പൂമുഖത്തിരിക്കുകയായിരുന്നു അപ്പൂപ്പൻ. അപ്പോഴാണ് ”ഇതെന്തൊരു മഴയാ!” എന്ന പരാതിയോടെ മനുക്കുട്ടൻ അകത്തേക്ക് കയറിയത്. കളിക്കാൻ സാധിക്കുന്നില്ല എന്നതാണ് അവന്റെ പ്രധാനസങ്കടമെന്ന് അപ്പൂപ്പന് മനസ്സിലായി. പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല. ഉള്ളിലേക്ക് കയറിയ മനു അല്പസമയം കഴിഞ്ഞപ്പോൾ ദേഹം തുവർത്തി, വസ്ത്രം മാറ്റി, അപ്പൂപ്പന്റെ അരികിൽ വന്നിരുന്നു. അല്ലെങ്കിലും വീട്ടിൽ ഏറ്റവും നല്ല സുഹൃത്തുക്കൾ അവർതന്നെയാണ്.
എന്നാൽ അവൻ വന്നപ്പോൾ അപ്പൂപ്പൻ മനഃപൂർവം അവനെ ശ്രദ്ധിക്കാതെയിരുന്നു, പുറത്തെ മഴ ആസ്വദിച്ചുകൊണ്ട്. ആ ഇരുപ്പ് കണ്ടാൽ മനുവിന് ദേഷ്യം വരാതെയിരിക്കുമോ? അവൻ ദേഷ്യത്തോടെ ചോദിച്ചു, ”എനിക്കാണെങ്കിൽ പുറത്തിറങ്ങി കളിക്കാൻപോലും പറ്റുന്നില്ല ഈ മഴ കാരണം. അപ്പോഴാണോ അപ്പൂപ്പൻ മഴ നോക്കി സന്തോഷിച്ചിരിക്കുന്നത്?”
കാത്തിരുന്നത് അതുതന്നെ. അപ്പൂപ്പൻ മനുവിനു നേരെ തിരിഞ്ഞു. ”മനുക്കുട്ടാ, നീയല്ലേ, ഒരു മാസം മുൻപ് ഇതെന്തൊരു ചൂടാണ് എന്നു പറഞ്ഞുകൊണ്ടിരുന്നത്? മഴ പെയ്ത് വെള്ളമായപ്പോൾ അതിനും കുറ്റമാണോ?”
”അതു ശരിയാ, പക്ഷേ….”
”എന്തു പക്ഷേ?” കർത്താവ് എല്ലാം സമയത്തു തരും. അതിന് നന്ദിയാണ് പറയേണ്ടത്, പരാതിയല്ല. മഴക്കാലത്ത് മഴ കുറഞ്ഞാൽ വേനലാകുമ്പോൾ വെള്ളമുണ്ടാവില്ല എന്ന് മനസ്സിലായതല്ലേ?”
അപ്പൂപ്പൻ പറഞ്ഞത് തീർത്തും ശരിയാണെന്നു മനസ്സിലായപ്പോൾ മനു മറുപടിയൊന്നും പറഞ്ഞില്ല. അവൻ തല താഴ്ത്തിയിരിക്കുന്നതു കണ്ടപ്പോൾ അപ്പൂപ്പനും പാവം തോന്നി. സ്വരം ശാന്തമാക്കി അപ്പൂപ്പൻ തുടർന്നു, ”നമുക്ക് ലഭിക്കുന്നതിനെയോർത്ത് നന്ദി പറഞ്ഞാൽ മനഃസമാധാനം കിട്ടും. അത് നമുക്ക് അനുഗ്രഹമാകുകയും ചെയ്യും. അതിനുവേണ്ടി പറഞ്ഞതല്ലേ എന്റെ മനുക്കുട്ടാ…”
ആ ലാളന കേട്ടപ്പോൾ മനുക്കുട്ടൻ എഴുന്നേറ്റ് അടുത്തുചെന്ന് അപ്പൂപ്പനെ കഴുത്തിൽ കെട്ടിപ്പിടിച്ചു. അപ്പോൾ അപ്പൂപ്പന്റെ നാവിൽ ഒരു പാട്ട് വിടർന്നു.
മഴ പെയ്യും നേരത്തും
വെയിലേറും നേരത്തും
നന്ദി ഞാൻ ചൊല്ലീടും
തമ്പുരാനേ….