‘ഇത് ഞങ്ങളെക്കൊണ്ട് സാധിക്കില്ല!’

പ്രാർത്ഥനാപൂർവം ബസ് ഓടിക്കുകയായിരുന്നു ഞാൻ. കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ ബസാണ്. വേഗതയിൽ വാഹനം ഓടിച്ചിരുന്ന ആ സമയത്ത് മുൻപിൽ ഒരു പിക്അപ് വാൻ വേഗത കുറച്ച് ഓടിച്ചുപോകുന്നു. അതിനെ മറികടക്കാൻ തുടങ്ങിയതും പെട്ടെന്ന് ഒരു സ്വരം, ‘അതിനെ മറികടക്കരുത്!’ അത് എന്റെ തോന്നലായിരിക്കും എന്നു കരുതി വീണ്ടും ഞാൻ മറികടക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും ആ സ്വരം, ‘മറികടക്കരുത്!’ അത് ദൈവസ്വരമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ സ്വരത്തെ അനുസരിക്കാൻ തീരുമാനിച്ചു.

ഏകദേശം ഒരു കിലോമീറ്ററോളം ആ ട്രക്കിന്റെ പുറകെതന്നെ വേഗത കുറച്ച് പിൻതുടർന്നു. പെട്ടെന്ന് ഞാൻ ശ്രദ്ധിച്ചപ്പോൾ റോഡിന്റെ ഇടതുവശത്തുകൂടി രണ്ടു സിസ്റ്റേഴ്‌സ് വലിയ ഭാരമുള്ള ബാഗുകളും തൂക്കിയെടുത്ത് ബസ്സ്റ്റാൻഡിലേക്ക് നടക്കുന്നു. അവിടെനിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുണ്ട് ബസ്സ്റ്റാൻഡിലേക്ക്. ഈ കാഴ്ച കണ്ടതും പരിശുദ്ധാത്മാവിന്റെ ഒരു അഭിഷേകം എന്നിലുണ്ടായതുപോലെ.

പക്ഷേ, ഇടതുവശത്തുകൂടി നടന്നുനീങ്ങുന്ന സിസ്റ്റേഴ്‌സ് അവിടെ സ്റ്റോപ്പില്ലാത്തതിനാൽ, ബസിലേക്ക് ശ്രദ്ധിക്കുന്നുപോലുമില്ല. വാഹനം പെട്ടെന്ന് അവരുടെ അടുത്തെത്തിയപ്പോൾ വീണ്ടും ദൈവസ്വരം ‘വാഹനം നിർത്തുക.’ ഞാൻ അനുസരിച്ചു. മുൻവശത്തെ ‘ഡ്രൈവർ ഓപ്പറേറ്റിംഗ് ഡോർ’ ഞാൻ തുറന്നുകൊടുത്തു. ഒരു നിമിഷം വിശ്വസിക്കാനാവാത്തവിധം സ്തംഭിച്ചുനിന്നശേഷം അവർ ചാടി ബസിൽ കയറി. കർത്താവിന്റെ വേലക്കായി മിഷൻമേഖലയിലേക്ക് പോകുന്നവരായിരുന്നു അവർ. കർത്താവിനായി സ്വയം സമർപ്പിച്ച് ഇറങ്ങിത്തിരിക്കുന്നവരുടെ എല്ലാ കാര്യങ്ങളിലും അവിടുന്ന് ഇടപെടുന്നു. ”ഞാൻ നിനക്കുമുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും” (ഏശയ്യാ 45:2).

ഒന്നു ശ്രദ്ധിച്ചാൽ…
മറ്റൊരിക്കൽ ഒരു സഹപ്രവർത്തകൻ ഒരു വീട് വാടകയ്‌ക്കെടുത്ത് കൊടുക്കുന്ന കാര്യവുമായി എന്നെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് അവന് വീട് വാടകയ്‌ക്കെടുത്ത് കൊടുക്കുവാൻവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവന്റെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അന്വേഷിച്ചു.
അപ്പോൾ അവൻ പറഞ്ഞു, ‘എനിക്ക് ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. എന്റെ അമ്മയുടെ ഒരു കാൽ പ്രമേഹംമൂലം മുറിച്ചു മാറ്റിയിട്ട് നാലുവർഷത്തോളമായി. ഇപ്പോൾ അമ്മ ആശുപത്രിയിലുമാണ്. ശരീരത്തിലേക്ക് മരുന്ന് കടന്നുപോകുന്നില്ല. അതിനാൽ അടുത്ത കാലും മുറിച്ചു മാറ്റണമെന്നാണ് ഡോക്ടർ പറയുന്നത്. ഈയൊരവസരസ്ഥയിൽ സ്വന്തമായുള്ള വീട്ടിലേക്ക് അമ്മയെ കൊണ്ടുപോയി കിടത്താൻ സാധിക്കില്ല. കാരണം വീടിന്റെ മേൽക്കൂര മുഴുവനായും തകർന്നുപോയിരിക്കുകയാണ്.’

അടുത്ത ദിവസംതന്നെ അതു സംഭവിച്ചു. മറ്റേകാലും മുറിച്ചുമാറ്റി! ജീസസ് യൂത്ത് സംഘടനയുടെ അംഗങ്ങളായ ഞങ്ങൾ കുറച്ചുപേർ ആശുപത്രി സന്ദർശിച്ച് നെഞ്ചുപൊട്ടുന്ന ആ കാഴ്ച കണ്ടു. പിന്നീടുള്ള വ്യക്തിപരമായ എന്റെ പ്രാർത്ഥനാവേളകളിൽ ഈശോ ശക്തമായി എന്നോടു സംസാരിക്കാൻ തുടങ്ങി. ‘നീ പോയി ആ വീട് കാണണം!’ സ്വന്തം സാമ്പത്തിക പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയില്ലാത്ത എന്നോടാണ് ഈശോ ഇങ്ങനെ സംസാരിക്കുന്നത്. ശക്തമായി ഈ സ്വരം എന്നോട് ഇപ്രകാരം ആവശ്യപ്പെട്ടപ്പോൾ അനുസരിക്കാമെന്ന് ഞാൻ ഈശോയ്ക്ക് വാക്കു കൊടുത്തു.

