സ്വർഗത്തിലെത്താനുള്ള എല്ലാ കുറുക്കുവഴികളും ജീവിച്ചിരിക്കുമ്പോഴേ അയാൾ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മരണത്തിന്റെ സന്ദേശവുമായി ചെന്തീപോലെ മാലാഖ എത്തിയപ്പോൾ കൂടെ പുറപ്പെട്ടു.
”സ്വർഗത്തിലേക്ക് ഇനിയും എത്ര ദൂരമുണ്ട്?” ഇടയ്ക്ക് അയാൾ കുശലം ചോദിച്ചു.
”അതിന് നമ്മൾ സ്വർഗത്തിലേക്കല്ലല്ലോ പോകുന്നത്” മാലാഖ ചെറുതായി പുഞ്ചിരിച്ചു.
”ഞാൻ നീതിമാനാണല്ലോ… പിന്നെ…” അയാൾ തന്റെ ന്യായമായ സംശയം ചോദിച്ചു. മാലാഖ തന്റെ കൈയിലിരുന്ന ചുരുൾ നിവർത്തി. അതിലൊന്ന് നോക്കിയിട്ട് ഒരു ചെറുചിരിയോടെ പറഞ്ഞു: ”നിങ്ങൾ സ്വയം നീതിമാനാണെന്നു വിളിച്ചാലും ദൈവം മറ്റൊരു പേരാണ് നിങ്ങൾക്കിട്ടിരിക്കുന്നത്, കപടനാട്യക്കാരൻ!”
”ഞാനെങ്ങനെ കപടനാട്യക്കാരനാകും. ഞാൻ നടത്തിയിട്ടുള്ള ദാനധർമങ്ങളുടെ കണക്കും എന്റെ കൈയിലുണ്ട്. അതുവച്ച് ഞാൻ തെളിയിച്ചുതരാം.” ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അയാൾ പറഞ്ഞു.
മാലാഖ വിഷമഭാവത്തിൽ വിശദീകരിച്ചു: ദൈവാലയത്തിലും പ്രാർത്ഥനായോഗങ്ങളിലും നീ നല്ല മനുഷ്യനായി അഭിനയിക്കുകയായിരുന്നു. നീ അനുഭവിച്ചിട്ടില്ലാത്ത ആത്മീയതയുടെ മഹത്വത്തെക്കുറിച്ച് നിനക്കറിയാമെന്ന മട്ടിൽ പ്രസംഗിക്കുകയായിരുന്നു. കേൾക്കുന്നവരുടെ പ്രശംസ പിടിച്ചുപറ്റാൻ.”
അല്പസമയം രണ്ടുപേരും ഒന്നും മിണ്ടിയില്ല. മാലാഖ പറഞ്ഞത് ശരിയാണെന്ന് അയാൾക്ക് തോന്നി. അപ്പോൾ മറ്റൊരാൾ അതിലെ കടന്നുവന്നു, വിശുദ്ധ മാക്‌സിമോസ്.”
വിശുദ്ധൻ അയാളുടെ അടുത്തെത്തി. ”കുഞ്ഞേ നീ വിഷമിക്കരുത്. ആത്മാവിലെ നിരാശ അകറ്റുക. ഇതാണ് നിനക്ക് പറ്റിയത്. നിന്റെ ആത്മാവിനുള്ളിലെ തിന്മയെ പുറത്തേക്ക് ധാർമികമാണെന്ന് തോന്നുന്ന ജീവിതശൈലിയിൽ നീ ഒളിപ്പിച്ചുവച്ചു. ഒപ്പം നിന്റെ മനോഭാവത്തെ നീ വ്യാജമായ നിഷ്‌കളങ്കതയിൽ മറച്ചുവച്ചു. രണ്ടും തെറ്റായിരുന്നു. നിനക്കായി ഞാൻ പ്രാർത്ഥിക്കാം. ഭൂമിയിൽ നിനക്കായി അർപ്പിക്കപ്പെടുന്ന ദിവ്യബലികൾ നിന്നെ ദൈവത്തിലേക്കെത്തിക്കും.” വിശുദ്ധൻ മെല്ലെ നടന്നകന്നു.
ജെറിൻ മാത്യു