സമൃദ്ധിയിലേക്ക് ഈ പാത

പ്രശ്‌നസങ്കീർണമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രതിസന്ധികളുടെ മുൻപിൽ നാം ഭയപ്പെടുകയും പതറിപ്പോവുകയും ചെയ്യുന്നു. ഒരുപക്ഷേ നമ്മെ സഹായിക്കുവാനായി ആരും ഇല്ലാത്തതിന്റെ ഒരു ദുഃഖം നമുക്കുണ്ടാകാം.

ഇനി, സഹായിക്കുവാൻ ആളുകളും സാധ്യതകളും ഉണ്ടായിരുന്നിട്ടും അവ പ്രയോജനപ്പെടാത്ത ഒരു സാഹചര്യമായിരിക്കാം നാം അഭിമുഖീകരിക്കുന്നത്. ഉദാഹരണമായി ഗുരുതരമായ ഒരു രോഗം പിടിപെട്ട അവസ്ഥ. ചികിത്സിക്കുവാൻ ധാരാളം പണവും ശുശ്രൂഷിക്കുവാൻ ഏറ്റവും നല്ല ആശുപത്രിസൗകര്യങ്ങളുമുണ്ട്. പക്ഷേ, രോഗത്തിന് ഒരു കുറവുമില്ല. ഇങ്ങനെ മനുഷ്യൻ നിസഹായനായി നില്ക്കുന്ന സാഹചര്യങ്ങൾ ഏറെയാണ്. പക്ഷേ ഇവിടെ നാം ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്.

നമ്മുടെ പ്രശ്‌നങ്ങൾ എത്ര വലുതാണെങ്കിലും അതിനെക്കാൾ വലിയവനായ ദൈവം നമ്മുടെ കൂടെയുണ്ട്. ദൈവത്തിന്റെ അനേക വിശേഷണങ്ങളിൽ ഒന്ന് അവിടുന്ന് സർവശക്തനാണ് എന്നുള്ളതത്രേ. ദൈവമില്ല എന്ന് മനസിൽ ചിന്തിക്കുന്നവൻ മൂഢനാണെന്നാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. ”ദൈവമില്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു” (സങ്കീർത്തനങ്ങൾ 14:1). അവന് ദൈവത്തിൽനിന്ന് ഒരു കൃപയും സ്വീകരിക്കുവാൻ സാധിക്കുകയില്ല. എന്നാൽ തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ പൂർണമായും സർവശക്തനായ ദൈവത്തിൽ ശരണപ്പെടുന്നവൻ ബുദ്ധിമാനാണ്. അവന് സ്വന്തമായവയിൽ പ്രത്യാശയില്ലാത്തതിനാലും പൂർണമായും ദൈവത്തിൽ ആശ്രയിക്കുന്നതിനാലും അവനെ ദരിദ്രൻ എന്നു വിളിക്കാം.

സദ്‌വാർത്ത
അങ്ങനെയുള്ളവരുടെ ജീവിതത്തിൽ ദൈവം വിമോചനത്തിന്റെ സദ്‌വാർത്തയുമായി കടന്നുവരും. ”അങ്ങ് പാവപ്പെട്ടവർക്ക് കോട്ടയും ദരിദ്രന്റെ കഷ്ടതകളിൽ അവന് ഉറപ്പുള്ള അഭയവും ആണ്. കൊടുങ്കാറ്റിൽ ശക്തിദുർഗവും കൊടുംവെയിലിൽ തണലും” (ഏശയ്യാ 25:4). ദൈവത്തിൽ പൂർണമായി ശരണപ്പെടുന്ന ഒരുവന്റെ ജീവിതത്തെ കടപുഴക്കിയെറിയുന്ന രീതിയിലുള്ള കൊടുങ്കാറ്റ് ആഞ്ഞടിച്ചേക്കാം. പക്ഷേ അവൻ നിലംപരിശാകുവാൻ ദൈവം അനുവദിക്കുകയില്ല. ആ കൊടുങ്കാറ്റിനെ അവിടുന്ന് വേണ്ട രീതിയിൽ കൈകാര്യം ചെയ്തുകൊള്ളും. അവന്റെ ജീവിതത്തിൽ കൊടുംവെയിലിന്റെ തളർത്തുന്ന അനുഭവങ്ങളുണ്ടായാലും ഭയപ്പെടേണ്ടതില്ല. കാരണം ദൈവം അവന് തണലേകുവാൻ അവന്റെ ജീവിതത്തിന്റെ മുകളിലുണ്ട്.

കൊടുംവെയിലിന്റെ അനുഭവത്തിലൂടെ അക്ഷരാർത്ഥത്തിൽ കടന്നുപോയ ഒരു ജനതയെ നിങ്ങൾക്ക് പരിചയമുണ്ടണ്ട്. ഒരു ദിവസമോ മാസമോ അല്ല, അനേക വർഷങ്ങൾ അവർ കൊടും മരുഭൂമിയിലായിരുന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു അവരെന്നോർക്കണം. എന്നിട്ടും അവർക്ക് മരുഭൂമിയിലൂടെ യാത്ര ചെയ്യേണ്ടിവന്നുവെങ്കിൽ, ഈ കൊടുംവെയിലിന്റെ അനുഭവങ്ങൾ അസാധാരണമല്ല എന്നും മനസിലാക്കുക. ദൈവം അനുവദിച്ച പ്രതികൂലങ്ങളെ നിയന്ത്രിക്കേണ്ടതെങ്ങനെയെന്നും അവിടുത്തേക്കറിയാം.

മരുഭൂമിയിൽ ഭക്ഷണം കിട്ടുവാൻ ഭൗതികമായ ഒരു സാധ്യതയും ഇല്ല. എന്നാൽ ദൈവം അവർക്ക് ആകാശത്തുനിന്ന് ഭക്ഷണം നല്കി. അതാണ് മന്ന. നല്ല രുചിയുള്ള അപ്പമായിരുന്നു അത്. പക്ഷേ എല്ലാ ദിവസവും അത് തിന്ന ഇസ്രായേൽക്കാർക്ക് ഒരു തീൻകുത്തൽ. ഓ, എല്ലാ ദിവസവും ഈ മന്ന തിന്ന് മടുത്തു. അവർ ഇങ്ങനെ മോശയോട് പരാതി പറയുവാൻ തുടങ്ങി: ‘ആരാണ് ഞങ്ങൾക്ക് ഭക്ഷിക്കാൻ മാംസം തരുക.’ മോശയ്ക്ക് സങ്കടവും ദേഷ്യവും വന്നു. ലക്ഷക്കണക്കിന് വരുന്ന ഈ ജനത്തിന് താനെങ്ങനെ മാംസം നല്കും?

ഉത്തമമായ ഒരു മാതൃക
മോശ പരിഹാരത്തിനായി സർവശക്തനായ ദൈവത്തിലേക്ക് തിരിഞ്ഞു. മോശ നല്കുന്നത് ഉത്തമമായ ഒരു മാതൃകയാണ്. കുടുംബത്തിലും സ്ഥാപനത്തിലും സമൂഹത്തിലും പരിഹരിക്കുവാൻ സാധിക്കാത്ത പ്രശ്‌നങ്ങൾ ഉണ്ടാവാം. എന്നാൽ കുടുംബനാഥൻ, സ്ഥാപനത്തിന്റെ അധിപൻ, സമൂഹത്തെ നയിക്കുന്ന നേതാവ് തിരിയേണ്ടത് ദൈവത്തിലേക്കാണ്. പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ സാധിക്കുന്ന അവിടുത്തോട് പറയുക. പരിഹാരത്തിന്റെ വഴികൾ അവിടുന്ന് കാണിച്ചുതരും, മാത്രമല്ല പരിഹാരംതന്നെയും.

