മാധുര്യമേറിയ ഒരു ഹൃദയവും മധുരിക്കുന്ന ഒരു തിരുനാളും!

സഭയുടെ ചരിത്രത്തിൽ പല കാലഘട്ടങ്ങളിലായി അനേകം ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്നിട്ടുണ്ട്. കൂദാശ ചെയ്ത തിരുവോസ്തി യഥാർത്ഥ മാംസക്കഷണമായി മാറുന്നു! കൂദാശ ചെയ്ത വീഞ്ഞ് യഥാർത്ഥ മനുഷ്യരക്തമായി മാറുന്നു! ഏറ്റവും അത്ഭുതകരമായ കാര്യം പല നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഇത്തരത്തിലുള്ള എല്ലാ അത്ഭുതങ്ങൾപോലും അല്പംപോലും അഴുകാതെ ഏതുസമയത്ത് അത്ഭുതം സംഭവിച്ചുവോ അപ്പോഴെന്നതുപോലെ ഇന്നും ജീവനുള്ള വ്യക്തിയുടെ മാംസവും രക്തവുമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അതിലേറെ ആശ്ചര്യകരമായതും എടുത്തുപറയേണ്ടതുമായ ഒരു സംഗതിയുണ്ട്. ഒരു വിധത്തിലുള്ള രാസവസ്തുക്കളും ഉപയോഗിക്കാതെ ഇന്നും അഴുകാതെ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഈ ദിവ്യകാരുണ്യ അത്ഭുതങ്ങളിൽ എല്ലാം കാണപ്പെട്ട മാംസം മരണവേദന അനുഭവിച്ച ഒരു പുരുഷന്റെ ഹൃദയത്തിലെ പേശികളാണ് എന്നതാണ്. എല്ലാ അത്ഭുതങ്ങളിലെയും രക്തമാകട്ടെ എബി ഗ്രൂപ്പിലുള്ളതും!

അവസാന അത്താഴവേളയിൽ ഈശോ അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് തന്റെ ശിഷ്യന്മാർക്ക് നൽകിയപ്പോൾ അവിടുന്ന് മുറിച്ചു നല്കിയത് അവിടുത്തെ ഹൃദയത്തിലെ മാംസംതന്നെയാണ്. ആശീർവദിച്ചു നല്കിയ വീഞ്ഞ് സ്വന്തഹൃദയരക്തവും. ഈ സത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരുന്നതായിരുന്നു സഭയുടെ ചരിത്രത്തിൽ തുടക്കം മുതൽ ഇന്നേവരെ സംഭവിച്ചിട്ടുള്ള, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട, ഓരോ ദിവ്യകാരുണ്യ അത്ഭുതവും. യേശുവിന്റെ തിരുഹൃദയം യേശുവിന്റെ ദൈവികവും മാനുഷികവുമായ എല്ലാ നന്മകളുടെയും ഇരിപ്പിടവും ആകെത്തുകയുമാണ്. അതുതന്നെയാണ് കൂദാശ ചെയ്ത തിരുവോസ്തിയിൽ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളതും. അതിനാൽ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിക്ക് നല്കുന്ന ഓരോ ആരാധനയും ഈശോയുടെ തിരുഹൃദയത്തിന് നല്കുന്ന ആരാധനയാണ്. കാരണം കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി = ഈശോയുടെ തിരുഹൃദയം = ഈശോ!

