കൃമികളുടെ കൃമികളുടെ കൂട്ടുകാരൻ 

കുഷ്ഠരോഗിയാണെന്ന് അറിഞ്ഞ നിമിഷം, മനസ് നിശ്ചലമായിപ്പോയി, ഹൃദയം തകർന്നു പൊടിഞ്ഞു, ജീവൻ വേർപിരിയുന്ന വേദന. സങ്കടം സഹിക്കാഞ്ഞ് ആശ്രമത്തിലെ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിനരികിലേക്ക് അവൾ ഓടി. നൊമ്പരമെല്ലാം അമ്മയോട് പറയണം, അരുകിൽ ഇത്തിരിനേരം ഇരുന്ന് ഒന്നുകരയണം. പക്ഷേ, അടുത്തെത്തിയില്ല, കണ്ടവർ കണ്ടവർ ശകാരിച്ച് ഓടിച്ചു. ‘അമ്മേ… എന്റെ അമ്മേ..’ നിശബ്ദം തേങ്ങി തേങ്ങി ആ പാവം മുഖംപൊത്തി തിരികെയോടി. അമ്മയ്ക്കരിെക എത്താൻ കഴിയാത്ത നൊമ്പരത്തോടൊപ്പം അറപ്പോടെ ആട്ടിയോടിക്കപ്പെട്ടപ്പോൾ, അതും അതുവരെ തോളിൽ കയ്യിട്ടു നടന്നവർ- മനസ് താങ്ങിയില്ല എല്ലാംകൂടെ.

ബൽജിയത്ത്- ബ്രസൽസിനടുത്തുള്ള സ്‌കാർബീക്കിലെ സിസ്റ്റേഴ്‌സ്യൻ ബനഡിക്‌ടൈൻ അൽമായ സന്യാസിനിയാണ് ആലിസ്. അതീവസുന്ദരിയും അസാധാരണ ബുദ്ധിമതിയുമായ ആലിസിനെ പഠനസൗകര്യത്തിനായി ഏഴാം വയസിൽ മാതാപിതാക്കൾ സിസ്റ്റേഴ്‌സ്യൻ കോൺവെന്റിൽ താമസിപ്പിച്ചു. ദൈവസ്‌നേഹവും എളിമയും നിറഞ്ഞിരുന്ന ആലിസ് ഈശോയോടൊപ്പം നിത്യമായി ജീവിക്കാനാഗ്രഹിച്ച് കോൺവെന്റിൽ തുടർന്നെങ്കിലും ചെറുപ്പത്തിലേ കുഷ്ഠരോഗിയായി.

സമൂഹജീവിതമാഗ്രഹിച്ചിട്ട് ആശ്രമത്തിന് പുറത്ത് താല്ക്കാലിക കുടിലിൽ എപ്പോഴും തനിച്ചിരിക്കേണ്ട അവസ്ഥ. അവിടെ അവളെ പൊതിഞ്ഞുനിന്ന ഏകാന്തതയും അവഗണനയും ഒറ്റപ്പെടലും അവളുടെ ആത്മാവിനെ എത്ര ഇടിച്ചുതാഴ്ത്തിയിരിക്കാം. എന്നിട്ടും തന്റെ ദൈവവിളിയെക്കുറിച്ച് അവളിൽ സംശയമുയർന്നില്ല! മനുഷ്യരക്ഷയ്ക്ക് ഗത്‌സെമിനിയിൽ പിതാവിന്റെ ഹിതംനിറവേറ്റാൻ സ്വയം കത്തിയമർന്ന ഈശോയുടെ ആന്തരിക സഹനത്തോട് അവളും ചേർന്നു. മറ്റാർക്കും മനസിലാക്കാനാകാത്ത ആന്തരിക സഹനത്തിന്റെ- ശാരീരികവും-കാസ ഈശോയോടൊപ്പം അവൾ മട്ടുവരെ കുടിച്ചു- ഒരു ദിവസമല്ല, എല്ലാ ദിവസവും. ദിവ്യകാരുണ്യ ഈശോ മാത്രമായിരുന്നു അവളുടെ ആശ്രയവും ആശ്വാസവും.

