ക്രിസ്തുവിനെ തള്ളിപ്പറഞ്ഞിട്ടും…

വിശുദ്ധ അലക്‌സിയസ് യു സി യോംഗ്

ഒടുവിൽ അത് സംഭവിച്ചു, ഭയന്നുവിറച്ച അലക്‌സിയസ് വിശ്വാസം തള്ളിപ്പറഞ്ഞു. പീഡകർക്ക് സന്തോഷമായി. അവർ അദ്ദേഹത്തെ മോചിപ്പിച്ചു. എന്നാൽ സ്വതന്ത്രനായി കഴിഞ്ഞപ്പോൾ മുതൽ കുറ്റബോധം അദ്ദേഹത്തെ പിടികൂടി. തനിക്കുവേണ്ടി അവസാന തുള്ളി രക്തം വരെ ചിന്തിയ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞല്ലോ എന്നോർത്ത് അലക്‌സിയസിന്റെ മനസ് വെന്തുരുകി.

ആ വേദനയുമായി അദ്ദേഹം എത്തിയത് ജയിലിൽ കഴിഞ്ഞിരുന്ന അവിടത്തെ മെത്രാന്റെയടുത്താണ്. ആ നല്ല ഇടയൻ ഇടറിപ്പോയ അലക്‌സിയസിനെ ശക്തിപ്പെടുത്തി. ഇടറുന്ന ചുവടുകൾക്ക് ഉറപ്പ് ലഭിച്ചതോടെ അലക്‌സിയസ് ധീരോചിതമായ ചുവടുകളോടെ മുന്നേറാൻ തീരുമാനിച്ചു.

1845-ൽ ഉത്തര കൊറിയയിലെ സിയോഹുങ്ങിലുള്ള കുലീന കുടുംബത്തിലാണ് അലക്‌സിയസ് യു സി യോംഗിന്റെ ജനനം. ക്രൈസ്തവമതത്തിൽ ആകൃഷ്ടനായ അലക്‌സിയസ് വിശുദ്ധ ഫ്രാങ്കോയിസ് ബെർണോയുമായും മതബോധകനായ വിശുദ്ധ മാർക്കസ് ചോംഗ് ബേയുമായുമുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്. കുടുംബാംഗങ്ങളുടെ എതിർപ്പിനെ അതിജീവിച്ച് ക്രിസ്തുവിന്റെ പാത പിന്തുടർന്ന അലക്‌സിയസ് തീക്ഷണമതിയായ ഒരു മിഷനറിയായി മാറി. മതബോധന ഗ്രന്ഥങ്ങളും മറ്റ് ഗ്രന്ഥങ്ങളും കൊറിയൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു.

കൊറിയയിൽ ക്രൂരമായ മതപീഡനത്തിന്റെ കാലമാണ് പിന്നീടുണ്ടായത്. തീക്ഷ്ണമതിയായ മിഷനറിയായിരുന്നിട്ടുകൂടി അലക്‌സിയസിന് ആ പീഡനങ്ങളിൽ പിടിച്ചുനിൽക്കാനായില്ല. രക്തസാക്ഷിത്വവും ദൈവത്തോടുള്ള വിശ്വസ്തതയും പരിശുദ്ധാത്മാവിന്റെ സഹായം കൂടാതെ സാധിക്കില്ലെന്ന് അലക്‌സിയസിന് സംഭവിച്ച വീഴ്ച നമ്മെ ഓർമിപ്പിക്കുന്നു.

എന്നാൽ ബിഷപ്പുമായുള്ള കൂടിക്കാഴ്ചക്കുശേഷം ധൈര്യം വീണ്ടെടുത്ത അദ്ദേഹം വീണ്ടും അധികാരികളുടെ അടുക്കൽ ചെന്ന് വിശ്വാസം ഏറ്റുപറഞ്ഞു. ഇത്തവണ കഠിന പീഡനങ്ങൾക്കും ആത്മാവിനാൽ നിറഞ്ഞ അലക്‌സിയസിന്റെ വിശ്വസ്തതയെ ഇളക്കാനായില്ല. ജയിലിലെ ക്രൂരമായ പീഡനങ്ങൾക്ക് ശേഷം സീയുളിന് സമീപമുള്ള സ്‌മോൾ വെസ്റ്റ് ഗേറ്റിൽ വച്ച് 1866 മാർച്ച് 11-ാം തിയതി അദ്ദേഹം വധിക്കപ്പെട്ടു. രക്തസാക്ഷിത്വം വഴി ക്രിസ്തുവിനോടുള്ള അവിശ്വസ്തതയ്ക്ക് പരിഹാരം ചെയ്ത അലക്‌സിയസിനെ 1984-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

 

Leave a Reply

Your email address will not be published. Required fields are marked *