ജീവിതം ആസ്വാദ്യമാകുന്നു…

ആൻ സ്റ്റീൽ എന്ന യുവതിയെക്കുറിച്ച് വായിച്ചതോർക്കുന്നു. ഒരു യുവാവുമായി വിവാഹനിശ്ചയം ചെയ്തിരുന്ന അവൾ ആകാംക്ഷയോടെ വിവാഹദിനം കാത്തുകഴിയുകയായിരുന്നു. അവസാനം, സന്തോഷത്തിന്റെ ആ സുന്ദരദിനം എത്തിച്ചേർന്നു. അവളുടെ സന്തോഷത്തിൽ പങ്കുചേരാൻ ബന്ധുമിത്രാദികളും അതിഥികളുമെല്ലാം എത്തിച്ചേർന്നു. പക്ഷേ, മണവാളനെ കാണാനില്ല. ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ കാത്തിരിപ്പു കഴിഞ്ഞു. അപ്പോൾ ഒരു സന്ദേശവാഹകൻ എത്തി, ശോകപൂർണമായ ഒരു സന്ദേശവുമായി! ആൻ സ്റ്റീലുമായി വിവാഹനിശ്ചയം ചെയ്തിരുന്ന യുവാവ് ആറ്റിൽ മുങ്ങി മരിച്ചു!
പൊടുന്നനവേ ഏറ്റ ആഘാതം ആനിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും വേഗംതന്നെ അവൾ സമചിത്തത വീണ്ടെടുത്തു. താമസിയാതെ അവൾ പ്രസിദ്ധിയാർജിച്ച ഒരു സ്തുതിഗീതത്തിന് രൂപംകൊടുത്തു: ഇംഗ്ലീഷിലുള്ള സ്തുതിഗീതത്തിന്റെ മലയാള തത്ഭവം ഇവിടെ ചേർക്കുന്നു:

ലോകദൃഷ്ടിയിൽ ദുഃഖാർത്തമായതെന്തും
സന്തോഷമായ് മാറ്റുന്ന ദൈവമേ
അവിടുത്തെ ഹിതം സ്വീകരിച്ചാദരിക്കുവാൻ
കൃപയേകണേ കാരുണ്യവാരിധേ

ക്ലേശങ്ങളും അനർത്ഥങ്ങളും കൂടെക്കൂടെ അവൾക്കുണ്ടായിക്കൊണ്ടിരുന്നു. പക്ഷേ, ക്ലേശങ്ങളുടെ നടുവിലും അവളുടെ സന്തോഷപ്രകൃതത്തിന് മങ്ങലേറ്റിരുന്നില്ല. സഹനങ്ങളെ ഈശോയുടെ സഹനങ്ങളോടുചേർത്ത് സ്വർഗീയ പിതാവിന് സമർപ്പിക്കുന്നതിൽ അവൾ ഏറെ ആനന്ദം കണ്ടെത്തിയിരുന്നു. ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും നടുവിൽ ജീവിതം പതറിപ്പോകാതിരിക്കുവാൻ ആൻസ്റ്റീലിന്റെ മാതൃക ശ്ലാഘനീയമാണ്.

സ്‌നേഹം സർവോത്കൃഷ്ടം
ഒരു അക്രൈസ്തവസ്ത്രീ ക്രിസ്തുമതം സ്വീകരിച്ച് സന്തോഷത്തോടെ അർപ്പിതമായ ജീവിതം തുടർന്നപ്പോൾ അതുൾക്കൊള്ളാൻ കഴിയാതിരുന്ന അവളുടെ ബന്ധുക്കൾ അവളുടെ ജീവിതം ദുരിതപൂർണമാക്കാൻ സദാ ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കൽ ഒരു മിഷനറി അവളോടു ചോദിച്ചു: ”നിങ്ങളുടെ ഭർത്താവ് നിങ്ങളോട് സദാ കോപിക്കുകയും വെറുപ്പ് കാണിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുമ്പോൾ നിങ്ങൾ എന്തു ചെയ്യും?”

അവൾ മറുപടി പറഞ്ഞു: ”ഞാൻ അദ്ദേഹത്തിന് ആഹാരം കൂടുതൽ രുചികരമായും കൂടുതൽ നന്നായും പാകം ചെയ്തുകൊടുക്കും. അദ്ദേഹത്തിന്റെ മുറി കൂടുതൽ നന്നായി ശുചിയാക്കുകയും കിടക്കയും മറ്റു വസ്തുക്കളും കൂടുതൽ ഭംഗിയായും ചിട്ടയായും ക്രമീകരിച്ചുകൊടുക്കുകയും ചെയ്യും. അദ്ദേഹം ദയയില്ലാതെ സംസാരിക്കുമ്പോൾ ഞാൻ ശാന്തമായും സൗമ്യമായും പുഞ്ചിരിയോടെ മറുപടി കൊടുക്കുകയും സംസാരിക്കുകയും ചെയ്യും. ഒരു ക്രിസ്ത്യാനിയായതോടുകൂടി എല്ലാവിധത്തിലും കൂടുതൽ നല്ലൊരു ഭാര്യയായിത്തീർന്നെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തും.”

മേലുദ്ധരിച്ച സ്ത്രീയുടെ ഭർത്താവ് അവരോട് സംസാരിച്ച മിഷനറിയുടെ മതപ്രസംഗങ്ങളെല്ലാം നിരാകരിച്ചു. പക്ഷേ, ഭാര്യയുടെ പ്രവൃത്യോന്മുഖമായ മതപ്രസംഗം നിരാകരിക്കാൻ അയാൾക്ക് സാധിച്ചില്ല. അവളിലൂടെ ദൈവത്തിന്റെ ആത്മാവ് പ്രവർത്തിച്ചു. അയാളുടെ ക്രിസ്തുവിനെ സ്വീകരിച്ചു. തികച്ചും സന്തുഷ്ടമായ ഒരു കുടുംബജീവിതം അവർ അവലംബിച്ചു!

പ്രത്യാശ നിറഞ്ഞ സ്‌നേഹം ജീവിതത്തെ ധന്യവും ഉൽക്കൃഷ്ടവും ഉദ്ദീപ്തവുമാക്കുന്നു. വിശുദ്ധ പൗലോസ് പറയുന്നു: ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ 5:5). ഈ ചൊരിച്ചിൽ പൂർണതയിലെത്തുന്നത് വചനജീവിതത്തിലൂടെയാണ്. വിശുദ്ധ യോഹന്നാൻ ഇതു വ്യക്തമാക്കുന്നത് സ്മർത്തവ്യമാണ്: ”അവന്റെ വചനം പാലിക്കുന്നവനിൽ സത്യമായും ദൈവസ്‌നേഹം പൂർണത പ്രാപിച്ചിരിക്കുന്നു. നാം അവനിൽ വസിക്കുന്നെന്ന് ഇതിൽനിന്ന് നാം അറിയുന്നു” (1 യോഹന്നാൻ 2:5).

ഉള്ളം തേജോമയം
നമ്മുടെ ഹൃദയവും മനസും ബുദ്ധിയും ചിന്തകളും പൂർണമായും ദൈവോന്മുഖമായി കഴിയുമ്പോൾ ദൈവം തന്നിരിക്കുന്ന നമ്മുടെ കൊച്ചുജീവിതങ്ങൾ ആസ്വാദ്യകരവും ആനന്ദപ്രദവും ശോഭിത സുന്ദരവുമായിത്തീരുന്നു. ഒരു യുവതിക്കുണ്ടായ അനുഭവസാക്ഷ്യം വായിച്ചതോർക്കുന്നു. സ്വന്തം ഭവനത്തിൽ, താൻ അന്യയാണെന്നുള്ള ചിന്ത അവളെ കൂടുതൽ കൂടുതൽ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളോടും ബന്ധുക്കളോടുമുള്ള വെറുപ്പും വിദ്വേഷവും ഓരോ ദിവസവും വർധിച്ചുകൊണ്ടിരുന്നു. ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത് മാറിത്താമസിച്ചാലോയെന്ന് അവൾ ശക്തമായി ആലോചിച്ചു. ഇതെല്ലാം അവൾ കൂട്ടുകാരികളോട് തുറന്നു പറയുമായിരുന്നു. ശോചിതവും നിരാശാദ്യോതവുമായിരുന്നു അവളുടെ മുഖഭാവം.

എന്നാൽ ഒരു ദിവസം അത്ഭുതംപോലെ, വിഷാദമെല്ലാം മാറി, മുഖം പ്രകാശിതമായി. സന്തോഷവും സംതൃപ്തിയും സ്‌നേഹവും സ്ഫുരിക്കുന്ന മുഖം! അതു കണ്ടപ്പോൾ ഒരു കൂട്ടുകാരി സന്തോഷത്തോടെ അവളോടു പറഞ്ഞു: ”വീട്ടിൽ എല്ലാവരും സ്‌നേഹമുള്ളവരും നല്ലവരുമായിത്തീർന്നെന്നു തോന്നുന്നല്ലോ.” അപ്പോൾ യുവതി പറഞ്ഞു: ”അല്ല, എനിക്കാണു മാറ്റം വന്നത്. സ്‌നേഹം എന്റെ ഉള്ളത്തെ തേജോമയമാക്കി!”

ഈ കദനത്തിന്റെ പ്രതിപാദകനായ ഹെൻറി ബോഷ് അവളിലുണ്ടായ മാറ്റത്തിന്റെ കാരണം എടുത്തുകാണിക്കുന്നില്ല. ആത്മീയതയുടെ ഒരു പുത്തൻ ഉണർവ് ഈശോ അവൾക്ക് നൽകിയിരിക്കാം എന്നു ചിന്തിക്കുന്നത് ന്യായവും യുക്തവുമാണ്. സ്‌നേഹത്തിന്റെ അനവദ്യത അവളുടെ ചിന്തകളെ മാറ്റിമറിച്ചിരിക്കാം. ബാഹ്യമായതൊന്നുമല്ല, സ്‌നേഹം ഹൃദയത്തിൽ വരുത്തിയ തിളക്കമാണ് നിദാനം. മുഖം പ്രകാശിതമാകുന്നത് ഉള്ളം തേജോമയമാകുമ്പോഴെന്നത് ഏറെ ശ്രദ്ധേയംതന്നെ.

റവ.ഡോ. ഐസക് ആലഞ്ചേരി

1 Comment

  1. jis says:

    v.good articles…tnx for making them available online

Leave a Reply to jis Cancel reply

Your email address will not be published. Required fields are marked *