സ്‌നേഹിക്കുവാൻ കൊതിച്ച്
സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും കൊതിക്കുന്ന ഈശോയുടെ തിരുഹൃദയം അവിടുന്ന് മനുഷ്യമക്കൾക്ക് ആദ്യമായി മറനീക്കി കാണിച്ചുകൊടുത്തത് 1670-ലാണ്. തിരുഹൃദയഭക്തി ലോകത്തിന്റെ അതിർത്തികളോളം എത്തിക്കുവാൻ അവിടുന്ന് തിരഞ്ഞെടുത്ത മാർഗരറ്റ് മേരി അലക്കോക്ക് (മർഗരീത്താമറിയം) എന്ന വിശുദ്ധയ്ക്കാണ് മനുഷ്യമക്കളോടുള്ള സ്‌നേഹത്താൽ ത്രസിക്കുന്ന തന്റെ ഹൃദയം അവിടുന്ന് ആദ്യമായി കാണിച്ചുകൊടുത്തത്. പരിശുദ്ധ കുർബാനയുടെ തിരുനാളിന്റെ ദിവസം അവിടുന്ന് വിശുദ്ധയ്ക്ക് പ്രത്യക്ഷപ്പെട്ട് തന്റെ തിരുഹൃദയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ”മനുഷ്യമക്കളോടുള്ള സ്‌നേഹത്താൽ തുടിക്കുന്ന എന്റെ ഹൃദയം കണ്ടാലും.” പല വർഷങ്ങളിലായി നടന്ന തുടർച്ചയായ പ്രത്യക്ഷപ്പെടലിലൂടെയാണ് തന്റെ തിരുഹൃദയത്തെ സംബന്ധിച്ച രഹസ്യങ്ങൾ അവിടുന്ന് മാർഗരറ്റ് മേരിക്ക് വെളിപ്പെടുത്തിയത്. തന്റെ തിരുഹൃദയം ചൂണ്ടിക്കാണച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: മനുഷ്യമക്കളോടുള്ള സ്‌നേഹത്താൽ ജ്വലിക്കുന്ന എന്റെ ഹൃദയം കാണുക. ഞാൻ മനുഷ്യരെ എത്രയധികമായി സ്‌നേഹിക്കുന്നു. എന്നാൽ മനുഷ്യർ എന്നെ എത്ര തുച്ഛമായി മാത്രം സ്‌നേഹിക്കുന്നു.”

തന്റെ ഹൃദയത്തിൽനിന്നുള്ള അവസാന തുള്ളി രക്തവും മനുഷ്യരുടെ രക്ഷയ്ക്കായി ചിന്തിയിട്ടും മനുഷ്യർ അതിനെക്കുറിച്ച് ബോധവാന്മാരാവുകയോ അവിടുത്തോട് നന്ദിയുള്ളവരായിത്തീരുകയോ ചെയ്യാത്തതിൽ കണ്ണുനീർ വാർക്കുന്ന അവിടുത്തെ തിരുഹൃദയത്തെ ചൂണ്ടിക്കാട്ടി അവിടുന്ന് പറഞ്ഞു, മനുഷ്യർ എന്നോട് യഥാവിധം നന്ദിയുള്ളവരായിരുന്നുവെങ്കിൽ തന്റെ പീഡാസഹനവും കുരിശുമരണവും അനേകവട്ടം ആവർത്തിക്കുവാൻ ഞാൻ തയാറാകുമായിരുന്നു എന്ന്. അവിടുത്തെ തിരുഹൃദയത്തെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് അവിടുത്തെ അറിയാത്തവർ അവിടുക്കേ് എതിരെ ചെയ്യുന്ന പാപങ്ങളല്ല പിന്നെയോ തനിക്കുവേണ്ടി പ്രതിഷ്ഠിക്കപ്പെട്ടവർ തന്നോടു കാണിക്കുന്ന അനാദരവും നന്ദിഹീനതയുമാണ് എന്നവിടുന്ന് മാർഗരറ്റ് മേരിക്ക് വെളിപ്പെടുത്തി. ഇതാ നമ്മെ അറിയിക്കുവാൻവേണ്ടി വിശുദ്ധയ്ക്ക് വെളിപ്പെടുത്തിയ അവിടുത്തെ വചനങ്ങൾ: ”മനുഷ്യർ എന്റെ അനന്തമായ സ്‌നേഹം അറിഞ്ഞ് കൃതജ്ഞതയുള്ളവരായിരുന്നുവെങ്കിൽ ഞാൻ അവർക്കുവേണ്ടി സഹിച്ച വേദനകളെക്കാൾ അധികമായ പീഡകൾ സന്മനസോടെ ഇനിയും സഹിക്കുമായിരുന്നു. എന്നാൽ എന്റെ ഹൃദയത്തെ അധികമായി വേദനിപ്പിക്കുന്നത് എനിക്ക് പരിപൂർണമായും പ്രതിഷ്ഠിച്ചിരിക്കുന്ന വ്യക്തികൾകൂടിയും കൃതജ്ഞതയില്ലാത്തവരായി കാണുന്നതാണ്.”

