എന്നും പുഷ്ടിപ്പെടുന്നവർ

എൺപതുവയസായ എന്റെ വല്യപ്പനെ കാണാൻ പോയ സമയത്ത് ഒരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചു ‘ആരോഗ്യമൊക്കെ എങ്ങനെ, ശരീരത്തിന് വേദനകൾ ഒന്നും ഇല്ലല്ലോ അല്ലേ?’ വല്യപ്പൻ മുട്ടുവേദനയാൽ കഷ്ടപെടുമ്പോഴാണ് എന്നോട് വേദനയുണ്ടോ എന്ന് ചോദിക്കുന്നത്. ഇല്ല എന്ന് മറുപടി പറഞ്ഞപ്പോൾ വല്യപ്പൻ പറഞ്ഞു നിങ്ങൾക്കൊന്നും വേദനകൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ സഹിക്കുന്നുണ്ട് എന്ന്.’ സഹനത്തിന്റെ പൊരുൾ ഏതൊരു ദൈവശാസ്ത്ര അധ്യാപകനെക്കാളും വിദഗ്ധമായി മനസ്സിലേക്ക് സന്നിവേശിപ്പിക്കാൻ പ്രായമായ വല്യപ്പനായി.

ജീവിതത്തിന്റെ ചരൽ പാതകളിലൂടെ യാത്ര ചെയ്തു ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്നവരുടെ ജരാനരകൾക്ക് ഒരായിരം സംഗീതങ്ങളുണ്ടാകും. പ്രായമായവർ സ്മാർട്ട് യുഗത്തിന്റെ വീക്ഷണഗതിയനുസരിച്ചു ഒഴിവാക്കേണ്ടവരോ ഉപേക്ഷിക്കേണ്ടവരോ അല്ല. പ്രത്യുത അവർ നമ്മുടെ ഭവനങ്ങളുടെ പൂമുറ്റത്തും നഗരവീഥികളിലും ദൈവാലയങ്ങളിലും കാണേണ്ടവരാണ്.

ഒലിവിലയേന്തുന്ന പ്രാവ്
കൃപയോടുകൂടെ വാർധക്യത്തിലെത്തുന്നതിന്റെ ഏറ്റവും നല്ല ഉപമ നോഹിന്റെ പെട്ടകമാണ്. പ്രളയത്തെ അതിജീവിച്ചു പെരുമഴ നിലച്ച് കര പ്രത്യക്ഷമായോ എന്ന് അറിയാൻ നോഹ രണ്ടു ഉപായങ്ങൾ ചെയ്തു. ”നാല്പതു ദിവസം കഴിഞ്ഞപ്പോൾ നോഹ പെട്ടകത്തിൽ താനുണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്ന്, ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത് അങ്ങുമിങ്ങും പറന്നു നടന്നു. ഭൂമിയിൽനിന്ന് വെള്ളമിറങ്ങിയോ എന്നറിയാൻ അവൻ ഒരു പ്രാവിനെയും വിട്ടു. കാലുകുത്താൻ ഇടം കാണാതെ പ്രാവ് പെട്ടകത്തിലേക്കു തന്നെ തിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവൻ കൈനീട്ടി പ്രാവിനെ പിടിച്ചു പെട്ടകത്തിലാക്കി. ഏഴുദിവസംകൂടി കാത്തിട്ട് വീണ്ടും അവൻ പ്രാവിനെ പെട്ടകത്തിനു പുറത്തു വിട്ടു. വൈകുന്നേരമായപ്പോൾ പ്രാവു തിരിച്ചുവന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്റെ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നോഹയ്ക്കു മനസ്സിലായി” (ഉല്പത്തി 8:6-11.)
ഓരോ മനുഷ്യവ്യക്തിയും ജനിക്കുന്നത് ഒരു നിയോഗത്തോടെയാണ്. ജീവിതത്തിൽ അഭിമുഖീ കരിക്കേണ്ടി വരുന്ന പ്രളയങ്ങളെ അതിജീവിച്ചു നന്മയുടെ ഒലിവിലയേന്തേണ്ടവരാണ് ജീവിത സായാഹ്നത്തിലെത്തിനിൽക്കുന്ന ഒരോരുത്തരും.

മൂന്ന് ഘടകങ്ങൾ
ശരീരം, മനസ്, ആത്മാവ് എന്നിവയുടെ സങ്കലനമാണ് മനുഷ്യൻ. ഈ മൂന്നിനെയും മൗലിക പുണ്യങ്ങളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കട്ടെ. വിശ്വാസം, പ്രത്യാശ, ഉപവി എന്നിവയാണല്ലോ മൗലിക പുണ്യങ്ങൾ. കൃപ നിറഞ്ഞു വാർധക്യത്തിലെത്താൻ ജീവിതകാലത്ത് ശരീരത്തെ ഉപവികൊണ്ട്, പുണ്യപ്രവൃത്തികൾ കൊണ്ട് ബലപെടുത്തണം. സ്വാർത്ഥത ഉപേക്ഷിക്കണം. പുതുമാനവ സംസ്‌കാരം ശരീരത്തെ പരമാവധി പോഷിപ്പിച്ചു ഭംഗിയിൽ സംരക്ഷിക്കാൻ ക്ലേശിക്കുന്നു. െ്രെകസ്തവസ്‌നേഹമാകട്ടെ ശരീരത്തിന്റെ സുഖ സുരക്ഷിതത്വങ്ങളിൽ നിന്ന് കാരുണ്യ ഹസ്തവുമായി ഇറങ്ങാൻ നമ്മെ പ്രേരിപ്പിക്കണം. മനസ് വിശ്വാസം കൊണ്ട് നിറയ്ക്കണം. ദൈവവിശ്വാസം. ജീവിതത്തിൽ സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണം ഉണ്ട് എന്നും ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല എന്നും വിശ്വസിക്കണം. പുതുമാനവ തലമുറ ഈ വിശ്വാസത്തിൽ താല്പര്യം കാണിക്കുന്നുണ്ടോ എന്ന് സംശയിക്കണം.

