ഉന്നതിയിലെത്തിക്കുന്ന ലഘുപടവുകൾ

പരിശുദ്ധനായ നമ്മുടെ ദൈവം നമ്മെ വിളിക്കുന്നത് അവനെപ്പോലെയാകാനാണ്. ആ വിളിക്ക് ഉത്തരം നല്കാൻ ആഗ്രഹമില്ലേ? പത്രോസ് ശ്ലീഹാ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് ഇതാണ്. ”നിങ്ങളെ വിളിച്ചവൻ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ.” (1 പത്രോസ് 1:15-16)
ഈ ദൈവികവിളിക്ക് ഉത്തരം കൊടുത്ത് ജീവിതത്തിൽ മുന്നേറാനുള്ള പടവുകളാണ് ഇവിടെ കാണുന്നത്.

പൂർണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുക.
”പൂർണഹൃദയത്തോടെ ഞാൻ അങ്ങയെ തേടുന്നു…” (സങ്കീർത്തനങ്ങൾ 119:10).
ഹൃദയത്തിന്റെ എല്ലാ നിറവോടുംകൂടെ മറ്റൊരു വസ്തുവിനോ വ്യക്തിക്കോ സ്ഥാനം നൽകാത്ത തരത്തിൽ ശക്തമായി ദൈവത്തെ അന്വേഷിക്കുക. അതോടൊപ്പം ജ്ഞാനത്തിനായും ശക്തിക്കായും എളിമയ്ക്കായും നിലവിളിച്ചു പ്രാർത്ഥിക്കുക.

ദൈവവചനം ഹൃദയത്തിൽ നിറയ്ക്കുക.
”അങ്ങേക്കെതിരെ പാപം ചെയ്യാതിരിക്കേണ്ടതിന് ഞാൻ അങ്ങയുടെ വചനം ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു” (സങ്കീർത്തനങ്ങൾ 119:11).
വിശുദ്ധിയിലേക്കുള്ള ആദ്യത്തെ വഴി ദൈവവചനത്തെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ്. ദൈവവചനം ഒരു രഹസ്യ ആയുധമായി എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാൻ തക്ക രീതിയിൽ ഹൃദയത്തിൽ സൂക്ഷിക്കുക. എല്ലാ തിന്മയുടെ ആക്രമണങ്ങളെയും നൊടിയിടയിൽ നിർവീര്യമാക്കാൻ ദൈവവചനം സഹായിക്കും. വചനത്തെ ഹൃദയത്തിനുള്ളിൽ നല്ല രീതിയിൽ പാകപ്പെടുത്തുകയും അമൂല്യമായി കരുതുകയും സംരക്ഷിക്കുകയും ചെയ്യണം.
ദൈവത്തിന്റെ വാക്കുകളെ, രീതികളെ, പ്രവൃത്തികളെ ഇടയ്ക്കിടെ ധ്യാനവിഷയമാക്കുക. അവ നമ്മുടെ ചിന്തകളെ ഭരിക്കുകയും അതോടൊപ്പം നമ്മെ ഒരു പുനർവിചിന്തനത്തിന് വിധേയരാക്കുകയും ചെയ്യും.

കുറവുകളെ തിരിച്ചറിയുക.
”അങ്ങയുടെ കല്പന വിട്ടു നടക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ!” (സങ്കീർത്തനങ്ങൾ 119:10).”അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ഉജ്ജീവിപ്പിക്കണമേ!” (സങ്കീർത്തനങ്ങൾ 119:25).

ദൈവത്തോടു ചേർന്നുള്ള നിലനില്പ്പിന് എപ്പോഴും ശരീരത്തിന്റെ പ്രവണതകളെ തിരസ്‌കരിക്കുകയും ശക്തമായി പ്രതിരോധിക്കുകയും വേണം. നമ്മുടെ ജീവിതമെപ്പോഴും ഈ ലോകത്തിന്റെ സുഖങ്ങളോട് ഒട്ടിച്ചേർന്നിരിക്കുന്നതിനാൽ പല ആഗ്രഹങ്ങളും സുഖങ്ങളും നമ്മെ ഈശോയിൽനിന്നും പിന്നോട്ടു വലിക്കുകയും മാറിനടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ദൈവത്തിന്റെ കൃപയോടു ചേർന്നിരിക്കുന്നവർക്ക് മാത്രമേ ഇവയെ ശക്തമായി പ്രതിരോധിക്കാനും ഈ തിന്മയിൽനിന്നും ലോകസുഖങ്ങളുടെ ആസക്തികളിൽനിന്നും വിടുതൽ നേടുവാനും സാധിക്കുകയുള്ളൂ.

