പ്രഗത്ഭ ടെന്നിസ് താരമാണ് സെറീന വില്യംസ്. ടെന്നിസ് ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന വിധത്തിൽ ഉയരങ്ങൾ കീഴടക്കിയ ഒരു കളിക്കാരി. ടെന്നിസ് കളിയുടെ ചരിത്രത്തിൽ അത്യപൂർവ്വമായ ഒരു ചരിത്രം രചിച്ചു സെറീന വില്യംസ്. ഗ്രാൻഡ്സ്ലാം രണ്ട് പ്രാവശ്യം നേടുക എന്ന തിളക്കമാർന്ന നേട്ടമാണ് അവരെ വ്യത്യസ്തയാക്കുന്നത്. (ഒരു വർഷം തന്നെ യു.എസ് ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, ആസ്ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ എന്നീ ടൂർണ്ണമെന്റുകൾ വിജയിക്കുന്നതാണ് ഗ്രാൻഡ്സ്ലാം). സെറീനയ്ക്ക് മുമ്പ് രണ്ട് പേർക്ക് മാത്രമേ ഈ അപൂർവ്വ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ. (റോസ് ലേവർ, സ്റ്റെഫി ഗ്രാഫ് എന്നിവർ)
സെറീന ചെയ്യാത്ത അബദ്ധം
സ്വാഭാവികമായും സെറീനയുടെ ഭവനത്തിൽ അനേക ട്രോഫികളുടെ ഒരു വൻശേഖരം ഉണ്ടെന്ന് നമുക്ക് ഊഹിക്കാമല്ലോ. ഒരിക്കൽ അവ കണ്ട് അത്ഭുതപരതന്ത്രനായ ഒരാൾ ചോദിച്ചു: ‘സെറീനാ, ഈ ട്രോഫികളൊക്കെ നോക്കി സ്വയം ആസ്വദിച്ച് നിങ്ങൾ നിൽക്കാറുണ്ടോ’ അവർ മറുപടി പറഞ്ഞു. ‘ഒരിക്കലുമില്ല. നിങ്ങൾ പിന്നിലേക്ക് നോക്കി നിന്നാൽ അടുത്തു വരുന്ന മത്സരത്തെ കാണാനേ കഴിയുകയില്ല.’
വളരെ ചിന്തോദ്ദീപകമാണ് സെറീനയുടെ ഈ വാക്കുകൾ. നമുക്ക് പലർക്കും പറ്റുന്ന ഒരു അബദ്ധമുണ്ട്. കഴിഞ്ഞ കാലങ്ങളിലെ നമ്മുടെ നേട്ടങ്ങളിൽ അഭിരമിക്കാനുള്ള പ്രവണതയാണത്. ‘എനിക്ക് ഇത്രയൊക്കെ നേടാൻ കഴിഞ്ഞല്ലോ’ എന്ന ചിന്തയും ആലോചനയും വലിയൊരു ആത്മരതിയിലേക്കും അഹങ്കാരത്തിലേക്കും നയിക്കും. മുന്നോട്ട് കുതിക്കുവാനുള്ള ശക്തിയെ ചോർത്തിക്കളയുന്ന ഒന്നാണ് അത്. ഒരു തരത്തിലുള്ള നാർസിസ്സത്തിലേക്കാണ് ഈ ചിന്തകൾ ഒരു വ്യക്തിയെ എത്തിക്കുന്നത്.
ഒരു ഗ്രീക്ക് ദുരന്ത കഥാപാത്രമാണ് നാർസിസസ്സ്. വളരെ സുന്ദരനായിരുന്ന അദ്ദേഹത്തിന്റെ ഏക ഹോബി ഒരു തടാകത്തിന്റെ മുൻപിൽ കുനിഞ്ഞ് നിന്ന് തന്റെ ശരീരത്തിന്റെയും പ്രത്യേകിച്ച് മുഖത്തിന്റെയും ഭംഗി ആസ്വദിക്കുക എന്നതായിരുന്നു. മറ്റൊരു പ്രവൃത്തിയിലും ശ്രദ്ധിക്കുവാൻ പറ്റാത്ത വിധത്തിൽ അയാളുടെ മനസ് ദുർബലമായി. അവസാനം ആ തടാകത്തിൽത്തന്നെ അയാൾ വീണ് മരിക്കുകയാണ് ഉണ്ടായത്. ഈ നാർസിസം പല രീതിയിൽ ഇന്ന് പ്രകടമാകുന്നുണ്ട്.
