അപകർഷതയും ആത്മീയ ജീവിതവും

എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, ഞാൻ ചെയ്താൽ ശരിയാവില്ല, ഞാൻ ചീത്തയാണ് തുടങ്ങിയ ധാരണകൾ വച്ചുപുലർത്തുന്ന അനേകരുണ്ട്. മറ്റുള്ളവർ എന്നെ അംഗീകരിക്കുമോ? എന്നെ മനസിലാക്കുമോ? ഞാൻ പറയുന്നത് സ്വീകരിക്കാതിരിക്കുമോ? എന്നിങ്ങനെയുള്ള ആശങ്കകളാൽ തളരുന്നവരുടെ എണ്ണവും നിരവധിയാണ്. എനിക്ക് നിറം കുറവാണ്, ഉയരം വേണ്ടത്രയില്ല, വണ്ണം കൂടുതലുണ്ട്, ഞാൻ തീരെ മെലിഞ്ഞതാണ്, മുടി കുറവാണ്, കാണാൻ കൊള്ളില്ല എന്നിങ്ങനെയുള്ള മോശം സ്വാവബോധത്താൽ തളരുന്നവരും നമുക്കിടയിലുണ്ട്.

കുടുംബപാരമ്പര്യം, ദാരിദ്ര്യം, വിദ്യാഭ്യാസക്കുറവ് തുടങ്ങിയ മേഖലകളായിരിക്കും വേറെ ചിലരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഘടകങ്ങൾ. ഇതെല്ലാം ദൈവമക്കളുടെ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നതിന് പലപ്പോഴും തടസമായിത്തീരും. മാത്രമല്ല പലവിധ പെരുമാറ്റ വൈകല്യങ്ങളും ബന്ധങ്ങളുടെ തകർച്ചകളും അപകർഷതാബോധത്തിന്റെ ഫലമായി സംഭവിക്കാം. എല്ലാത്തിനും ഉപരിയായി ദൈവം നമ്മുടെ ജീവിതത്തിലൂടെ പൂർത്തീകരിക്കാനാഗ്രഹിക്കുന്ന പദ്ധതികൾ പൂർണമായും യാഥാർത്ഥ്യമായിത്തീരുന്നതിനും ഇത് തടസമായിത്തീരും. എങ്ങനെയാണ് ഈ തിന്മ മനുഷ്യവംശത്തിലേക്ക് കടന്നുവന്നത്? ഇതു മനസിലാക്കിയാൽ ഇതിനുള്ള പരിഹാരവും നമുക്ക് കണ്ടെത്താനാകും.

തുടക്കം എന്തായിരുന്നു?
ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതായിരുന്നു. മനുഷ്യനെ സൃഷ്ടിച്ചതിനുശേഷവും തന്റെ സൃഷ്ടികളെല്ലാം നല്ലതെന്നാണ് ദൈവം വിലയിരുത്തിയത് (ഉല്പത്തി 1:31). അതിനാൽ തങ്ങൾ എന്തെങ്കിലും തരത്തിൽ കുറവുള്ളവരാണെന്ന് കരുതാൻ മനുഷ്യന് യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല. പക്ഷേ സർപ്പം കൗശലപൂർവം സംസാരിച്ച് മനുഷ്യന് എന്തോ കുറവുണ്ടെന്ന് ധരിപ്പിച്ചു. അതു മാറണമെങ്കിൽ വിലക്കപ്പെട്ട പഴം തിന്നാൽ മതിയെന്ന പരിഹാരം നിർദേശിക്കുകയും ചെയ്തു. നടുക്കു നില്ക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നാൽ നിങ്ങൾ ദൈവത്തെപ്പോലെ ആകും – ഇതായിരുന്നു പിശാചിന്റെ പ്രലോഭനം. എന്നാൽ സത്യമെന്താണ്? മനുഷ്യർ നേരത്തേതന്നെ ദൈവത്തെപ്പോലെ ആയിരുന്നു. അവർ മഹത്വവും ആധിപത്യവും നിറഞ്ഞവരായിരുന്നു.

