ആ പിറന്നാളിൽ സ്വന്തമാക്കിയ ഭാഗ്യപദവി

എന്നും കേൾക്കാൻ കൊതിക്കുന്നൊരു കാലൊച്ചയുണ്ട്. ആ കാലടി ശബ്ദത്തോടൊപ്പം കടന്നുവരാറുള്ളത് പഴങ്ങളുടെ മൂക്കു തുളക്കുന്ന ഗന്ധം. നാടൻ പാളയംകോടൻ പഴത്തിന്റെ, പേരയ്ക്കയുടെ, ഓറഞ്ചിന്റെ, ശുദ്ധമായ ഏലക്കായുടെ… മക്കൾക്കുവേണ്ടി കരുതി കാത്തുവച്ച പഴങ്ങളുടെ ചാക്കുമേന്തി മൈലുകൾ കാൽനടയായും വാഹനങ്ങൾ മാറിക്കയറിയും യാത്ര ചെയ്ത്, വാരാന്ത്യങ്ങളിൽമാത്രം വീട്ടിൽ വരുന്ന സുസ്‌മേരവദനനായ ആ എല്ലിച്ച മനുഷ്യന്റെ സജീവമായ രൂപം ഓർമയിലുണ്ട്. അതെന്റെ അപ്പച്ചനാണ്.

അവധി ദിവസങ്ങളിൽ എന്നെയും തൊട്ടുമൂത്ത സഹോദരനെയും ചേർത്തുനിർത്തി വീടിന്റെ മുൻവശത്തെ പറമ്പിന്റെ കിഴക്കുഭാഗം ചൂണ്ടിക്കാട്ടി, പന്തലിട്ട് നാടു മുഴുവൻ ക്ഷണിച്ച് ഒരു കല്യാണംപോലെ ആഘോഷമായി നടത്തുവാൻ പോകുന്ന ഞങ്ങളുടെ ആദ്യകുർബാന സ്വീകരണത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവയ്ക്കും അപ്പച്ചൻ.

മധുരസ്വപ്നങ്ങൾ
ആ പന്തലിൽ, വധൂവരന്മാർക്കുള്ള ഇരിപ്പിടത്തിന് സമാനമായി പ്രത്യേകം കെട്ടിയൊരുക്കുവാൻ പോകുന്ന ‘മണിക്കോല’ത്തെക്കുറിച്ചും അവിടെ ഞങ്ങൾക്കായി വിളമ്പുവാൻ പോകുന്ന മധുരഭോജ്യത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് ഉറക്കെയുറക്കെ ചിരിക്കുന്ന അപ്പച്ചന്റെ കണ്ണുകളിൽ ഞാൻ കണ്ട അസാധാരണ തിളക്കം എനിക്ക് പകർന്നുനൽകിയത് അറബിക്കഥയിലെ രാജകുമാരിയുടെ ഭാവമായിരുന്നു. എട്ടാം പിറന്നാളും ആദ്യകുർബാന സ്വീകരണവും അപ്രതീക്ഷിതമായി ഒരേ ദിവസം വന്നണയുന്നതിന്റെ ആഹ്ലാദതിമർപ്പിലായിരുന്നു ഏഴാങ്ങളമാരുടെ ഈ പുന്നാരക്കുഞ്ഞിപ്പെങ്ങൾ.

മഞ്ഞു പെയ്യുന്നൊരു പുലർകാലം. മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങിയ ഞാൻ. തലയിൽ നെറ്റും വെള്ളപ്പൂക്കളുടെ മുടിയും ധരിച്ച്, വെള്ളമുത്തിന്റെ കമ്മലും മാലയും കൈനിറയെ വെള്ള വളകളും. വെള്ള ഷർട്ടും ട്രൗസറും ധരിച്ച് സഹോദരൻ അരികിൽ. അപ്പച്ചനും അമ്മയും ഇരുവശത്തും. പൂക്കൾ വിതറിയ വഴിയിലൂടെ കപ്പേളയിൽനിന്ന് ദൈവാലയത്തിലേക്ക് പ്രദക്ഷിണമങ്ങനെ നീങ്ങുകയാണ്. ഒപ്പം ആദ്യകുർബാന സ്വീകരിക്കുന്ന എല്ലാ കുട്ടികളും അവരുടെ മാതാപിതാക്കളും.

ഇരുവശങ്ങളിലും തിങ്ങിനില്ക്കുന്ന ഇടവകജനങ്ങളുടെ സ്‌നേഹാദരങ്ങൾ! പള്ളിമണികളുടെ നിലയ്ക്കാത്ത നാദം. ഗായകസംഘം ആർത്തുപാടുന്നു. സ്വർഗസമാനമായ അന്തരീക്ഷം. മെല്ലെമെല്ലെ ഞങ്ങൾക്ക് ചിറകുകൾ മുളയ്ക്കാൻ തുടങ്ങി. മാലാഖമാരെപ്പോലെ ഞാനും ചേട്ടനും സാവധാനം സ്വർഗം ലക്ഷ്യമാക്കി പറക്കുകയാണ്. അനിർവചനീയമായൊരു അനുഭൂതി.

