കൃപയൊഴുകാൻ സുവർണ്ണ നിയമം

പെങ്ങളുടെ കുട്ടിക്ക് അവളുടെ ഉപദേശം ശല്യമാകുന്നുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു: ”എപ്പോഴും കൊച്ചിനോട് പഠിക്കണം, പഠിക്കണം എന്ന് പറയണ്ടട്ടോ.” അപ്പോൾ പെങ്ങൾ എന്നോട് പറഞ്ഞതിങ്ങനെയാണ്: ”ഞാൻ പറയും അച്ചാ… ഇനിയും പറയും… എനിക്ക് പറയാതിരിക്കാനാവില്ല. കാരണം അവൻ എന്റെ മകനായിപ്പോയി. ഞാൻ ഇന്ന് പറയാതിരുന്നതിന്റെ പേരിൽ നാളെ അവൻ കഷ്ടപ്പെടാനും അലയാനും പാടില്ല.” പിന്നെ ഞാനൊന്നും പറഞ്ഞില്ല. കാരണം അത് നൊന്തുപെറ്റ ഒരു അമ്മയുടെ ഹൃദയവേദനയാണ്. മക്കൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മക്കളുടെ നന്മയ്ക്കുവേണ്ടി വീണ്ടും വീണ്ടും മക്കളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന അമ്മ.

പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അമ്മ വീണ്ടും വീണ്ടും പറയുന്നത്. ദൈവം നമ്മുടെ അമ്മയെപ്പോലെതന്നെ. അവിടുന്ന് ആവർത്തിച്ചു പറയുന്നതാകട്ടെ ക്ഷമയെക്കുറിച്ചാണ്. നാം മനുഷ്യരാണെന്നും ബലഹീനതയുണ്ടെന്നും പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരാണെന്നും ഉള്ളിൽ ദേഷ്യം ഉണ്ടാകാറുണ്ടെന്നുമൊക്കെ നമ്മെ സൃഷ്ടിച്ച ദൈവത്തിന് നന്നായറിയാം. എന്നിട്ടും ദൈവം പറയുകയാണ്, നീ ക്ഷമിക്കണം… ഇല്ലെങ്കിൽ നീ അഭിവൃദ്ധിപ്പെടില്ല. ”ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ നിന്റെ മതിലുകൾ എപ്പോഴും എന്റെ മുമ്പിലുണ്ട്” (ഏശയ്യാ 49:15). നാം ക്ഷമിക്കാതിരുന്നാൽ അത് നമ്മുടെ ആത്മീയജീവിതത്തിൽ ഒരു മതിലായി രൂപാന്തരപ്പെടും. പിന്നെ നമുക്ക് ദൈവത്തിന്റെ കൃപ സ്വീകരിക്കാൻ ആ മതിൽ ഒരു വലിയ തടസമാകും.

സുവർണനിയമം
മിശിഹാനാഥൻ ആവർത്തിച്ചാവർത്തിച്ച് നമ്മോട് പറയുന്ന വചനങ്ങൾ നമുക്കൊന്ന് ധ്യാനിക്കാം. ”നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓർത്താൽ, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക” (മത്തായി 5:23-24). എനിക്ക് മറ്റുള്ളവരോട് വിരോധമുണ്ടോ എന്നല്ല കർത്താവ് ചോദിക്കുന്നത്. മറിച്ച് മറ്റുള്ളവർക്ക് എന്നോട് എന്തെങ്കിലും വിരോധമുണ്ടോ എന്നാണ്. ബലി അർപ്പിക്കുന്നതും അതിൽ പങ്കെടുക്കുന്നതും ഒക്കെ വളരെ വലിയ കാര്യംതന്നെയാണ്. പക്ഷേ, മനസിൽ വിദ്വേഷം വച്ചുകൊണ്ട് ബലിയിൽ പങ്കെടുത്തിട്ട് ഒരു പ്രയോജനവുമില്ല. അനുരഞ്ജനം കൂടാതെ കൃപ സ്വീകരിക്കുക സാധ്യമല്ല എന്ന് സാരം.

ക്രിസ്തു പഠിപ്പിച്ച മറ്റൊരു വചനം, ”മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ” (മത്തായി 7:12). ഇത് ബൈബിളിലെ സുവർണനിയമം എന്നറിയപ്പെടുന്നു. നാം പലപ്പോഴും നമ്മെക്കുറിച്ച് മാത്രമാണ് ചിന്തിക്കാറുള്ളത്. എന്നെ സ്‌നേഹിക്കണം, എന്നെ ബഹുമാനിക്കണം, എന്നെ സഹായിക്കണം, എന്നോട് നല്ല വാക്ക് പറയണം, ഇങ്ങോട്ട് വന്ന് ക്ഷമ പറയണം എന്നൊക്കെ. എന്നാൽ ഈശോ പറയുകയാണ്, നീ ഇങ്ങോട്ടു പ്രതീക്ഷിക്കാതെ അങ്ങോട്ട് കൊടുക്കാൻ. ഇങ്ങോട്ട് വന്ന് ക്ഷമ പറയാൻ ആഗ്രഹിക്കാതെ നീ എളിമപ്പെട്ട്, കർത്താവിൽ വിശ്വസിച്ച് അങ്ങോട്ടുപോയി ക്ഷമ പറയാൻ. കാരണം വിദ്വേഷം എന്ന മതിൽ പൊളിച്ചുമാറ്റേണ്ട ആവശ്യം നിന്റേതാണ്.

