റോമാ സാമ്രാജ്യത്തിലെ പടയാളിയായിരുന്നു മാർട്ടിന്റെ പിതാവ്. പതിനഞ്ചാമത്തെ വയസിൽ അവനും റോമൻ പടയാളിയായി. ഒരു ശൈത്യകാലത്ത് അമിയൻസിലൂടെ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. കുതിരപ്പുറത്തായിരുന്നു യാത്ര. അപ്പോഴാണ് ഒരു യാചകൻ കഠിനമായ തണുപ്പിൽ നാമമാത്ര വസ്ത്രങ്ങളുമായി ഇരിക്കുന്നത് കണ്ടത്. തണുത്തു വിറയ്ക്കുന്ന ആ യാചകനെ കണ്ട് മാർട്ടിന്റെ മനസ്സലിഞ്ഞു. കുതിരയുടെ പുറത്തുനിന്ന് താഴെയിറങ്ങിയ അദ്ദേഹം തന്റെ മേലങ്കി പാതി കീറി. അമ്പരന്നുനിന്ന ആ യാചകന് അത് നല്കിയിട്ട് അവിടെനിന്ന് യാത്രയായി.
അന്നു രാത്രിയിൽ ഈശോ മാലാഖമാരുടെ അകമ്പടിയോടെ മാർട്ടിന് ദൃശ്യനായി. ഈശോ പറഞ്ഞു, ”മാർട്ടിൻ, നിന്റെ മേലങ്കി എന്നെ നീ അണിയിച്ചുതന്നു.” ഇതിനുശേഷം എ.ഡി. 378-ൽ മാർട്ടിൻ ജ്ഞാനസ്നാനം സ്വീകരിച്ചു. പില്ക്കാലത്ത് ടൂർസിലെ വിശുദ്ധ മാർട്ടിൻ എന്ന് അദ്ദേഹം വിളിക്കപ്പെട്ടു.