാരൂപിയുടെ ഈ പഠനത്തിന്റെ നിദർശനങ്ങളാണ്.
സമ്പത്തുണ്ടാക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിൽ അതിനുവേണ്ടിയാണ് അധ്വാനിക്കേണ്ടത്. ലോകാരൂപിയാൽ നയിക്കപ്പെടുന്ന മനുഷ്യരെല്ലാം ജീവിക്കുന്നത് ഈ തത്വമനുസരിച്ചാണ്. അതുകൊണ്ടാണ് അവർ പണമുണ്ടാക്കുവാൻവേണ്ടി ജീവിക്കുന്നവരാകുന്നത്. അതിന് ഏത് മാർഗങ്ങൾ സ്വീകരിക്കുവാനും അവർക്ക് മടിയില്ല. ബന്ധങ്ങളും മൂല്യങ്ങളുമെല്ലാം ഈ മലവെള്ളപ്പാച്ചിലിൽ ഒഴുകി നശിക്കുന്നു. പക്ഷേ അവസാനത്തെ കണക്കെടുപ്പിൽ ഇത്തരത്തിലുള്ള ജീവിതം ഒരു ശൂന്യത മാത്രമേ ഒരുവന്റെ മനസിൽ സൃഷ്ടിക്കുന്നുള്ളൂ എന്ന് വ്യക്തമാകും. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ എല്ലാറ്റിനുമുപരി ദൈവത്തിന്റെതന്നെ സ്‌നേഹസാന്നിധ്യമനുഭവിക്കുവാൻ സാധിക്കാതെ അയാൾ ഇഹലോകം വിട്ട് പോകേണ്ടിവരും. അപ്പോൾ ഉപമയിലെ ഈ ചോദ്യം മാത്രമേ എല്ലാവരുടെയും അധരങ്ങളിൽ ഉണ്ടാവുകയുള്ളൂ: ‘നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും?’
അങ്ങനെയെങ്കിൽ മനുഷ്യജീവിതം എപ്രകാരം ധന്യമാക്കാം? എന്താണ് ശാശ്വത സമ്പത്ത്? ഈ ചോദ്യങ്ങൾക്ക് മറുപടിയാണ് രണ്ടാമത്തെ വെളിപ്പെടുത്തൽ. അത് ദൈവസന്നിധിയിൽ സമ്പന്നനാകുക എന്നതാണ് (ലൂക്കാ 12:21). ദൈവം വിലയുള്ളതായി കാണുന്നതൊക്കെ നാമും വിലയുള്ളതായി കാണുക, അവ കരസ്ഥമാക്കുവാൻ അധ്വാനിക്കുക. ഇത് ലളിതമായ ഒരു തത്വമാണ്. അപ്പൻ വിലമതിക്കുന്നതിനെ മകനും വിലമതിക്കുന്നു. സത്യസന്ധമായി ജീവിക്കുന്ന ഒരാളാണ് പിതാവെങ്കിൽ മകനും ഏതു സാഹചര്യത്തിലും എവിടെപ്പോയാലും സത്യസന്ധത നിർബന്ധമായും പാലിക്കും. പരീക്ഷാഹാളിലുള്ളവരെല്ലാം കോപ്പിയടിച്ചിട്ടും ഒരു മകൻ മാത്രം അത് ചെയ്തില്ല. എന്തുകൊണ്ടാണ് നീ കോപ്പിയടിക്കാതിരുന്നത് എന്ന് ഒരാൾ ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ‘അത് എന്റെ ചാച്ചയ്ക്ക് വേദനയുണ്ടാക്കും.’ ഇത്രയും ലളിതമാണ് ദൈവപിതാവുമായുള്ള ബന്ധം. പിതാവിന് ഇഷ്ടമുള്ളതെല്ലാം മകൻ ചെയ്യുന്നു. പിതാവിന് വേദനയുളവാക്കുന്നതെല്ലാം മകൻ ഉപേക്ഷിക്കുന്നു.
എളുപ്പമാർഗ്ഗം
ഈ ജീവിതരീതി ആയാസകരവും ശ്രമകരവുമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ അങ്ങനെയല്ല എന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവത്തെ പ്രീതിപ്പെടുത്തുവാൻ, ദൈവപൈതലായി ജീവിക്കുവാൻ അല്ലെങ്കിൽ ദൈവസന്നിധിയിൽ സമ്പന്നനാകുവാൻ ഒരു എളുപ്പവഴിയുണ്ട്. അത് ദൈവാരൂപിയാൽ നയിക്കപ്പെടുക എന്നതാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ ഇപ്രകാരം പഠിപ്പിക്കുന്നു: ”ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്” (റോമാ 8:14). അപ്പോൾ ദൈവാത്മാവ് എല്ലാം നമ്മെ പഠിപ്പിക്കും. ദൈവസന്നിധിയിൽ സമ്പന്നനാകുവാനുള്ള മാർഗങ്ങളും രീതികളും ദൈവാരൂപിതന്നെ പരിശീലിപ്പിക്കും.
ലോകാരൂപി നല്കുന്ന മായാധാരണകളെയും മിഥ്യാബോധങ്ങളെയും നിർവീര്യമാക്കുവാൻ ദൈവാരൂപിക്ക് മാത്രമേ സാധിക്കൂ. ലോകത്തിൽ ജീവിക്കുന്നുവെങ്കിലും ലോകത്തിന്റേതല്ലാത്തതുപോലെ, ദൈവത്തിന്റേതായി ജീവിക്കാനുള്ള കൃപ സ്വന്തമാക്കുകയാണ് പരമപ്രധാനം. അതിനായി ഇപ്പോൾമുതൽ പ്രാർത്ഥന ആരംഭിക്കാം.
സ്‌നേഹനിധിയായ ദൈവമേ, അങ്ങാണ് എന്റെ യഥാർത്ഥസമ്പത്തെന്ന് എന്നെ ഓർമിപ്പിച്ചതിന് നന്ദി. പിതാവേ, അങ്ങ് വിലയുള്ളതായി കാണുന്നതെല്ലാം ഞാനും വിലപ്പെട്ടതായി കാണട്ടെ. എന്റെ കണ്ണുകളെ പ്രകാശിപ്പിച്ചാലും. അങ്ങയുടെ മാർഗത്തിലൂടെ എന്നെ നയിക്കുവാനായി അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിലേക്ക് എല്ലാ നിമിഷവും അയയ്ക്കണമേയെന്നുമാത്രം ഞാൻ പ്രാർത്ഥിക്കുന്നു. ആത്മസന്തോഷത്താൽ നിറഞ്ഞ ഒരു ദൈവപൈതലായി ഞാൻ ജീവിക്കട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, നിങ്ങൾ ഈ ലോകത്തിൽ ജീവിച്ചതുപോലെ ജീവിക്കുവാനുള്ള കൃപ എനിക്കും ലഭിക്കുവാനായി പ്രാർത്ഥിക്കണമേ – ആമ്മേൻ.