ഒരു സീരിയൽ കഥ

ചെറുപ്പത്തിൽ മനസിലാക്കിയിരുന്നത് ‘ദൈവവിളി’ എന്നുവച്ചാൽ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമുള്ള വിളി എന്നായിരുന്നു. പിന്നീട് കേട്ടു – വിവാഹജീവിതവും ഒരു ദൈവവിളിയാണെന്ന്. അടുത്ത കാലത്താണ് അറിഞ്ഞത് ഏകസ്ഥ ജീവിതവും ദൈവവിളിതന്നെയാണെന്ന്. എന്നാൽ, ഇപ്പോൾ അറിയുന്നു – ഈ പറഞ്ഞവ മാത്രമല്ല ദൈവവിളി. എനിക്കും നിങ്ങൾക്കും എല്ലാവർക്കുമുണ്ട് ഒരു ദൈവവിളി.

ഉൽപത്തി പന്ത്രണ്ടാം അധ്യായത്തിൽ ദൈവം അബ്രാമിനെ വിളിക്കുന്നതായി കാണാം. ദൈവം ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ തയാറാകുമ്പോൾ വലിയ അനുഗ്രഹങ്ങളും ദൈവം വാഗ്ദാനം ചെയ്യുന്നു. അബ്രാമിന് ലഭിച്ചതുപോലെയുള്ള വിളികൾ ദൈവം നാം ഓരോരുത്തർക്കും നൽകുന്നുണ്ട്.

ജീവിതം ഒരു സീരിയൽ
നമ്മുടെ ജീവിതത്തെ ഒരു ടെലിസീരിയലിനോട് സാമ്യപ്പെടുത്തിയാൽ നാമെല്ലാം അതിലെ കലാകാരന്മാരും കലാകാരികളുമാണ്. അനേകം എപ്പിസോഡുകൾ ചേർന്നതാണല്ലോ ഒരു ടെലിസീരിയൽ. ഓരോ എപ്പിസോഡിലും നമുക്കുള്ള റോൾ നിശ്ചയിക്കുന്നതും ആ റോളിന്റെ ദൈർഘ്യം നിശ്ചയിക്കുന്നതും അതിന്റെ സംവിധായകനാണല്ലോ.

നമുക്കുള്ള റോൾ എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അത് ആത്മാർത്ഥതയോടെ ചെയ്യുമ്പോഴാണ് ആ ടെലിസീരിയൽ വിജയിക്കുന്നത്, ജനപ്രിയമാകുന്നത്. ജീവിതവും അങ്ങനെതന്നെ. നല്ല സംവിധായകനാകുമ്പോൾ ഏറ്റവും യോജിച്ച റോൾ മാത്രമേ നമുക്ക് തരൂ. നമ്മുടെ ജീവിതത്തിലെ ചെറിയ എപ്പിസോഡുകളായ ജീവിതാനുഭവങ്ങളെയും സംഭവങ്ങളെയും ദൈവവിളിയുടെ നിമിഷങ്ങളായി കണ്ടാലോ? അങ്ങനെയെങ്കിൽ ഓരോ ദിവസവും എത്രയെത്ര ദൈവവിളി നിമിഷങ്ങൾ! ജീവിതത്തിലെ ഏകാന്തതയുടെ അനുഭവങ്ങൾ, ഒറ്റപ്പെടുത്തലുകൾ, നിരാശ, രോഗാവസ്ഥ, കാരണമില്ലാത്ത കുറ്റപ്പെടുത്തലുകൾ, അപമാനം, അവഗണന – ഇതെല്ലാം ദൈവവിളിയുടെ അവസരങ്ങളായി കാണാനുള്ള വിശ്വാസവെളിച്ചം നമുക്കുണ്ടാവണം.

വൈധവ്യം, കുട്ടികളില്ലാത്ത ദുഃഖം, തൊഴിലില്ലായ്മ, കടബാധ്യത, ദാരിദ്ര്യം, കൃഷിനാശം ഇതും ദൈവം നമ്മെ തന്റെ അടുത്തേക്ക് വിളിക്കുന്ന നിമിഷങ്ങളാണ്. ഈ അനുഭവങ്ങളുടെയും അവസ്ഥകളുടെയും ദൈർഘ്യം ഏതാനും നിമിഷങ്ങൾ മുതൽ മണിക്കൂറുകൾ, ദിവസങ്ങൾ, മാസങ്ങളും കടന്ന് ഒരായുസു മുഴുവനും നീണ്ടുനില്ക്കുന്നതാകാം. അത് തീരുമാനിക്കുന്നത് ജീവിതാനുഭവങ്ങളാകുന്ന എപ്പിസോഡുകളുടെ സംവിധായകനായ ദൈവംതമ്പുരാൻ തന്നെയാണ്.
ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലെന്നും ‘ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു;’ (സങ്കീർത്തനങ്ങൾ 139:2) എനിക്ക് രൂപം ലഭിക്കുന്നതിനുമുൻപുതന്നെ അവിടുത്തെ കണ്ണുകൾ എന്നെ കണ്ടു; (സങ്കീർത്തനങ്ങൾ 139:16) എന്നും ഓർക്കുമ്പോൾ വലിയ ആശ്വാസം കിട്ടുന്നു. സർവശക്തൻ എന്നെ അറിയുന്നുണ്ടെങ്കിൽ, പിന്നെ ഞാനെന്തിന് ആകുലപ്പെടണം! അപ്പോൾ എനിക്ക് ചെയ്യുവാൻ ഒന്നേയുള്ളൂ – കഷ്ടതയുടെ കാലം കടന്നുപോകുവോളം അവിടുത്തെ കരുണയ്ക്കായി കാത്തിരിക്കണം.