നാം തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യേണ്ട വലിയ കാര്യം ഈശോ നമ്മെ അതിരറ്റവിധം സ്‌നേഹിക്കുന്നു എന്നുമാത്രമുള്ളതല്ല. അവിടുന്ന് നമ്മുടെ സ്‌നേഹത്തെ അതിരറ്റവിധം ആഗ്രഹിക്കുന്നു എന്നുകൂടിയുള്ളതാണ്. ഈ യാഥാർത്ഥ്യത്തെക്കുറിച്ച് നാം പലപ്പോഴും ബോധവാന്മാരല്ല. സർവശക്തനും സർവ നന്മസ്വരൂപിയുമായ ദൈവത്തിന് പാപിയായ എന്റെ സ്‌നേഹം കിട്ടിയില്ലെങ്കിൽ അതുകൊണ്ട് എന്തു നഷ്ടം എന്നതാണ് നമ്മളിൽ പലരുടെയും മനോഭാവം. എന്നാൽ ഈശോയാകട്ടെ മനുഷ്യമക്കളാൽ സ്‌നേഹിക്കപ്പെടുവാൻ അതിരറ്റവിധം തന്നെ ആഗ്രഹിക്കുന്നു. താൻ വളരെയേറെ സ്‌നേഹിച്ചിരുന്ന ലുത്തുഗാർദ് എന്ന പുണ്യവതിയോട് ഈശോ ഒരിക്കൽ ചോദിച്ചു: ”നീ എന്നിൽനിന്നും എന്ത് ആഗ്രഹിക്കുന്നു?” യേശുവിന്റെ ദിവ്യസ്‌നേഹത്തിൽ ആർത്തിപൂണ്ട അവൾ യേശുവിനോട് പറഞ്ഞു: ”അങ്ങിൽനിന്നും ഞാൻ ആഗ്രഹിക്കുന്നത് അവിടുത്തെ ഹൃദയം മാത്രമാണ്.” അപ്പോൾ ഈശോ ഇപ്രകാരം പ്രത്യുത്തരിച്ചു: ”ഞാൻ ഇതിലും അധികമായി നിന്റെ ഹൃദയത്തെ ആഗ്രഹിക്കുന്നു. അതിനാൽ നിന്റെ ഹൃദയം മുഴുവൻ എനിക്ക് തരിക.” സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടാനും കൊതിക്കുന്ന ദൈവത്തിന്റെ അത്യാർത്തി കലർന്ന ഹൃദയത്തുടിപ്പുകളാണ് നാം അവിടുത്തെ വാക്കുകളിൽ ദർശിക്കുക. അതേ, ഈശോയുടെ ഹൃദയം നമ്മളാൽ സ്‌നേഹിക്കപ്പെടുവാൻ അത്യധികം ആഗ്രഹിക്കുന്നു.

