ഏതാണ്ട് പതിനൊന്ന് വർഷങ്ങൾക്കുമുൻപ് ഒരു രാത്രി. പെട്ടെന്ന് ഉറക്കത്തിൽ നിന്നുണർത്തപ്പെട്ട ഞാൻ ക്ലോക്കിൽ നോക്കി, 1.45. അതുവരെ ഞാൻ രാത്രിയിൽ 1.45 കണ്ടിട്ടില്ല. വിലാപങ്ങൾ 2:19 വചനം എന്റെ നാവിൽ വന്നു. ”രാത്രിയിൽ, യാമങ്ങളുടെ ആരംഭത്തിൽ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക”
മണിക്കൂറുകൾ ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു. എന്റെയൊരു സഹോദരന്റെയും ഭാര്യയുടെയും മക്കളുടെയും പേരുകളാണ് ഉച്ചത്തിൽ പ്രാർത്ഥിച്ചപ്പോൾ നാവിൽ വന്നത്. പിറ്റേന്ന് അറിഞ്ഞു, ഞാൻ ഉണർത്തപ്പെട്ട സമയത്ത് ആ സഹോദരന്റെ വീട്ടിൽ കള്ളന്മാർ വന്നു. സ്വീകരണമുറിയിൽ ടി.വി. കണ്ടുകൊണ്ടിരുന്ന മകൾ ടി.വി നിർത്തി ഉറങ്ങാൻ പോയപ്പോൾ കള്ളൻമാർ അകത്തുകയറി. എന്നാൽ താക്കോൽകൂട്ടം കൈയിൽ എടുത്തപ്പോൾ കാറിന്റെ ബർഗ്ലേഴ്സ് അലാം ഉച്ചത്തിൽ അടിച്ചു. കാറിന്റെ താക്കോലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നതാണ് കാരണം.
അതുകേട്ട് എല്ലാവരും ഉണർന്നെന്നു മനസ്സിലായപ്പോൾ അവർ വീടിന് പുറത്തിറങ്ങി താക്കോൽകൂട്ടം മുറ്റത്തുനിന്ന തെങ്ങിൻചുവട്ടിലേക്കെറിഞ്ഞ് മതിലിന് പുറത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ കയറി സ്ഥലംവിട്ടു. പിന്നീട് വീടെല്ലാം പരിശോധിച്ചപ്പോൾ മനസ്സിലായി കള്ളൻമാർക്ക് ഒന്നും മോഷ്ടിക്കാൻ കഴിഞ്ഞില്ലെന്ന്. ആകെ അവർക്ക് ലഭിച്ചത് അടുക്കളയിൽ തൂക്കിയിട്ടിരുന്ന പഴക്കുലയിലെ പഴമാണ്. തുറന്നു കിടന്നിരുന്ന അടുക്കളജനാലയിൽക്കൂടി അത് എടുക്കാൻ സാധിക്കുമായിരുന്നത്രേ. തക്കസമയത്ത് പ്രാർത്ഥിക്കാനായി എന്നെ വിളിച്ചുണർത്തിയ പരിശുദ്ധാത്മാവിന്റെ പ്രേരണക്ക് ഞാൻ നന്ദിയർപ്പിച്ചു.
റോമാ 8:26 ”നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.”
റോസമ്മ ജോസഫ്