ആത്മീയ ശുശ്രൂഷാരംഗത്ത് ഇത് പലപ്പോഴും കാണപ്പെടാറുണ്ട്. ആളുകൾക്ക് ഇഷ്ടമാകുന്ന വിധത്തിൽ ഒരു പ്രാർത്ഥന നയിച്ചുകഴിഞ്ഞാൽ, ഒരു മനോഹരമായ പ്രസംഗം ചെയ്താൽ ഒക്കെ ഉള്ളിലുള്ള നാർസിസസ്സ് ഉണരുകയായി. പിന്നെ അതിനെ ചുറ്റിപ്പറ്റിയായി ചിന്തകൾ. ‘ഞാൻ എത്ര മനോഹരമായി ഇത് ചെയ്തു’ എന്ന ചിന്ത ഒരു ആത്മസംതൃപ്തിയിലേക്കും അത് ആത്മപ്രശംസയിലേക്കും പിന്നീട് അഹങ്കാരത്തിലേക്കും നയിക്കുന്നു.
വീണ്ടും മുന്നോട്ട് കുതിക്കുവാനുള്ള മനസിന്റെ കരുത്തിനെ ചോർത്തിക്കളയുകയും കർമ്മശേഷിയെ നിർവ്വീര്യമാക്കുകയും ചെയ്യുന്ന ഒന്നാണത്. ഇത് മുതിർന്നവർക്ക് മാത്രമല്ല പല കുട്ടികൾക്കും പറ്റുന്ന അപകടമാണ്. താഴ്ന്ന ക്ലാസുകളിൽ ഉന്നത വിജയം നേടിയ എത്രയോ വിദ്യാർത്ഥികളാണ് നാർസിസിസ്സം ബാധിച്ച് പിന്നീട് പരാജയത്തിന്റെ കയത്തിൽ വീണുപോയിട്ടുള്ളത്.
ഫ്രഷ് ആകാം
എല്ലാ മനുഷ്യരെയും ബാധിക്കുവാൻ സാധ്യതയുള്ള ഈ മാനസിക വൈകല്യത്തിനെതിരെ നമുക്ക് ജാഗ്രതയുള്ളവരാകാം. അതിനുള്ള മാർഗം മനസിനെ എപ്പോഴും ഫ്രഷ് ആയി സൂക്ഷിക്കുക എന്നതാണ്. നാം ഇടയ്ക്കിടെ നമ്മുടെ കമ്പ്യൂട്ടർ റിഫ്രഷ് ചെയ്യാറില്ലേ? അതുപോലെ തന്നെ.
എല്ലാവരും അംഗീകരിക്കുന്ന, സവിശേഷശ്രദ്ധയാകർഷിക്കുന്ന ഒരു പ്രവൃത്തി ചെയ്തുകഴിഞ്ഞാൽ ഉടൻ തന്നെ ദൈവസന്നിധിയിൽ മുട്ടുകുത്തുക. അത് ചെയ്യുവാൻ അവസരവും കഴിവും ആരോഗ്യവും വിളിയും എല്ലാം നല്കിയത് അവിടുന്ന് മാത്രമാണല്ലോ. എല്ലാ മഹത്വവും ദൈവത്തിന് നല്കി ശാന്തമായി അല്പ സമയം പ്രാർത്ഥിക്കുക. അപ്പോൾ ദൈവം നിന്നോട് ഈ ചോദ്യം ചോദിക്കും. ”നിനക്ക് എന്ത് പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്?” (1 കോറിന്തോസ് 4:7).
ഈ ചോദ്യം മനസിനെ വീണ്ടും ശൂന്യവത്കരിക്കും. അത് അഗാധമായ എളിമയിലേക്ക് നയിക്കും. അങ്ങനെ സ്വയം താഴുന്ന മനസുകളിലേക്കു കൂടുതൽ ഉയരത്തിൽ പറക്കുവാനുള്ള കഴുകന്റെ ശക്തി അവിടുന്ന് നിറച്ച് തരും. ദൈവത്തിന് മുമ്പിൽ വിനീതരായി നിന്ന വ്യക്തികളെ മാത്രമേ അവിടുന്ന് തന്റെ കരങ്ങളിൽ ശക്തമായ ഉപകരണങ്ങളായി എല്ലാകാലത്തും ഉപയോഗിച്ചിട്ടുള്ളൂ. അവരുടെ പ്രവർത്തനങ്ങളാണ് ലോകത്തിന് ഒരു യഥാർത്ഥ അനുഗ്രഹമായി എല്ലാ നാളുകളിലും രൂപാന്തരപ്പെട്ടിട്ടുള്ളത്.
മനസിനെ ദുർബലമാക്കുന്ന മറ്റൊരു തിരിഞ്ഞുനോട്ടമുണ്ട്. അത് കഴിഞ്ഞ കാലങ്ങളിലെ ദുഃഖാനുഭവങ്ങളിലേക്കും പരാജയങ്ങളിലേക്കും കണ്ണുനട്ടിരിക്കുക എന്നതാണ്. ചിലർ അവർ എടുത്ത തെറ്റായ തീരുമാനങ്ങളെയോർത്തും നഷ്ടപ്പെടുത്തിയ അവസരങ്ങളെയോർത്തും ദുഃഖിക്കുന്നവരാണ്. എന്നാൽ ഒന്നോർക്കുക. തെറ്റ് പറ്റാത്ത മനുഷ്യരില്ല. ജീവിതത്തിൽ പരാജയത്തിന്റെയും അപമാനത്തിന്റെയും കയ്പുനീര് കുടിക്കാത്ത മനുഷ്യരില്ല. എന്നാൽ അവയെ ഓർത്ത് ദുഃഖിച്ചിരിക്കുന്നത് മണ്ണിൽ തൂവിപ്പോയ പാലിനെയോർത്ത് കരയുന്നതുപോലെ നിഷ്ഫലമാണ്. അത് മുന്നോട്ടുള്ള ശീഘ്രഗമനത്തെ തടയുന്ന കാൽചങ്ങലയാണ്.
നിരുൻമേഷരാകരുത്
എല്ലാ ചങ്ങലകളെയും അഴിക്കുവാൻ കഴിവുള്ളവൻ കൂടെയുള്ളപ്പോൾ നാമെന്തിന് നിരുന്മേഷരാകണം? അതുകൊണ്ട് പിന്തിരിഞ്ഞ് നോക്കി മനസിനെ ഉപ്പുതൂണായി മാറ്റരുത്. എല്ലാ പരാജയങ്ങളുടെ അനുഭവങ്ങളും കയ്പേറിയ ഓർമ്മകളും പറ്റിയ മണ്ടത്തരങ്ങളും എല്ലാം അവിടുത്തെ സർവ്വശക്തമായ കരങ്ങളിൽ ഏല്പിക്കുക. ‘ഉണ്ടാകട്ടെ’ എന്ന തന്റെ ഒരു വചനത്താൽ മാത്രം പ്രപഞ്ചത്തെ മൂടിയിരുന്ന ഇരുട്ടിനെ മാറ്റി, പ്രകാശം സൃഷ്ടിക്കുവാൻ കഴിഞ്ഞ നിന്റെ ദൈവത്തിന് നിന്റെ ജീവിതത്തിലെ ഇരുണ്ട അനുഭവങ്ങളെയും വെളിച്ചമാക്കി മാറ്റുവാൻ സാധിക്കുകയില്ലേ? നിശ്ചയമായും.
‘വരണ്ട ഭൂമിയിൽ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാൻ ഒഴുക്കും’ എന്ന് വർഷങ്ങൾക്ക് മുമ്പ് ഏശയ്യാ പ്രവാചകനിലൂടെ അവിടുന്ന് അരുളിച്ചെയ്തത് നിന്റെ ജീവിതത്തെ നോക്കികൊണ്ടാണ്. അതിനാൽ ഈ ലേഖനം വായിക്കുന്ന ഇപ്പോൾ തന്നെ കണ്ണുകളടച്ച് ഒരു നിമിഷം പ്രാർത്ഥിക്കുക. ‘സർവ്വശക്തനായ കർത്താവേ, എന്നോട് കരുണ തോന്നണമേ. വരണ്ടുണങ്ങിയ എന്റെ ജീവിതത്തിൽ അനുഗ്രഹത്തിന്റെ നദികൾ ഒഴുക്കുവാൻ തിരുമനസാകണമേ’
പ്രകാശിപ്പിക്കുന്ന നോട്ടം
മുൻപ് സൂചിപ്പിച്ച രണ്ട് തിരിഞ്ഞുനോട്ടങ്ങളും നിഷേധാത്മകമാണെങ്കിൽ ഭാവാത്മകമായ ഒരു തിരിഞ്ഞുനോട്ടമുണ്ട്. അത് കഴിഞ്ഞകാല ജീവിതത്തിലെ പ്രകാശപൂർണ്ണങ്ങളായ അനുഭവങ്ങളെ കണ്ടെത്തലാണ്. ഇരുണ്ട വശങ്ങൾ എല്ലാവരുടെയും ജീവിതത്തിലുണ്ട്. അവയെ അവഗണിക്കുക. വെളിച്ചം നിറഞ്ഞ അനുഭവങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ നിശ്ചയമായും കണ്ടെത്തുവാൻ സാധിക്കും. അവയെ ധ്യാനിക്കുക. അവയ്ക്ക് പിന്നിലെ ദൈവകരങ്ങൾ കാണുക.
പിന്നെ പ്രകാശമുള്ള ആ മുഖത്തേക്ക് നോക്കുക.
സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് താനേ മാറിക്കൊള്ളും. മാത്രവുമല്ല കഴിഞ്ഞ കാലങ്ങളിൽ വഴിനടത്തിയ ദൈവത്തിന്റെ അത്ഭുത വഴികളെ ധ്യാനിച്ച് നന്ദി പറയുന്ന മനസിൽ പുതിയൊരു അഭിഷേകം നിറയും. അത് ആ വ്യക്തിയെ കൂടുതൽ കർമ്മോത്സുകനാക്കും. അതിനെക്കാളുപരി കൂടുതൽ മെച്ചപ്പെട്ട കർമ്മരംഗങ്ങൾ ദൈവം അദ്ദേഹത്തിന് വെളിപ്പെടുത്തുകയും ചെയ്യും.
അനേക വർഷങ്ങൾക്ക് മുമ്പ് താൻ പഠിപ്പിച്ചിരുന്ന യൂണിവേഴ്സിറ്റി കാമ്പസിന്റെ ഒരു മൂലയിൽ ധ്യാനനിരതനായി ഒരു യുവാവ് ഇരുന്നു. തന്റെ ജീവിതത്തിലെ പ്രകാശമാനമായ അനുഭവങ്ങളാണ് അദ്ദേഹം ഓർമ്മിച്ചെടുത്തത്. അദ്ദേഹം അത്ഭുതത്തോടെ തിരിച്ചറിഞ്ഞു: ദൈവം എന്തുമാത്രം അനുഗ്രഹങ്ങളാണ് എന്റെ ജീവിതത്തിലേക്ക് ചൊരിഞ്ഞത്. നന്ദി ദൈവമേ നന്ദി. ഇത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസിൽ നിറഞ്ഞുനിന്നത്. ആ ദൈവത്തിന് തന്റെ ജീവിതം പൂർണ്ണമായി സമർപ്പിക്കുവാൻ അദ്ദേഹം തീരുമാനമെടുത്തു. യൂണിവേഴ്സിറ്റിയിലെ തിളക്കമുള്ള തന്റെ ജോലി അദ്ദേഹം രാജിവെച്ചു. അദ്ദേഹം പോയത് ആഫ്രിക്കയിലെ ഇരുണ്ട വനാന്തരങ്ങളിലേക്കാണ്. പ്രകാശം പരത്തുന്ന തന്റെ ദൈവത്തെ പകർന്നു നല്കുവാൻ. ഇന്നും അനേകർക്ക് പ്രചോദനമായി ആൽബർട്ട് ഷ്വെറ്റ്സർ എന്ന ആ പ്രകാശഗോപുരം ഉയർന്ന് നിൽക്കുന്നു.
നമുക്ക് ലഭിച്ചിരിക്കുന്ന ഈ ഒരു ജീവിതത്തെ ഏറ്റവും ഫലപ്രദമായി നമുക്ക് മാറ്റാം. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന നീതിസൂര്യനായ യേശുവിനെ നോക്കി നമുക്കും ഓടാം. അപ്പോൾ അനേകർക്ക് പ്രചോദനമായി നമ്മുടെ ജീവിതവും രൂപാന്തരപ്പെടും. അതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
പ്രകാശപൂർണ്ണനായ കർത്താവേ, എപ്പോഴും അങ്ങയെ കാണുവാൻ എന്റെ കണ്ണുകളെ തുറക്കണമേ. ജീവിതത്തിൽ അനിവാര്യമായി അവിടുന്ന് അനുവദിക്കുന്ന ദുഃഖാനുഭവങ്ങളിൽ എന്റെ മനസ് ഉടക്കാതിരിക്കട്ടെ. എന്നും എപ്പോഴും അങ്ങയുടെ മുഖം ഞാൻ കാണട്ടെ. നാഥാ, ഈ നിമിഷം തന്നെ എന്റെ മനസിനെ ശക്തിപ്പെടുത്തിയാലും. ഞാൻ ഉണർന്ന് എഴുന്നേൽക്കട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ എന്നും പ്രകാശത്തിൽ വസിക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ. ആമ്മേൻ.
കെ.ജെ.മാത്യു