നീയെന്നെ സ്‌നേഹിക്കുന്നുവോ?
ഈശോ പത്രോസ് ശ്ലീഹായ്ക്ക് താൻ രക്തം ചിന്തി വീണ്ടെടുത്ത സഭയുടെ അധികാരം ഏല്പിച്ചുകൊടുക്കുന്നതിനുമുമ്പ് അവിടുന്ന് പരിശോധിച്ചത് പത്രോസിന്റെ ഹൃദയത്തിൽ അവിടുത്തോടുള്ള സ്‌നേഹം എത്രമാത്രം ഉണ്ട് എന്നുള്ളതുമാത്രമാണ്. പത്രോസ് മറ്റെല്ലാ ശ്ലീഹന്മാരെയുംകാൾ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം ഈശോയ്ക്ക് മുന്നമേ അറിയാമായിരുന്നു. പക്ഷേ ആ യാഥാർത്ഥ്യം പത്രോസിന്റെ നാവുകൊണ്ടുതന്നെ പറഞ്ഞുകേൾക്കാൻ അവിടുന്ന് ആഗ്രഹിച്ചു. ആ സ്‌നേഹം പത്രോസ് ഏറ്റുപറയുന്നത് മറ്റു ശിഷ്യന്മാർ കേൾക്കണമെന്നും അവിടുന്ന് ആഗ്രഹിച്ചു. അതിനാൽ മറ്റു ശിഷ്യന്മാരുടെ മുമ്പിൽ വച്ചുതന്നെ ഈശോ പത്രോസിനോട് ചോദിച്ചു: ”യോഹന്നാന്റെ പുത്രനായ ശിമയോനേ നീ ഇവരെക്കാൾ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ?” അവൻ പറഞ്ഞു: ഉവ്വ്, കർത്താവേ ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ.” എന്നാൽ ഈശോ തൃപ്തനായില്ല. ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടം അവിടുന്ന് ഈ ചോദ്യം ആവർത്തിക്കുന്നു. ഓരോ പ്രാവശ്യത്തെ മറുപടിക്കുശേഷം യഥാക്രമം എന്റെ ആടുകളെ മേയിക്കുക, കുഞ്ഞാടുകളെ മേയിക്കുക, എന്റെ കുഞ്ഞാടുകളെ മേയിക്കുക എന്നു പറഞ്ഞുകൊണ്ട് സഭയുടെ വിവിധ തലങ്ങളിലുള്ളവരുടെ ഉത്തരവാദിത്വം ഈശോ പത്രോസിന് ഏൽപിച്ചുകൊടുക്കുന്നു! തന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞിനു പകരമായുള്ള സ്‌നേഹപൂർവകമായ പരിഹാരം കൂടിയായി ഈ ഏറ്റുപറച്ചിലിനെ നമുക്ക് മനസിലാക്കാം. അതേ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഉപേക്ഷകൊണ്ടും നാം അവിടുത്തെ സ്‌നേഹത്തെ തള്ളിപ്പറഞ്ഞിട്ടുള്ളതിനു പകരമായി അവിടുത്തെ തിരുഹൃദയത്തോടുള്ള പ്രതിസ്‌നേഹം കൊണ്ടും സമർപ്പണംകൊണ്ടും പരിഹാരം ചെയ്യാൻ അവിടുന്ന് നമ്മിൽ ആഗ്രഹിക്കുന്നു.

