മാനസാന്തരത്തിന്റെ ഫലങ്ങൾ തേടി

ക്രിസ്തുവിന് വഴിയൊരുക്കാൻവേണ്ടി നിയോഗിക്കപ്പെട്ട സ്‌നാപകയോഹന്നാന് മരുഭൂമിയിൽവച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അദ്ദേഹം ഇപ്രകാരം പ്രഘോഷിച്ചു: ‘മാനസാന്തരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു.’ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനവും പ്രസംഗിച്ചുകൊണ്ട് ജറുസലേമിലും യൂദയാ മുഴുവനിലും ജോർദാന്റെ സമീപപ്രദേശങ്ങളിലും ചുറ്റിസഞ്ചരിച്ചിരുന്ന യോഹന്നാന്റെ അടുത്തേക്ക് അനേക ജനങ്ങൾ ഓടിക്കൂടി. അവന്റെ വാക്കുകൾ കേട്ട് പശ്ചാത്തപിച്ച് അവർ ജോർദാൻ നദിയിൽവച്ച് അവനിൽനിന്നും പാപമോചനത്തിനുള്ള അനുതാപത്തിന്റെ സ്‌നാനം സ്വീകരിച്ചു. അനേകം ഫരിസേയരും സദുക്കായരും ആ കൂട്ടത്തിലുണ്ടായിരുന്നു. സ്‌നാപകൻ ആ ജനക്കൂട്ടത്തോട് ചോദിച്ചു: ”അണലിസന്തതികളേ, ആസന്നമായ ക്രോധത്തിൽനിന്ന് ഓടിയകലാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നല്കിയതാരാണ്? മാനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ” (മത്തായി 3:7-8). ജനം പരസ്പരം നോക്കി. അവർക്ക് മനസിലായില്ല എന്താണ് മാനസാന്തരത്തിന്റെ ഫലങ്ങൾ എന്ന്. അവർ സ്‌നാപകനോട് ചോദിച്ചു, ”ഗുരോ ഞങ്ങൾ എന്തു ചെയ്യണം?” സ്‌നാപകൻ പറഞ്ഞു: ഇനിമേൽ രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ” (ലൂക്കാ 3:11). ഇതാണ് മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന ജീവിതം. ചുങ്കക്കാരും സ്‌നാനം സ്വീകരിക്കുവാൻ വന്നു. അവർ ചോദിച്ചു, ”ഗുരോ ഞങ്ങളെന്തു ചെയ്യണം? അവരോട് അവൻ പറഞ്ഞു: ”നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതിൽ കൂടുതൽ ഈടാക്കരുത്” (ലൂക്കാ 3:13). പടയാളികളും അവനോട് ചോദിച്ചു, ‘ഞങ്ങൾ എന്തു ചെയ്യണം?’ അവൻ പറഞ്ഞു: ”നിങ്ങൾ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുറ്റാരോപണവും അരുത്. വേതനംകൊണ്ട് തൃപ്തിപ്പെടണം” (ലൂക്കാ 3:14). ഇതാണ് മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന ജീവിതം.

പാപജീവിതം ഉപേക്ഷിച്ചാൽ മാത്രം പോരാ. പങ്കുവയ്ക്കലിന്റെ ജീവിതം നയിക്കുന്നവരായി തീരുകകൂടി ചെയ്താൽ മാത്രമേ ഫലം പുറപ്പെടുവിക്കുന്നവരായി നാം മാറുകയുള്ളൂ. ജനക്കൂട്ടത്തോട് ആദ്യമായി സ്‌നാപകൻ പറയുന്നത്, ഇനിമേൽ രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ എന്നാണ്. ആഴമായ പങ്കുവയ്ക്കലിന്റെ ജീവിതത്തിലേക്ക് സ്‌നാപകയോഹന്നാൻ ജനങ്ങളെ ക്ഷണിക്കുകയാണ് ഈ വചനത്തിലൂടെ. എന്റെ ഭാര്യ, മക്കൾ, ഭവനം, എന്റെ സുഖം, ഇഷ്ടം, ജോലി, വണ്ടി എന്നുള്ള സ്വാർത്ഥപ്രേരിതമായ മനോഭാവത്തിന്റെ സങ്കുചിതത്വത്തിൽനിന്നും പുറത്തുവന്ന് നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന ദൈവസ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും മൂർത്തഭാവങ്ങളിലേക്കുള്ള ഈ ദൈവവിളി അവർക്കുവേണ്ടി മാത്രമുള്ളതായിരുന്നില്ല. പിന്നെയോ പരിശുദ്ധാത്മ സ്‌നാനം സ്വീകരിച്ച യേശുവിന്റെ അജഗണങ്ങളായ നമുക്കുവേണ്ടിക്കൂടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്.

