അപ്പനും അമ്മയും അവരുടെ ഇടങ്ങളിലേക്ക് രണ്ടായിപ്പോയി. സ്‌നേഹിക്കുമെന്ന് കരുതിയ സഹോദരിമാരാരും വീട്ടിൽ വരാതെയായി. അതിനാൽ എല്ലാവരും ക്രിസ്മസ് ആഘോഷിക്കുമ്പോഴും ആ ചെറുപ്പക്കാരനുമാത്രം കയറിച്ചെല്ലുവാനൊരിടവുമില്ല. ”മോനേ, ഇന്ന് ക്രിസ്മസ് അല്ലേ?” എന്ന ചായക്കടക്കാരൻ പീതാംബരൻചേട്ടന്റെ ചോദ്യത്തിന് ”എന്ത് ക്രിസ്മസ്?” എന്നു പറഞ്ഞ് അവൻ നടന്നു നീങ്ങി.
ദൂരെയുള്ള തോട്ടത്തിലേക്ക് പോയി തൂങ്ങിമരിക്കാനൊരു റബർമരം കണ്ടുപിടിച്ച് അതിന്റെ ചുവട്ടിൽ ഇരുന്ന് ഒരു സിഗരറ്റ് വലിച്ചുതീർത്തു. കൈയിൽ ബാക്കിയുള്ള മറ്റൊരു സിഗരറ്റ് കൂടി വലിച്ചുതീർത്ത് മരിക്കണം എന്ന ആഗ്രഹവുമായി ഇരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ അരികത്തുകൂടി ഒരു പശു വന്ന് മുൻപിലുള്ള കുഴിയിൽ വീണു.
പശുവിന്റെ പുറകെ അതിന്റെ ഉടമസ്ഥനും കടന്നുവന്നു. ”എടാ, നീ എന്താ ഇവിടെ ഇരിക്കുന്നത്?” എന്ന് അദ്ദേഹം ആ യുവാവിനോട് ചോദിച്ചു. ”ഞാൻ മരിക്കാൻ വന്നതാ.. എല്ലാം തീർന്നു, ആർക്കുവേണ്ടിയാണ് ജീവിക്കുന്നത്…?” എന്നതായിരുന്നു മറുപടി. എന്തോ അപകടം തോന്നിയ ആ മനുഷ്യൻ ഇവനെയും കൂട്ടിക്കൊണ്ട് പോയി. മരണത്തിന്റെ മുനമ്പിൽനിന്നും ജീവിതത്തിന്റെ തീരങ്ങളിലേക്ക്…
അവൻ എന്താണ് ആ തോട്ടത്തിൽ ഇരിക്കുന്നതെന്നു ചോദിക്കാൻ ആ മനുഷ്യനെ പ്രേരിപ്പിച്ചതാരാണ്, ദൈവംതന്നെയല്ലേ?
ഫാ. ജോബി എടത്താഴെ സി.എസ്.റ്റി