സ്വന്തജനത്തിന്റെ അവഗണന
ഈശോയെ അറിയാത്തവർ ഈശോയുടെ നേർക്ക് ചെയ്യുന്ന തള്ളിപ്പറച്ചിലുകൾ അവിടുത്തേക്ക് എളുപ്പത്തിൽ സഹിക്കുവാനാകും. എന്നാൽ അവിടുത്തേക്ക് പ്രതിഷ്ഠിക്കപ്പെട്ടവരായ മെത്രാന്മാർ, വൈദികർ, സന്യസ്തർ, അല്മായ പ്രേഷിതർ, അല്മായർ-സഭയുടെ വിവിധങ്ങളായ തുറകളിൽ ദൈവവേല ചെയ്യുന്നവർ തുടങ്ങിയവർ ഈശോയ്ക്ക് നേരെ കാണിക്കുന്ന അവഗണനയാണ് അവിടുത്തെ ഏറ്റവും വലിയ വേദനയെന്ന് വിശുദ്ധ മാർഗരറ്റ് മേരി വഴി കർത്താവ് നമ്മെ ഓർമപ്പെടുത്തുന്നു. ഈശോ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് ഗത്‌സമെനിയിൽവച്ചാണ്. യേശുവുമായി അഗാധബന്ധമുണ്ടായിരുന്ന പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ ശിഷ്യശ്രേഷ്ഠന്മാർപോലും ഈശോയുടെ ഗദ്‌സമെനിയിലെ പ്രാർത്ഥനയുടെ കഠിനമായ നിമിഷങ്ങളിൽ അവിടുന്ന് യാചനാപൂർവം ആവശ്യപ്പെട്ടിട്ടും ഒരു മണിക്കൂർ പോലും ഉണർന്നിരിക്കാൻ തയാറായില്ല. അവർ പെസഹാ ഗംഭീരമായി ഭക്ഷിച്ചതിന്റെ ആലസ്യത്തിൽ കിടന്നുറങ്ങി. ഗദ്‌സമെനിയിൽ യേശു പിടിക്കപ്പെട്ട് ബന്ധനസ്ഥനായപ്പോൾ യോഹന്നാൻ ഒഴികെയുള്ള സ്വന്തശിഷ്യന്മാർ എല്ലാവരും അവിടുത്തെ ഉപേക്ഷിച്ച് ഓടിപ്പോയി. സ്വന്തപ്പെട്ടവരാൽ ഈശോ അനുഭവിച്ച ഏറ്റവും കഠിനമായ അവഗണനയാണ് ഗദ്‌സമനിയിൽ സംഭവിച്ചത്. ഇന്നും ഈശോയെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് സഭയുടെ തലവന്മാർ പട്ടക്കാർ, സന്യസ്തർ, അല്മായ പ്രേഷിതർ, സുവിശേഷവേലക്കാർ തുടങ്ങിയവർ സക്രാരിയിൽ നമുക്കുവേണ്ടി കാത്തിരിക്കുന്ന ഈശോയോടൊപ്പം ഒരു മണിക്കൂറെങ്കിലും ഉണർന്നിരിക്കുവാൻ നേരമില്ലാതെ കാട്ടിക്കൂട്ടുന്ന നെട്ടോട്ടങ്ങളാണ്. ഇതിനെക്കുറിച്ച് ഒത്തിരിയൊത്തിരി ന്യായീകരണങ്ങൾ നമുക്ക് പറയാനുണ്ടാകും. അവ എന്തൊക്കെത്തന്നെ ആയാലും ഈയൊരു ദുരവസ്ഥ സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടാനും കൊതിക്കുന്ന യേശുവിന്റെ മാംസളഹൃദയത്തെ ഏറെ വേദനിപ്പിക്കുന്നു. ”എന്റെ ജനം രണ്ടു തിന്മകൾ പ്രവർത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കുവാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു” (ജറെമിയ 2:13). വ്യക്തിപരമായ പ്രാർത്ഥനയുടെയും കുടുംബപ്രാർത്ഥനയുടെയും സമൂഹപ്രാർത്ഥനയുടെയും സമയങ്ങൾ വെട്ടിക്കുറിച്ചുകൊണ്ട് ജീവിതവ്യഗ്രതകളാൽ നെട്ടോട്ടമോടുകയും ലൗകികസന്തോഷങ്ങളിൽ മുഴുകുകയും ചെയ്യുമ്പോൾ അവഗണിക്കപ്പെടുന്നതും വേദനിപ്പിക്കപ്പെടുന്നതും ഈശോയുടെ ദിവ്യഹൃദയവും അവിടുത്തെ ദിവ്യസ്‌നേഹവുമാണെന്ന് ഇനിയും നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. നമുക്ക് കീഴിലുള്ളവരുടെ ആത്മാക്കളെപ്പോലും പ്രാർത്ഥനാജീവിതത്തിൽനിന്നും അകറ്റുന്ന വിധത്തിൽ തീരുമാനങ്ങളും പദ്ധതികളും ഒരുക്കി കർത്താവിന്റെ സാന്നിധ്യത്തിൽനിന്നും അവരെ അകറ്റുന്നതിന് എന്തു ന്യായീകരണമാണ് നമുക്ക് പറയാനുണ്ടാവുക? നിനച്ചിരിക്കാത്ത ദിവസത്തിലും, മണിക്കൂറിലും യജമാനൻ കടന്നുവന്ന് നമ്മുടെ കാര്യസ്ഥതയുടെ കണക്ക് ചോദിക്കുമ്പോൾ നമുക്ക് ഭരമേല്പിക്കപ്പെട്ടവരുടെ ആത്മാക്കളെക്കുറിച്ച്, നമ്മുടെ തെറ്റുമൂലം അവർക്കുണ്ടായ ആധ്യാത്മിക ശുഷ്‌കതയെക്കുറിച്ച് എന്തു മറുപടിയാണ് നമുക്ക് പറയാനുണ്ടാവുക?

