”ഭൂമിയിൽ ഇതിലും വലിയ സന്തോഷമില്ലമ്മേ…”

വിശുദ്ധ ഐസക് ജോഗ്‌സ്

”സ്വർഗത്തിലേക്ക് പ്രവേശിക്കുമ്പോൾ എത്രമാത്രം സന്തോഷം അനുഭവിക്കാനാവുമെന്ന് എനിക്കറിയില്ല. പക്ഷെ ഈ ഭൂമിയിൽ ഇതിനെക്കാൾ വലിയ സന്തോഷം അനുഭവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല,” മിഷൻ പ്രവർത്തനത്തിനായി എത്തിയ ഫാ. ഐസക് ജോഗ്‌സ് എസ്.ജെ. അവിടുത്തെ ആദ്യദിവ്യബലി അർപ്പിച്ചതിന് ശേഷം തന്റെ അമ്മയ്‌ക്കെഴുതിയ കത്തിലെ വാക്കുകളാണിത്. വടക്കെ അമേരിക്കയിലുള്ള ക്യുബക്കിൽ ഗോത്രവർഗക്കാരുടെ ഇടയിലാണ് മിഷൻ പ്രവർത്തനത്തിനായി അധികാരികൾ ഫാ. ഐസകിനെ അയച്ചത്. മിഷൻ പ്രവർത്തനവും അവിടുത്തെ ക്ലേശങ്ങളും രക്തസാക്ഷിത്വവും ആവേശത്തോടെ സ്വീകരിച്ച ഒരു വൈദികസമൂഹത്തിന്റെ പ്രതിനിധിയായിരുന്നു ഫാ. ഐസക്.

1607ൽ ഫ്രാൻസിലെ ഒർലിയൻസിൽ മാതാപിതാക്കളുടെ അഞ്ചാമത്തെ മകനായാണ് ഐസക് ജോഗ്‌സിന്റെ ജനനം. 17-ാമത്തെ വയസ്സിൽ റൗവനിലെ ജസ്യൂട്ട് നൊവീഷ്യേറ്റിൽ അംഗമായി. 1636-ൽ വൈദികനായി അഭിഷിക്തനായി. മിഷൻ പ്രദേശത്തുനിന്ന് തിരിച്ചുവന്ന വൈദികരിൽ നിന്ന് അവർ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും കേട്ട കഥകൾ ഈ നവവൈദികനെ മിഷനിലേക്ക് ആകർഷിച്ചു. ക്യുബക്കിലുള്ള ഹ്യൂറൺ വിഭാഗക്കാരുടെ ഇടയിൽ പ്രവർത്തിക്കാനാണ് ഫാ. ഐസകിനെ അധികാരികൾ ആദ്യം അയച്ചത്. അവിടെ എത്തിയ ഉടനെ അദ്ദേഹത്തിന് കലശലായ പനി ആരംഭിച്ചു. അധികം താമസിയാതെ മറ്റ് ജസ്യൂട്ട് വൈദികരുടെ ഇടയിലും തദ്ദേശിയരായ ജനങ്ങളിലേയ്ക്കും പകർച്ചവ്യാധികൾ വ്യാപിച്ചു. വിദേശികളായ മിഷനറിമാർ മൂലമാണ് തങ്ങൾക്ക് രോഗം ബാധിച്ചതെന്ന് ആരോപിച്ച തദ്ദേശീയർ അവരെ എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ ജസ്യൂട്ട് മിഷൻ തലവനായ ഫാ.ബ്രിബഫിന്റെ ഇടപെടലിലൂടെ ക്രമേണ ജനങ്ങൾ ശാന്തരായി. അടുത്ത വർഷമായപ്പോഴേക്കും ഹ്യൂറൺ വിഭാഗവുമായി നല്ല ബന്ധം സ്ഥാപിക്കാൻ വൈദികർക്ക് സാധിച്ചു. മിഷനറിമാർക്ക് മറ്റ് ലക്ഷ്യങ്ങളില്ലെന്നും തങ്ങളുടെ ആത്മാക്കളുടെ ആരോഗ്യത്തിനായാണ് അവരുടെ പരിശ്രമങ്ങളെന്നും മനസിലാക്കിയ ഹ്യൂറൺ വംശജർ സുവിശേഷം സന്തോഷപൂർവം സ്വീകരിച്ചു.

വിശുദ്ധ യൗസേപ്പിന്റെ നാമത്തിലുള്ള ഗ്രാമത്തിൽ ജോഗ്‌സ് വർഷങ്ങൾ താമസിച്ചു. അവരുടെ ഭാഷയും സംസ്‌കാരവും മനസിലാക്കിയതോടെ ജനങ്ങളുമായി കൂടുതൽ അടുക്കാൻ ഫാ. ഐസകിന് സാധിച്ചു.