ആത്മാവിനെ പ്രത്യാശകൊണ്ട് നിറയ്ക്കാൻ ജീവിതം ഉപയോഗിക്കണം. എന്തെന്നാൽ ആത്മാവ് മരണത്തിനു ശേഷവും നിലനില്ക്കുന്നു.

ചുമലിലേറ്റുന്നവൻ
കർത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്. (വിലാപങ്ങൾ 3:22-23) ജീവിതത്തിന്റെ സായാഹ്നം അതിരുകളില്ലാത്ത ദയ, കാരുണ്യം എന്നിവ മറ്റുള്ളവരിൽ നിന്ന് ഏറ്റുവാങ്ങുന്ന നിമിഷങ്ങളാണ്. പ്രായമാകുന്നതും മരണത്തിലേക്ക് നടന്നടുക്കുന്നതും നന്ദിയോടെയും പ്രത്യാശയോടെയും ആകണം.

പ്രായമാകുന്നവരോടും ബലഹീ നരോടും മാറ്റിനിർത്തപ്പെടുന്നവരോടും ദൈവം ആർദ്രത കാണിക്കുന്നു. ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു. ‘നിങ്ങളുടെ വാർധക്യംവരെയും ഞാൻ അങ്ങനെതന്നെയായിരിക്കും. നിങ്ങൾക്കു നര ബാധിക്കുമ്പോഴും ഞാൻ നിങ്ങളെ വഹിക്കും. ഞാൻ നിങ്ങളെ സൃഷ്ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും. (ഏശയ്യാ 46:4)

ജീവിതസായാഹ്നം വ്യസനി ക്കാനുള്ള കാലമല്ല പ്രത്യുത ജീവിതത്തെ പക്വമായി പുല്കാനുള്ള കാലഘട്ടമാണ്. ”സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: വൃദ്ധന്മാരും വൃദ്ധകളും പ്രായാധിക്യംമൂലം കൈയിൽ വടിയുമായി ജറുസലെമിന്റെ തെരുവുകളിൽ വീണ്ടും ഇരിക്കും. കളിച്ചുല്ലസിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നഗരവീഥികൾ നിറയും” (സഖറിയാ 8:4) കൃപ നിറഞ്ഞ ഒരു ജീവിതരീതിയുടെ മിഴിവാർന്ന ഒരോർമ്മചിത്രമാണിത്.

ഫലം ചൂടുന്ന ആത്മീയത
യുവത്വ കാലഘട്ടം പടയോട്ടങ്ങളുടെ കാലഘട്ടമായിരുന്നു. യുദ്ധങ്ങളുടെ കാലഘട്ടം. ജിവിതത്തിൽ വിജയിക്കുന്നതിന് വേണ്ടി നെട്ടോട്ടം ഓടുന്ന സമയം. ആരെയും കൂസാതിരുന്ന സമയം. ആരുമില്ലെങ്കിലും സ്വന്തം കൈക്കരുത്തിൽ ആശ്രയിച്ചു നടന്നിരുന്ന സമയം. പക്ഷേ പ്രായമാകുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപെട്ട മനുഷ്യശരീരത്തിന് ജരാനരകൾ ബാധിക്കുമ്പോൾ ശരീരം അതിന്റെ ജോലി ചെയ്യുന്നു എന്ന് കരുതിയാൽ മതി.

പ്രായമാകുമ്പോൾ കൃപയാൽ നിറയുന്നവരുണ്ട്- രോഗിണിയായ ജീവിതപങ്കാളിയെ ശുശ്രൂഷിക്കുന്നത് വഴി, മറ്റുള്ളവരുടെ പരിചരണം നാണവും അഹംബോധവും മാറ്റിവച്ചു സ്വീകരിക്കുന്നത് വഴി, സഹനങ്ങളിലൂടെ രൂപാന്തരീകരണം നേടുക വഴി. ഇത് സൂചിപ്പിക്കുന്നത് പ്രായമാകുമ്പോഴും ഫലം ചൂടുന്ന ആത്മീയതയെയാണ്. ”വാർധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും; അവർ എന്നും ഇല ചൂടി പുഷ്ടിയോടെ നില്ക്കും” (സങ്കീർത്തനങ്ങൾ 92:14). സങ്കീർത്തകൻ പറയുന്നത് ദൈവത്തിനു വേണ്ടി ഫലം ചൂടുന്നതിനു ജരാനരകളോ പ്രയാധിക്യമോ ഒരു തടസമല്ല എന്നാണ്. ക്രിസ്തു വചനങ്ങൾ വാർധക്യത്തിൽ ധ്യനമാകുമ്പോൾ ഉൾഭയം മാറി പ്രത്യാശ കൈവരിക്കാനാകും. അങ്ങനെ കൃപ നിറഞ്ഞ ഒരു വാർധക്യം സ്വന്തമാക്കുകയും ചെയ്യാം.

ഫാ. പയസ് കത്തിൽ O.Carm

 

Leave a Reply

Your email address will not be published. Required fields are marked *