അനിവാര്യമായ ഒരു ഹൃദയ ശസ്ത്രക്രിയ
വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ തന്നിൽ രൂഢമൂലമായ പാപാവസ്ഥയെ ഓർത്ത് ഇപ്രകാരം വിലപിക്കുന്നത് തിരുവചനങ്ങളിൽ നമുക്ക് ശ്രവിക്കാനാവും. നന്മ ഇച്ഛിക്കാൻ എനിക്ക് സാധിക്കും. എന്നാൽ പ്രവർത്തിക്കാൻ എനിക്ക് കഴിയുകയില്ല. ഇച്ഛിക്കുന്ന നന്മയല്ല ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതു ഞാൻ ചെയ്യുന്നെങ്കിൽ അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല എന്നിൽ വസിക്കുന്ന പാപമാണ്…. ഞാൻ ദുർഭഗനായ മനുഷ്യൻ. മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്നും ആര് എന്നെ മോചിപ്പിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി ദൈവത്തിന് സ്‌തോത്രം. (റോമാ 7:19-25). മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്നും ദൈവം നമ്മെ മോചിപ്പിക്കുന്നത് തന്റെ പുത്രനായ യേശുക്രിസ്തുവഴിയാണെന്ന് പൗലോസ് ശ്ലീഹാ വ്യക്തമായി പറയുന്നു. ഒരു ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെയാണ് പിതാവായ ദൈവം അതു ചെയ്യുന്നത്. പരിശുദ്ധനും പൂർണാരോഗ്യവാനുമായ തന്റെ പുത്രനെ കൊന്ന് അവന്റെ മാംസളഹൃദയമെടുത്ത് നമ്മുടെ ഹൃദയത്തിന്റെ സ്ഥാനത്ത് തുന്നിപ്പിടിപ്പിക്കുക. പകരം പാപാസക്തി നിറഞ്ഞതും ശിലക്കു തുല്യവും മരിച്ചുകൊണ്ടിരിക്കുന്നതുമായ നമ്മുടെ ഹൃദയത്തെ സ്വപുത്രനായ യേശുവിന് നല്കി അവനെ മരിക്കാൻ വിടുക! പുത്രന്റെ ജീവൻ ത്രസിക്കുന്ന ഹൃദയം സ്വീകരിച്ച ഞാനും നിങ്ങളും അവന്റെ ജീവനാൽ ജീവിക്കുക. പാപപങ്കിലവും ശിലാതുല്യവുമായ ഹൃദയം നമ്മിൽനിന്നും സ്വീകരിച്ച പുത്രൻ നമ്മുടെ മരണത്തിന് പകരമായി മരിക്കുക! ഏതു പിതാവിന് ചെയ്യാനാകും ഇങ്ങനെയൊരു പ്രവൃത്തി? വളരെ ക്രൂരവും ഭ്രാന്തവുമായ ഒരു മഹാത്യാഗം എന്നുവേണം ഇതെക്കുറിച്ച് പറയുവാൻ. സത്യത്തിൽ ഇതല്ലേ സംഭവിച്ചത്? ”അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹന്നാൻ 3:16).

അങ്ങനെ പുത്രന്റെ ഹൃദയവും അവന്റെ ആത്മാവും സ്വീകരിച്ച നാം ജീവനുള്ളവരും പുണ്യമുള്ളവരുമായിത്തീർന്നു. അവനോ നമുക്ക് പകരമായി മരിക്കുകയും ചെയ്തു. ദൈവം തന്റെ പുത്രനിൽ വിശ്വസിക്കുന്നവർക്ക് ഹൃദയശസ്ത്രക്രിയയിലൂടെ നല്കുന്ന ഈ മാംസളമായ പുതുഹൃദയത്തെക്കുറിച്ചും അതിലൂടെ ലഭിക്കുവാൻ പോകുന്ന നിത്യജീവനെക്കുറിച്ചും നൂറ്റാണ്ടുകൾക്കുമുമ്പേ തന്റെ പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തിയിരുന്നു. ”അവർക്ക് ഞാൻ ഒരു പുതിയ ഹൃദയം നല്കും. ഒരു പുതിയ ചൈതന്യം അവരിൽ ഞാൻ നിക്ഷേപിക്കും. അവരുടെ ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാൻ കൊടുക്കും. അങ്ങനെ അവർ എന്റെ കല്പനകൾ അനുസരിച്ച് ജീവിക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും” (എസക്കിയേൽ 11:19-20). വീണ്ടുമിതാ ഒരു വാഗ്ദാനം കൂടി ”ഒരു പുതിയ ഹൃദയം നിങ്ങൾക്കു ഞാൻ നല്കും; ഒരു പുതു ചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തിൽനിന്നും ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്കും” (എസക്കിയേൽ 36:26). പ്രവാചകനായ ജറെമിയായിലൂടെ താൻ നല്കാൻ പോകുന്ന പുതിയ ഹൃദയത്തെക്കുറിച്ച് ദൈവം ഇപ്രകാരം പറയുന്നു: ”ഞാനാണ് കർത്താവ് എന്ന് ഗ്രഹിക്കുന്നതിനായി ഞാൻ അവർക്ക് ഹൃദയം നല്കും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും” (ജറെമിയ 24:7). ”അവർക്കും അവരുടെ കാലശേഷം അവരുടെ സന്തതികൾക്കും നന്മ വരുത്തുന്നതിന് അവർ എന്നേക്കും എന്നെ ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് ഏകമനസ്സും ഏകമാർഗവും നല്കും” (ജറെമിയ 32:39).

നമ്മിൽനിന്നും പാപപങ്കിലമായ ശിലാഹൃദയം എടുത്തുമാറ്റി നാം ജീവൻ പ്രാപിക്കുന്നതിനുവേണ്ടി പകരം നമുക്ക് നല്കുമെന്ന് ദൈവം വാഗ്ദാനം ചെയ്ത ആ മാംസളഹൃദയം തന്റെ പുത്രനായ യേശുവിന്റെ ദിവ്യഹൃദയമാണ്. പിതാവായ ദൈവത്തിന്റെ കല്പനകളോടും അവിടുത്തെ തിരുമനസിനോടും പൂർണമായ അനുസരണവും കീഴ്‌വഴക്കവും കാണിച്ച യേശുവിന്റെ തിരുഹൃദയമാണ് അവിടുന്ന് നമുക്ക് നല്കുന്ന മാംസളഹൃദയം. അതാണ് യേശുവിന്റെ തിരുഹൃദയം. ആരാധ്യമായ യേശുവിന്റെ മാംസളഹൃദയത്തിന് ആരാധനയും വണക്കവും പ്രതിസ്‌നേഹവും നല്കുന്നത് തനിക്ക് ഏറെ പ്രീതികരമാണെന്ന് ഈശോ വിശുദ്ധ മാർഗരറ്റ് മേരിക്ക് വെളിപ്പെടുത്തി. കൂടാതെ യേശുവിന്റെ തിരുഹൃദയം വഹിക്കുന്ന ചിത്രം പരസ്യമായ വണങ്ങപ്പെടും തക്കവിധം വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം പ്രതിഷ്ഠിക്കുന്നത് അവിടുത്തേക്ക് ഏറ്റം പ്രീതികരമാണെന്നും അവിടുന്ന് വിശുദ്ധയ്ക്ക് വെളിപ്പെടുത്തി. ഈ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന വീടുകളും സ്ഥാപനങ്ങളും ആ ചിത്രത്താൽത്തന്നെ വലിയ ദൈവാനുഗ്രഹങ്ങളാൽ പരിപാലിക്കപ്പെടുമെന്നും അവിടുന്ന് അരുളിച്ചെയ്തു.