ഉല്പത്തി 1:26-ൽ നാമിങ്ങനെ വായിക്കുന്നു: ”നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവർക്ക് കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാൽക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയിൽ ഇഴയുന്ന സർവജീവികളുടെയുംമേൽ ആധിപത്യം ഉണ്ടായിരിക്കട്ടെ.”
എന്തിന്റെയെങ്കിലും കുറവ് മനുഷ്യനില്ലായിരുന്നു. ദൈവത്തിന്റെ മഹോന്നത സൃഷ്ടിയായ അവൻ ദൈവത്തിന്റെ ഛായയും സാദൃശ്യവുമുള്ള ‘ദൈവത്തെപ്പോലെ’യുള്ളവനായിരുന്നു. പക്ഷേ പിശാച് അവരെ തെറ്റിദ്ധരിപ്പിച്ചു. ഇനിയും നികത്തപ്പെടേണ്ട ഒരു കുറവ് നിനക്കുണ്ട് എന്നു പറഞ്ഞ് അവരിൽ അസംതൃപ്തി ഉളവാക്കി. അസംതൃപ്തി ആസക്തിയിലേക്ക് നയിക്കുകയും അങ്ങനെ ദൈവവചനം ധിക്കരിക്കാൻ ഇടയാവുകയും ചെയ്തു. ഇന്നും ഇതേ തന്ത്രം തന്നെയാണ് മനുഷ്യമക്കളെ വഴിതെറ്റിക്കാൻ സാത്താൻ ഉപയോഗിക്കുന്നത്. ജീവിതത്തിൽ അസംതൃപ്തി ജനിപ്പിക്കുക. എന്തൊക്കെയോ കുറവ് നമുക്കുണ്ടെന്നും അതു പരിഹരിച്ചാലേ ജീവിതം വിജയിക്കൂ എന്ന ധാരണ നല്കി ആത്മധൈര്യം നശിപ്പിക്കുക.

പരസ്യങ്ങളിലെ മോഡലുകളുടെ ചർമകാന്തി കണ്ട് അനേകം സ്ത്രീകൾ തങ്ങളുടെ ചർമത്തിന് അത്രയും അഴകും ആരോഗ്യവും ഇല്ലല്ലോ എന്നോർത്ത് വിഷമിക്കാറുണ്ട്. പക്ഷേ സത്യമെന്താണ്? അനേക മണിക്കൂറുകൾ പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ മെയ്ക്കപ്പ് നടത്തിയിട്ടാണ് മോഡലുകൾ കാമറയുടെ മുന്നിൽ നില്ക്കുന്നത്. പല പോസുകളിൽ നിരവധി ഫോട്ടോകളെടുത്ത് അവയിൽ ഏറ്റവും നല്ലതായിരിക്കും പരസ്യത്തിനായി തിരഞ്ഞെടുക്കുന്നത്. അവ വീണ്ടും കമ്പ്യൂട്ടറിലിട്ട് കൃത്രിമമായ ഭംഗി വരുത്തിയിട്ടാകും ഉപയോഗിക്കുക.

യഥാർത്ഥത്തിൽ പരസ്യത്തിൽ കാണുന്നതുപോലുള്ള ചർമം ആ മോഡലിനോ മറ്റേതെങ്കിലും സ്ത്രീകൾക്കോ ഉണ്ടായിരിക്കുകയില്ല. സിനിമാ-ടി.വി താരങ്ങളും ഇതുപോലെ കൃത്രിമമായ മേക്ക് അപ്പുകളുപയോഗിച്ചായിരിക്കും സ്‌ക്രീനിൽ വരുന്നത്. ഇതു കണ്ട് അവരെപ്പോലെ ഭംഗി എനിക്കില്ലായെന്ന് സങ്കടപ്പെടുന്നത് എത്രയോ മണ്ടത്തരമാണ്! വളരെയധികം പണവും സമയവും ചെലവഴിച്ച് സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി നടക്കുന്നത് നമ്മുടെ അപകർഷത വർധിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ.

മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലാണ് പലപ്പോഴും അപകർഷതാചിന്തകൾക്ക് കാരണമാകുന്നത്. മറ്റുള്ളവരെപ്പോലെ ബുദ്ധിയെനിക്കില്ല, ഓർമശക്തിയെനിക്കില്ല, കായികശേഷിയില്ല… ഇത്തരം ചിന്തകൾക്കർത്ഥമില്ല. ഓരോ വ്യക്തിയും ‘സ്‌പെഷ്യലായിട്ടാണ്’ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവരവരുടെ ജീവിതദൗത്യം പൂർത്തീകരിക്കാനാവശ്യമായ ശക്തിവിശേഷങ്ങൾ ദൈവം തീർച്ചയായും ഓരോരുത്തരിലും നിക്ഷേപിച്ചിട്ടുണ്ടാകും. മറ്റൊരാളാകാൻ ശ്രമിക്കുമ്പോൾ നാം നാമല്ലാതായിത്തീരും. അതാണ് യഥാർത്ഥ പരാജയം.

രക്ഷപെടാൻ
നമ്മുടെ ‘തനിമ’ തിരിച്ചറിയുക എന്നതാണ് അപകർഷതാബോധത്തിൽനിന്ന് രക്ഷപെടാനുള്ള ഏകവഴി. നമ്മെപ്പോലെ വേറെയാരും ഈ ലോകത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതിനാൽ മറ്റാരുമായും താരതമ്യപ്പെടുത്തി നമ്മുടെ മൂല്യം നിർണയിക്കുക അസാധ്യമാണ്. നാം ഏതവസ്ഥയിലാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും ഏതു സാഹചര്യത്തിലാണ് ഇപ്പോൾ ജീവിക്കുന്നതെങ്കിലും ദൈവം നമ്മെ സ്‌നേഹിക്കുന്നുണ്ട്, അവിടുത്തെ മുൻപിൽ നാം അമൂല്യരാണ്. നമ്മുടെ ജീവിതം വിജയകരമായിത്തീരുവാനുള്ള കൃപ അവിടുന്ന് നല്കുകയും ചെയ്യും.

സങ്കീർത്തനം 139:13-14-ൽ ഇപ്രകാരം വായിക്കുന്നു: ”അവിടുന്നാണ് എന്റെ അന്തഃരംഗത്തിന് രൂപം നല്കിയത്. എന്റെ അമ്മയുടെ ഉദരത്തിൽ അവിടുന്ന് എന്നെ മെനഞ്ഞു; ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.” ഞാൻ ദൈവത്താൽ അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ടതാണ്. എന്റെ ആത്മാവ് ദൈവത്തിന് അമൂല്യമാണ്.

മനുഷ്യന്റെ ആത്മാവിനെ നിത്യനാശത്തിൽനിന്നും രക്ഷിക്കുവാൻവേണ്ടി ദൈവം കൊടുത്ത വില ഈ ലോകത്തിലെ രത്‌നങ്ങളോ വജ്രങ്ങളോ അല്ല; ഏതെങ്കിലും ഭൂഖണ്ഡം വിലയായി നല്കിയുമല്ല ദൈവം മനുഷ്യനെ രക്ഷിച്ചത്. മറിച്ച് തന്റെ ഏകജാതനായ യേശുക്രിസ്തുവിന്റെ ജീവരക്തം തന്നെ വിലയായി കൊടുത്തുകൊണ്ടാണ്. അത്രയധികം നമ്മുടെ ഓരോരുത്തരുടെയും ജീവനെ സ്രഷ്ടാവായ ദൈവം വിലമതിച്ചു. പ്രപഞ്ചത്തിന്റെ നാഥനും സ്രഷ്ടാവുമായ ദൈവത്തിന് ഞാൻ ‘അമൂല്യനും പ്രിയങ്കരനും’ ആണെങ്കിൽ പിന്നെ ഞാനെന്തിന് അപർഷതാബോധത്തിന് അടിമപ്പെട്ട് ജീവിക്കണം. ലോകം എന്നെ പരിഗണിച്ചില്ലെങ്കിലും എന്റെ ദൈവം എന്നെ പരിഗണിക്കുന്നു. അതിനാൽ ഞാനെന്തിന് ഭാരപ്പെട്ട് ജീവിക്കണം?