ഏറ്റുപറച്ചിലിൽ ഒതുങ്ങരുത്
ദൈവരാജ്യ അനുഭവം കേവലം പശ്ചാത്താപത്തിലും പാപമേറ്റുപറച്ചിലിലും കുർബാന സ്വീകരണത്തിലും മാത്രം ഒതുങ്ങുവാനുള്ളതല്ല. പിന്നെയോ ആഴമായ പങ്കുവയ്ക്കലിന്റെ ദിവ്യാനുഭവത്തിലേക്ക് നയിക്കപ്പെടാനുള്ളതുകൂടിയാണ് എന്ന് സ്‌നാപകയോഹന്നാന്റെ വാക്കുകൾ ഇവിടെ വ്യക്തമാക്കുന്നു.

സക്കേവൂസെന്ന നീതിമാൻ
ദൈവമാഗ്രഹിക്കുന്ന രീതിയിൽ മാനസാന്തരത്തിന്റെ പൂർണഫലം പുറപ്പെടുവിച്ച ഒരു മനുഷ്യനെ സുവിശേഷത്തിൽ നമുക്ക് ദർശിക്കുവാൻ കഴിയും. ചുങ്കക്കാരനും കുള്ളനുമായ സക്കേവൂസ്. യേശുവിനെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ അവന്റെയുള്ളിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ – അവിടുത്തെ ഒന്നു കാണുക. കുള്ളനായിരുന്നതിനാൽ ജനക്കൂട്ടത്തിന്റെ ഇടയിൽനിന്നും യേശുവിനെ കാണുക അസാധ്യമാണെന്ന് അവൻ മനസിലാക്കി. അതിനാൽ അവൻ ജനക്കൂട്ടത്തിനു മുമ്പേ ഓടി വഴിയരികിലുള്ള സിക്കമൂർ വൃക്ഷത്തിൽ വലിഞ്ഞുകയറി. പാപികളുടെ സ്‌നേഹിതനായ, പാപികളോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന ആ ദിവ്യഗുരുവിനെ, യേശുവിനെ ഒരുനോക്കു കാണാൻ.

പക്ഷേ സംഭവിച്ചത് ഉപരിയായ മറ്റൊന്നാണ്. യേശു ആ വഴി വന്നപ്പോൾ അതാ ഇരിക്കുന്നു സക്കേവൂസ് മരക്കൊമ്പിൽ. യേശു അവന്റെ ഉള്ളു കണ്ടു. അവനോട് യേശുവിന് വർധിച്ച മനസലിവു തോന്നി. യേശു അവനെ നോക്കി വിളിച്ചുപറഞ്ഞു: ”സക്കേവൂസ് ഇറങ്ങിവരൂ. എനിക്കിന്ന് നിന്റെ വീട്ടിൽ താമസിക്കണം.” അവനത് വിശ്വസിക്കാനായില്ല. കണ്ടുനിന്നവർ പ്രതികരിച്ചു, എന്ത്, ഇവൻ പാപികളുടെ ഭവനത്തിൽ അതിഥിയായി കഴിയുകയോ? അവൻ മരത്തിൽനിന്നും അതിവേഗത്തിൽ ഊർന്നിറങ്ങി. താഴെയെത്തിയ അവൻ യേശുവിനെ കുമ്പിട്ടു വണങ്ങി. അവൻ അവിടുത്തെ സ്വീകരിച്ച് സ്വന്തഭവനത്തിലേക്ക് ആനയിച്ചു.
യേശു സക്കേവൂസിനെ സ്‌നേഹിച്ചു. സക്കേവൂസ് യേശുവിനെയും. സക്കേവൂസിന്റെ ഭവനത്തിൽ ആയിരിക്കുന്ന സമയത്ത് യാതൊരുവിധത്തിലുള്ള തിരുത്തലുകളും യേശു സക്കേവൂസിന് നല്കുന്നതായി തിരുവചനങ്ങളിൽ കാണുന്നില്ല. പക്ഷേ, യേശുവിന്റെ സ്‌നേഹം അനുഭവിച്ച സക്കേവൂസ് സ്വയം തിരുത്തി. അവൻ തന്റെ തെറ്റുകൾക്ക് പരിഹാരവും പ്രായശ്ചിത്തവും ചെയ്യുന്നവനായി രൂപാന്തരപ്പെട്ടു.

