ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അപ്പന്റെ മടിയിൽ കയറിയിരുന്ന് മകൻ പതിവില്ലാത്ത സ്‌നേഹപ്രകടനങ്ങളോടെ ചോദിച്ചു: ”പപ്പാ, പപ്പ വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ, ഇന്ന് ജോലി ധാരാളം ഉണ്ടായിരുന്നോ?”
അപ്പൻ ചിരിച്ചുകൊണ്ട് ചോദിച്ചു: ”മോനേ, എന്താണ് ഇന്ന് ഒരു പ്രത്യേക സ്‌നേഹം. നിനക്ക് എന്താണ് വേണ്ടത്?”
പ്ലാൻ പാളിയെങ്കിലും ഒരു പുഞ്ചിരിയോടെ മോൻ പറഞ്ഞു: ”പപ്പാ, എനിക്ക് ഒരു സൈക്കിൾ വേണം.”
അപ്പൻ പറഞ്ഞു: ”മോനെ, നിനക്ക് സ്‌കൂളിൽ പോകാൻ സൈക്കിൾ വേണമെന്ന് പപ്പയ്ക്കറിയാം. അടുത്ത വർഷം മോന് വാങ്ങിത്തരാനാണ് പപ്പ കരുതിയിരുന്നത്.”
മോൻ പറഞ്ഞു: ”പപ്പാ ഞാൻ സൂക്ഷിച്ചു സൈക്കിൾ ചവിട്ടിക്കൊള്ളാം.”
പപ്പ പറഞ്ഞു: ”ശരി, അടുത്ത മാസത്തെ ശമ്പളം കിട്ടുമ്പോൾ വാങ്ങിത്തരാം.” അപ്പനും മകനും സന്തോഷമായി.
അടുത്ത ദിവസം അപ്പൻ ജോലി കഴിഞ്ഞ് വന്നപ്പോൾ ഇളയമകൻ അപ്പന്റെ മടിയിൽ കയറിയിരുന്ന് അപ്പനോട് ചോദിച്ചു: ”പപ്പാ, പപ്പയോട് എനിക്കൊരു കാര്യം പറയാനുണ്ട്. പപ്പ അതു സാധിച്ചു തരണം.”
അപ്പൻ പറഞ്ഞു: ”നീ പറയൂ മോനേ, നിനക്ക് ചേട്ടനെപ്പോലെ സൈക്കിൾ വേണോ?”
മോൻ പറഞ്ഞു: ”വേണ്ട പപ്പാ, എനിക്ക് സൈക്കിൾ ആവശ്യമായ സമയത്ത് ഞാൻ ചോദിക്കാതെതന്നെ പപ്പ എനിക്ക് വാങ്ങിത്തരുമെന്ന് അറിയാം.”
”പിന്നെ എന്താണ് നിന്റെ ആവശ്യം?”
മോൻ പറഞ്ഞു: ”പപ്പാ, പപ്പ എന്നും രാവിലെ പള്ളിയിൽ പോകുന്നുണ്ടല്ലോ. എന്നെയുംകൂടി കുർബാനയ്ക്ക് കൊണ്ടുപോകുമോ?”
അപ്പൻ പറഞ്ഞു: ”മോനേ, അതിരാവിലെ പപ്പ പള്ളിയിൽ പോകുമ്പോൾ നല്ല തണുപ്പാണ്. മോൻ നല്ല ഉറക്കത്തിലുമായിരിക്കും.”
മോൻ പറഞ്ഞു: ”പപ്പാ, അതു കുഴപ്പമില്ല. ഞാൻ നല്ല ഉറക്കമാണെങ്കിലും ഉണരാൻ മടി കാണിച്ചാലും എന്നെ ഉണർത്തി കുർബാനയ്ക്ക് കൊണ്ടുപോകണം.”
മോന്റെ ആവശ്യംകേട്ട് കണ്ണു നിറഞ്ഞുപോയ പിതാവ്, അവനെ വാരിപ്പുണർന്ന് കുഞ്ഞിക്കവിളുകളിൽ ചുംബിച്ചു.
മക്കൾ ചെയ്യണമെന്ന് പിതാവ് ആഗ്രഹിക്കുന്ന സൽപ്രവൃത്തികൾ ചെയ്യാനാവശ്യമായ സഹായം ചോദിക്കുന്ന മക്കളെ പിതാവ് എത്രയോ ഇഷ്ടത്തോടെ സഹായിക്കും.
ടാനി പാറേക്കാട്ട്