പ്രാർത്ഥന ഏറ്റം വലിയ ആനന്ദമാക്കാൻ

പ്രാർത്ഥന നയിച്ചുകൊണ്ടിരുന്നയാൾ പറഞ്ഞു: ‘നമുക്കെല്ലാവർക്കും പരിശുദ്ധാത്മനിറവിനായി വലിയ ദാഹത്തോടെ സ്തുതിച്ചു പ്രാർത്ഥിക്കാം.’ സമൂഹം സ്തുതിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഒരാൾ മാത്രം രണ്ടു കൈകളും ഉയർത്തി, സ്വർഗത്തിലേക്ക് നോക്കി നിലവിളിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി -വെള്ളത്തിനുവേണ്ടി പരവേശപ്പെട്ടു കരയുംപോലെ. പ്രാർത്ഥന കഴിഞ്ഞപ്പോൾ ഒരാൾ ചോദിച്ചു, ”നീയെന്താടാ കയ്യൊക്കെ പൊക്കിപ്പിടിച്ച് വലിയവായിൽ നിലവിളിക്കുന്നതു കണ്ടത്. എന്തുപറ്റി? ശാന്തമായി പ്രാർത്ഥിച്ചാൽ പോരേ? ഈ ബഹളമൊക്കെ എന്തിനാ? അവന്റെയൊരു പരവേശമേ.. ”

”ശരിയാടാ, നീ പറഞ്ഞതുപോലെ പരവേശം തന്നെയാ.. കുറച്ചു ദിവസമായി ഞാനൊന്നു ശരിക്ക് പ്രാർത്ഥിച്ചിട്ട്. ദൈവസാന്നിധ്യമേ കിട്ടുന്നില്ല. എത്ര ശ്രമിച്ചിട്ടും മുന്നോട്ടുപോകാൻ പറ്റുന്നില്ല. ശരിക്കും എന്റെ ഉള്ളിലെ നിലവിളിതന്നെയാ നീ കേട്ടത്.

നിനക്കതിന്റെ വിഷമം അറിയാഞ്ഞിട്ടാ. കുറേ ദിവസം പട്ടിണി കിടക്കുമ്പം അറിയാം. നമ്മുടെ നാട്ടിൽ പ്രകൃതി ക്ഷോഭമോ, ക്ഷാമമോ വന്ന് നാമെല്ലാം ദിവസങ്ങളോളം പട്ടിണിയായാൽ, ഹെലിക്കോപ്റ്ററിലോ, മറ്റാരെങ്കിലുമോ ഭക്ഷണമെത്തിക്കണ്ടേ. അപ്പോൾ കൂടുതൽ വിശപ്പുള്ളവർ രണ്ടുകയ്യും പൊക്കി, കരഞ്ഞ് നിലവിളിച്ച്, ഉന്തി തള്ളി, എങ്ങനെയെങ്കിലും ഭക്ഷണപ്പൊതി തട്ടിയെടുക്കും. അപ്പോൾ ആർക്കാ പരിസരബോധോം നോട്ടോമൊക്കെ. വിശന്നു കത്തുമ്പോൾ, മറ്റുള്ളവർ എന്തു ചിന്തിക്കും പറയും എന്നൊക്കെ വിചാരിച്ചിരിക്കുന്നോരല്ലേ മണ്ടന്മാർ!

വിശപ്പില്ലാഞ്ഞിട്ടാ നമുക്കൊന്നും കിട്ടാത്തത്. അത്ര വിശപ്പുണ്ടായിരുന്നെങ്കിൽ കരഞ്ഞു പ്രാർത്ഥിക്കില്ലേ? ”തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!” (ലൂക്കാ 11:13) എന്ന് ഈശോ പറഞ്ഞിട്ടില്ലേ? ആരും ചോദിക്കാത്തതുകൊണ്ടല്ലേ?

കൂടുതൽ നിലവിളിക്കുന്നവന് പെട്ടെന്നും കൂടുതലും കിട്ടും. ദാഹവും വിശപ്പുമില്ലെങ്കിൽ ആരാ പ്രാർത്ഥിക്കുക! നിലവിളിക്കുക! എല്ലാം നിറഞ്ഞിരിക്കുന്നവർക്ക് ചോദിക്കേണ്ടതില്ല. ചോദിച്ചാലും, ‘നിനക്കു വേണേൽ തന്നേരെ, എനിക്ക് നിർബന്ധമൊന്നും ഇല്ല’ എന്ന് ഉള്ളിൽ ചിന്തിച്ചേക്കാം.” ആ സഹോദരൻ പറഞ്ഞുനിർത്തിയപ്പോൾ കേട്ടുനിന്ന എന്റെ ശിരസ് കുനിഞ്ഞുപോയി, ദൈവാത്മാവിനുവേണ്ടിയുള്ള എന്റെ ദാഹമില്ലായ്മയും പ്രാർത്ഥനക്കുറവുമോർത്ത്.
വിശുദ്ധ സിറിൾ ഉദ്‌ബോധിപ്പിക്കുന്നു: ”പരിശുദ്ധാത്മാവ് നമ്മിൽ ദൈവത്തിന്റെ രൂപം പതിപ്പിക്കുകയും അമാനുഷികമായ സൗന്ദര്യം നല്കുകയും ചെയ്യുന്നു. നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ വാസസ്ഥലമാണ് നാം.” വിശുദ്ധൻ തുടരുന്നു. ”അതുകൊണ്ടുതന്നെ നാം ദൈവങ്ങളെന്നു വിളിക്കപ്പെടുന്നു (യോഹന്നാൻ 10:35). പരിശുദ്ധാത്മാവുമായുള്ള ഈ ഐക്യത്താൽ ദൈവത്തിന്റെ അതുല്യവും അഭൗമികവുമായ സ്വഭാവസവിശേഷതകൾ നമ്മിലേക്കും പകരപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ ഒരു പ്രഭമാത്രമല്ല നമുക്കുള്ളത്, മറിച്ച്, അവിടുന്നുതന്നെ നമ്മിൽ വസിക്കുന്നു. ശരീരം, ആത്മാവ്, പരിശുദ്ധാത്മാവ് എന്നിവകൊണ്ടാണ് ദൈവം മനുഷ്യനെ രൂപപ്പെടുത്തിയിരിക്കുന്നതുതന്നെ.”

”ദൈവംതന്നെ പ്രഖ്യാപിച്ചിരിക്കുന്നതുപോലെ, ഓരോ വിശുദ്ധനും പരിശുദ്ധാത്മാവിനാൽ ദൈവികരായിത്തീരുന്നു” എന്ന് വിശുദ്ധ ബേസിലിന്റെ വാക്കുകൾ.
കൊർണേലിയൂസ് എ ലാപിഡെ പറയുന്നു: ”ആത്മാവ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ അത് ജീവനും പ്രകാശവും നല്കുന്നു. അതുപോലെ പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിൽ വരുമ്പോൾ അവിടുന്ന് നമുക്ക് പുതിയ ജീവൻ – അവിടുത്തെ സ്വന്തം ജീവൻതന്നെ നമുക്കു നല്കുന്നു; അതുവഴി നമ്മെ ദൈവമാക്കി മാറ്റുകയും ചെയ്യുന്നു.”

ഒരിക്കൽ ദൈവാരൂപി വിശുദ്ധ ഏഞ്ചലയോടു പറഞ്ഞു: ”ഞാൻ നിന്നിൽ വസിക്കുന്ന ദൈവാത്മാവാണ്. നീ ഒരിക്കലും രുചിച്ചിട്ടില്ലാത്ത ആനന്ദം ഞാൻ നിനക്കു നല്കും. ഞാൻ എപ്പോഴും നിന്നിൽത്തന്നെ ഉണ്ട്; നിന്റെ കൂടെ സദാ നടക്കുകയും ചെയ്യുന്നു. നീ എന്റെ സ്വന്തമാണ്, ഞാനൊരിക്കലും നിന്നെ പിരിയില്ല.”
”അതുകേട്ടപ്പോൾ ഞാൻ അനുഭവിച്ച സ്വർഗീയ ആനന്ദം പറഞ്ഞറിയിക്കുക സാധ്യമല്ല” എന്നായിരുന്നു ആ പുണ്യാത്മാവിന്റെ പ്രതികരണം.
വാഴ്ത്തപ്പെട്ട ഹെന്റ്രി സൂസോയോട് അദ്ദേഹത്തിന്റെ കാവൽ മാലാഖ പറഞ്ഞു: ”നീ നിന്റെ നെഞ്ചിലേക്ക് നോക്കുക.” അദ്ദേഹത്തിന്റെ ശരീരം സുതാര്യമായിത്തീർന്നിരുന്നു. തന്റെ ആത്മാവിൽ അദ്ദേഹം അപ്പോൾ സ്‌നേഹംതന്നെയായ ദൈവത്തെ ദർശിക്കുകയും ചെയ്തു എന്ന് ജീവചരിത്രം രേഖപ്പെടുത്തുന്നു. ”നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ?” (1 കോറിന്തോസ്3:16).
”സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ് വാസസ്ഥലമാക്കിയിരിക്കുന്ന നമ്മുടെ ആത്മാവ് ഒരു കുഞ്ഞു സ്വർഗംതന്നെ. ആയിരക്കണക്കിന് ലോകങ്ങൾക്കുപോലും ഉൾക്കൊള്ളാൻ സാധിക്കാത്ത അവിടുത്തെ മഹത്വസാന്നിധ്യം നമ്മുടെ കുഞ്ഞാത്മാവിൽ ഒളിപ്പിക്കുന്ന അവിടുത്തെ കാണാൻ സാധിക്കുക എന്നതിനെക്കാൾ മഹത്തായതെന്ത്?” എന്നാണ് ആവിലായിലെ വിശുദ്ധ തെരേസ ചോദിക്കുന്നത്. അപ്പോൾ അത് തിരിച്ചറിഞ്ഞ് അവിടുന്നിൽ ജീവിക്കുന്നവരുടെ ആനന്ദമോ!

പരിശുദ്ധാത്മാവിനെ സ്‌നേഹിക്കുന്നവർക്ക് പ്രാർത്ഥിക്കാൻ സമയം തികയില്ലെന്നുമാത്രമല്ല, പ്രാർത്ഥന അവരുടെ ഏറ്റം വലിയ ആനന്ദമായിരിക്കുമെന്നാണ് വിശുദ്ധ മരിയ ജോൺ വിയാനിയുടെ അനുഭവം. ”പ്രാർഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു”(റോമാ 8:26). ”ദൈവാരൂപിയെ സ്‌നേഹിക്കുന്നവർ ഉള്ളിൽ സകല സൗഭാഗ്യങ്ങളും സന്തോഷങ്ങളും അനുഭവിക്കും. അമ്മ പിഞ്ചുകുഞ്ഞിനെ നയിക്കുന്നതുപോലെയോ, അന്ധനായൊരാളെ മറ്റൊരാൾ വഴിനടത്തുംപോലെയോ പരിശുദ്ധാരൂപി നമ്മെ നയിക്കുകയും സഹായിക്കുകയും ചെയ്യുന്നു.” ”ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ, ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്” (റോമാ 8:27).

സഭാപിതാവായ വിശുദ്ധ ഒരിജന്റെ ബാല്യത്തിൽ, ആ കുഞ്ഞ് ഉറങ്ങുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് ലിയോണിഡസ് കുട്ടിയുടെ കട്ടിലിനരികെ മുട്ടുകുത്തി അവന്റെ നെഞ്ചിൽ ചുംബിക്കുക പതിവായിരുന്നു. പരിശുദ്ധാത്മാവ് അവന്റെ ആത്മാവിൽ വസിക്കുന്നതിനാലാണ് താൻ അപ്രകാരം ചെയ്യുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ‘ദൈവം ഉറപ്പായും നമ്മിൽ വസിക്കുന്നതിനാൽ നാം കുഞ്ഞുസ്വർഗങ്ങളാണെന്ന്’ മഹാനായ ഒരിജൻ കൂടെക്കൂടെ ഓർമിപ്പിച്ചിരുന്നു.
സകല വിശുദ്ധരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരായിരുന്നു. സ്വർഗീയ ആനന്ദവും സമാശ്വാസവും അവരിൽ എപ്പോഴും കവിഞ്ഞൊഴുകി. പരിശുദ്ധാത്മാവിന്റെ സഹായത്താലാണ് വിശുദ്ധാത്മാക്കൾ സകല അത്ഭുതങ്ങളും പ്രവർത്തിച്ചത്. അവിടുന്ന് അവർക്കു നല്കിയ ശക്തിയാൽ എല്ലാ സഹനങ്ങളും സന്തോഷപൂർവം സ്വീകരിച്ചു, പ്രതികൂലങ്ങൾ നിഷ്പ്രയാസം തരണം ചെയ്തു. രക്തസാക്ഷികളെ ബലപ്പെടുത്തിയതും ഈ ദൈവാത്മാവുതന്നെ. സുവിശേഷം പ്രഘോഷിക്കാൻ പ്രാപ്തരാക്കുന്നതും ആത്മാക്കളെ രക്ഷയിലേക്ക് ആനയിക്കുന്നതുമെല്ലാം ദൈവത്തിന്റെ സ്‌നേഹാരൂപിയായിരിക്കെ, അവിടുത്തെ പൂർണമായി സ്വന്തമാക്കാൻ കൊതിക്കാതെ പോയല്ലോ, ദാഹിച്ച് പ്രാർത്ഥിച്ചില്ലല്ലോ.

സ്വർഗം ആഗ്രഹിക്കുമ്പോഴും സ്വർഗരാജ്യത്തിൽ നവമായ ജീവിതത്തിന് സജ്ജരാക്കുന്ന പ്രിയ പരിശുദ്ധാത്മാവിനെ വേണ്ടത്ര സ്‌നേഹിച്ചില്ല, ക്ഷണിച്ചില്ല, മൃദുസ്വരത്തിന് കാത്തില്ല, കേട്ടപ്പോഴും കേട്ടില്ലെന്ന് നടിച്ചു.

പരിശുദ്ധാത്മാവേ, വരണമേ, അവിടുന്നാകുന്ന സ്‌നേഹാഗ്നിയാൽ എന്നെ ദഹിപ്പിക്കണമേ. അതിനു തടസമായി എന്നിലുള്ളതെല്ലാം കത്തിച്ച് ചാമ്പലാക്കിയാലും.
ദൈവസ്‌നേഹാരൂപിയുടെ നിറവായ പരിശുദ്ധ അമ്മേ, ദൈവാത്മാവിനെ ഞങ്ങളിൽ നിറച്ചുനിറച്ച് ഞങ്ങളെയും ദൈവത്തിന്റെ കുഞ്ഞാക്കണേ.

”ഒരാത്മാവ് എന്റെ മുഖം ഉരുമ്മിക്കടന്നുപോയി; ഞാൻ രോമാഞ്ചംകൊണ്ടു” (ജോബ് 4:15 ).
ആൻസിമോൾ ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *