വിഷമിപ്പിച്ച ദൈവത്തിന്റെ രൂപം

ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ചുറ്റും നടക്കുന്നതൊന്നും അറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഐലീൻ. ചുരുക്കത്തിൽ ഐലീനെ പരിചരിക്കുക എന്നാൽ അതൊരു നന്ദി ലഭിക്കാത്ത ജോലിയായിരിക്കുമെന്ന് അമേരിക്കയിലെ ആ ആശുപത്രിയിലെല്ലാവർക്കും അറിയാമായിരുന്നു. എല്ലാവരും ഒരു ജീവനില്ലാത്ത വസ്തുവിനെപ്പോലെയാണ് അവളെ കരുതിയിരുന്നത്. എന്നാൽ അവളെ പരിചരിക്കാൻ നിയോഗിക്കപ്പെട്ട പുതിയ നഴ്‌സ് വ്യത്യസ്തമായി പരിചരിച്ചു. അവൾ ഐലീനോട് സംസാരിക്കും, അവൾക്കായി പാട്ടു പാടും, അവളെ പ്രോത്സാഹിപ്പിക്കും, എന്തിന് ഇടയ്ക്ക് കൊച്ചുസമ്മാനങ്ങൾപോലും നല്കും!

ആ വർഷത്തെ കൃജ്ഞതാപ്രകാശനദിനം വന്നെത്തി. രാജ്യത്തെല്ലാവരും നന്ദിയർപ്പിക്കുന്ന ദിവസം. അന്ന് വളരെയധികം അസ്വസ്ഥതയോടെയായിരുന്നു നഴ്‌സ് ഐലീനരികിലെത്തിയത്. അവൾ പറഞ്ഞു, ”ഞാനിന്ന് പ്രഭാതത്തിൽ മോശം മാനസികാവസ്ഥയിലായിരുന്നു. ഇന്നത്തെ ദിനം മുഴുവൻ മോശമാകുമെന്ന് തോന്നി. പക്ഷേ ഇപ്പോൾ, നിന്റെയടുത്ത് എത്തിയപ്പോൾ, എനിക്ക് സന്തോഷമാണ്. ഇന്ന് ഈ കൃതജ്ഞതാപ്രകാശനദിനത്തിൽ നിന്നെ കാണാതെയിരിക്കാൻ ഞാനാഗ്രഹിച്ചില്ല. ഇന്ന് താങ്ക്‌സ് ഗിവിംഗ് ഡേയാണെന്ന് നിനക്കറിയാമോ?”

ആ സമയത്ത് ടെലിഫോൺ മണിയടിച്ചു. അതെടുക്കാനായി തിരിഞ്ഞതിനിടക്ക് നഴ്‌സ് പെട്ടെന്ന് ഐലീനെ ഒന്നു നോക്കി. അപ്പോഴാണ് ആ ആശ്ചര്യപ്പെടുത്തുന്ന ദൃശ്യം കണ്ടത്. ഐലീൻ തന്നെ സൂക്ഷിച്ച് നോക്കിയിരിക്കുകയാണ്, കരയുന്നുമുണ്ട്. തലയിണയിൽ കണ്ണീര് വീഴുന്നതിന്റെ വലിയ വൃത്തങ്ങൾ രൂപപ്പെടുന്നു. അവളുടെ ശരീരം മുഴുവൻ വിറയ്ക്കുന്നു! ആ സംഭവത്തിനു മുൻപോ പിൻപോ ഐലീൻ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. പക്ഷേ അതോടെ ആശുപത്രിജീവനക്കാർക്ക് അവളോടുണ്ടായിരുന്ന മനോഭാവം മാറി. അധികം വൈകാതെ ഐലീൻ യഥാർത്ഥ കൃജജ്ഞതാപ്രകാശനത്തിനായി ദൈവത്തിനടുക്കലേക്ക് യാത്രയായി.

ഏതു രോഗിയിലും ദൈവത്തിന്റെ ഛായ തിരിച്ചറിയാൻ പരിശീലിച്ച വഴികളിൽ വേറിട്ട ഒരു ദൈവമുഖം കണ്ട സംഭവം. ആ നഴ്‌സ് പിന്നീട് തന്റെ ഹൃദയഹാരിയായ അനുഭവം ലോകത്തോട് പങ്കുവച്ചു. നമ്മെ വേദനിപ്പിക്കുന്ന രീതിയിൽ വേഷം മാറിയെത്തുന്ന ദൈവത്തിന്റെ രൂപമായിരുന്നു ഐലീനിലേത്. തിരിച്ചറിയാൻ വിഷമമായിരുന്നെങ്കിലും…

കടപ്പാട്: സ്റ്റോറീസ് ഫ്രം ദ ഹാർട്ട് – റെബേക്ക മാൻലീ പിപ്പെർട്ട്

 

Leave a Reply

Your email address will not be published. Required fields are marked *