സിസ്റ്റർ ഫൗസ്റ്റീനയുടെ ജോലി മഠത്തിലെ അടുക്കളനോട്ടമായിരുന്നു. ആരാധനയ്ക്കിരിക്കാൻ ഏറെ കൊതിച്ച് മഠത്തിലെത്തിയതാണവൾ. പക്ഷേ, ആദ്യനാളുകളിൽ നിയോഗം കിട്ടിയത് അടുക്കളയിൽ ജോലി ചെയ്യാനായിരുന്നു. അതവൾ വിശ്വസ്തതയോടെ ചെയ്തു. നൂറുശതമാനം വിശ്വസ്തതയോടെ. തന്റെ മുൻപിൽ വിശ്വസ്തരായി മുന്നേറുന്നവരെ ശ്രദ്ധിക്കാതിരിക്കാൻ ദൈവത്തിനാകില്ല. പോളണ്ടിന്റെ രക്ഷയ്ക്കുവേണ്ടി നിലവിളിച്ച് പ്രാർത്ഥിക്കാൻ കരുണയുടെ ജപമാല ദൈവം ഏല്പിച്ചത് അവളെയാണെന്ന് ഓർക്കുക. പിന്നീട് അവൾക്ക് ആരാധനയുടെ മുൻപിൽനിന്ന് എഴുന്നേല്‌ക്കേണ്ടി വന്നിട്ടില്ല.
ഏലാതാഴ്‌വരയിൽ ജ്യേഷ്ഠന്മാരെല്ലാം ഫിലിസ്ത്യർക്കെതിരെ യുദ്ധത്തിന് പോയപ്പോൾ ആടുകളെ നോക്കാനുള്ള നിയോഗമാണ് ദാവീദിന് കിട്ടിയത്. കൂലിവേലക്കാരുടെ ജോലിയാണത്. പക്ഷേ, പിതാവായ ജസ്സെ ദാവീദിനെ അയച്ചത് അതിനായിരുന്നു. തീർച്ചയായും ചേട്ടന്മാർക്കൊപ്പം കൂട്ടുചേരാൻ അവന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അവസരം കിട്ടിയില്ല. എങ്കിലും ഒരു കാര്യം അവൻ മനസിലുറപ്പിച്ചു: എന്തു ജോലി കിട്ടിയാലും വിശ്വസ്തതയോടെ ചെയ്യും.
ആരും കാണാത്ത മുറിവുകൾ
ആടുകളെ വന്യമൃഗങ്ങൾ വന്ന് കൂട്ടത്തോടെ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ, ദാവീദ് തന്റെ ജീവൻ എങ്ങനെ രക്ഷിക്കാമെന്നല്ല ചിന്തിച്ചത്. എങ്ങനെയും ആടുകളെ രക്ഷിക്കണം. അപ്പന്റെ മുൻപിൽ വിശ്വസ്തതയോടെ ജോലി ചെയ്യണം. വന്യമൃഗങ്ങളുമായുള്ള യുദ്ധത്തിൽ തീർച്ചയായും ദാവീദിന് മുറിവേറ്റിട്ടുണ്ട്. അവൻ രക്ഷിച്ച ആടുകൾപോലും അവന് കിട്ടിയ മുറിവുകൾ കണ്ടില്ല. എന്നാൽ രഹസ്യങ്ങളറിയുന്ന ദൈവം അവന്റെ വിശ്വസ്തമായ ജോലിനിർവഹണം കണ്ടിരുന്നു.
ഫിലിസ്ത്യരെ നേരിടാൻ പോയ ചേട്ടന്മാർ സ്വന്തം ജീവൻ നഷ്ടമാകാതെ എങ്ങനെ ശത്രുവിനെ തോല്പിക്കാം എന്ന് ആലോചന നടത്തി സമയം തള്ളുമ്പോൾ, ദാവീദെന്ന ചെറുപ്പക്കാരൻ തന്നെ ഏല്പിച്ച ജോലിയിൽ ജീവൻ മറന്നും പിതാവിനെ പ്രീതിപ്പെടുത്താൻ ഒരുങ്ങുന്നു. ചെറിയ കാര്യങ്ങളിൽ വിശ്വസ്തനെ ദൈവം വലിയ കാര്യങ്ങൾ ഏല്പിക്കും. (മത്തായി 25:23).
