സി.എസ്. ലൂയിസിന്റെ ശാസ്ത്രനോവലാണ് ‘പെരിലാൻഡ്ര.’ അതിൽ അദ്ദേഹം അവതരിപ്പിക്കുന്ന ഒരു കഥാപാത്രമാണ് ഭാഷാശാസ്ത്രജ്ഞനായ റാൻസം. വിദൂരത്തിലുള്ള ‘ഗ്രഹ’മായ പെരിലാൻഡ്രായിലേക്ക്, അവിടെയുണ്ടായ ചില കുഴപ്പങ്ങൾ പരിഹരിക്കാൻ അദ്ദേഹം ദൈവത്താൽ അയക്കപ്പെടുകയാണ്. ഭൂമിപോലുള്ള ആ ഗ്രഹത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാരൻ തിന്മയുടെ മൂർത്തീഭാവമായ ഡോക്ടർ വെസ്റ്റൺ ആയിരുന്നു. വെസ്റ്റണെ കീഴടക്കാതെ ആ ഗ്രഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ഒടുവിൽ റാൻസം ഡോ. വെസ്റ്റണുമായി നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി. രാത്രിയിൽ ഏകാന്തതയിൽ ഇരുന്ന് റാൻസം ചിന്തിക്കുകയാണ്. ”ഈ യുദ്ധം ഒരു ജീവൻമരണ പോരാട്ടമാണ്. ഇതിൽ ചിലപ്പോൾ ഞാൻ കൊല്ലപ്പെട്ടേക്കാം.” ആകുലതയോടെ അദ്ദേഹം പ്രാർത്ഥിക്കാൻ തുടങ്ങി… ദൈവമേ, ഞാനെന്താണ് ചെയ്യേണ്ടത്…? പ്രാർത്ഥനയ്ക്കൊടുവിൽ ഉത്തരം ഒരു വെളിപാടുപോലെ അദ്ദേഹത്തിന്റെ ഉള്ളിൽ മുഴങ്ങി.
”എന്റെ പേരുതന്നെ റാൻസം എന്നാണല്ലോ.”
റാൻസം എന്ന പദത്തിന്റെ അർത്ഥം മോചനദ്രവ്യം എന്നാണ്. ഈ ഗ്രഹത്തിലെ ജനങ്ങളെ മോചിപ്പിക്കുവാനുള്ള മോചനദ്രവ്യമാണ് താൻ. അതിനാൽ ഈ യുദ്ധത്തിൽ തന്റെ ജീവനെതന്നെ ബലിയായി നല്കിയാലേ മോചനദ്രവ്യം നല്കപ്പെടുകയുള്ളൂ. ജനം തിന്മയുടെ അടിമത്തത്തിൽനിന്നും രക്ഷപ്പെടുകയുള്ളൂ. അതിനാൽ മരണത്തെ ഭയപ്പെടേണ്ടതില്ല. അത് വിജയത്തിനുള്ള അനിവാര്യമായ മാർഗമാണ്. റാൻസം പെട്ടെന്ന് ശക്തിയും ബലവുംകൊണ്ട് നിറഞ്ഞ് പോരാട്ടത്തിനു തയാറായി.
ക്രിസ്തു നമുക്കുവേണ്ടി ഒരു മോചനദ്രവ്യമായിത്തീർന്നു. എന്നാൽ അവിടുത്തെ ശരീരമായ സഭയുടെ അംഗങ്ങളെന്ന നിലയിൽ നമ്മുടെ സഹനവും ക്രിസ്തുവിന്റെ സഹനത്തോടുചേർന്ന് രക്ഷാകരമായിത്തീരും. അതാണ് പൗലോസ്ശ്ലീഹാ പറയുന്നത് ”സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തിൽ ഞാൻ നികത്തുന്നു” (കൊളോസോസ് 1:24). യാതനകളിലൂടെ കടന്നുപോയ ആദിമക്രൈസ്തവരോട് പത്രോസ് ശ്ലീഹായും പറയുന്നത് ഇതുതന്നെയാണ്. ”ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ” (1 പത്രോസ് 4:13).