കാത്തിരിപ്പും…
നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലിനായി കാത്തിരിക്കേണ്ടിവരുന്ന അനുഭവങ്ങൾ നിരവധിയുണ്ട്. ഗതാഗതക്കുരുക്കിൽപ്പെട്ട് നഷ്ടപ്പെടുന്ന നിമിഷങ്ങൾ മുതൽ, ജോലി, വിവാഹം, കുഞ്ഞുങ്ങൾ, ഭവനം, രോഗസൗഖ്യം, മാനസാന്തരം തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്കുവേണ്ടി കാത്തിരിക്കേണ്ടിവരുന്നവരാണ് നമ്മൾ.

വിശ്വാസികളുടെ പിതാവായ അബ്രഹാമിനുപോലും നീണ്ടനാൾ കാത്തിരിക്കേണ്ടിവന്നു ഒരു കുഞ്ഞിനുവേണ്ടി. വഴിതെറ്റിയ തന്റെ മകൻ അഗസ്റ്റിന്റെ മാനസാന്തരത്തിനുവേണ്ടി മോനിക്ക എന്ന അമ്മയ്ക്ക് ഏറെനാൾ കാത്തിരിക്കേണ്ടിവന്നു. പക്ഷേ, ആ കാത്തിരിപ്പിനെ അവൾ ദൈവനിയോഗമാക്കി, കണ്ണീരോടെയുള്ള പ്രാർത്ഥനയിൽ മുഴുകി. നമ്മുടെ കാത്തിരിപ്പിന്റെ നിരയിൽ അബ്രാഹമിനെയും മോനിക്കയെയും കാണാനുള്ള ഉൾക്കാഴ്ച നമുക്കുണ്ടാവണം.
ഈ പ്രത്യേക ദൈവവിളിക്കാലത്ത് ദൈവം നമ്മെ സവിശേഷമാംവിധം കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. അതിനായി ലോകസുഖങ്ങളോടുള്ള നമ്മുടെ മമത കുറയ്ക്കുകയും ദൈവത്തിനായുള്ള നമ്മുടെ ദാഹം വർധിപ്പിക്കുകയും ചെയ്യാം. ഈ അവസ്ഥ ദൈവത്തിന്റെ സ്വന്തം തീരുമാനമായതുകൊണ്ട് അവിടുന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈ കാലയളവിൽ നാം ചെയ്തുതീർക്കാം.

അത് മധ്യസ്ഥപ്രാർത്ഥനയാകാം, ത്യാഗപ്രവൃത്തികളാകാം, സാമൂഹിക നന്മകളാകാം, സുവിശേഷവേലയാകാം. അത് എത്രയും വേഗം ചെയ്യുന്നുവോ എത്രയധികം ചെയ്യുന്നുവോ അത്രയും നമ്മുടെ കാത്തിരിപ്പുകാലവും കുറയും. നാം എന്ത് കാര്യത്തിനായി കാത്തിരിക്കുന്നുവോ അതേ ആവശ്യത്തിനായി കാത്തിരിക്കുന്ന മറ്റുള്ളവർക്കുവേണ്ടിയും പ്രാർത്ഥിക്കണം. ഒരുപക്ഷേ, മറ്റു പലർക്കും ആവശ്യമായുള്ള അനുഗ്രഹങ്ങൾ കൊടുക്കുവാനാവശ്യമായിരിക്കുന്ന മധ്യസ്ഥപ്രാർത്ഥനകൾ നമ്മിൽനിന്നുമാകാം ദൈവം പ്രതീക്ഷിക്കുന്നത്.

നിന്റെ കാത്തിരിപ്പ് എന്തിനുവേണ്ടിയും ആയിക്കൊള്ളട്ടെ. നിന്റെ കണ്ണുനീരിന്റെ കാരണം എന്തുമാവട്ടെ. അവിടുന്ന് നിന്റെ കണ്ണീർ കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്; അവിടുന്ന് അത് കാണുന്നുമുണ്ട്. ക്ഷമയോടെ, സന്തോഷത്തോടെ, കാത്തിരിക്കുക. പ്രാർത്ഥനയോടെയുള്ള ഈ കാത്തിരിപ്പിനെ നിന്റെ ഇപ്പോഴത്തെ ദൈവവിളിയായി കരുതുക. നിന്റെ ദൈവവിളിയിൽ നീ ഉറച്ചുനിൽക്കുമ്പോൾ, അത്ഭുതങ്ങൾ നിന്നെ തേടിയെത്തും, തീർച്ച!

ജോൺ തെങ്ങുംപള്ളിൽ

 

 

Leave a Reply

Your email address will not be published. Required fields are marked *