1642 ഓഗസ്റ്റ് മൂന്നാം തിയതി, വിശ്വാസം സ്വീകരിച്ച കുറച്ച് ഹ്യൂറൺ ജനങ്ങൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഫാ.ഐസക് ജോഗ്‌സിനെയും സംഘത്തെയും മറ്റൊരു തദ്ദേശീയ വിഭാഗമായ ഇറോക്കികൾ ആക്രമിച്ചു. ഫാ. ഐസകിന് രക്ഷപെടാൻ അവസരം ലഭിച്ചെങ്കിലും കൂടെയുള്ളവരെ ആശ്വസിപ്പിക്കുന്നതിനായി അദ്ദേഹവും ശത്രുക്കൾക്ക് പിടികൊടുത്തു. ഫാ. ഐസകിനെ പീഡിപ്പിക്കുന്നതിനായി അവർ അദ്ദേഹത്തിന്റെ കൈവിരലുകൾ തല്ലിച്ചതച്ചു. നഖം പിഴുതെടുത്തു. എല്ലുകൾ തെളിഞ്ഞു കാണുന്നതുവരെ ശത്രുക്കൾ അദ്ദേഹത്തെ അക്രമിച്ചു. മറ്റൊരവസരത്തിൽ അവർ അദ്ദേഹത്തിന്റെ പെരുവിരൽ മുറിച്ചുമാറ്റി. കഠിനമായ പീഡനങ്ങൾക്ക് നടുവിലും പ്രാർത്ഥനയിലാശ്രയിച്ചുകൊണ്ട് ദൈവത്തോട് ചേർന്ന് നിന്ന ഫാ. ഐസകിനെ പല ദർശനങ്ങളും നൽകിയാണ് സ്വർഗം ആശ്വസിപ്പിച്ചത്. ഏകദേശം ഒൻപത് മാസക്കാലം ഇവരുടെ പിടിയിൽ കഴിഞ്ഞ ഫാ.ഐസക്കിനെ ഡച്ച് കച്ചവടക്കാർ മോചനദ്രവ്യം നൽകിയാണ് മോചിപ്പിച്ചത്. തിരിച്ച് ഫ്രാൻസിലെത്തിയ അദ്ദേഹത്തെ സഭാധികാരികൾ ആഹ്ലാദത്തോടെ സ്വീകരിച്ചു.

പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു മാത്രമേ വൈദികർ വിശുദ്ധ കുർബാനയുടെ തിരുവോസ്തി സ്പർശിക്കാവൂ എന്ന നിയമം അന്ന് നിലവിലുണ്ടായിരുന്നു. ഇറോക്കികളുടെ തടവിലായിരുന്ന കാലഘട്ടത്തിൽ രണ്ട് വിരലുകൾ നഷ്ടപ്പെട്ട ഫാ. ഐസകിന് ഇതുമൂലം വിശുദ്ധ ബലി അർപ്പിക്കാൻ സാധിക്കാതെ വന്നു. എന്നാൽ ഫാ. ഐസകിനെ ജീവിക്കുന്ന രക്തസാക്ഷിയായി പരിഗണിച്ച് ഉർബൻ എട്ടാമൻ മാർപാപ്പ അദ്ദേഹത്തിന് ഇളവനുവദിച്ചു. ഒന്നരവർഷക്കാലം ഫ്രാൻസിൽ കഴിഞ്ഞെങ്കിലും മിഷൻ പ്രവർത്തനം തുടരുന്നതിനും രക്തസാക്ഷിത്വം വരിക്കുന്നതിനുമായാണ് അദ്ദേഹത്തിന്റെ ഹൃദയം അഭിലഷിച്ചത്.
1646-ൽ മൊഹാക്കിലെ ഫ്രഞ്ച് അംബാസിഡറായ ജീൻ ഡെ ലാലാൻഡുമൊപ്പം അദ്ദേഹം ഇറോക്കികളുടെ പ്രദേശത്ത് തിരിച്ചെത്തി. ഫാ.ഐസക് ജോഗ്‌സിന്റെ ഇറോക്കികളുടെ തടവിലായിരുന്ന കാലത്ത് വിറക് ശേഖരിക്കാൻ നിയുക്തനായിരുന്നത് നിമിത്തം അദ്ദേഹത്തിന് ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് നല്ല രീതിയിലുള്ള അറിവുണ്ടായിരുന്നു. ഇത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി ഇറോക്കികൾ കരുതി.1646 ഒക്ടെബർ 18ന് അദ്ദേഹത്തെ ഒരു കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തുകയാണുണ്ടായത്. അടുത്ത ദിവസം അവർ ലാലാൻഡിനെയും കൊലപ്പെടുത്തി. തുടർന്ന് മിഷനറിമാരുടെ മൃതദേഹം അവർ നദിയിലെറിഞ്ഞു.

ശത്രുക്കളുടെ കരങ്ങളിൽ നിന്നേൽക്കുന്ന പീഡനവും രക്തസാക്ഷിത്വവും യേശുവിന്റെ പീഡാസഹനങ്ങളിൽ പങ്കുചേരുന്നതിനുള്ള അവസരമായാണ്
ഫാ. ഐസക് കണ്ടത്.

രഞ്ജിത് ലോറൻസ്

1 Comment

  1. ANN RESMY JOSEPH says:

    Thank you shalom.all articles published in this magazine speaks the words of God.At hard times these articles are all really helpful and fills my soul with peace and hope.

Leave a Reply

Your email address will not be published. Required fields are marked *