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുംമുൻപേ അമ്മയുടെ വിളികേട്ട് കണ്ണു തുറന്നു. അതൊരു സ്വപ്നം മാത്രമായിരുന്നുവെന്ന യാഥാർത്ഥ്യം എന്നെ തെല്ലൊന്നുമല്ല നിരാശയിലാക്കിയത്. ആദ്യകുർബാന സ്വീകരണത്തിന് ഒരുക്കമായുള്ള വേദപാഠക്ലാസിൽ പങ്കെടുക്കാൻ പോകുമ്പോഴും മനസുനിറയെ പുലർച്ചെ കണ്ട സ്വപ്നത്തിന്റെ അലയടികളായിരുന്നു. ഹൃദയം വല്ലാത്തൊരു ആത്മീയാനന്ദത്താൽ തുടിച്ചിരുന്നു.

അങ്ങനെ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ആ ദിനം അടുത്തെത്തി. അന്ന് പുലർച്ചെ ജോലിസ്ഥലത്തേക്ക് പോകേണ്ടിയിരുന്ന അപ്പച്ചൻ, എന്തോ നിസാരകാര്യം പറഞ്ഞ് യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റിവച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു കുടുംബം മുഴുവനും. അപ്പച്ചൻ വീട്ടിലുണ്ടെങ്കിൽ ലോകം മുഴുവൻ വെട്ടിപ്പിടിച്ച ഒരു ജേതാവിന്റെ ഭാവമായിരുന്നു അമ്മയ്ക്ക്. ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാൻ ഇഷ്ടമല്ലായിരുന്നു ആ ഹൃദയങ്ങൾക്ക്. സംശുദ്ധമായ അവരുടെ സ്‌നേഹത്തിന്റെ പരിമളം ഞങ്ങൾ മക്കളുടെ ഹൃദയങ്ങളിലും സ്‌നേഹൈക്യമുണർത്തിയിരുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ
അലസമായി ഒരു നിമിഷംപോലും ഇരിക്കാൻ ഇഷ്ടപ്പെടാത്ത അപ്പച്ചൻ, വൈകുന്നേരം മുതൽ വീട്ടിലെ ടെലഫോൺ സ്റ്റാന്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പച്ചന്റെ പുറകിൽ നിഴലുപോലെ ഞാനും. ഇടയ്‌ക്കെപ്പോഴോ കടുത്ത കൈവേദനമൂലം പണി മതിയാക്കി, അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കുളിക്കുവാൻ പോയി.

കുളി കഴിഞ്ഞ് കടുത്ത നെഞ്ചുവേദനമൂലം തലപോലും തുവർത്താതെ കിടക്കയിലേക്ക് വീണ അപ്പച്ചന്റെ മുഖം, അമ്മയുടെ ആർത്തനാദങ്ങൾക്കൊപ്പം ഇന്നും ചങ്കിലെ വേദനയായി മനസിലുണ്ട്. ഡോക്ടർ വന്നതും അപ്പച്ചനെയുംകൊണ്ട് കാറിൽ ആ രാത്രി ആശുപത്രിയിലേക്ക് പാഞ്ഞതും ഒന്നും മറക്കാൻ കഴിയുന്നില്ല. ഗേറ്റ് കടന്ന് അകന്നുപോകുന്ന കാറിനെ നോക്കി അലറിക്കരയുന്ന അമ്മയും മക്കളും… അവരെ ആശ്വസിപ്പിക്കുവാൻ, കടുത്ത വേദനയ്ക്കിടയിലും പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട്, കാറിന്റെ പിൻഗ്ലാസിലൂടെ കൈയുയർത്തി എന്നന്നേക്കുമായി യാത്ര പറഞ്ഞ് പിരിഞ്ഞുപോയ എന്റെ പ്രിയപ്പെട്ട അപ്പച്ചൻ…. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.

പിന്നീട് പുലർച്ചെ ഉറക്കച്ചടവിൽ എപ്പോഴോ ഞാൻ കണ്ണു തുറന്നപ്പോൾ പ്രാർത്ഥനാമുറിയിലെ കട്ടിലിൽ വെള്ള പുതച്ചുറങ്ങുന്ന അപ്പച്ചൻ. തികച്ചും ശാന്തനായി നിറഞ്ഞ മന്ദസ്മിതത്തോടെ…. അരികിൽ ഭ്രാന്തിയെപ്പോലെ പിച്ചും പേയും പറയുന്ന അമ്മ. ഈ സത്യം ഉൾക്കൊള്ളുവാനാകാതെ വാവിട്ടു കരയുന്ന എന്റെ മൂത്ത സഹോദരങ്ങൾ. 93 വയസായ അപ്പനെ വേണ്ടവിധം ശുശ്രൂഷിച്ച് പരിപാലിച്ച് നിത്യസമ്മാനത്തിനായി യാത്രയാക്കിയതിന്റെ അറുപതാം ദിവസം അതേ ഭവനത്തിൽനിന്ന് മകന്റെ അപ്രതീക്ഷിതമായ അന്ത്യയാത്ര.