സക്കേവൂസ് തന്റെ ഭവനത്തിൽ യേശുവിന് വിഭവസമൃദ്ധവും സ്‌നേഹോഷ്മളവുമായ വിരുന്നൊരുക്കി. ഭക്ഷണസമയത്ത് സക്കേവൂസ് എഴുന്നേറ്റു കർത്താവേ, ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു” (ലൂക്കാ 19:8). യേശു സന്തോഷപൂർവം സക്കേവൂസിനെ നോക്കി മൊഴിഞ്ഞു: ”ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു” (ലൂക്കാ 19:9).
എന്തേ ആദ്യം പറഞ്ഞില്ല?

ഇവിടെയൊരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. സക്കേവൂസിന്റെ വായിൽനിന്നും മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന വാക്കുകൾ പുറത്തു വന്നതിനുശേഷം മാത്രമാണ് ‘ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു’ എന്ന വചനം യേശുവിന്റെ വായിൽനിന്നും പുറപ്പെടുവാൻ ഇടയായത്. യേശുവിന് വേണമെങ്കിൽ അതിനുമുൻപേ ആ വാക്കുകൾ പറയാമായിരുന്നു. കാരണം യേശുവിനെ ഒന്നു കാണുവാനുള്ള ആഗ്രഹം സക്കേവൂസിന്റെ ഉള്ളിൽ ഉടലെടുത്തപ്പോത്തന്നെ അവന്റെ മാനസാന്തരം ആരംഭിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, അതു പൂർണമായത് സക്കേവൂസ് തന്റെ ജീവിതത്തെ തിരുത്തി, തെറ്റുകൾക്ക് പരിഹാരം ചെയ്യാനും അങ്ങനെ മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കാനുമുള്ള തീരുമാനം യേശുവിന്റെയും ചുറ്റും കൂടിയിരുന്നവരുടെയും മുൻപിൽ അറിയിച്ചപ്പോൾ മാത്രമാണ്.

സക്കേവൂസിന്റെ സമ്പൂർണ മാനസാന്തരത്തിലേക്കും കുടുംബത്തിന്റെ രക്ഷയിലേക്കും നോക്കുമ്പോൾ വ്യക്തമായ ആറുഘട്ടങ്ങൾ നമുക്ക് കാണുവാൻ കഴിയും. ഒന്ന്, അവൻ യേശുവിനെ കാണാൻ അതിയായി ആഗ്രഹിക്കുന്നു. രണ്ട്, അതിനുവേണ്ടി പരമാവധി പരിശ്രമിക്കുന്നു. മൂന്ന് യേശുവിനായി തന്റെ ഭവനത്തിന്റെ വാതിലുകൾ തുറന്നു കൊടുക്കുന്നു. നാല് യേശുവിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞ അവൻ തന്റെ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിച്ച് പരിഹാരം ചെയ്യാൻ തയാറാകുന്നു. അഞ്ച്, തന്റെ സ്വത്തിൽ പകുതി ദരിദ്രർക്ക് ദാനം കൊടുത്തുകൊണ്ട് മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുന്നു. ആറ്, ഇതിന്റെയെല്ലാം ഫലമായി അവനും അവന്റെ ഭവനവും രക്ഷിക്കപ്പെടുന്നു.
പക്ഷേ നമ്മുടെ ജീവിതത്തിലോ? നാം ഒരുപക്ഷേ വർഷങ്ങൾക്കുമുൻപുതന്നെ യേശുവിനെ കണ്ടെത്തിയതായിരിക്കാം. യേശുവിന്റെ വചനങ്ങൾ അന്നുമുതൽ ഇന്നുവരെ കേട്ടുകൊണ്ടിരിക്കുന്നവരായിരിക്കാം. പരിശുദ്ധാത്മാവ് നല്കുന്ന പാപബോധവും പശ്ചാത്തപവും വഴി നമ്മുടെ തെറ്റുകൾ ഒരു വട്ടമല്ല പലവട്ടം ഏറ്റുപറഞ്ഞതായിരിക്കാം. യേശുവിന്റെ ദിവ്യവിരുന്നിൽ (വിശുദ്ധ കുർബാന) അനുദിനവും പങ്കുചേരുന്നവർപോലും ആയിരിക്കാം. കൂട്ടായ്മകളിലും ധ്യാനങ്ങളിലും കൂടെക്കൂടെ സംബന്ധിക്കുന്നവരും ആയിരിക്കാം. പക്ഷേ, ഇന്നും ‘ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു’ എന്നുള്ള കർത്താവിന്റെ വചനം ഫലം പുറപ്പെടുവിക്കുന്ന അനുഭവം ജീവിതത്തിലോ ഭവനത്തിലോ ഉണ്ടായിട്ടില്ലെങ്കിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു?

ചിലർ ഇപ്രകാരം ചിന്തിക്കുന്നു: ”കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും” (അപ്പ. പ്രവ. 16:30) എന്ന തിരുവചനം കാലമെത്രയായി ഞാൻ കേൾക്കുന്നു, വിശ്വസിക്കുന്നു, ഏറ്റുപറയുന്നു. പക്ഷേ എന്റെ ജീവിതത്തിലും കുടുംബത്തിലും എന്തേ ആ വചനം ഇതുവരെയും ഫലം പുറപ്പെടുവിക്കാത്തത്?

ഞാനെത്ര നാളായി ധ്യാനങ്ങളും കൺവെൻഷനുകളും കൂടുന്നു. കൂട്ടായ്മകൾ ആചരിക്കുന്നു. ദിവസേന പള്ളിയിൽ പോകുന്നു, ജപമാല ചൊല്ലുന്നു, വചനം വായിക്കുന്നു. പക്ഷേ ഇപ്പോഴുമെന്തേ എന്റെ ഭവനം രക്ഷിക്കപ്പെടാത്ത അവസ്ഥയിൽ തുടരുന്നു? എന്റെ പാപമോ പൂർവികശാപമോ ഇതിന്റെ കാരണം? ഇങ്ങനെ പലവിധ ചോദ്യങ്ങൾ നമ്മുടെ മനസിലുയരുകയും നാമത് പലരോടും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടാവാം.

പ്രിയപ്പെട്ടവരേ, ‘ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു’ എന്ന കർത്താവിന്റെ വചനം കർത്താവായ യേശുവിനെ കണ്ടെത്തിയിട്ട് കാലമേറെ ആയിട്ടും നമ്മുടെ ജീവിതത്തിൽ നിറവേറപ്പെട്ടിട്ടില്ലെങ്കിൽ അത് മറ്റൊന്നുകൊണ്ടുമല്ല. ഫലം പുറപ്പെടുവിക്കത്തക്ക ഒരു മാനസാന്തരം എന്റെ ജീവിതത്തിൽ ഇതുവരെയും സംഭവിച്ചിട്ടില്ല എന്നതുകൊണ്ടാണ് എന്നുവേണം തിരിച്ചറിയുവാൻ. മാനസാന്തരത്തിനു ചേർന്ന ഫലം പുറപ്പെടുവിക്കുവിൻ എന്ന സ്‌നാപകന്റെ ആഹ്വാനം സക്കേവൂസ് തന്റെ ജീവിതത്തിൽ യേശുവിനെ കണ്ടെത്തിയ ആ ദിവസംതന്നെ പ്രാവർത്തികമാക്കിപ്പോൾ അന്നുതന്നെ അവന്റെ ഭവനം രക്ഷിക്കപ്പെടുകയും ചെയ്തു.

