നമ്മുടെ കൂടെയുള്ള രാജകുമാരൻ

ടീച്ചർ കുട്ടികളോട് ചോദിച്ചു: ”നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ടോ?”

കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു: ”ദിവസവും പ്രാർത്ഥിക്കാറുണ്ട്.”

ടീച്ചർ: നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം ലഭിക്കാറുണ്ടോ?

അനു: ചില പ്രാർത്ഥനകൾക്കുത്തരം കിട്ടാറുണ്ട്. ചില ആഗ്രഹങ്ങൾ സാധിച്ചു കിട്ടാറില്ല.

ടീച്ചർ: അതെന്താണ് എല്ലാ പ്രാർത്ഥനയും ദൈവം കേൾക്കാത്തത്?

രാജു: ടീച്ചറേ, ദൈവം അങ്ങ് ആകാശത്തിനും മുകളിൽ ദൂരെയല്ലേ. അതുകൊണ്ട് ചിലപ്പോൾ എല്ലാം കേൾക്കുന്നുണ്ടാവില്ല. അല്ലെങ്കിൽ ദൈവം തിരക്കിലായിരിക്കും എന്നും തോന്നാറുണ്ട്.

ടീച്ചർ അവരോട് ഒരു കഥ പറഞ്ഞു:
കുമാരപുരം ഗ്രാമത്തിലെ ജനങ്ങൾ വളരെ സന്തോഷത്തോടെ കഴിയുകയായിരുന്നു. ആയിടയ്ക്ക് ഗ്രാമത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായി. ജനങ്ങൾ അസ്വസ്ഥരായി. അവരുടെ സമാധാനം നഷ്ടപ്പെട്ടു. ഇനി എന്താണ് ചെയ്യുക? രാജകൊട്ടാരം വളരെ ദൂരെയാണ്. രാജാവ് ഇതൊന്നും അറിയുന്നുണ്ടാവില്ല, ഗ്രാമവാസികൾ ചിന്തിച്ചു.

ഒരു ദിവസം ജനങ്ങൾ വളരെ കഷ്ടപ്പെട്ട് ദൂരെയുള്ള രാജകൊട്ടാരത്തിലെത്തി, രാജാവിനോട് പറഞ്ഞു: ”രാജൻ, ഞങ്ങളുടെ ഗ്രാമത്തിൽ ചില പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. ഞങ്ങൾ അസ്വസ്ഥരാണ്. അങ്ങേക്ക് തിരക്കുകാരണം ഇതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതിനാൽ ദയവുചെയ്ത് അങ്ങയുടെ രാജഭടനെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് അയക്കണം.”

രാജാവ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ”നിങ്ങൾ ഈ കാര്യം പറയാനായി ഇത്ര കഷ്ടപ്പെട്ട് വന്നതിൽ വിഷമമുണ്ട്. നിങ്ങളുടെ ഓരോ ചെറിയ കാര്യംപോലും കൃത്യമായി ഞാൻ അറിയുന്നുണ്ട്.”
ഗ്രാമവാസികൾക്ക് അത്ഭുതമായി.

രാജാവ് തുടർന്നു: ”നിങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി ഒരു ഭടനെയല്ലേ ചോദിച്ചത്. നിങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ഞാൻ രാജകുമാരനെത്തന്നെ നിങ്ങളുടെകൂടെ താമസിപ്പിച്ചിട്ടുണ്ട്. നിങ്ങളിൽ ഒരാളാവാൻവേണ്ടി എന്റെ മകൻ രാജകുമാരന്റെ സുഖസൗകര്യങ്ങളും വേഷഭൂഷാദികളും ഉപേക്ഷിച്ച് ഒരു ഗ്രാമവാസിയായി നിങ്ങളുടെ കൂടെയുണ്ട്. ജീവിതവ്യഗ്രതകൊണ്ട് നിങ്ങൾക്ക് രാജകുമാരനെ തിരിച്ചറിയാൻ കഴിയാതെപോയി എന്നുമാത്രം.”
രാജകുമാരൻ തങ്ങളുടെകൂടെ എപ്പോഴും ഗ്രാമത്തിൽ ഉണ്ടെന്ന ധൈര്യവും രാജകുമാരനെ അയക്കാൻമാത്രം സ്‌നേഹം രാജാവിന് തങ്ങളോട് ഉണ്ടെന്ന ബോധ്യവും ലഭിച്ച ഗ്രാമവാസികൾ സന്തോഷത്തോടും സമാധാനത്തോടുംകൂടി ഗ്രാമത്തിലേക്ക് മടങ്ങി.

ടീച്ചർ തുടർന്നു: കുട്ടികളേ, നമ്മൾ പ്രാർത്ഥിക്കുന്നത് ആകാശത്തുള്ള ദൈവത്തോടല്ല, നമ്മുടെ കൂടെ, നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവത്തോടാണ്. അവൻ നമ്മുടെ ഓരോ വികാരവിചാരങ്ങളും അറിയുന്നു. പാപം ചെയ്ത് അവന്റെ സാന്നിധ്യം നഷ്ടപ്പെടുത്തരുത്.
ദൈവം നമ്മുടെ രക്ഷയ്ക്കായി അയച്ച ഈശോയായിരിക്കട്ടെ ഓരോരുത്തരുടെയും ഏറ്റവും വലിയ സുഹൃത്ത്. ഒരു സുഹൃത്തിനോടെന്നപോലെ ഈശോയോട് കളിച്ചും ചിരിച്ചും സംസാരിച്ചും ആലോചന ചോദിച്ചും കാര്യങ്ങൾ ചെയ്യുന്നതാണ് പ്രാർത്ഥന എന്നു പറയുന്നത്.
ബെല്ലടിച്ചു.

ഇന്നത്തെ ക്ലാസ് കഴിയുകയാണ്.
കുട്ടികളെല്ലാം സന്തോഷത്തോടെ ടീച്ചർക്ക് നന്ദി പറഞ്ഞുകൊണ്ട് വീടുകളിലേക്ക് മടങ്ങി.

ടാനി പാറേക്കാട്ട്

 

Leave a Reply

Your email address will not be published. Required fields are marked *