അമ്മയ്‌ക്കേറ്റ ആഘാതം കനത്തതായിരുന്നു. ഗുരുതര രോഗബാധിതയായ അമ്മയെ തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞങ്ങളുടെ ആദ്യകുർബാനസ്വീകരണം അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കാമെന്ന് ബന്ധുക്കളിൽ പലരും നിർദേശിച്ചെങ്കിലും അപ്പച്ചൻ ആഗ്രഹിച്ചിരുന്നതുപ്രകാരം, നിശ്ചയിച്ചിരുന്ന ദിവസം തന്നെ നടത്താൻ തീരുമാനമായി.

ഭാഗ്യപദവി സ്വന്തമാക്കുന്നു
പ്രദക്ഷിണം അതാ മുന്നോട്ട് നീങ്ങുന്നു. കപ്പേളയിൽനിന്ന് ദൈവാലയത്തിലേക്ക്. എന്റെ കൂട്ടുകാരെല്ലാം ആവേശത്തിലാണ്. പുത്തനുടുപ്പും തിളങ്ങുന്ന വേഷവിധാനങ്ങളും… ഒപ്പം മാതാപിതാക്കളുടെ അകമ്പടിയും. ലളിതമായ വെള്ളവസ്ത്രങ്ങൾ ധരിച്ച് ഞാനും ചേട്ടനും ഏറ്റവും പുറകിൽ. ഞങ്ങൾക്കിരുവശത്തും അപ്പച്ചനും അമ്മയ്ക്കും പകരം മൂത്ത സഹോദരനും അമ്മയുടെ അനുജത്തിയും. അവർ തേങ്ങിക്കരയുകയാണ്… ഞങ്ങളും.

പ്രദക്ഷിണം ദൈവാലയത്തിന്റെ ആനവാതിലിനരികിലെത്തി. ഞാൻ സെമിത്തേരിയിലേക്ക് ഒന്ന് പാളി നോക്കി. കണ്ണീരിൽ കുതിർന്ന എന്നെ കളിയാക്കിക്കൊണ്ട് അപ്പച്ചൻ അതാ അവിടെ പുഞ്ചിരി തൂകി നില്ക്കുന്നു. ഈ എട്ടുവയസുകാരിയെ ലാളിച്ച് കൊതിതീരാത്ത ആ കൈകൾ കണ്ണീർ തുടയ്ക്കാനായി എന്റെ നേരെ നീട്ടുന്നു. മെല്ലെ ആ വിരലുകൾ ക്രിസ്തുരാജന്റെ രൂപത്തിലേക്ക് ചൂണ്ടി നിന്നെ ”ഞാൻ നിങ്ങളെ അനാഥയായി വിടുകയില്ല” (യോഹന്നാൻ 14:18). ഇനി എന്റെ മോൾക്ക് ‘ഈശോ അപ്പച്ചനുണ്ടെന്ന്’ പറയുംപോലെ. ഈശോ ഉള്ളിൽ വരുമ്പോൾ നിന്റെ ”ദുഃഖം സന്തോഷമായി മാറും” (യോഹന്നാൻ 16:20) എന്നുള്ള ഓർമപ്പെടുത്തൽ…

തിടുക്കത്തിൽ കണ്ണീർ തുടച്ച് നിരയോടൊപ്പം ചേർന്ന് ദൈവാലയത്തിലേക്ക് കയറി. ഈശോയുടെ കാൽവരിയിലെ യാഗത്തിന്റെ ഓർമ. എന്റെ നല്ല നാളെകൾക്കായി ഇന്നുകളെ ബലിയർപ്പിച്ച എന്റെ ഈശോ അപ്പച്ചൻ, അപ്പത്തിന്റെ രൂപത്തിൽ, ആദ്യമായി ആ അപ്പച്ചനെ സ്വീകരിക്കാൻ…. ആ ചുമലിൽ തലവച്ച് ഒന്ന് തേങ്ങിക്കരയാൻ… ആ സാന്ത്വന-സാന്നിധ്യത്തണലിൽ ഒന്നു വിശ്രമിക്കാൻ, അവിടുത്തോടലിഞ്ഞു ചേരാൻ, മനസ് തുടിച്ചു. ഗായകസംഘത്തോടൊപ്പം എന്റെ ചുണ്ടുകളും ചലിച്ചുതുടങ്ങി. ‘ഞാനെന്റെ ഈശോ അപ്പച്ചന്റെ മോളല്ലേ’ എന്ന് ഹൃദയം മന്ത്രിച്ചു.

മിനി ജോസഫ്

1 Comment

  1. Mini Joseph says:

    Thanking God Almighty and also all of you wholeheatedly, dear Shalom Times Magazine editorial board for publishing my article in the May 2017 edition. I still can’t believe my eyes that a humble attempt of mine got published in such a world renowned magazine. It really gives me immense inspiration to write more and more. May God bless you all abundantly and i wish Shalom Times Magazine all the very best for all its future endeavours..
    With thanks and prayers,
    Mrs. Mini Joseph, Nerul, Navi Mumbai.

Leave a Reply

Your email address will not be published. Required fields are marked *