”എന്തിനെയോർത്താണോ നിങ്ങൾ ദൈവത്തോട് ഏറ്റവും കൂടുതൽ നന്ദി പറയുന്നത് അതിനെക്കുറിച്ചൊരു ചിത്രം വരയ്ക്കണം” ആറാം ക്ലാസുകാരോട് ടീച്ചർ പറഞ്ഞു. നിർദേശിച്ച സമയമായപ്പോൾ എല്ലാവരും ചിത്രങ്ങൾ ടീച്ചറിന് കൈമാറിക്കഴിഞ്ഞിരുന്നു.
മിക്കവാറും ചിത്രങ്ങളിൽ ഐസ്ക്രീമും ചിക്കൻ പൊരിച്ചതും നല്ല വസ്ത്രങ്ങളുമൊക്കെയായിരുന്നു നിറഞ്ഞുനിന്നത്. എന്നാൽ ഒരു ചിത്രം തികച്ചും വ്യത്യസ്തം. അതിൽ വരച്ചിരിക്കുന്നത് ഒരു കൈയാണ്, കൈമുട്ടുമുതൽ കൈപ്പത്തിവരെയുള്ള ഒരു കൈയിന്റെ ചിത്രം. കുട്ടിവരയുടെ ഭംഗിയേ ഉള്ളൂ. എങ്കിലും വളരെ ആകർഷകമായിരുന്നു അത്. വ്യത്യസ്തമായ ആ ചിത്രം ടീച്ചർ എല്ലാരെയും കാണിച്ചു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. അത് നമുക്ക് എല്ലാം തരുന്ന ദൈവത്തിന്റെ കൈയാണ്, ചിലർ പറഞ്ഞു. അത് നമുക്ക് വേണ്ടി കൃഷി ചെയ്യുന്ന ഒരു കർഷകന്റെ കൈയായിരിക്കുമെന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്തായാലും ആ വ്യത്യസ്തചിത്രം വരച്ച അപ്പുവിനെ അഭിനന്ദിച്ചു എല്ലാവരും.
ബെല്ലടിച്ചിട്ടും ടീച്ചർ അവിടെനിന്ന് പോയില്ല. കളിക്കാനോടുന്ന അപ്പുവിനെ അരികിലേക്കു വിളിച്ചുചോദിച്ചു. ”അത് ആരുടെ കൈയാണ്?” അപ്പു ഒരു ചെറുചിരിയോടെ പറഞ്ഞു, ”അത് ടീച്ചറിന്റെയാണ്. ടീച്ചർ ഇടക്ക് എന്റെ കൈകളിൽ പിടിക്കാറില്ലേ?” ടീച്ചറും പുഞ്ചിരിച്ചു. അപ്പു കൂട്ടുകാർക്കൊപ്പം കളിക്കാനോടി.
ഇടക്ക് കുട്ടികളിൽ പലരുടെയും കൈകൾ ചേർത്തു പിടിക്കാറുണ്ട്. അതാണ് അപ്പു പറഞ്ഞത് എന്ന് ടീച്ചറിന് മനസിലായി. പഠനത്തിലോ മറ്റു കാര്യങ്ങളിലോ അത്ര സമർത്ഥനൊന്നുമല്ലാത്തതിനാൽ പലപ്പോഴും ഒറ്റപ്പെട്ടുപോകാറുള്ളവനാണ് അവൻ. സ്നേഹത്തിന്റെ ഒരു കുഞ്ഞുപ്രവൃത്തി ഒരാളെ എത്രമാത്രം സന്തോഷിപ്പിക്കുമെന്ന് ടീച്ചർ അപ്പോൾ ഓർത്തു.
”നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (മത്തായി 6:36)