മൂല്യം നഷ്ടപ്പെട്ടിട്ടില്ല
ഒരു കറൻസിനോട്ട് പഴയതാണെങ്കിലും ചെളി പറ്റി മുഷിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ മൂല്യത്തിന് കുറവൊന്നും വന്നിട്ടില്ല. അതിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പും മുദ്രയും ഉണ്ടെങ്കിൽ. ഇതുപോലെ രോഗിയാണെങ്കിലും സൗന്ദര്യം കുറവാണെങ്കിലും നമ്മുടെ മൂല്യം ഒട്ടും കുറയുന്നില്ല. മറ്റൊരാൾക്കുള്ള പ്രത്യേക കഴിവുകൾ എനിക്കില്ല എന്നത് ഒരു കുറവല്ല. പാട്ടുപാടാൻ കഴിവില്ല എന്നത് ഒരു എഞ്ചിനീയർക്ക് കുറവാകുന്നതെങ്ങനെ?

ഓരോരുത്തരുടെയും വിളിക്കനുസരിച്ചുള്ള കൃപാവരങ്ങളാണ് നല്കപ്പെടുന്നത്. നമ്മുടെ ജീവിതസാഹചര്യങ്ങളും ദുരനുഭവങ്ങളും നിമിത്തം നമുക്കാവശ്യമായുള്ള ശക്തിവിശേഷങ്ങൾ പോഷിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും നിരാശപ്പെടേണ്ട കാര്യമില്ല. കാരണം സഹായകനായ പരിശുദ്ധാത്മാവ് നമ്മുടെ കുറവുകളിൽ സഹായിക്കും. പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ നമ്മുടെ വ്യക്തിത്വത്തിലെ ബലഹീനതകളെ അതിജീവിക്കുവാൻ നമുക്ക് സാധിക്കും. ‘എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യുവാൻ എനിക്ക് സാധിക്കും’ എന്ന് പൗലോസ് ശ്ലീഹായോടൊപ്പം നമ്മളും പറയണം.

അതിനാൽ നാംതന്നെ നമ്മുടെ ജീവിതങ്ങളെ സ്‌നേഹിക്കുവാനും വിലമതിക്കുവാനും ആരംഭിക്കണം. അപ്പോൾ മാത്രമേ മറ്റുള്ളവർ നമ്മെ വിലമതിച്ചു തുടങ്ങുകയുള്ളൂ. നിന്നെപ്പോലെ നിന്റെ അയൽക്കാരെയും സ്‌നേഹിക്കണം (മത്തായി 22:39) എന്നാണ് കർത്താവ് പഠിപ്പിച്ചത്. നമുക്ക് നമ്മളോടിഷ്ടമല്ലെങ്കിൽ എങ്ങനെ മറ്റുള്ളവരെ ശരിയായ രീതിയിൽ ഇഷ്ടപ്പെടാൻ കഴിയും. മറ്റുള്ളവരോടുള്ള തെറ്റായ പെരുമാറ്റങ്ങൾ, വികലമായ സംസാര രീതികൾ ഇവയൊക്കെ പലപ്പോഴും അപകർഷതാബോധത്തിന്റെ ഫലമായിട്ടുണ്ടാകാം.

