അത് ഒരു ഞായറാഴ്ചയായിരുന്നു. ദിവ്യബലിയിൽ സംബന്ധിക്കുന്നതിനായി അദ്ദേഹം മോട്ടോർ ബൈക്കിൽ യാത്ര തിരിച്ചു. യാത്രാമധ്യേ ഹൃദയത്തിന് വേദന അനുഭവപ്പെട്ടപ്പോൾ അല്പം വിശ്രമിച്ചു. വേദന കുറഞ്ഞുവെന്ന് തോന്നിയപ്പോൾ യാത്ര തുടർന്ന് ദൈവാലയത്തിൽ എത്തി. കുമ്പസാരം നടത്തി. വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളാനാരംഭിച്ചു. വീണ്ടും ഹൃദയത്തിന് ശക്തമായ വേദന അനുഭവപ്പെട്ടപ്പോൾ സ്വയം മോട്ടോർസൈക്കിൾ ഓടിച്ച് സമീപത്തുള്ള ആശുപത്രിയിൽ എത്തി. ഭാര്യയെ വിളിച്ചതനുസരിച്ച് അവരും ആശുപത്രിയിലേക്ക് വന്നു. ഇടവക വികാരിയച്ചനും എത്തി.
കുമ്പസാരിച്ചെങ്കിലും വിശുദ്ധ കുർബാന ഉൾക്കൊള്ളുവാൻ പറ്റിയില്ല എന്ന വിവരം വികാരിയച്ചനോട് പറഞ്ഞതനുസരിച്ച്, ആശുപത്രിയിലെ ചാപ്പലിൽനിന്നും വിശുദ്ധ കുർബാന കൊണ്ടുവന്ന് കൊടുത്തു. അന്ന് ആശുപത്രിവാസത്തിലായിരുന്നു. വെളുപ്പിന് 2.30-ന് അദ്ദേഹം ദൈവതിരുസന്നിധിയിലേക്ക് യാത്രയായി. ഇത്രയും ശാന്തമായി എല്ലാ കൂദാശകളും സ്വീകരിച്ചുള്ള ആ സുഹൃത്തിന്റെ സ്വർഗീയയാത്ര കൊതിപ്പിക്കുന്നതുതന്നെയായിരുന്നു.
വി.എം.തോമസ്