ആ സ്വരം കേൾക്കുമ്പോൾ…
ഈ കാര്യം ഞാൻ ഞങ്ങളുടെ മേഖലയിലെ ജീസസ് യൂത്ത് കോ-ഓർഡിനേറ്ററുമായി പങ്കുവച്ചപ്പോൾ, അവനും എന്നോടൊപ്പം വീടു കാണാൻ വരാമെന്ന് സമ്മതിച്ചു. അങ്ങനെ അടുത്ത ദിവസംതന്നെ ഞങ്ങൾ ആ വീട് സന്ദർശിച്ചു. ഞാൻ വിചാരിച്ചത് ഒരു ‘വീടാ’ണെന്നാണ്. ചെന്നുകണ്ടപ്പോഴാണ് അതിന്റെ ദുരവസ്ഥ ശരിക്കും മനസിലായത്. ഞങ്ങളൊക്കെ താമസിക്കുന്ന വീടിന്റെ ഒരു മുറിയുടെ വലിപ്പമേ അവന്റെ ആകെയുള്ള വീടിനുള്ളൂ. മേൽക്കൂരയും പുറത്തേക്കുള്ള ഒരു വാതിലും പണിയണം.

ഏതായാലും ഞങ്ങൾ മൂവരും ചേർന്ന് ആ വീടിനുള്ളിൽ നിന്നുകൊണ്ട് കൈകൾ കോർത്തുപിടിച്ച് ഏതാനും മിനിറ്റുകൾ ദൈവത്തെ സ്തുതിച്ച് നന്ദി പറഞ്ഞ് പ്രാർത്ഥിച്ചു. അതിനുശേഷം പുറത്തിറങ്ങിയപ്പോൾ ഞാൻ പറഞ്ഞു, ഇത് ശരിയാക്കിത്തരുവാൻ ഞങ്ങളെകൊണ്ട് സാധിക്കില്ല. എന്നാൽ, ഈശോയാണ് ഈ സന്ദേശം തന്നതെങ്കിൽ ബാക്കി കാര്യവും ഈശോതന്നെ കൂട്ടിച്ചേർത്ത് തന്നുകൊള്ളും. അന്നുമുതൽ ഞങ്ങൾ ഈ വിഷയം പറഞ്ഞ് പ്രാർത്ഥിക്കുവാൻ തുടങ്ങി. അത്ഭുതകരമെന്നു പറയട്ടെ, സോഷ്യൽ വർക്കുമായി ബന്ധപ്പെട്ട സിസ്റ്റേഴ്‌സിലൂടെയും പല വ്യക്തികളിലൂടെയും ഇടപെട്ടുകൊണ്ട് ഈശോ ഈ കാര്യം വളരെ പെട്ടെന്നുതന്നെ സാധിച്ചുതന്നു.

കാനായിലെ കല്യാണവിരുന്നിന്റെ അവസരത്തിൽ സംഭവിക്കാമായിരുന്ന പ്രതികൂല സാഹചര്യത്തിന്റെ മുൻപിൽ നിന്നുകൊണ്ട് ഈശോയുടെ അമ്മ (നമ്മുടെയും അമ്മ) പരിചാരകരോടു പറഞ്ഞ വാക്കുകൾ ഇന്ന് നമ്മോടു പറയുകയാണ്, ‘അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിൻ.’ അതെ, ജീവിതത്തിന്റെ അനുനിമിഷങ്ങളിൽ ഈശോ നമ്മോടു സംസാരിക്കുന്നുണ്ട്. ഈശോയുടെ സ്വരം തിരിച്ചറിയാൻ നാം തയാറായാൽ മാത്രം മതി.
അവിടുന്ന് ഒരു കാര്യം നമ്മോട് ആവശ്യപ്പെടുമ്പോൾ നിലവിലുള്ള നമ്മുടെ സാഹചര്യങ്ങളിലേക്കും സാമ്പത്തിക മേഖലകളിലേക്കും നോക്കാതെ ബുദ്ധിയില്ലാത്ത ഒരാളെപ്പോലെ അവൻ പറയുന്നത് ചെയ്യുവാൻ തയാറാകുമ്പോൾ പച്ചവെള്ളമായ നമ്മുടെ ജീവിതത്തെ പുതുവീഞ്ഞാക്കി അവൻ മാറ്റും. ഈ പുതുവീഞ്ഞിനെ അനേകായിരങ്ങളിലേക്ക് പരിശുദ്ധാത്മാവാകുന്ന ലഹരിപിടിപ്പിക്കുവാൻ കഴിയുന്ന കൃപയാക്കി അവൻ വഴിനടത്തും. പൗലോസ് ശ്ലീഹാ ഫിലിപ്പിയിലെ വിശ്വാസികൾക്ക് ഇപ്രകാരം എഴുതി: ”ഓരോരുത്തരും സ്വന്തം താല്പര്യം മാത്രം നോക്കിയാൽ പോരാ; മറിച്ച് മറ്റുള്ളവരുടെ താല്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ” (ഫിലിപ്പി 2:5-6).

ജാക്‌സൺ ജോൺ

Leave a Reply

Your email address will not be published. Required fields are marked *