പൊങ്ങച്ചംപറച്ചിൽ, ആഡംബരപ്രിയം, മത്സരബുദ്ധി, തെറ്റുകൾ അംഗീകരിക്കാനുള്ള വിഷമം, മറ്റുള്ളവരെ വാക്കുകൾകൊണ്ടടിച്ചിരുത്തൽ ഇതൊക്കെ നമ്മെക്കുറിച്ചുള്ള മോശമായ സ്വയാവബോധം (ഘീം ലെഹളലേെലലാ) ഉള്ളവരുടെ ലക്ഷണങ്ങളാണ്. അപകർഷതാബോധം അസൂയയിലേക്കും വെറുപ്പിലേക്കും നമ്മെ നയിക്കുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതെല്ലാം നമ്മുടെ ആത്മീയ ജീവിതത്തിന്റെ വളർച്ചയെ തടസപ്പെടുത്തും. ഏറെ പ്രാർത്ഥനകളും ധ്യാനങ്ങളും കഴിഞ്ഞിട്ടും പലർക്കും ആത്മീയ വളർച്ച സാധ്യമാകാത്തതിന്റെ കാരണവും അപകർഷതാബോധത്തിൽനിന്ന് വിടുതൽ ലഭിക്കാത്തതാണ്.
കഴിഞ്ഞുപോയ കാലത്തെ പാപങ്ങളായിരിക്കാം ചിലരുടെ അപകർഷതാബോധത്തിന് കാരണം. യേശുക്രിസ്തുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കും. അതിനാൽ അനുതപിച്ച് പാപങ്ങൾ ഏറ്റുപറഞ്ഞ് പാപമോചനം സ്വീകരിച്ച വിശ്വാസി ‘പാപങ്ങളുടെ മോചനത്തിൽ’ ഉറപ്പായും വിശ്വസിക്കണം. ക്ഷമിക്കപ്പെട്ട പാപി ദുഃഖിച്ച് കഴിയേണ്ടവനല്ല. പാപക്ഷമ നല്കുന്ന ആനന്ദവും വിടുതലും പ്രത്യാശയിലേക്കും ധൈര്യത്തിലേക്കും നമ്മെ നയിക്കണം. കർത്താവ് പറയുന്നു: ”ഞാൻ അവരുടെ അവിശ്വസ്തതയുടെ മുറിവ് ഉണക്കും. ഞാൻ അവരുടെമേൽ സ്‌നേഹം ചൊരിയും. കാരണം അവരോടുള്ള എന്റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിന് ഞാൻ തുഷാരബിന്ദുപോലെ ആയിരിക്കും. ലില്ലിപോലെ അവൻ പുഷ്പിക്കും. ഇലവുപോലെ അവൻ വേരുറപ്പിക്കും” (ഹോസിയാ 14:4-5).

തള്ളിപ്പറഞ്ഞ പത്രോസിനോട് യേശു ഒരിക്കൽ പോലും ‘എങ്കിലും പത്രോസേ, നീ എന്നോടിങ്ങനെ ചെയ്തല്ലോ?’ എന്നു പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ മാറ്റിനിർത്തുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. അവിടുത്തെ സന്നിധിയിൽ ആത്മധൈര്യത്തോടെ നില്ക്കാൻ കഴിയുമ്പോൾ ജീവിതത്തിന്റെ മുന്നിലും പതറിപ്പോകാതെ ജീവിക്കുവാൻ സാധിക്കും.

സൗന്ദര്യം സ്വന്തമാക്കാം
സൗന്ദര്യത്തിന്റെ മേഖലയിലാണ് പലരും അപകർഷതയ്ക്ക് അടിമപ്പെട്ടുപോകുന്നത്. സൗന്ദര്യം എന്നത് കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. ആഫ്രിക്കയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയിൽ യൂറോപ്പുകാരന് സൗന്ദര്യം കാണാൻ കഴിഞ്ഞുവെന്നു വരികയില്ല. തെക്കേ അമേരിക്കക്കാരന്റെ സൗന്ദര്യസങ്കല്പവും ചൈനീസ്‌കാരന്റെ സൗന്ദര്യസങ്കല്പവും വ്യത്യസ്തമായിരിക്കും. അതിനാൽ സൗന്ദര്യത്തിന് വ്യക്തമായ അളവുകോലൊന്നുമില്ല. അത് കാണുന്നവന്റെ കണ്ണിലാണ്. എങ്കിൽ ദൈവം നമ്മെ കാണുന്നതെങ്ങനെയായിരിക്കും. ദൈവത്തിന്റെ സൃഷ്ടികളൊന്നും വിരൂപങ്ങളല്ല. ദൈവികമായ അഴക് അവയിലുണ്ട്. അതുകൊണ്ട് നാമും നമ്മളെ സൗന്ദര്യമില്ലാത്തവരും കുറവുള്ളവരുമായി കാണരുത്. ഓരോ പൈതലും ദൈവത്തിന് സുന്ദരനും സുന്ദരിയുമാണ്. ദൈവികമായ കാഴ്ചപ്പാടിൽ ആത്മീയ മനുഷ്യരായ നാം വളരണം.