മോശ ദൈവത്തോട് പറഞ്ഞു: ”ഈ ജനത്തിനെല്ലാം നല്കാൻ എവിടെനിന്ന് മാംസം കിട്ടും? ഞങ്ങൾക്ക് ഭക്ഷിക്കാൻ മാംസം തരുക എന്ന് പറഞ്ഞ് അവർ കരയുന്നു. ഈ ജനത്തെ മുഴുവൻ താങ്ങാൻ ഞാൻ ശക്തനല്ല.” ജനങ്ങളുടെ പരാതി ദൈവത്തെ അറിയിച്ച മോശയോട് ദൈവം പറഞ്ഞു: ”കർത്താവ് നിങ്ങൾക്ക് മാംസം തരും. നിങ്ങൾ ഭക്ഷിക്കുകയും ചെയ്യും. ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല നിങ്ങൾ അത് തിന്നുക. നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് ഓക്കാനം വരുന്നതുവരെ ഒരു മാസത്തേക്ക് നിങ്ങൾ അത് ഭക്ഷിക്കും.”

അത്ഭുതം കാണുവാൻ
ദൈവത്തിന്റെ മറുപടി മോശയെ അത്ഭുതസ്തബ്ധനാക്കി. ദൈവം കണക്കുകൂട്ടാതെ പറഞ്ഞതാവുമോ? മോശ പറഞ്ഞു: ”എന്നോടൊത്ത് ആറുലക്ഷം യോദ്ധാക്കൾ തന്നെയുണ്ട്.” ഏറ്റവും നല്ല ആരോഗ്യമുള്ളവരാണല്ലോ യുദ്ധം ചെയ്യുന്നത്. അങ്ങനെയെങ്കിൽ ആരോഗ്യം കുറഞ്ഞവരും വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ലക്ഷങ്ങൾ വേറെയുമുണ്ട്. ഇതാണ് മോശ ദൈവത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്ന സ്ഥിതിവിവരക്കണക്ക്. സർവശക്തന് ലക്ഷങ്ങൾക്ക് ഭക്ഷണം കൊടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമേ അല്ല. അതിനാലാണ് അവിടുന്ന് മോശയോട് ചോദിക്കുന്നത്: ”എന്റെ കൈയ്ക്ക് നീളം കുറഞ്ഞുപോയോ?” അതെ, ദൈവത്തിന്റെ കരങ്ങളിൽ വിശ്വാസമർപ്പിക്കുന്നവന് ഇന്നും അത്ഭുതം കാണുവാൻ സാധിക്കും.

ദൈവം എന്താണ് ചെയ്തത്? വലിയ പ്രശ്‌നം പരിഹരിക്കുവാൻ അവിടുന്ന് സ്വീകരിക്കുന്നത് ഒരു ലളിതമായ മാർഗമാണ്. അവിടുന്ന് ഒരു കാറ്റയച്ചു. ആ കാറ്റ് കടലിൽ നിന്ന് കാടപ്പക്ഷികളെ കൊണ്ടുവന്നു. ധാരാളം കാടപ്പക്ഷികൾ. ഇസ്രായേൽജനത്തിന് ആവശ്യത്തിലും അധികം. അങ്ങനെയാണ് ദൈവത്തിന്റെ രീതി. അവിടുന്ന് നല്കുമ്പോൾ സമൃദ്ധമായി നല്കുന്നു.

പ്രിയപ്പെട്ട സഹോദരാ, സഹോദരീ നീ ഇപ്പോൾ നിന്റെ ജീവിതത്തിൽ നേരിടുന്ന പ്രശ്‌നം ഏതുമായിക്കൊള്ളട്ടെ. അത് ദൈവത്തിന്റെ കരങ്ങളിലേക്ക് മോശ നല്കിയതുപോലെ നല്കുക. മോശയുടെ കാര്യം അനേകായിരം വർഷങ്ങൾക്കുമുൻപ് സംഭവിച്ച ഒന്നാണല്ലോ എന്ന് നീ ഇപ്പോൾ മനസിൽ ചിന്തിക്കരുത്. നീ ദൈവത്തിൽ വിശ്വസിച്ചാൽ ഇന്നും നിന്റെ ജീവിതത്തിൽ അവിടുന്ന് അത്ഭുതങ്ങൾ ചെയ്യും. നിങ്ങളുടെ വിശ്വാസവർധനവിനായി ഞാൻ എന്റെ ജീവിതത്തിൽ നേരിട്ട ഒരു പ്രശ്‌നത്തിന് ദൈവം നല്കിയ മറുപടിയെക്കുറിച്ച് പറയട്ടെ.

മാതാപിതാക്കളിൽ പലർക്കും ഇന്ന് തങ്ങളുടെ മക്കളുടെ പഠനത്തെക്കുറിച്ച് ആധിയാണ്. മക്കൾ വേണ്ടതുപോലെ പഠിക്കുന്നില്ല, ചില വിഷയങ്ങളിൽ അവർ പുറകോട്ടാണ് എന്നാണ് അവരുടെ പരാതി. എനിക്കും ഈ പ്രശ്‌നമുണ്ടായി. എന്റെ മൂത്തമകൻ കണക്കിൽ പിന്നോക്കമായിരുന്നു. പത്താം ക്ലാസിലെ പരീക്ഷയ്ക്ക് ഒരുക്കുവാനായി കണക്കിന് അവന് ട്യൂഷൻ നല്കി. പക്ഷേ, അത് അവന് പ്രയോജനപ്പെട്ടില്ല. കണക്ക് അവന് തലയിൽ കയറുന്നില്ല.

പ്രശ്‌നത്തിനു മുന്നിൽ
പരീക്ഷ അടുത്തുവരുമ്പോൾ അവൻ കരയുവാൻ തുടങ്ങി. അവൻ അമ്മയോട് പറഞ്ഞു: ‘ഇപ്രാവശ്യം ഞാൻ കണക്ക് പരീക്ഷ എഴുതുന്നില്ല. എഴുതിയാൽ തീർച്ചയായും തോല്ക്കും.’ ഞങ്ങൾക്ക് ഇതൊരു വലിയ പ്രശ്‌നമായി, വിഷമമായി. അവന് ഒരു വർഷം നഷ്ടപ്പെടും. ഞങ്ങൾക്ക് ഒരിക്കലും പരിഹരിക്കുവാൻ സാധിക്കാത്ത ഒരു പ്രശ്‌നം. എന്നാൽ പ്രശ്‌നം പരിഹരിക്കുവാൻ സാധിക്കുന്നവനിലേക്ക് ഞങ്ങൾ തിരിഞ്ഞു. അവനെ അനുഗ്രഹിക്കണമേയെന്ന് കരഞ്ഞുപ്രാർത്ഥിച്ചു. കണക്ക് പരീക്ഷ എഴുതുവാനുള്ള ആത്മവിശ്വാസം നല്കണമേയെന്ന് പ്രാർത്ഥിച്ചു.

ദൈവം ഇടപെട്ടു. എനിക്ക് പരിചയമുള്ള ഒരു അധ്യാപകനെ അവിടുന്ന് കാണിച്ചുതന്നു. അദ്ദേഹം ചുരുങ്ങിയ ദിവസങ്ങൾ അവന് പരിശീലനം നല്കി. അനേക നാളുകളായി നല്കിയ ട്യൂഷൻ അവന് ഉപകാരപ്പെട്ടില്ല. എന്നാൽ ദൈവം ഇടപെട്ടപ്പോൾ അവനത് പ്രയോജനപ്പെട്ടു. ദൈവം അവന്റെ ബുദ്ധിയെയും മനസിനെയും സ്പർശിച്ചു. അവൻ പരീക്ഷ എഴുതി. പാസാകുവാനുള്ള മാർക്ക് നല്കി ദൈവം അവനെ അനുഗ്രഹിച്ചു.

എന്നാൽ ദൈവം നല്കുമ്പോൾ അല്പമല്ല നല്കുന്നത്, സമൃദ്ധമായിട്ടാണ് എന്ന് ഞാൻ എഴുതിയിരുന്നല്ലോ. ദൈവത്തിന്റെ സമൃദ്ധിയുടെ ഇടപെടലിനെക്കുറിച്ചുകൂടെ എഴുതിയാലേ ഇത് പൂർത്തിയാകുകയുള്ളൂ.

ബി.ടെക് പൂർത്തിയായപ്പോൾ അവൻ എന്നോട് പറഞ്ഞു: ഗേറ്റ് പരീക്ഷ എഴുതി ഒരു ഐ.ഐ.ടിയിൽ പഠിക്കുക എന്നത് എന്റെയൊരു ജീവിതാഭിലാഷമാണെന്ന്. പത്താംക്ലാസിൽ കണക്ക് പഠിക്കുവാൻ അവൻ ബുദ്ധിമുട്ടിയത് ഞാനോർത്തു. കൂടാതെ അവനെ പ്ലസ്ടുവിന് ചേർക്കുവാൻ ചെന്നപ്പോൾ പ്രിൻസിപ്പൽ ചോദിച്ചതും മനസിൽ വന്നു: കണക്കിന് പാസ് മാർക്ക് മാത്രം നേടിയവന് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുവാൻ പറ്റുമോ? തികച്ചും ന്യായമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഈ അവസ്ഥയിലുള്ളവൻ ഇന്ത്യയൊട്ടാകെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന ഗേറ്റ് പരീക്ഷ എഴുതണമെന്ന് നിർബന്ധം പറഞ്ഞപ്പോൾ അതൊരു സമയനഷ്ടമാകുമെന്നാണ് ഞാൻ വിചാരിച്ചത്. സ്വകാര്യ കോളേജിൽ സീറ്റിന് ശ്രമിക്കാം എന്ന് ഞാൻ പറഞ്ഞു. എന്നാൽ അവന് ഒരു അവസരം കൊടുക്കണമെന്ന് അവൻ നിർബന്ധം പറഞ്ഞപ്പോൾ അനുവദിക്കുകയാണുണ്ടായത്. അവൻ പരിശീലനത്തിന് ചേർന്ന്, ഗേറ്റ് പരീക്ഷ എഴുതി. 2012-ൽ അക്കൊല്ലം ഇന്ത്യയൊട്ടാകെ ഏഴരലക്ഷം എൻജിനിയറിങ്ങ് വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതിയത്. വളരെ കടുപ്പമേറിയ ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതും കർശനമായ മൂല്യനിർണയരീതിയുള്ളതുമായ ഒരു പരീക്ഷയാണ് ഗേറ്റ്. ഏഴരലക്ഷം പേരിൽ ഒരു ലക്ഷം വിദ്യാർത്ഥികൾ മാത്രമേ അക്കൊല്ലം പരീക്ഷ ക്വാളിഫൈ ചെയ്തുള്ളൂ.

സമൃദ്ധി
റിസൾട്ട് വന്നപ്പോൾ ഞാൻ സന്തോഷംകൊണ്ട് കരഞ്ഞുപോയി. ദൈവം ഇന്നും ജീവിക്കുന്നു. അവനെ അവിടുന്ന് ആ ഒരു ലക്ഷത്തിൽപ്പെടുത്തി, ഹല്ലേലുയ്യാ.
ഈ ഒരു ലക്ഷം പേരിൽ ഏറ്റവും ഉയർന്ന റാങ്ക് ലഭിക്കുന്നവർക്ക് മാത്രമേ ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനിയറിങ്ങ് സ്ഥാപനങ്ങളായ ഐ.ഐ.ടിയിൽ പ്രവേശനം ലഭിക്കുകയുള്ളൂ. ഓരോ വിദ്യാർത്ഥിയുടെയും ഒരു സ്വപ്നമാണ് ഒരു ഐ.ഐ.ടിയിൽ പഠിക്കുക എന്നത്. വാഗ്ദാനത്തിൽ വിശ്വസ്തനായ ദൈവം ഐ.ഐ.ടിയിൽ പ്രവേശനം ലഭിക്കുവാൻ തക്ക രീതിയിൽ ഉയർന്ന റാങ്ക് നല്കി അവനെ അനുഗ്രഹിച്ചു. അവൻ ഉത്തർപ്രദേശിലുള്ള വാരണാസി ഐ.ഐ.ടിയിൽ പഠനം പൂർത്തിയാക്കി. അതെ, സർവശക്തനായ ദൈവം തന്നിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിൽ ഇന്നും അത്ഭുതം ചെയ്യുന്നു. പത്താംക്ലാസിൽ കണക്ക് പഠിക്കുവാൻ ബുദ്ധിമുട്ടിയവനെ ഐ.ഐ.ടിയിൽ എത്തിച്ച ഈ ജീവിക്കുന്ന യേശു ഇന്ന് നിങ്ങളെയും പഠിക്കുവാൻ ബുദ്ധിമുട്ടുന്ന നിങ്ങളുടെ മക്കളെയും അനുഗ്രഹിക്കും തീർച്ച.

ദൈവം ഒന്ന് തൊട്ടാൽ അത് പിന്നെ എടുത്ത് മാറ്റുകയില്ല. വിശ്വസ്തതയോടെ ചേർന്നുനിന്നാൽ അവിടുന്ന് തുടർച്ചയായി നിന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കും. ബി.ടെക്കിന് പഠിക്കാത്ത ഒരു വിഷയമാണ് അവന് എം.ടെക്കിന് ലഭിച്ചത്. പക്ഷേ, അവിടെയും ദൈവം കൂട്ടിനുണ്ടായിരുന്നു. ആദ്യസെമസ്റ്ററിൽ എൺപത് ശതമാനം മാർക്ക് അവന് നല്കി.

ഈ ലേഖനം വായിക്കുന്ന നിങ്ങൾ ഇപ്പോൾ മനസിൽ ഭാരമുള്ള ഒരു വ്യക്തിയായിരിക്കാം. നിങ്ങളുടെയോ ജീവിതപങ്കാളിയുടെയോ രോഗത്തെക്കുറിച്ചും മക്കളുടെ പഠനത്തെക്കുറിച്ചും ഒക്കെ. നിങ്ങളുടെ മനസിൽ ഇപ്പോൾ നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങൾ എന്തുമായിക്കൊള്ളട്ടെ. ഭയപ്പെടേണ്ടാ. യേശു, സർവശക്തൻ നിങ്ങളെ സഹായിക്കുവാൻ നിങ്ങളുടെ അടുത്തുണ്ട്. ഇസ്രായേൽജനത്തെ അത്ഭുതകരമായി തീറ്റിപ്പോറ്റിയ ദൈവം, കണക്കിൽ ഏറ്റവും പുറകിലായിരുന്ന എന്റെ മകനെ ഐ.ഐ.ടിയിൽ എത്തിച്ച യേശു നിങ്ങളുടെയും ജീവിതത്തിൽ ഇപ്പോൾ ഇടപെടും, തീർച്ച. നമുക്ക് പ്രാർത്ഥിക്കാം:

സർവശക്തനായ ദൈവമേ, ഞാൻ നിസഹായനാണ്. എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ നേരിടുന്ന പ്രശ്‌നം പരിഹരിക്കുവാൻ എനിക്ക് സാധിക്കുന്നില്ല. എന്നോട് കരുണ തോന്നണമേ. എന്റെ സഹായത്തിനായി വരണമേ. അങ്ങയുടെ ശക്തമായ കരങ്ങൾ എന്റെ ജീവിതത്തിന്റെമേൽ നീട്ടിയാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, അത്ഭുതങ്ങൾ കാണുവാൻ എന്റെ കണ്ണുകൾക്കും ഭാഗ്യം ലഭിക്കുവാൻ എനിക്കായി സർവശക്തന്റെ മുൻപിൽ പ്രാർത്ഥിക്കണമേ, ആമ്മേൻ.

കെ.ജെ.മാത്യു

 

Leave a Reply

Your email address will not be published. Required fields are marked *