ഇത് തിരുഹൃദയമാസം
പതിവുപോലെ ഈ വർഷവും തിരുഹൃദയവണക്കമാസം (ജൂൺ) വന്നെത്തി. ഏറ്റവും മാധുര്യവാനായ ഈശോയുടെ മധുരിക്കുന്ന തിരുഹൃദയത്തിന്റെ തിരുനാളിനുവേണ്ടി നാം കാത്തിരിക്കുന്നു. ജൂൺ 23-നാണ് ഈ വർഷം തിരുഹൃദയ തിരുനാൾ. ജൂൺ 24-ന് മാതാവിന്റെ വിമലഹൃദയത്തിരുനാളും. ഈശോയുടെ തിരുഹൃദയത്തോട് പരിശുദ്ധ അമ്മയുടെ വിമലഹൃദയം അഭേദ്യമാംവണ്ണം ഒന്നായിത്തീർന്നിരിക്കുന്നു. ദൈവേഷ്ടത്തിനുമുമ്പിൽ പൂർണമായ അനുസരണം സ്വന്തം ജീവിതത്തിലൂടെ അനുവർത്തിച്ച ഒരു മകനും ഒരു അമ്മയും! ഈശോയുടെ തിരുഹൃദയത്തിന്റെ അതേ പ്രതിഫലനം തന്നെയാണ് അമ്മയുടെ വിമലഹൃദയത്തിലും നമുക്ക് കാണാൻ കഴിയുക. ദൈവേഷ്ടങ്ങളോടുള്ള പൂർണമായ അനുസരണം, കീഴ്‌വഴക്കം, അഗാധമായ എളിമ, മാറ്റമില്ലാത്ത സമർപ്പണം, ഹൃദയശാന്തത, പാപികളോടുള്ള അഗാധമായ കരുണ, അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായവരോടുള്ള അനുകമ്പ എന്നീ പുണ്യങ്ങൾ ഈശോയുടെ തിരുഹൃദയത്തിലെന്നതുപോലെ തന്നെ മേരി മാതാവിന്റെ വിമലഹൃദയത്തിലും വിളങ്ങിനില്ക്കുന്നു.

”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” (മത്തായി 11:28-30) എന്നരുളിച്ചെയ്ത ഈശോനാഥൻ നമ്മുടെ ഭാരങ്ങളെ ലഘൂകരിക്കട്ടെ. രോഗങ്ങളെ സൗഖ്യപ്പെടുത്തട്ടെ, സഹനങ്ങളെ മധുരീകരിക്കട്ടെ. മാധുര്യം നിറഞ്ഞ ഒരു തിരുഹൃദയമാസവും തിരുഹൃദയത്തിരുനാളും അമ്മയുടെ വിമലഹൃദയത്തിരുനാളും ആശംസിക്കുന്നു. രാജാധിരാജാവായ യേശുവിന്റെ തിരുഹൃദയം എല്ലായിപ്പോഴും എല്ലായിടത്തും വിജയിക്കട്ടെ. ജയ് യേശു, ആവേ മരിയ.

സ്റ്റെല്ല ബെന്നി

 

1 Comment

  1. Meera George says:

    Mrs.Stella Benny’s is very much touching for me,Praise the LORD

Leave a Reply

Your email address will not be published. Required fields are marked *