ഉസ്മാനിക്കായിലൂടെ വെളിപ്പെട്ട രഹസ്യം

രണ്ടായിരം രൂപാനോട്ടുകൾമാത്രം കയ്യിലുള്ള ഒരു ‘സമ്പന്ന’സമൂഹം. അവർക്കായി അരിയും പലവ്യഞ്ജനങ്ങളും വില്ക്കുന്ന ഒരു നാട്ടിൻപുറത്തെ വ്യാപാരി നിസ്സഹായനായിപ്പോവുകയില്ലേ? അതുതന്നെയായിരുന്നു ആ ദിനങ്ങളിൽ സംഭവിച്ചത്. നൂറ്റിപ്പത്തും ഇരുനൂറ്റിഅറുപതുമൊന്നും ‘ഒരിക്കലും നല്കാൻ കഴിയാത്ത തുകകളായിപ്പോയ’ ദിവസങ്ങളിൽ ഉസ്മാനിക്കാ എന്ന വ്യാപാരി വല്ലാത്ത വിഷമത്തിലായി.

ബസ് കണ്ടക്ടർമാരിൽനിന്നും മറ്റും ശേഖരിച്ച ചില്ലറ നോട്ടുകളാകട്ടെ അതിവേഗം തീർന്നുപോയിക്കൊണ്ടിരുന്നു. ആ സമയത്താണ് ഒരു വീട്ടമ്മ കടയിലെത്തിയത്. അവരുടെ ഭർത്താവ് രോഗിയായ അമ്മയുടെ ചികിത്സാർത്ഥം വീട്ടിൽനിന്ന് കുറച്ചു ദിവസത്തേക്ക് മാറിനില്ക്കുന്ന സമയമാണ്. അത് ഉസ്മാനിക്കായ്ക്കും അറിയാം. അവരുടെ കൈയിൽ അന്ന് ബാങ്കിൽനിന്ന് ലഭിച്ച രണ്ടായിരം രൂപമാത്രം. വീട്ടിലേക്ക് ചില അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കാതെയും വയ്യ. രണ്ടായിരത്തിന്റെ നോട്ടുമാത്രമേയുള്ളൂവെന്ന മുഖവുര കേട്ട നിമിഷം ഉസ്മാനിക്കായുടെ മറുപടി ആ സമയത്തെ ഏത് മലയാളിയുടെയും വാക്കുകൾതന്നെ, ”ഒരു രക്ഷയുമില്ല!”
എന്തുചെയ്യുമെന്ന ചിന്തയിൽ വീട്ടമ്മ കടയിൽത്തന്നെ നിന്നു കുറച്ചു സമയം. ആവശ്യമുള്ള സാധനം എടുക്കാം, പണം പിന്നെ മതി, ഇതൊന്നുമല്ലെങ്കിൽ നാളെ നോക്കാം എന്നുമൊക്കെ ഉസ്മാനിക്കാ ഉപായങ്ങൾ പറഞ്ഞെങ്കിലും അവർ അല്പം മടിച്ചുനിന്നു. കുറച്ചു സമയം കൂടി കഴിഞ്ഞു…. അതിനിടയിൽ ചില്ലറ നോട്ടുകൾ കൈയിലുള്ള ‘ഭാഗ്യപ്പെട്ടവർ’ സന്തോഷത്തോടെ സാധനങ്ങൾ വാങ്ങിപ്പോയി.

ഏതാണ്ട് ബാക്കി നല്കാൻ തുകയായെന്നു കണ്ടപ്പോൾ ഉസ്മാനിക്കാ ആ വീട്ടമ്മയോട് പറഞ്ഞു, ”നിങ്ങൾ എന്താണെന്നു വച്ചാൽ എടുത്തോ” അത് കേൾക്കാൻ കാത്തുനില്ക്കുകയായിരുന്നു അവർ. സന്തോഷത്തോടെ ആവശ്യമുള്ളത് വാങ്ങി രണ്ടായിരം രൂപയുടെ നോട്ട് നല്കി.

രഹസ്യം വെളിപ്പെടുമ്പോൾ
ബാക്കി തുക എണ്ണി നല്കുമ്പോൾ ഉസ്മാനിക്കാ എല്ലാവരോടുമായി പറഞ്ഞു, ”നമ്മുടെ കൈയിലുള്ളത് കൊടുക്കാൻ മടിക്കുമ്പോഴാണ് പ്രശ്‌നം. ആരുടെ കൈയിലും അഞ്ഞൂറിന്റെ നോട്ടുകൾ ഇല്ലാഞ്ഞിട്ടല്ല. കിട്ടിയവരെല്ലാം അത് സൂക്ഷിച്ച് വച്ചിരിക്കുകയാണ്. കൈമാറിയാലല്ലേ എല്ലാവരുടെയും കൈകളിലെത്തുകയുള്ളൂ. പിന്നെ ഇത്രയും വിഷമം വരില്ല” കേട്ടവരെല്ലാം ആ വലിയ തത്വം അർഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിച്ചോ എന്നു മനസ്സിലായില്ല.

നാട്ടിൻപുറത്തെ ഒരു സാധാരണ കടയിൽനിന്ന് ഉയർന്ന ആ വാക്കുകൾ ഉന്നതമായ ഒരു ആത്മീയ ഉപദേശമായിരുന്നു. നമുക്കുള്ളതെല്ലാം പങ്കുവയ്ക്കാനുള്ളതാണെന്ന ദൈവികജ്ഞാനവചസ്. ഇരുട്ടിനെ പഴിക്കുന്നതിനെക്കാൾ ഒരു തിരി തെളിക്കുന്നത് നല്ലതെന്ന പഴമൊഴിയുടെ പൊരുൾതന്നെയാണ് അതിനും. ലോകത്തിലെ തിന്മകളെയും ദാരിദ്ര്യത്തെയും കുറിച്ച് പരാതിപ്പെടുന്നതിനു പകരം ആവുന്ന നന്മ ചെയ്യാൻ, കഴിയുന്നിടത്തോളം സമ്പത്ത് പങ്കുവയ്ക്കാൻ, നമുക്ക് സാധിക്കട്ടെ. അതിനായി വിളിക്കപ്പെട്ടവരാണ് ഓരോ ക്രിസ്തുവിശ്വാസിയും.

ഉപവാസവും കർത്താവിന് സ്വീകാര്യമായ ദിവസവും എന്താണെന്ന് ഏശയ്യാ പ്രവചനത്തിൽ കർത്താവ് വ്യക്തമാക്കിയിട്ടുണ്ട്. ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതാണ് കർത്താവ് ആഗ്രഹിക്കുന്ന ഉപവാസം. വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതാണ് അത്. അങ്ങനെയെങ്കിൽ അവിടുന്ന് അരുളിച്ചെയ്തതുപോലെ ”നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്റെ മുൻപിലും കർത്താവിന്റെ മഹത്വം നിന്റെ പിൻപിലും നിന്നെ സംരക്ഷിക്കും” (ഏശയ്യാ 58: 8). ഉസ്മാനിക്കാ നിർദേശിച്ച പ്രശ്‌നപരിഹാരത്തിന്റെ അന്തഃസത്ത ഏശയ്യായിലൂടെ കർത്താവ് വെളിപ്പെടുത്തിയതുതന്നെ.

സിജി ബിനു

 

Leave a Reply

Your email address will not be published. Required fields are marked *