എ.ഡി 203-ലാണ് വിശുദ്ധ ഫെലിസിറ്റാ രക്തസാക്ഷിമകുടം ചൂടിയത്. ഉത്തര ആഫ്രിക്കയിലെ കാർത്തേജിൽവച്ച് ക്രിസ്തീയ വിശ്വാസത്തെപ്രതി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫെലിസിറ്റാ എട്ടുമാസം ഗർഭിണിയായിരുന്നു. വിചാരണയ്ക്കിടയിൽ ഭീഷണികൾക്ക് വഴങ്ങാതെ തന്റെ വിശ്വാസത്തിൽ അവൾ ഉറച്ചുനിന്നു. ഒടുവിൽ വന്യമൃഗങ്ങളാൽ കടിച്ചു ചീന്തി കൊല്ലപ്പെടുന്നതിനായി അവൾ വിധിക്കപ്പെട്ടു. ക്രിസ്തുവിനെപ്രതി മരിക്കുന്നതിൽ ഫെലിസിറ്റായ്ക്ക് വലിയ സന്തോഷമായിരുന്നു.
പക്ഷേ ഒരു കാര്യം അവളെ സങ്കടപ്പെടുത്തി. സാമ്രാജ്യത്തിലെ നിയമമനുസരിച്ച് ഗർഭിണികളെ വധിക്കാൻ പാടില്ല. അതിനാൽ കുഞ്ഞിനെ പ്രസവിച്ചതിനുശേഷമേ വധശിക്ഷ നടപ്പാക്കാനാവൂ. അതുവരെയും കാത്തിരിക്കേണ്ടിവരുന്നതോർത്ത് അവൾ സങ്കടപ്പെട്ടു. തന്നോടൊപ്പം തടവിലാക്കപ്പെട്ടിരിക്കുന്ന മറ്റു നാലുപേർ രക്തസാക്ഷിത്വം വരിക്കുന്ന ദിവസം അവരോടൊപ്പം തനിക്കും സ്വർഗത്തിലെത്തണം എന്ന അവളുടെ ആഗ്രഹം അദമ്യമായിരുന്നു. അതിനുവേണ്ടി അവൾ പ്രാർത്ഥിക്കുകയും ചെയ്തു. ഒടുവിൽ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചതിന്റെ മൂന്നുദിവസം മുമ്പ് അവൾക്ക് പ്രസവവേദന അനുഭവപ്പെട്ടു.
തടവറയുടെ തറയിൽ പ്രസവവേദനകൊണ്ട് പിടയുന്ന അവളെ നോക്കി കഠിനഹൃദയരായ ജയിലർമാർ പരിഹസിച്ചു ചോദിച്ചു: ”ഇപ്പോൾ നീ ഇത്രയധികം ഞെളിപിരികൊണ്ട് കരയുകയാണെങ്കിൽ വന്യമൃഗങ്ങൾ നിന്റെ ശരീരം കടിച്ചു കീറുമ്പോൾ നീ എങ്ങനെ സഹിക്കും?” വേദനകൾക്കിടയിലും അവൾ ഇങ്ങനെ മറുപടി പറഞ്ഞു: ”ഇപ്പോൾ ഞാൻ സഹിക്കുന്നത് എനിക്കുവേണ്ടിയാണ്. എന്നാൽ അപ്പോൾ ഞാനൊറ്റയ്ക്കായിരിക്കുകയില്ല, എനിക്കുവേണ്ടി സഹിക്കാൻ എന്നോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരിക്കും. കാരണം അവിടുത്തെപ്രതിയാണ് ഞാൻ സഹിക്കേണ്ടിവരുന്നത്.”
മൂന്നു ദിവസങ്ങൾക്കുശേഷം കൊലക്കളത്തിലേക്ക് നയിക്കപ്പെട്ടപ്പോൾ ഫെലിസിറ്റായുടെ വാക്കുകൾ സത്യമാണെന്ന് തെളിഞ്ഞു. തികഞ്ഞ ആഹ്ലാദത്തോടെ അവൾ മരണത്തെ സ്വീകരിച്ചു. അവാർഡ് വാങ്ങാൻ പോകുന്നവളെപ്പോലെയാണ് ഫെലിസിറ്റാ ആംഫി തിയറ്ററിലേക്ക് കടന്നുചെന്നത്. ഭീതിയില്ലാതെ, സങ്കടവും നിലവിളിയുമില്ലാതെ, ക്രിസ്തുവിനെപ്രതി അവൾ തന്റെ ശരീരം വന്യമൃഗങ്ങൾക്ക് സമർപ്പിച്ചു ബലിയായി.
നമുക്കുവേണ്ടിമാത്രം സഹിക്കുമ്പോഴാണ് അത് അസഹനീയമായിത്തീരുന്നത്. നാം തനിയെ അധ്വാനിക്കുമ്പോഴാകട്ടെ വളരെ പെട്ടെന്ന് മടുത്തുപോവുകയും ചെയ്യും. ക്രിസ്തുവിനെപ്രതി സഹിക്കുമ്പോൾ, അവനുവേണ്ടി അധ്വാനിക്കുമ്പോൾ, അവന്റെ സാന്നിധ്യം ഉറപ്പായും നമ്മോടൊപ്പം ഉണ്ടാകും. അവൻ നമ്മുടെ വേദനകളും ഭാരങ്ങളും ഏറ്റെടുക്കുന്നതിനാൽ നാം അസാമാന്യധീരതയും കരുത്തും ഉള്ളവരായി രൂപാന്തരപ്പെടും. കരുത്തുറ്റ വ്യക്തിത്വംകൊണ്ടല്ല വലിയ കാര്യങ്ങൾ നിർവഹിക്കപ്പെടുന്നത്. പ്രത്യുത കരുത്തുറ്റവനായ ദൈവത്തിന്റെ സാന്നിധ്യംകൊണ്ടാണ്. ചെങ്കടൽ വിഭജിക്കപ്പെട്ടത് മോശയുടെ ശക്തികൊണ്ടല്ല, അവനുയർത്തിയ വടിയുടെ മാന്ത്രികശക്തിയാലുമല്ല. മറിച്ച് മോശയോടൊപ്പം ഉണ്ടായിരുന്ന ദൈവസാന്നിധ്യമാണ് ആ അത്ഭുതത്തിന് കാരണമായത്.
ജീവിതത്തിലും ശുശ്രൂഷകളിലും മുന്നേറാൻ എനിക്ക് കഴിവില്ല എന്നോർത്ത് ആരും വിലപിക്കേണ്ടതില്ല. നാം ദുർബലരായിരിക്കുമ്പോഴും നമുക്ക് വിജയകരമായി പ്രവർത്തിക്കാനാകും. ഒറ്റക്കാര്യം ഉറപ്പുവരുത്തിയാൽ മതി. ദൈവത്തിന്റെ സാന്നിധ്യം നമ്മോടുകൂടെ ഉണ്ടായിരിക്കണം. അതിനുവേണ്ടി നാം ചെയ്യേണ്ടതിത്രമാത്രം – അവിടുത്തേക്കുവേണ്ടി ജീവിക്കുക, അവിടുത്തേക്കായി അധ്വാനിക്കുക.
പ്രാർത്ഥന
കർത്താവേ, അങ്ങേക്കായി ജീവിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ സാന്നിധ്യംകൊണ്ട് എന്നെ ശക്തിപ്പെടുത്തണമേ, ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