എവിടെ എത്തിനില്ക്കുന്നു?
നമ്മുടെ മാനസാന്തരജീവിതം ഇന്ന് എവിടെ എത്തിനില്ക്കുന്നു? മാനസാന്തരത്തിന് യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ഇപ്പോഴെങ്കിലും എനിക്ക് കഴിയുന്നുണ്ടോ? എന്റെ മാനസാന്തരജീവിതം കൂടെക്കൂടെയുള്ള കുമ്പസാരത്തിലും കുർബാന സ്വീകരണത്തിലും കൂട്ടായ്മകളുടെ ആചരണത്തിലും മാത്രം ഒതുങ്ങിനില്ക്കുന്നതാണോ? എനിക്ക് ദൈവം തന്നിട്ടുള്ള ദാനങ്ങൾ അത് ആത്മീയമോ ഭൗതികമോ മാനസികമോ എന്തുതന്നെയുമാകട്ടെ സഹജീവികളുമായി, ആവശ്യത്തിൽ ഇരിക്കുന്നവരുമായി പങ്കുവയ്ക്കാൻ ഞാൻ തയാറായിട്ടുണ്ടോ? പങ്കുവയ്ക്കലിന്റെ അനുഭവം എന്റെ മാനസാന്തരജീവിതത്തിൽ എത്രത്തോളമുണ്ട്? ഇനിയും നാം പകുതിവഴി മാത്രം എത്തിനില്ക്കുന്നവരാണോ?

ഒരുപക്ഷേ ”കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും. അമർത്തിക്കുലുക്കി നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും” (ലൂക്കാ 6:38) എന്ന വചനത്തിൽ വിശ്വസിച്ച് കൂടുതൽ തിരിച്ചുകിട്ടും എന്ന ലാഭേച്ഛയോടെ എന്തെങ്കിലുമൊക്കെ കൊടുക്കുവാനും ദാനം ചെയ്യുവാനും നമ്മൾ തയാറായിട്ടുണ്ടായിരിക്കാം. പക്ഷേ ദൈവമാഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള മനോഭാവത്തോടെയുള്ള പങ്കുവയ്ക്കലല്ല. മനസിന്റെ (ഹൃദയത്തിന്റെ) നവീകരണം വഴിയുണ്ടാകുന്ന രൂപാന്തരീകരണവും പങ്കുവയ്ക്കലുമാണ്. ”ഹൃദയത്തിൽ നടക്കുന്ന പരിഛേദനമാണ് യഥാർത്ഥ പരിഛേദനം. അത് ആത്മീയമാണ്” (റോമാ 2:29) എന്ന വചനം നമ്മുടെ ഹൃദയത്തിന്റെ കണ്ണുകൾക്ക് പ്രകാശം പകരട്ടെ.

ചികയാൻ തയാറാകുമോ?
പ്രിയപ്പെട്ടവരേ, നാമൊന്നു തിരി ഞ്ഞുനോക്കുന്നതും ചികഞ്ഞു നോക്കുന്നതും നന്നായിരിക്കും. വലിയ നോമ്പാചരണവും പെസഹാ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററുമൊക്കെ കഴിഞ്ഞുപോയി. എന്നാൽ ഈ കഴിഞ്ഞ നോമ്പാചരണത്തിലൂടെ എന്തു വ്യതിയാനമാണ് എന്റെ ആത്മീയ ജീവിതത്തിൽ ഉണ്ടായത്? മാനസാന്തരജീവിതം ഫലം പുറപ്പെടുവിക്കുന്ന തലത്തിൽ എത്രത്തോളം വളർന്നിരിക്കുന്നു? ഉദാരമായ ഒരു പങ്കുവയ്ക്കലിലേക്ക് വലിയ നോമ്പാചരണവും വിശുദ്ധ വാരാചരണവും ഉയിർപ്പും നമ്മെ നയിച്ചുവോ? അതോ വെറും ഭക്ഷണസാധനങ്ങളുടെ വർജനവും പെസഹാ അപ്പം മുറിക്കലും കുരിശിന്റെ വഴിയും ഈസ്റ്റർ ആഘോഷവുമായി മാത്രം പതിവുപോലെ ഈ വർഷവും കടന്നുപോയോ?

തന്നിൽ വിശ്വസിക്കുന്നവർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി സ്വന്തം ശരീരവും രക്തവും പകുത്ത് കൊടുത്തവൻ ആഴമായ ഒരു പങ്കുവയ്ക്കലിന്റെ അനുഭവത്തിലേക്ക് നമ്മെ ക്ഷണിക്കുന്നില്ലേ? ആദിമ ക്രൈസ്തവ സമൂഹത്തിന്റെ പങ്കുവയ്പനുഭവം നമുക്കും ലഭിക്കുവാൻ പന്തക്കുസ്തായ്ക്കുവേണ്ടി പ്രാർത്ഥിച്ച് ഒരുങ്ങുന്ന ഈ കാലഘട്ടത്തിൽ നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം. വചനം ഇപ്രകാരം പറയുന്നു: ”വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാ ത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു….. അവരുടെ ഇടയിൽ ദാരിദ്ര്യമനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല. കാരണം പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റുകിട്ടിയ തുക അപ്പസ്‌തോലന്മാരുടെ കാൽക്കലർപ്പിച്ചു. അത് ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു” (അപ്പ. പ്രവ. 4:32-35).
മുൻപറഞ്ഞ രീതിയിലുള്ള ഒരു വിൽക്കലും കൊടുക്കലും ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമല്ലായിരിക്കാം. പക്ഷേ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആന്തരികചൈതന്യം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു പങ്കുവയ്ക്കലിന്റെ ജീവിതത്തിന് നാം തയാറാകണം. അപ്പോൾ മാത്രമേ ‘രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ’ എന്ന യോഹന്നാൻ സ്‌നാപകന്റെ ദൈവാത്മ പ്രേരിതമായ ആഹ്വാനം ഫലം പുറപ്പെടുവിക്കുന്ന അവസ്ഥയിൽ നമ്മുടെ ജീവിതത്തിൽ അനുവർത്തിതമാവുകയുള്ളൂ.

”അനാഥർക്കു പിതാവും അവരുടെ അമ്മയ്ക്ക് ഭർതൃതുല്യനും ആയിരിക്കുക. അപ്പോൾ അത്യുന്നതൻ നിന്നെ പുത്രനെന്നു വിളിക്കുകയും അമ്മയുടെതിനേക്കാൾ വലിയ സ്‌നേഹം അവിടുന്ന് നിന്നോടു കാണിക്കുകയും ചെയ്യും” (പ്രഭാ. 4:10). യഥാർത്ഥ ദൈവഭക്തി എന്തായിരിക്കണമെന്ന് തിരുവചനം നമ്മെ ബോധ്യപ്പെടുത്തുന്നതിപ്രകാരമാണ്: ”പിതാവായ ദൈവത്തിന്റെ മുമ്പിൽ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്. അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളിൽ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക” (യാക്കോബ് 1:27). ഈ ഒരു ചൈതന്യത്തിലേക്ക് പരിശുദ്ധാത്മാവായ ദൈവം നമ്മെ നയിക്കട്ടെ.

നമുക്ക് പ്രാർത്ഥിക്കാം
പരിശുദ്ധാത്മാവായ ദൈവമേ, ആദിമക്രൈസ്തവ സമൂഹത്തിൽ ഉണ്ടായിരുന്ന സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും അരൂപിയെ ഞങ്ങൾക്ക് നല്കണമേ. ഞങ്ങൾക്ക് ചുറ്റുപാടുമുള്ള അനാഥരിലേക്കും ദരിദ്രരിലേക്കും പലവിധ കാരണങ്ങളാൽ പീഡിതരും ഞെരുക്കപ്പെടുന്നവരുമായവരിലേക്കും യേശുവിന്റെ സാന്ത്വനത്തെയും കരുതലിനെയും ഒഴുക്കുവാൻ അവിടുത്തെ സ്‌നേഹചൈതന്യത്തെ ഞങ്ങളിൽ നിറയ്ക്കണമേ – ആമ്മേൻ.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *