‘ഒരു നിമിഷത്തെ ബലഹീനത’

ഒരു രാഷ്ട്രീയ കൊലപാതകത്തെ തുടർന്ന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തി ജയിലിൽനിന്നും എഴുതി ”കൊല്ലപ്പെട്ട വ്യക്തിയോട് എനിക്ക് യാതൊരു വിരോധവും ഉണ്ടായിരുന്നില്ല. ആരെയും കൊല്ലാൻ ഞാൻ ആഗ്രഹിച്ചിട്ടുമില്ല. എന്നാൽ ഒരു നിമിഷത്തിന്റെ ബലഹീനതയിൽ എന്റെ നിയന്ത്രണം വിട്ടുപോയി.”

എയ്ഡ്‌സ് ബാധിതനായ ആ ചെറുപ്പക്കാരൻ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു: ഒരിക്കൽ മാത്രമേ ഞാനീ തെറ്റ് ചെയ്തിട്ടുള്ളൂ. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിപ്പോയി. ആ ഒരു നിമിഷത്തെ ബലഹീനതയിൽ ഞാൻ പോകരുതാത്തിടത്തുപോയി. ചെയ്യരുതാത്തത് ചെയ്തുപോയി….

ഒരു നിമിഷത്തിന്റെ ബലഹീനതയിൽ ഒരു ജീവിതം മുഴുവൻ തകരാം, ജീവിതം വഴിമാറിപ്പോകാം. ലോകവും ശരീരവും പിശാചും ഒരുക്കുന്ന കെണികളിൽ വീണുപോകുന്ന ആ ബലഹീനതയുടെ നിമിഷങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ധാരാളമായിട്ടുണ്ട്. പറയരുതെന്ന് ആഗ്രഹിച്ചത് പറഞ്ഞുപോയ, ചെയ്യരുതെന്ന് ആഗ്രഹിച്ചത് ചെയ്തുപോയ ആ നിമിഷങ്ങളെ ഓർത്ത് നാം വ്യസനിക്കുന്നുണ്ടാകാം. എങ്കിലും വീണ്ടും വീണ്ടും പരീക്ഷണങ്ങളിൽ പരാജയം പകരുന്ന ആ ബലഹീനതയുടെ നിമിഷങ്ങളെ ഇനിയും എങ്ങനെയാണ് അതിജീവിക്കാനാവുക?

പത്രോസ് ഒരിക്കലും യേശുവിനെ തള്ളിപ്പറയാൻ ആലോചിച്ചിരുന്ന വ്യക്തിയായിരുന്നില്ല. യേശുവിനുവേണ്ടി മരിക്കാൻപോലും അവൻ ഒരുക്കമായിരുന്നു. എങ്കിലും മാനുഷിക ബലഹീനതയിൽ അവൻ തന്റെ നാഥനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. എന്തുകൊണ്ടാണ് യേശുവിനെ ഏറെ സ്‌നേഹിച്ചിരുന്നിട്ടും ഇത്തരം ഒരു അബദ്ധം സംഭവിച്ചത്?

പത്രോസിന്റെ യഥാർത്ഥമായ വീഴ്ച ഹേറോദോസിന്റെ കൊട്ടാരമുറ്റത്ത് തീകാഞ്ഞുകൊണ്ടിരുന്നപ്പോൾ ആയിരുന്നില്ല. പത്രോസ് വീണുപോയത് ഗത്‌സമെൻ തോട്ടത്തിൽ ആയിരുന്നു. പത്രോസിനു പറ്റിയ യഥാർത്ഥ തെറ്റ് തള്ളിപ്പറയൽ ആയിരുന്നില്ല. മറിച്ച് ഉണർന്നിരുന്ന് പ്രാർത്ഥിക്കാത്തതായിരുന്നു. തീവ്രവേദനയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഗുരുവിനോടൊപ്പം ഉണർന്നിരുന്ന് പ്രാർത്ഥിക്കാതിരുന്നതിനാൽ ഗുരുവിന്റെ അപമാനങ്ങളിലും അവിടുത്തോടൊപ്പമായിരിക്കാൻ ശിഷ്യൻ പരാജയപ്പെട്ടുപോയി.

ഗത്‌സെമനിയിലെത്തിയപ്പോൾ യേശു അപ്പസ്‌തോലന്മാരോട് പറഞ്ഞു: ”നിങ്ങൾ പരീക്ഷയിൽ ഉൾപ്പെടാതിരിക്കാൻ പ്രാർത്ഥിക്കുവിൻ” (ലൂക്കാ 22:40). പക്ഷേ അവർ പ്രാർത്ഥിച്ചില്ല. വ്യസനംമൂലം തളർന്നുറങ്ങിപ്പോയി. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഉറങ്ങുന്ന ശിഷ്യരെ വിളിച്ചുണർത്തി വീണ്ടും പറഞ്ഞു: ”നിങ്ങൾ ഉറങ്ങുന്നതെന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ” (22:46).

നമ്മളും പരീക്ഷകളിൽ പരാജയപ്പെട്ടുപോകുന്നതിന്റെ കാരണം മറ്റൊന്നല്ല. എന്തുമാത്രം ആത്മീയ അനുഭവങ്ങളും എത്രയേറെ വർഷത്തെ പരിശീലനങ്ങളും ഉണ്ടെങ്കിലും പ്രാർത്ഥനയെ അവഗണിക്കുമ്പോൾ നാം തീർത്തും ദുർബലരായിത്തീരും. ഇതൊക്കെ അറിയാവുന്ന സത്യമാണെങ്കിലും വീണ്ടും വീണ്ടും നമ്മൾ ജീവിതവ്യഗ്രതകൾക്കടിപ്പെട്ട് പ്രാർത്ഥനയെ ഉപേക്ഷിക്കുന്നു. ആത്മീയ മനുഷ്യരുടെ ഈ ഭോഷത്വമാണ് ദൈവത്തിന്റെ മഹത്വം മനുഷ്യരിലൂടെ വെളിപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ തടസം. ഉയിർത്തെഴുന്നേറ്റവന്റെ കൂടെ വസിക്കുന്നവനേ ഉയിർപ്പിന്റെ മഹത്വമുള്ള ജീവിതം സാധ്യമാകൂ.

നമുക്ക് പ്രാർത്ഥിക്കാം
കർത്താവേ, ഞങ്ങളുടെ പരീക്ഷയുടെ ഘട്ടങ്ങളെ അതിജീവിക്കുവാനുള്ള വഴി ഉണർന്നിരുന്നുള്ള പ്രാർത്ഥനയാണെന്ന് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ. എങ്കിലും ദൈവമേ, പലപ്പോഴും ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ കഴിയുന്നില്ല. ഞങ്ങളെ മറ്റെന്തിനേക്കാളും ഉപരിയായി പ്രാർത്ഥനയുടെ മനുഷ്യരാക്കി മാറ്റിയാലും – ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

 

 

Leave a Reply

Your email address will not be published. Required fields are marked *