നമ്മുടെ കാലഘട്ടത്തിൽ, കുടുംബത്തിനും സഭയ്ക്കും രാഷ്ട്രത്തിനും മനുഷ്യവംശം മുഴുവനും വേണ്ടി സഹിച്ച് പ്രാർത്ഥിക്കുവാൻ ദൈവാത്മാവ് അനേകരെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. പൂർവകാലങ്ങളിൽ നിരവധി വിശുദ്ധാത്മാക്കളും സന്യാസികളും അരയിൽ മുള്ളരഞ്ഞാണവും ഉള്ളിൽ മുള്ളുവസ്ത്രങ്ങളും ധരിച്ച് സ്വന്തം ശരീരത്തെ നൊമ്പരപ്പെടുത്തിയതും അവർക്കുവേണ്ടി മാത്രമായിരുന്നില്ല. അതിന്റെയെല്ലാം അർത്ഥം കണ്ടെത്തിയ അനേകർ ഇന്ന് ബോധപൂർവം സഹനം സ്വീകരിച്ചുകൊണ്ട് ലോകത്തിനുവേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ടിരിക്കുന്നു. മെറ്റൽ നിറച്ച കുഷ്യനുകളിൽ മുട്ടുകുത്തിനിന്ന് കൈകൾ വിരിച്ച് രാജ്യങ്ങൾക്കുവേണ്ടി കരഞ്ഞു പ്രാർത്ഥിക്കുന്ന നിരവധി അല്മായരെ യൂറോപ്പിലും അമേരിക്കയിലും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. കേരളത്തിലും പാപികളുടെ മാനസാന്തരത്തിനും രാജ്യങ്ങളുടെയും സഭാസമൂഹങ്ങളുടെയും വീണ്ടെടുപ്പിനുവേണ്ടിയും കഠിനമായ പ്രായശ്ചിത്തപ്രവൃത്തികൾ ചെയ്ത് പ്രാർത്ഥിക്കുന്ന ആളുകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. ഭാരമേറിയ മരക്കുരിശും ചുമന്ന് രാത്രികാലങ്ങളിൽ താൻ ജീവിക്കുന്ന നഗരത്തിനും ലോകസുവിശേഷീകരണത്തിനുംവേണ്ടി നഗരവീഥികളിലൂടെ ഒറ്റയ്ക്ക് കുരിശിന്റെ വഴി നടത്തുന്ന റോബിനും മുള്ളുകളും കല്ലുകളും നിറഞ്ഞ മണ്ണിലൂടെ മുട്ടുകുത്തി നടന്ന് പ്രാർത്ഥിച്ച് മുട്ടുപൊട്ടി ചോരയൊലിച്ച് നടക്കുന്ന ജോജോയുമെല്ലാം മനസിലേക്കോടി വരുന്നു. കേരളത്തിൽ ഇന്ന് ഏറ്റവും അധികം അത്ഭുതരോഗശാന്തികൾ നടക്കുന്ന ശുശ്രൂഷയുടെ നേതൃത്വത്തിലുള്ളവർ രാത്രികളിൽ മെറ്റലിനുമുകളിൽ മുട്ടുകുത്തിനിന്ന് കൈകൾ വിരിച്ച് മണിക്കൂറുകളോളം പ്രാർത്ഥിക്കുന്നവരാണ്.
നോമ്പുകാലം സുഖം ഉപേക്ഷിക്കുന്നതിനപ്പുറം, ക്രിസ്തുവിനെപ്രതി സഹനം ഏറ്റെടുക്കാൻ പരിശീലിക്കുന്ന കാലംകൂടിയാകണം. ലോകത്തിൽ മാറ്റങ്ങൾ സംഭവിക്കുവാനും അന്ധകാരശക്തികളെ കീഴ്പ്പെടുത്തുവാനും സുഖജീവിതത്തിന്റെ തടവറകളിൽനിന്നും നാം പുറത്തുവരണം. നാം പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്കുവേണ്ടി എന്തെങ്കിലും ബലി കൊടുക്കുവാൻ തയാറാകുന്നത് നമ്മുടെ ആത്മാർത്ഥതയെയാണ് കാണിക്കുന്നത്. വിലയില്ലാത്ത ബലിയും ബലിയില്ലാത്ത പ്രാർത്ഥനയും ഫലശൂന്യമാണ്.
സ്നേഹമാണ് സഹിക്കാനുള്ള ഭോഷത്വത്തിന്റെ ശക്തി. സഭയോടുള്ള സ്നേഹം, നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളോടുള്ള സ്നേഹം. ആ സ്നേഹം സഹിച്ചുകൊണ്ട് പ്രാർത്ഥിക്കാൻ നമുക്ക് പ്രേരണയാകും. ഈ വിശുദ്ധവാരം അതിന് നമ്മളെ ഒരുക്കട്ടെ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