നമ്മുടെ സർവ ശക്തിയുടെയും ഉറവിടമായി ദൈവത്തെ വാഴ്ത്തുക.
”കർത്താവേ അങ്ങ് വാഴ്ത്തപ്പെടട്ടെ!…” (സങ്കീർത്തനങ്ങൾ119:12).
തിന്മയിൽനിന്നും നമ്മെ സംരക്ഷിക്കാൻ കഴിയുന്ന ഏക സംരക്ഷകനായി ദൈവത്തെ വാഴ്ത്തുക. ദൈവവചനത്തിന്റെ ശക്തിയാൽ അവിടുന്ന് നമ്മെ വീഴാതെ താങ്ങിക്കൊള്ളും.

മാർഗനിർദേശങ്ങൾക്കായി അപേക്ഷിക്കുകയും ദൈവവചനത്തെ നമ്മുടെ മാർഗദർശിയാക്കുകയും ചെയ്യുക.
”അവിടുത്തെ കല്പനകളാണ് എന്റെ ആനന്ദം. അവയാണ് എനിക്ക് ഉപദേശം നല്കുന്നത്” (സങ്കീർത്തനങ്ങൾ 119:24).
നിരന്തരം യേശുക്രിസ്തുവിന്റെ വഴികളുമായി കൂടുതൽ കൂടുതൽ ചേർന്നിരിക്കുമ്പോൾ അതേ പാതയിൽ ചരിക്കാൻ നമുക്കും സാധിക്കും. നാം ഉപദേശങ്ങൾക്കായി മറ്റു മനുഷ്യരെ ആശ്രയിക്കുന്നു. എന്നാൽ അവർക്ക് തെറ്റും ശരിയും മനസിലാക്കാൻ പലപ്പോഴും സാധിക്കാതെ വരുന്നു. ഇത്തരം അവസ്ഥകളിൽ ദൈവവചനമായിരിക്കട്ടെ നമ്മുടെ പ്രധാനമാർഗദർശി. ഈ വചനത്തോടു ചേർന്നുപോകാത്തതെല്ലാം തിന്മയായി കണക്കാക്കുകയും ചെയ്യുക.

ദൈവത്തിന്റെ മഹനീയ പ്രവൃത്തികളെ പങ്കുവയ്ക്കുക.
”അങ്ങയുടെ നാവിൽനിന്ന് പുറപ്പെടുന്ന ശാസനകളെ എന്റെ അധരങ്ങൾ പ്രഘോഷിക്കും” (സങ്കീർത്തനങ്ങൾ 119:13).
ഒരിക്കൽ നാമറിഞ്ഞ മൂല്യങ്ങളെ മറ്റുള്ളവരും അതേ വഴിയിൽ സഞ്ചരിക്കാൻ അവർക്കായി പങ്കുവച്ചു നല്കുക. ഈ പരിശീലനം നമ്മെ മൂല്യാധിഷ്ഠിത ജീവിതത്തിൽ ഉറച്ചു നിൽക്കാൻ സഹായിക്കും.

ദൈവകൃപകൾക്കായി ദാഹിക്കുക.
”ഞാൻ ജീവിച്ചിരിക്കാനും അങ്ങയുടെ വചനം അനുസരിക്കാനും ഈ ദാസന്റെമേൽ കൃപ ചൊരിയണമേ!” (സങ്കീർത്തനങ്ങൾ 119:17).
ദൈവകൃപയില്ലാതെ ഈ തിന്മ നിറഞ്ഞ ലോകത്തിൽ പിടിച്ചുനില്ക്കുവാനോ ദൈവത്തിനുവേണ്ടി ജീവിക്കുവാനോ സാധിക്കുകയില്ല. തിന്മയ്ക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാതിരിക്കാൻ എപ്പോഴും ദൈവകൃപയ്ക്കായി യാചിക്കുക.

ദൈവവചനത്തിന്റെ പ്രത്യേക വെളിപ്പെടുത്തലുകൾക്കായി പ്രാർത്ഥിക്കുക.
”അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ എന്റെ കണ്ണുകൾ തുറക്കണമേ!” (സങ്കീർത്തനങ്ങൾ 119:18).
നമ്മുടെ ജീവിതത്തിന്റെ എല്ലാ പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കുമുള്ള ഉത്തരം വചനം നല്കും. ഉപരിതലത്തിലുള്ള വായനക്കുപകരം ദൈവവചനത്തിന്റെ ആന്തരിക അർത്ഥതലങ്ങളെ മനസിലാക്കുവാനായും വർണനാതീതമായ ദൈവിക വെളിപ്പെടുത്തലുകൾക്കായി പ്രാർത്ഥിക്കുക. ജഡത്തിന്റെ എല്ലാ പ്രവണതകളും നീക്കി ദൈവവചനത്തിന്റെ ആത്മീയ സത്യങ്ങളുടെ നിറവിനായി യാചിക്കുക.

ഒരു ക്രിസ്ത്യാനിയുടെ ദൗത്യം തിരിച്ചറിയുക.
”ഭൂമിയിൽ ഞാനൊരു പരദേശിയാണ്…”(സങ്കീർത്തനങ്ങൾ 119:19).
ഈ ലോകമല്ല ഒരു ക്രിസ്ത്യാനിയുടെ വാസസ്ഥലം എന്ന് മറക്കാതിരിക്കുക. മറ്റൊരു രാജ്യത്തേക്കുള്ള തീർത്ഥാടകരായി ഇവിടെനിന്നും കടന്നുപോകും എന്നു തിരിച്ചറിയുക. അതിനാൽ ഈ ലോകത്ത് നമ്മുടേതായതൊന്നും ശാശ്വതമല്ല.

ദൈവത്തിനായി കൂടുതൽ പ്രവർത്തിക്കുക.
”അങ്ങയുടെ കല്പനകൾക്കുവേണ്ടിയുള്ള അഭിനിവേശം നിരന്തരം എന്നെ ദഹിപ്പിക്കുന്നു” (സങ്കീർത്തനങ്ങൾ 119:20).
ജീവിതാവസാനംവരെ നമ്മുടെ ആത്മാവ് ദൈവത്തെ തേടുകയും അവിടുത്തെ നീതിക്കായി ആഗ്രഹിക്കുകയും അദമ്യമായ ആഗ്രഹത്തോടെ അവിടുത്തെ കേൾക്കുകയും വേണം.

വിനയാന്വിതനായിരിക്കുക.
”അങ്ങയുടെ പ്രമാണങ്ങൾ വിട്ടുനടക്കുന്ന ശപിക്കപ്പെട്ട ധിക്കാരികളെ അവിടുന്ന് ശാസിക്കുന്നു” (സങ്കീർത്തനങ്ങൾ119:21).
അഹങ്കാരം മനുഷ്യനെ സത്യത്തിൽ നിന്നകറ്റുകയും ദൈവത്തിന്റെ ക്രോധം നമ്മുടെമേൽ വിളിച്ചുവരുത്തുകയും ചെയ്യും. അതിനാൽ എപ്പോഴും അഹങ്കാരത്തിൽനിന്നും ഓടിയകന്ന് വിനയാന്വിതനായിരിക്കുക.

ആരോപണങ്ങൾ ശ്രവിക്കാൻ കരുതിയിരിക്കുക.
”അവരുടെ നിന്ദനവും പരിഹാസവും എന്നിൽനിന്ന് അകറ്റണമേ! ഞാൻ അങ്ങയുടെ കല്പനകൾ പാലിച്ചുവല്ലോ. രാജാക്കന്മാർ ഒത്തുചേർന്ന് എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു” (സങ്കീർത്തനങ്ങൾ 119:22-23).

ദൈവത്തിനുവേണ്ടി പ്രവർത്തിക്കാൻ തീരുമാനമെടുക്കുന്ന മാത്രയിൽത്തന്നെ സാത്താൻ നമ്മുടെ വിമർശിക്കാനും വിധിക്കാനും കടന്നുവരും. ആരൊക്കെ എതിർത്താലും നമ്മുടെ ആത്മീയ അഗ്നി കെടാതെ ദൈവത്തിനുവേണ്ടി സൂക്ഷിക്കുക.

യേശുവിന് എല്ലാം സമർപ്പിക്കുക.
”എന്റെ അവസ്ഥ ഞാൻ വിവരിച്ചപ്പോൾ, അങ്ങ് എനിക്കുത്തരമരുളി;” (സങ്കീർത്തനങ്ങൾ 119:26).
ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളോ വേദനകളോ നമ്മെ അലട്ടരുത്. കർത്താവിന്റെ പാദാന്തികത്തിൽ അവയെല്ലാം സമർപ്പിക്കുക. അവിടുത്തേക്ക് എല്ലാം നേരെയാക്കാൻ സാധിക്കും. എനിക്ക് വിശുദ്ധനാകാൻ കഴിയാത്തത് ദൈവത്തിന്റെ കുറ്റമല്ല. ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കാനായി അവിടുന്ന് എനിക്കായി എല്ലാ കൃപകളും കഴിവുകളും നല്കിയിട്ടുണ്ട്.

ഒരു വിശുദ്ധ ജീവിതം നയിക്കാനായി ആത്മാർത്ഥമായി ആഗ്രഹിക്കുകയും ദൈവത്തോട് യാചിക്കുകയും ചെയ്യാം.

കാനീ ജോർദാനോ

 

 

Leave a Reply

Your email address will not be published. Required fields are marked *