കുട്ടികളുടെ പുറകെയുള്ള ഓട്ടത്തിനിടയിലാണ് ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ടത്. എന്റെ അയൽക്കാരിയും സുഹൃത്തുമായ കെനിയക്കാരിയാണ്. പേര് ‘വിയോള.’ വളരെ ആകർഷകമായ പെരുമാറ്റം. മാന്യമായ വസ്ത്രധാരണം. ആരും മോഹിക്കുന്ന ഉന്നത ഉദ്യോഗവും അത് സംബന്ധമായ വിദേശയാത്രകളും. വളരെ തിരക്കേറിയ ജീവിതം. ഇടയ്ക്ക് വീണുകിട്ടുന്ന ഇടവേളകളിലെല്ലാം ക്ഷേമം അന്വേഷിക്കാനും കുഞ്ഞുങ്ങളെ കാണുന്നതിനുമായി അവൾ ഓടിയെത്തും. ഇന്നൊരു അഭ്യർത്ഥനയുമായാണ് വരവ്.
കേരളത്തിലെ മൺസൂൺകാലത്തെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയായിരുന്നു ആ ദിനങ്ങളിൽ ബോട്‌സ്വാനയിൽ. ഇടയ്ക്കിടെ ഇടിയും മിന്നലോടുംകൂടിയ ശക്തമായ മഴ, തണുത്ത കാറ്റ്. സർവോപരി ഒരു പുതപ്പിനടിയിൽ ചുരുണ്ടുകൂടി ഉറങ്ങാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷം. പോരാത്തതിന് ശനിയാഴ്ച. മൂത്ത മകൾ പൊന്നൂസിന് സ്‌കൂളിലും പോകണ്ട. അങ്ങനെ വളരെ സന്തോഷകരമായി സുഖസുഷുപ്തിയിൽ ലയിക്കുമ്പോഴാണ് ചില ‘അമ്മേ’ വിളികൾ അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുന്നത്. പ്രതികരിക്കാതെ പതുങ്ങിക്കിടന്നു. ഇനി ഉറക്കത്തിലെങ്ങാനും വിളിച്ചതാണെങ്കിലോ…
അടുത്ത നിമിഷം എന്റെ ഒന്നേകാൽ വയസുകാരി മകളുടെ പല്ലിന്റെ മൂർച്ച ഞാൻ അറിഞ്ഞു. കൂടുതൽ നേരം അമ്മേ എന്ന് വിളിച്ച് കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തതിനാൽ അവൾ ആയുധപ്രയോഗം നടത്തിയതാണ്.
കോലാഹലവീട്
അവധിദിവസം ആയതിനാൽ കളിക്കാനും കാർട്ടൂൺ കാണാനുമുള്ള ഒരു സെക്കന്റുപോലും പാഴാക്കാതെ വെളുപ്പിനേ എണീറ്റതും പോരാഞ്ഞ് നല്ല ഉറക്കത്തിലായിരുന്ന ഇളയ മകൾ അമ്മുവിനെയും എഴുന്നേല്പ്പിച്ച് ഇരുത്തിയിരിക്കുകയാണ് പൊന്നൂസ്. എനിക്ക് എന്തെന്നില്ലാത്ത സങ്കടവും ദേഷ്യവുമൊക്കെ വന്നു. അപ്രതീക്ഷിതമായ ചില ആരോഗ്യപ്രശ്‌നങ്ങളാൽ കുറച്ചുനാളായി എന്റെ പ്രഭാതങ്ങൾ അത്ര സുന്ദരമല്ല. കൊതി തീരുന്നതുവരെയുള്ള ഉറക്കത്തിന്റെ ഓർമകൾ അയവിറക്കി ആരോടെന്നില്ലാതെ പരാതി പറഞ്ഞ് കിടക്ക വിട്ടെഴുന്നേറ്റു. തിരക്കേറിയതും ശബ്ദകോലാഹലങ്ങൾ നിറഞ്ഞതുമായ ഒരു ദിവസം അവിടെ തുടങ്ങി.
അന്നത്തെ കോലാഹലങ്ങൾ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയ്ക്കാണ് ഇപ്പോൾ വിയോള വന്നിരിക്കുന്നത്. അവളുടെ അഭ്യർത്ഥന മറ്റൊന്നുമല്ല. കുട്ടികളെ കുറച്ചുസമയം അവളുടെ വീട്ടിൽ കൊണ്ടുപോകണം. അതിനുശേഷം മഴയില്ലെങ്കിൽ അവരുമായി പൂന്തോട്ടത്തിൽ ഒരു നടത്തം, ഞാൻ സമ്മതിച്ചു. അങ്ങനെ ഞങ്ങൾ മൂന്നാളും വിയോളയുടെ വീട്ടിലേക്ക് തിരിച്ചു.
വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്ന വീട്. മിന്നിത്തിളങ്ങുന്ന തറയും ചുവരുകളും. വിയോള എന്റെ വീട്ടിൽ വരുമ്പോൾ കാണുന്ന ചിന്നിച്ചിതറിയ കളിപ്പാട്ടങ്ങളെയും ചുവർചിത്രങ്ങളെയും കുറിച്ചോർത്ത് എനിക്ക് ലജ്ജ തോന്നി. കൂടെ കുട്ടികൾ അവളുടെ വീട് മോശമാക്കുമോ എന്ന ഭയവും. ഒരു മുൻകൂർജാമ്യം എന്ന നിലയിൽ ഞാൻ പറഞ്ഞു: എത്രയും പെട്ടെന്ന് നടക്കാൻ പോകുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഇവിടെയുള്ള വിലപിടിപ്പുള്ള എല്ലാ അലങ്കാര വസ്തുക്കളും സ്ഥാനം തെറ്റുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യും. അപ്പോഴാണ് അവൾ എന്നോട് മനസ് തുറന്നത്.
സ്വർഗവീട്
”നിനക്ക് അറിയാവുന്നതുപോലെ എനിക്ക് കുട്ടികളില്ല. പുറമെ കാണുന്നവർ അസൂയയോടെ നോക്കുന്ന എന്റെ ജീവിതം എത്ര ശൂന്യമാണെന്ന് അറിയാമോ? എന്റെ വീടും ഒരു ദിവസമെങ്കിലും നിന്റെ വീടുപോലെ ശബ്ദമുഖരിതമാകണം. ഈ തറയിലും ചുവരുകളിലും കുട്ടികളുടെ കാലടികളും കൈപ്പാടുകളും പതിയട്ടെ. അങ്ങനെ നിന്റേതുപോലെ ഇതുമൊരു വീടാകട്ടെ.” എന്തു മറുപടി പറയണമെന്ന് അറിയാത്തതുകൊണ്ട് ഞാൻ വെറുതെ പുഞ്ചിരിച്ചു. അവിടെ ചെലവിട്ട ഓരോ നിമിഷവും എന്റെ ചിന്താഗതികൾ മാറിമറിയുകയായിരുന്നു.
തിരികെ വീട്ടിൽ വന്നപ്പോൾ എന്റെ വീട് ഒരു സ്വർഗമാണെന്ന് എനിക്ക് തോന്നി. ചുവരിൽ കാണപ്പെടുന്ന വ്യക്തതയില്ലാത്ത ചിത്രങ്ങൾ ഡാവിഞ്ചിയുടെ ചിത്രങ്ങളെക്കാൾ മനോഹരമെന്ന് മനസ് പറഞ്ഞു. ചേച്ചിയും അനുജത്തിയും കൂടി കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന കളിപ്പാട്ടങ്ങളും അലമാരയിൽ അടുങ്ങിയിരിക്കുന്ന കുട്ടിയുടുപ്പുകളും ബേബിഫുഡുമൊക്കെ ആദ്യമായി കാണുന്നതുപോലെ. എന്തെന്നില്ലാത്ത കൗതുകത്തോടെ ഞാൻ നോക്കി. കുഞ്ഞുങ്ങളുടെ കുട്ടിവഴക്കുകളും കരച്ചിലും കൊച്ചുകൊച്ചു സംശയങ്ങളുമെല്ലാം എന്റെ ഹൃദയം നിറച്ചു. മാലാഖമാരെപ്പോലെ രണ്ട് കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിച്ചതിന് ദൈവത്തോട് ഒരുപാട് നന്ദി പറഞ്ഞു.
കർത്താവ് നല്കിയ സമ്മാനങ്ങളാണ് കുഞ്ഞുങ്ങളെന്നു ഞാൻ തിരിച്ചറിഞ്ഞ് നന്ദി പറഞ്ഞത് അന്ന് വിയോള കൊളുത്തിയ ദൈവികബോധ്യത്തിന്റെ തിരിവെട്ടത്തിലായിരുന്നു.
സ്മിത വിമൽ