പെട്ടെന്നാണ് അത് സംഭവിച്ചത്. അവൻ സഞ്ചരിച്ചുകൊണ്ടിരുന്ന ബൈക്ക് ഒന്നു തെന്നിപ്പോയതിനാൽ റോഡരികിലേക്ക് വീണു. കാൽമുട്ടിൽ അല്പം തൊലി പോയതൊഴിച്ച് കാര്യമായ അപകടമൊന്നുമുണ്ടായില്ല. ആ നേരത്താണ് റോഡിലൂടെ ഒരു ആംബുലൻസ് അതിവേഗം പാഞ്ഞുപോയത്. ‘ഏതോ ആക്‌സിഡന്റ് കേസാണ്’.’ ബൈക്ക് വീണതുകണ്ട് ഓടിയെത്തിയ ആരോ പറഞ്ഞു. അതു കേട്ടതും അവൻ ഒരു നിമിഷം കണ്ണടച്ചു, ”എന്റീശോയേ, അതാരായാലും കാത്തുകൊള്ളണേ, സൗഖ്യം കൊടുക്കണേ” അപകടത്തിൽനിന്ന് രക്ഷപ്പെട്ട് നിമിഷങ്ങൾക്കകമായതിനാൽ ആ പ്രാർത്ഥന ഉരുകുന്ന ഹൃദയത്തോടെതന്നെയായിരുന്നു.
സൗഖ്യം, ആ വാക്ക് തന്റെ മനസിൽ എങ്ങനെ വന്നുവെന്ന് അവന് അത്ഭുതം തോന്നി. അമ്മയല്ലാതെ വീട്ടിലോ കൂട്ടുകാർക്കിടയിലോ ആരും അത് ഉപയോഗിക്കാറില്ലല്ലോ.
അന്ന് രാത്രി കിടന്നതേ ഓർമ്മയുള്ളൂ. അവൻ അതിവേഗം ഉറക്കത്തിലേക്ക് വഴുതിവീണു. ആ നേരം തന്റെയടുത്തേക്ക് പ്രകാശത്തിൽ പൊതിഞ്ഞ ഒരു രൂപം വരുന്നതുപോലെ.. പക്ഷേ എത്ര ശ്രമിച്ചിട്ടും ഒന്നും മനസിലായില്ല. എങ്കിലും ആ സ്വരം തെളിഞ്ഞുകേൾക്കാമായിരുന്നു, ”ഇന്ന് ആ ആംബുലൻസിൽ കൊണ്ടുപോയ ആൾക്കുവേണ്ടി നീ പ്രാർത്ഥിച്ചില്ലേ, അത് അടിപൊളി പ്രാർത്ഥനയായിരുന്നു മോനേ. ഇത്രയേറെ ആത്മാർത്ഥതയുള്ള പ്രാർത്ഥന നിന്നിൽനിന്ന് ഒരിക്കലും ഞാൻ കേട്ടിട്ടേയില്ല. അയാളെ ഞാൻ സൗഖ്യത്തിലേക്ക് നയിക്കുകയാണ്’.’ രൂപം അകന്നുപോയി. ആ കൈകളിൽനിന്നും രക്തത്തുള്ളികൾ വാർന്നുവീഴുന്നത് അപ്പോഴും അവന് കാണാമായിരുന്നു. ഞെട്ടി കണ്ണു തുറന്നു. ചുവരിലെ ചിത്രത്തിനുതാഴെയുള്ള തിരുവചനത്തിലാണ് കണ്ണ് തറച്ചത്.
”നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേല്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53:5)