മദർ തെരേസയുടെ ആകർഷണീയത എന്തായിരുന്നു? ചുക്കിച്ചുളിഞ്ഞ മുഖവും അല്പം കൂനുപിടിച്ച കൊച്ചുശരീരവും എങ്ങനെയാണ് ലോകത്തിന്റെ ആകർഷണകേന്ദ്രമായി മാറിയത്. എന്താണ് അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷത? വില കുറഞ്ഞ നീലക്കര സാരിയല്ലാതെ മറ്റൊരു വിശേഷവസ്ത്രവും അവരുടെ മാറ്റുകൂട്ടാൻ ഇല്ലായിരുന്നു. പക്ഷേ, അവരുടെ ആന്തരികസൗന്ദര്യം എല്ലാവരെയും അവരിലേക്കടുപ്പിച്ചു. കരുണയും സ്‌നേഹവും എളിമയും നിറഞ്ഞ അവരുടെ വ്യക്തിത്വം ചുറ്റിലുമുള്ളവരെ കീഴടക്കി. ആന്തരികസൗന്ദര്യം വർധിക്കുമ്പോൾ ബാഹ്യമായ കുറവുകൾ അതിജീവിക്കപ്പെടും. രോഗം വന്നും അപകടം വഴിയും പ്രായക്കൂടുതൽ മുഖേനയും ശാരീരിക കാന്തിയും ബലവും നഷ്ടപ്പെടാം. എന്നാൽ ആന്തരികസൗന്ദര്യമുള്ള വ്യക്തികൾക്ക് മരണംവരെയും എല്ലാ സാഹചര്യത്തിലും ആകർഷണീയതയുള്ളവരായി ജീവിക്കാനാകും.

ദൈവത്തിന്റെ അത്ഭുതകരമായ സ്‌നേഹം രുചിച്ചറിയാൻ സാധിക്കുന്നതനുസരിച്ച് ദൈവമക്കളുടെ മഹത്വം നമ്മിലൂടെ പ്രകടമാകാൻ ആരംഭിക്കും. അവിടുത്തെ സ്‌നേഹം ദുഃഖവും ഭീതിയും നീക്കിക്കളയും. അവിടുത്തെ സ്‌നേഹം ആത്മധൈര്യംകൊണ്ട് ഉള്ള് നിറയ്ക്കും. അതിനാൽ നിരന്തരം നമുക്ക് പ്രാർത്ഥിക്കാം.

പിതാവായ ദൈവമേ, അങ്ങയുടെ സ്‌നേഹം കൂടുതലായി എനിക്ക് വെളിപ്പെടുത്തിത്തരണമേ. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹത്തിന്റെ ആഴവും പരപ്പും മനസിലാക്കാൻ എനിക്ക് കൃപ നല്കണമേ. നിരന്തരം ദാഹത്തോടെ പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവർത്തനംവഴി നമ്മുടെ കാഴ്ചപ്പാടുകളും വ്യക്തിത്വവും രൂപാന്തരപ്പെടും – തീർച്ച.

ഉണ്ണി മാർക്കോസ്

 

Leave a Reply

Your email address will not be published. Required fields are marked *