ദൈവഹിതത്തോടുള്ള അതിരറ്റ വിധേയത്വവും വിശ്വസ്തതയും ആലിസിനെ ക്രൂശിതനായ ഈശോയോട് അനുരൂപയാക്കി. ശരീരത്തിന്റെ ഓരോ അണുവിലും കുത്തിപ്പറിക്കുന്ന അതിഭീകര വേദനയിലൂടെ അവൾ കടന്നുപോയി. രോഗത്തിന്റ വേദനയെക്കാൾ മറ്റുള്ളവരുടെ അറപ്പും വെറുപ്പും മുഖംതിരിക്കലും അകറ്റിനിർത്തലുമെല്ലാം അവൾ അതിന്റെ തീവ്രതയിൽ കയ്ച്ചിറക്കി. എന്നാൽ ഒരു ദിനം ആത്മാവിലെ സഹനത്തീ പുറത്തേക്കാളി.

രോഗം തീർച്ചപ്പെടുത്തുംമുമ്പൊരു ദിവ്യകാരുണ്യ സ്വീകരണസമയം. സഹസന്യാസിനിമാരോടോപ്പം ആലിസ് ദിവ്യകാരുണ്യം സ്വീകരിക്കാൻ അൾത്താരയിലെത്തി. എന്നാൽ ഭയംമൂലം വൈദികൻ അവൾക്ക് തിരുരക്തം നിഷേധിച്ചു. തന്റെ ജീവനായ ഈശോയുടെ തിരുരക്തത്തിന്റെ സ്‌നേഹ ലഹരിയിൽ മുങ്ങിത്താഴാൻ കൊതിച്ച ആ സ്‌നേഹഹൃദയത്തിന് സഹിച്ചില്ല അത്. സങ്കടംമുഴുവൻ ഉള്ളിലെ ഈശോയോടുള്ള പരാതിയായി. ആ സങ്കടത്തീയിൽ അവിടുന്ന് അവൾക്ക് പ്രത്യക്ഷനായി: ‘ഓ എനിക്കേറ്റം പ്രിയപ്പെട്ട എന്റെ കുഞ്ഞേ, എന്തിനിങ്ങനെ കരയുന്നു? എന്റെ ശരീരം സ്വീകരിച്ചവർ എന്റ രക്തത്താലും നവീകരിക്കപ്പെട്ടതല്ലേ? എന്റെ ശരീരത്തിലും രക്തത്തിലും ഞാൻ പൂർണമായും വസിക്കുന്നു. പിന്നെന്തിന് നീ വിഷമിക്കണം?’

ആശ്രമത്തിലെ ചാപ്ലെയ്ൻ ഒരുദിവസം ദിവ്യകാരുണ്യവുമായി അവളുടെ കുടിലിന്റെ വാതില്ക്കലെത്തി. അവളെ കണ്ടമാത്ര… അറപ്പോടെ അദ്ദേഹം ഞെട്ടി, പിന്തിരിഞ്ഞുപോയി. അത്ര ഭീകരമായിരുന്നു അവളുടെ രൂപം. ഏശയ്യാപ്രവാചകൻ വിവരിക്കുന്ന സഹനദാസനായ ക്രിസ്തുവിന്റെ മറ്റൊരു പകർപ്പായി ആലിസ്. ‘മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദു:ഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു’ (ഏശയ്യാ 53:3). ‘നമ്മുടെ വേദനകളാണ് അവൻ സഹിച്ചത്, ദു:ഖങ്ങളാണ് വഹിച്ചത്’ എന്ന് ഈശോയെക്കുറിച്ച് പറഞ്ഞിരിക്കുന്നതുപോലെ ആലിസ് സഹിച്ചത് മറ്റുള്ളവരുടെ സങ്കടങ്ങളും വേദനകളും രോഗങ്ങളുമായിരുന്നു. കാരണം അവളുടെ സൗഖ്യപ്പെടാത്ത രോഗത്തിന്റെ സഹനശക്തി മറ്റുള്ളവർക്ക് സൗഖ്യവും ആശ്വാസവുമേകി.

കുഷ്ഠമെന്ന ഭീകര പകർച്ചവ്യാധി ആലിസിനെ അംഗവിഹീനയാക്കിയെങ്കിലും മറ്റാരിലേക്കും പകരാൻ ദൈവം അനുവദിച്ചില്ല, എന്നാൽ മറ്റൊന്ന് അവളിൽനിന്നും മറ്റുള്ളവരിലേക്ക് പകർന്നു- വിശുദ്ധിയുടെ സൗരഭ്യവും സൗഖ്യവും ആശ്വാസവും വിടുതലും മാനസാന്തരങ്ങളും. ആശ്വാസം ലഭിക്കാത്തവളിൽ നിന്ന് അനേകർ ആശ്വാസം നുകർന്നു, സൗഖ്യമില്ലാത്ത രോഗത്തിന്റെ കാഠിന്യം ചുറ്റുമുള്ളവരിലേക്ക് സൗഖ്യമായൊഴുകി.

ഒരുദിവസം സിസ്റ്റർ ഇഡാ ആലിസിനെ കാണാൻ കുടിലിലെത്തി. ഭയപ്പെട്ടോടുംവിധം വിരൂപയായ അവളെക്കണ്ട് സിസ്റ്റർ വിതുമ്പി കരഞ്ഞു. എന്നാൽ ആലിസ് ആശ്വസിപ്പിച്ചു: ‘പ്രിയ സിസ്റ്റർ, ഒട്ടും വിഷമിക്കരുത്. എന്റെ ഈ സഹനങ്ങൾ ശുദ്ധീകരണസ്ഥലത്ത് നിത്യമായി ക്ലേശിക്കുന്നവർക്ക് വലിയ ആശ്വാസമാണ്. ഒപ്പം ലോകത്തിൽ പാപത്തിന്റെ പിടിയിലമർന്നിരിക്കുന്നവർക്ക് വിടുതലും. അനേകരെ നിത്യനരകത്തിൽ നിന്ന് രക്ഷിക്കാനും ഈ വേദനകൾ ദൈവം ഉപയോഗിക്കുന്നു. എന്റെ ശരീരത്തെ രോഗം അതിവേഗം കാർന്നുതിന്നുകൊണ്ടിരിക്കുന്നത്രതന്നെ വേഗത്തിൽ ജീവിക്കുന്നവർ രക്ഷിക്കപ്പെടുകയും മരിച്ചവർ മോചിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിൽ നമുക്ക് സന്തോഷിക്കാം. വിശുദ്ധ പൗലോസ്ശ്ലീഹാ പറയുംപോലെ ..’ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു’ (2കോറിന്തോസ് 4:12).

രോഗം ആലിസിന്റെ ശരീരമാസകലം- ശിരസ് മുതൽ പാദംവരെ നിർജീവമാക്കി. വയസൻമരംപോലെ കഠിനമായി അവളുടെ ത്വക്ക്. ആരും സഹായിക്കാനില്ലാത്ത അവളുടെ കരങ്ങൾ അത്യാവശ്യ ഉപയോഗത്തിനുപോലും കൊള്ളില്ലാത്തവിധം ചുരുങ്ങി വികൃതമായി. ”അവളെ കണ്ടവരെല്ലാം ഭീകര പിശാചിനെ കണ്ടാലെന്നപോലെ ഭയന്ന് ഞെട്ടിവിറച്ചു. ഇത്ര ഭീകരവും വിരൂപവുമായ മറ്റൊന്നും ഭൂവിലില്ലെന്ന് തോന്നത്തക്ക ഭയജന്യമായിരുന്നു ആലിസിന്റെ ബാഹ്യരൂപം” (ജീവചരിത്രകാരൻ).

ആഗ്രഹിച്ച സമൂഹജീവിതം ലഭിച്ചില്ലെങ്കിലും ക്രിസ്തു അവൾക്കു കൂട്ടുകാരനായി, പിതാവായി, സഹോദരനായി, അന്നദാതാവായി. അവൾക്ക് വേണ്ടതെല്ലാം അവിടുന്ന് നല്കി. ”എന്റെ കുഞ്ഞേ, ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല. ഉപേക്ഷിക്കുകയും ഇല്ല”-അവിടുന്ന് കൊടുത്ത ഉറപ്പ്.

ക്രിസ്തുവിനൊപ്പം സ്‌നേഹത്തിന്റെ കൂദാശയായിത്തീരുകയായിരുന്നു ആലിസ്. മുറിഞ്ഞ് പകരുന്നവനെ സ്വീകരിച്ച്, മുറിയാനും മറ്റുള്ളവർക്ക് പങ്കുവയ്ക്കപ്പെടാനുമാണ് അവിടുന്ന് തന്നെ ക്ഷണിച്ചിരിക്കുന്നതെന്ന തിരിച്ചറിവിൽ അവൾ തന്റെ ഏകാന്തതയും അപമാനവും സഹനങ്ങളും അവിടുത്തെ തിരുഹൃദയ മുറിവിൽ ചേർത്തു. അങ്ങനെ അവിടുത്തെപ്പോലെ, ആത്മാവിലും ശരീരത്തിലും മുറിവേറ്റവർക്ക,് മുറിവേറ്റ സൗഖ്യദാതാവായി.
പശ്ചിമ യൂറോപ്യൻ രാജ്യങ്ങളായ നെതർലാൻഡ്‌സും ബൽജിയവുമുൾപ്പെടെയുള്ള തീരപ്രദേശങ്ങളെ മുഴുവൻ ദൈവസ്‌നേഹാഗ്നിയാൽ ജ്വലിപ്പിച്ച പുണ്യ മഹതിയായ ആലിസ് 13-ാം നൂറ്റാണ്ടിന്റെ വിശുദ്ധയാണ്. ”വിശുദ്ധ ആലിസിനെ സകല സന്യാസികളും ഹൃദയത്തിലേറ്റേണ്ടിയിരിക്കുന്നു, കാരണം അവർ വിനയത്തിന്റെ പൂർണരൂപമാണ്” എന്ന് പ്രമുഖ മിസ്റ്റിക്ക് തോമസ് മെർട്ടൻ. ക്രിസോഗോണസ് വാഡൽ, ഡോം ജയിംസ് ഫോക്‌സ് തുടങ്ങിയ ആത്മീയ പിതാക്കന്മാർ ‘ക്രൂശിതനായ ക്രിസ്തുവിന്റെ തനിപ്പകർപ്പ്’എന്നാണ് അവളെ വിശേഷിപ്പിക്കുന്നത്.

ആലിസിന്റെ ജീവിതം വർണനാതീതമായ ആശ്വാസമണ് മനസിലേക്കിട്ടത്. ദൈവത്തിന്റെ പരിശുദ്ധിക്ക് മുമ്പിൽ നില്ക്കുമ്പോൾ ആത്മനിന്ദമൂലം അവിടുത്തെമുഖത്തു നോക്കാനാകാതെപോയ എത്ര സന്ദർഭങ്ങൾ! ‘ഈശോ, സോറി’ എന്നു പറയാൻപോലും അർഹതയില്ലാതെ, കുറവുകളെപ്രതി നീറിനീറി വേകുമ്പോൾ, സ്വയം വെറുപ്പുതോന്നിയപ്പോൾ, ഒപ്പം മറ്റുള്ളവരാലും നിന്ദിക്കപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുമ്പോൾ, ഈശോയ്ക്കും വെറുപ്പാണോ എന്നോർത്തുപോയ നിമിഷങ്ങൾ. ‘ഞാനൊരു മനുഷ്യനല്ല, കൃമിയത്രേ’ എന്നുരുകുമ്പോൾ വിശുദ്ധ ആലിസിന്റെ ഈശോയേകുന്ന പ്രത്യാശ എത്ര ഉന്നതം! ആശ്രമത്തിൽനിന്നും പുറന്തള്ളപ്പെട്ട്, സകലരും അറയ്ക്കുകയും വെറുക്കുകയും ചെയ്ത ആലിസിന് കൂട്ടായവൻ, എപ്പോഴും അവളുടെ കൂടെ നിന്നവൻ, പിതാവും സംരക്ഷകനും ആശ്വാസവും ആയവൻ ആരൊക്കെ വെറുത്താലും അകറ്റി നിർത്തിയാലും അറപ്പോടെ കണ്ടാലും, സ്വയം അറപ്പുതോന്നിയാലും വെറുക്കില്ലെന്നുമാത്രമല്ല വാരിപ്പുണരുകയും ശ്വാസംമുട്ടുമ്പോലെ സ്‌നേഹിക്കുകയും ചെയ്യുമെന്നുറപ്പായി. ‘എനിക്കേറ്റം പ്രിയപ്പെട്ട എന്റെ കുഞ്ഞേ’ എന്നല്ലേ അവിടുന്ന് ആലിസ് എന്ന കുഷ്ഠരോഗിയെ വിളിച്ചത്.

ഫ്രാൻസിസിന്റെ അമ്മ പരാതിപ്പെട്ടു: ”മോനേ, നീ എപ്പോഴും കുഷ്ഠരോഗികൾക്കൊപ്പമാണല്ലോ.” ”അമ്മേ, ആത്മാവിൽ  കുഷ്ഠമില്ലാത്തവരില്ല” എന്നായിരുന്നു വിശുദ്ധന്റെ മറുപടി. ”ഒരു കുഷ്ഠരോഗി അടുത്തുവന്ന് താണുവണങ്ങിപ്പറഞ്ഞു: കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. യേശു കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ട്, അരുളിച്ചെയ്തു: എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധി വന്നു” (മത്തായി 8:2-3) എന്നു വായിക്കുമ്പോഴുണ്ടാകുന്ന ആശ്വാസം എത്ര വലുത്!

ശരീരത്തിൽ കുഷ്ഠം ബാധിച്ചവരെ തൊട്ടവൻ ആത്മാവിൽ കുഷ്ഠംപിടിച്ചവരെയും തൊടും. ഒരു സാധാരണ മനുഷ്യവ്യക്തിയായ മദർ തെരെസ കുഷ്ഠരോഗിയെ ആലിംഗനം ചെയ്തു മുറിവിൽ ചുംബിച്ചെങ്കിൽ, ദുർഗന്ധത്തോടെ പുഴുവാർക്കുന്ന വികൃതമായ ആത്മാവിനെ ഈശോ കൂടുതൽ ചേർത്തുപിടിക്കും. തിരുവചനത്തിലൂടെ അവിടുന്ന് വാക്കുതരുന്നു: ”തന്റെ സ്‌നേഹത്തിൽ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിർക്കും. ഞാൻ നിന്നിൽനിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു നിന്ദനമേൽക്കേണ്ടിവരുകയില്ല” (സെഫാനിയാ 3:18).
സമൂഹം ഭയത്തോടെ അകറ്റിയ, അറപ്പോടെ പുറംതള്ളിയ ആലിസിനെ വിശുദ്ധയാക്കിയ അവിടുന്ന്, നമ്മുടെ ആത്മാവിലെ അശുദ്ധി, വൈരൂപ്യം എത്ര ഭയജന്യമാണെങ്കിലും, പ്രതീക്ഷിക്കാൻ ഒന്നുമില്ലെങ്കിലും വൃത്തികെട്ട പുഴുവാർക്കുന്ന നമ്മുടെ മുറിവുകളിൽ അവിടുന്ന് സ്‌നേഹാർത്തനായി ഉമ്മവച്ചുമ്മവച്ച് വിശുദ്ധമാക്കും, അല്ല മറ്റൊരു ക്രിസ്തുവാക്കും. വിശുദ്ധ ആലിസിനെപ്പോലെ ക്രിസ്തുവിന്റെ തനിപ്പകർപ്പ്.

ആൻസിമോൾ ജോസഫ്

1 Comment

Leave a Reply

Your email address will not be published. Required fields are marked *