ഈശോ നിയതമായ ഒരു പ്രാർത്ഥനയേ നമ്മെ പഠിപ്പിച്ചിട്ടുള്ളൂ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന ഒരേയൊരു പ്രാർത്ഥന. ലോകം സൃഷ്ടിച്ച ഒരുവൻ ഒരു പ്രാർത്ഥന പഠിപ്പിക്കുമ്പോൾ അതിൽ എന്തെങ്കിലും വിശേഷിച്ച് കാണാതിരിക്കുമോ? ഈ പ്രാർത്ഥനയിൽ വലിയൊരു കെണി കിടപ്പുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന നാം കെണിയിലാകും. ഈശോ പഠിപ്പിക്കുകയാണ്: ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ (മത്തായി 6:9-14) എന്ന്. മറ്റുള്ളവരോട് ക്ഷമിക്കാതെ കർത്താവിന്റെ കരുണയും കൃപയും നമുക്ക് കിട്ടില്ല എന്ന് വ്യക്തം.
നമുക്ക് മറ്റുള്ളവരോട് പിണങ്ങി നടക്കാനോ വിദ്വേഷം കൊണ്ടുനടക്കാനോ അവകാശമില്ല. വചനം പഠിപ്പിക്കുന്നു, ”ശത്രുവിന് വിശക്കുമ്പോൾ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക; അത് അവന്റെ തലയിൽ പശ്ചാത്താപത്തിന്റെ തീക്കനൽ കൂട്ടും. കർത്താവ് നിനക്ക് പ്രതിഫലം നൽകുകയും ചെയ്യും” (സുഭാഷിതങ്ങൾ 25:21-22).

ക്ഷമിച്ചാലുള്ള ഗുണത്തെക്കുറിച്ച് വളരെ വ്യക്തമായി തിരുവചനം പഠിപ്പിക്കുന്നുണ്ട്. അപ്പസ്‌തോല പ്രവർത്തനത്തിൽ (7:54-60) സ്‌തേഫാനോസിന്റെ ദാരുണമായ അന്ത്യം വിവരിക്കുന്നിടത്താണ് അത്. ഒരു തെറ്റും ചെയ്യാത്ത നിഷ്‌കളങ്കനും നീതിമാനുമായ ഒരുവനെ സമൂഹത്തിലെ ഒരു വിഭാഗം കള്ളക്കുറ്റം ചുമത്തി, ചതിച്ച് കൊല്ലുന്നതാണ് രംഗം. ചതിക്കപ്പെടുമ്പോൾ, പീഡിപ്പിക്കപ്പെടുമ്പോൾ എങ്ങനെയാണ് ക്ഷമിക്കാൻ പറ്റുക. സ്‌തേഫാനോസ് എന്തു ചെയ്തു? ”അവൻ മുട്ടുകുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു. കർത്താവേ, ഈ പാപം അവരുടെമേൽ ആരോപിക്കരുത്. ഇത് പറഞ്ഞ് അവൻ മരണനിദ്ര പ്രാപിച്ചു” (അപ്പസ്‌തോലപ്രവർത്തനങ്ങൾ 7:60). എന്നിട്ട് സ്‌തേഫാനോസിന് എന്ത് ഫലം കിട്ടി?

രണ്ട് അനുഗ്രഹങ്ങൾ
അവന് ലഭിച്ച രണ്ട് അനുഗ്രഹങ്ങളെക്കുറിച്ച് തിരുവചനം പഠിപ്പിക്കുന്നുണ്ട്. ഒന്ന്, ”അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗത്തിലേക്ക് നോക്കി ദൈവത്തിന്റെ മഹത്വം ദർശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു. അവൻ പറഞ്ഞു, ഇതാ സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നതും ഞാൻ കാണുന്നു” (7:55). ഒന്നാമത് കിട്ടിയത് ത്രിത്വാനുഭവമാണ്, സ്വർഗസൗഭാഗ്യമാണ്. രണ്ടാമത് കിട്ടിയ ഭാഗ്യം പാപിയുടെ മാനസാന്തരമാണ്. ക്ഷമിച്ച് പ്രാർത്ഥിച്ച് ശത്രുവായ സാവൂളിന്റെ ശിരസിൽ പശ്ചാത്താപത്തിന്റെ തീക്കനൽ കൂട്ടാൻ സ്‌തേഫാനോസിനായി. കർത്താവിനും സഭയ്ക്കുംവേണ്ടി ഒരു ശക്തനായ ഒരു ആത്മാവിനെ നേടാനും…

പലരോടും ക്ഷമിക്കാൻ പറ്റാത്തവരിൽ ആരെങ്കിലും ഈ ലേഖനം വായിക്കുകയാണെങ്കിൽ ഒരുകാര്യം ഓർക്കുക. നിന്നെക്കാൾ വഞ്ചിക്കപ്പെട്ട, ചതിക്കപ്പെട്ട, അപമാനിക്കപ്പെട്ട, നിന്റെ ക്രിസ്തു, ദൈവമായിരുന്നിട്ടുപോലും തന്റെ ശത്രുക്കളോട് ക്ഷമിച്ച് നിനക്ക് മാതൃക കാട്ടി. അവൻ ആവർത്തിച്ചാവർത്തിച്ച് നിന്നോട് പറയുകയാണ്, നീ ക്ഷമിക്കണം… ക്ഷമിക്കാതെ നിനക്ക് ദൈവകൃപ സ്വീകരിക്കാനാവില്ല… നമുക്ക് കർത്താവിന്റെ ഔദാര്യത്തെയും കരുണയെയും നിസാരമായി കരുതാതിരിക്കാം.

ഫാ. വർഗീസ് ഇത്തിത്തറ

Leave a Reply

Your email address will not be published. Required fields are marked *