ചിലർ രാവും പകലും കഷ്ടപ്പെടും. പക്ഷേ, ആത്മീയമോ ഭൗതികമോ ആയ വളർച്ച അവരിൽ കാണില്ല. ഇത്രയും അധ്വാനിച്ചിട്ടും എന്തേ ആത്മീയമായി ഇത്രയും ശുഷ്‌കിച്ചുപോയിരിക്കുന്നതെന്ന് തോന്നും. ഭൂമിയിലെ യജമാനന്റെ കണ്ണിൽ പൊടിയിടുന്നതിനും പ്രീതി കൈവശമാക്കുന്നതിനും മാത്രമാകരുത് അധ്വാനം. അദൃശ്യനായി വാഴുന്നവൻ സകലതും കാണുന്നുണ്ട്. നിന്റെ ഒരു പ്രവൃത്തിയുടെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് അറിയുന്നവൻ അവൻ മാത്രമാണ്. ദാവീദ് ചെയ്ത ധീരപ്രവൃത്തിയുടെ ലക്ഷ്യം സ്വർഗത്തിലെ പിതാവിനറിയാം. സിസ്റ്റർ ഫൗസ്റ്റീന ചെയ്ത ലളിതമായ പ്രവൃത്തിയുടെ ലക്ഷ്യം പിതാവിനറിയാം. ദൈവം അവരെ ഉയർത്തി, യുദ്ധത്തിന്റെ മുന്നണിപ്പോരാളിയായും കരുണയുടെ സ്വർഗീയ മധ്യസ്ഥയായും.
ഒരിക്കൽ ഒരു ഗ്രൂപ്പിൽ പ്രാർത്ഥിക്കുന്നതിനിടെ കൂടെനിന്ന് പ്രാർത്ഥിച്ച സഹോദരൻ എന്നെ തട്ടിക്കൊണ്ടു പറഞ്ഞു: ‘അച്ചോ, അച്ചൻ അതിരാവിലെ കട്ടിലിനു സമീപം മുട്ടുകുത്തി കിടക്കയിൽ തലവച്ച് കണ്ണീരോടെ പ്രാർത്ഥിക്കുന്നത് ഈശോയ്ക്ക് വളരെ ഇഷ്ടമാണെന്ന് അച്ചനോട് പറയാൻ പറഞ്ഞു.’ മറ്റുള്ളവരുടെ മധ്യത്തിൽ എത്രയോ പ്രാർത്ഥനകൾ നടത്തിയിട്ടുണ്ട്. അതൊന്നിനെയും കുറിച്ചല്ല, രഹസ്യത്തിൽ ചെയ്ത ആ പ്രവൃത്തി, ആ പ്രാർത്ഥന ദൈവം കണ്ടുവെന്ന്. നമ്മുടെ വിശ്വസ്തതയ്ക്കുള്ള പ്രതിഫലം തരുന്നത് ദൈവമാണ്, ജോലിക്കുള്ള വേതനം തരുന്നത് യജമാനനും.
വിശ്വസ്തത എപ്പോൾ?
വലിയ ദൗത്യങ്ങൾ നിന്റെ കൈവെള്ളയിൽ വന്നിട്ടാകാമെന്ന് കരുതരുത് വിശ്വസ്തനാകാൻ. മറിച്ച്, ഇന്ന് ഏല്പിക്കപ്പെട്ടിരിക്കുന്നവയിൽ വിശ്വസ്തനായിരിക്കുക. വിശ്വസ്തരെ മാനിക്കുന്ന ദൈവത്തിന്റെ കരം നിന്നെ തേടിവരാതിരിക്കുകയില്ല. വിശ്വസ്തർക്ക് എന്നും പുതിയ ദൗത്യങ്ങൾ അവൻ ഏല്പിച്ചുകൊടുക്കും. ഞാൻ വൈസ് ചെയർമാൻ ആയതിനുശേഷം വിശ്വസ്തനാകാമെന്ന് ഒരു പള്ളിക്കമ്മിറ്റിയംഗം ചിന്തിക്കരുത്. ഞാൻ അച്ചനായതിനുശേഷം വിശ്വസ്തനാകാമെന്ന് ഒരു സെമിനാരിക്കാരനും ചിന്തിക്കരുത്. മറിച്ച് ഇന്ന് ദൈവം തന്നിരിക്കുന്നവയിൽ ആദരവോടെ വിശ്വസ്തനായിരിക്കുക.
ആരും പ്രോത്സാഹിപ്പിക്കാൻ ഇല്ലാത്തപ്പോഴും അർഹമായ കൂലി കിട്ടാത്തപ്പോഴും വിശ്വസ്തനായിരിക്കുക. ദൈവം നമുക്ക് നല്കുന്ന പ്രതിഫലത്തിൽ ഒരു കുറവുമുണ്ടാകില്ല.
സുവിശേഷം പ്രസംഗിക്കാനുള്ള അനുവാദപത്രം ചോദിക്കുന്നതിനായി ഫ്രാൻസിസ് അസീസി ഇന്നസന്റ് പാപ്പയെ കാണാൻ ചെന്നു. അവന്റെ വേഷഭൂഷാദികളും ചേഷ്ടകളും കണ്ടപ്പോൾ പാപ്പ പറഞ്ഞു, ‘നിനക്ക് പറ്റിയ ജോലി മനുഷ്യരെ സുവിശേഷം അറിയിക്കുക എന്നതല്ല. പോയി അവിടെയുള്ള പന്നികളോട് വചനം പറയുക.’
തന്നെ തരം താഴ്ത്തിയതാണെന്നും ഇറക്കിവിട്ടതാണെന്നുമൊക്കെ ഫ്രാൻസിസിനറിയാം. നല്ല ബുദ്ധിയുള്ള ചെറുപ്പക്കാരനായിരുന്നല്ലോ അവൻ. അവനത് അനുസരിക്കാൻ തയാറായി. റോമിന്റെ ഒരു മൂലയിലുള്ള പന്നിക്കൂട്ടത്തിലേക്ക് പോയി. അവൻ ഇങ്ങനെയായിരിക്കാം പ്രസംഗിച്ചത്: ”മാനസാന്തരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു.. ബൈബിളിലെ പന്നികളെപ്പോലെ കിഴുക്കാംതൂക്കായ താഴ്‌വാരങ്ങളിൽ വീണ് തകരാൻ ഇടവരരുത്…”
തലേരാത്രിയിൽ പാപ്പയ്ക്ക് ദൈവം ഒരു ദർശനം നല്കി. ജീർണിച്ചുപോയ സഭയെ പുതുക്കി പണിയാൻ സ്വർഗം ഉപയോഗിക്കുന്നത് ഫ്രാൻസിസിനെയാണെന്ന ദർശനം. ദൂതന്മാരെ വിട്ട് എങ്ങനെയെങ്കിലും ഫ്രാൻസിസിനെ തിരിച്ചുവിളിക്കണം. ദൂതന്മാർ ചെന്നപ്പോൾ റോമിന്റെ ഒഴിഞ്ഞ കോണിൽ ഗംഭീരപ്രസംഗമാണ്, പന്നികളോട്. ഞാൻ വിശ്വസ്തനായി എന്റെ ജോലി ചെയ്യുകയായിരുന്നുവെന്ന് തന്നെ അന്വേഷിച്ചെത്തിയവരോട് ഫ്രാൻസിസ് പറഞ്ഞു. അന്നവൻ അതനുസരിച്ചു. ഇന്നവൻ സഭയിലെ രണ്ടാം ക്രിസ്തുവാണ്. വിളക്ക് ഒരിക്കലും പറയുടെ കീഴിൽ ഇരിക്കില്ല. അത് പീഠത്തിന്മേൽ ഉയർത്തപ്പെടും, ഇന്നല്ലെങ്കിൽ നാളെ.
ക്രിസ്ത്യാനികളുടെ എണ്ണത്തിലുള്ള പെരുപ്പമല്ല, വിശ്വസ്തരുടെ പെരുപ്പമാണ് സ്വർഗത്തിനിഷ്ടം. വിശ്വസ്തതയ്ക്ക് വലിയ മൂല്യമുണ്ട്. ഞാൻ വിശ്വസ്തനല്ലെങ്കിൽ ഈ ഭൂമിയിൽ ആര് ക്രിസ്തുവിനായി വിശ്വസ്തനായിരിക്കും?
റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