മരിക്കുംമുൻപ് ഇസിദോറിന് അറിയിക്കാനുായിരുന്നത്…

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഒരു റബർ തോട്ടത്തിലെ തൊഴിലാളിയായിരുന്നു ഇസിദോർ ബാകാഞ്ച. എപ്പോഴും കയ്യിലൊരു ജപമാലയുമായി സഞ്ചരിച്ചിരുന്ന ഇസിദോർ സഹജോലിക്കാരോട് സുവിശേഷം പ്രസംഗിക്കാൻ കിട്ടിയ ഒരവസരവും പാഴാക്കിയിരുന്നില്ല. അക്കാലഘട്ടത്തിൽ കോംഗോയിൽ ശുശ്രൂഷ ചെയ്തിരുന്ന മിഷനറിമാരിൽനിന്നാണ് സുവിശേഷത്തോട് ഇത്രയധികം താൽപ്പര്യം ഇസിദോറിന് ലഭിച്ചത്.

1887ൽ ജനിച്ച ഇസിദോർ 18-ാമത്തെ വയസിലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്. ഒരു മതബോധകനായി മാറിയ ഇസിദോർ ബാകാഞ്ച ഒഴിവുസമയം മുഴുവൻ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുവാനായി മാറ്റിവച്ചു.

”തൊഴിലുടമയ്ക്കായി പ്രാർത്ഥിക്കും”

നിരീശ്വരവാദിയായ അദ്ദേഹത്തിന്റെ തൊഴിലുടമയ്ക്ക് ഇസിദോറിന്റെ പ്രഘോഷണം ഇഷ്ടപ്പെട്ടില്ല. വചനപ്രഘോഷകരോടും മിഷനറിമാരോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടക്കേടിന് പിന്നിൽ മറ്റൊരു കാരണവും കൂടി ഉണ്ടായിരുന്നു. ഇവർ തൊഴിലാളികളെ സംഘടിപ്പിക്കുകയും ന്യായമായ കൂലിക്കും മറ്റാവശ്യങ്ങൾക്കുമായി ഒന്നിച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. സഹജോലിക്കാരാട് സുവിശേഷം പ്രസംഗിക്കുന്നതിൽ നിന്ന് അദ്ദേഹം ഇസിദോറിനെ വിലക്കി. മുഴുവൻ സമയവും പ്രാർത്ഥനയുമായി നടന്നാൽ ജോലി ചെയ്യാൻ ആളുണ്ടാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

തൊഴിലുടമയുടെ ഭീഷണിക്ക് മുമ്പിൽ ഇസിദോർ പതറിയില്ല. സുവിശേഷം പ്രസംഗിക്കാത്തൊരു ജീവിതം തനിക്ക് സാധ്യമല്ല എന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ക്രുദ്ധനായ ആ തൊഴിലുടമ ആനയുടെ തൊലികൊണ്ടുണ്ടാക്കിയ ഒരു ചാട്ടവാറുകൊണ്ട് അദ്ദേഹത്തെ ക്രൂരമായി പ്രഹരിച്ചു. ദേഹം മുഴുവൻ പൊട്ടിക്കീറിയ അവസ്ഥയിൽ ഇസിദോർ ബാകാഞ്ചയെ അദ്ദേഹം ചങ്ങലക്കിട്ടു.

ഈ സമയത്താണ് തോട്ടങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഇൻസ്‌പെക്ടർ അവിടെ എത്തുന്നത്. തൊഴിലുടമ ഇസിദോറിനെ ഇൻസ്‌പെക്ടറിന്റെ കണ്ണിൽ പെടാതെ മാറ്റാൻ ശ്രമിച്ചെങ്കിലും ദയാലവുവായ ആ ഇൻസ്‌പെക്ടറിന്റെ മുൻപിൽ ഇസിദോർ എങ്ങനെയോ എത്തിപ്പെട്ടു.

ഇൻസ്‌പെക്ടറുടെ വിവരണത്തിൽനിന്നാണ് ഇസിദോറിനെ ഏൽപ്പിച്ച ദണ്ഡനങ്ങളുടെ ആധിക്യം വ്യക്തമാകുന്നത്. ദേഹം മുഴുവൻ വ്രണങ്ങളുമായി ഈച്ചയും ചെളിയും പൊതിഞ്ഞ അവസ്ഥയിലാണ് ഇൻസ്‌പെക്ടർ അദ്ദേഹത്തെ കണ്ടെത്തുന്നത്. ഇസിദോറിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി വേണ്ട പരിചരണം അദ്ദേഹത്തിന് നൽകാൻ ഇൻസ്‌പെക്ടർ സന്നദ്ധത കാണിച്ചു. പേക്ഷ അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു.

ഒരു ക്രിസ്ത്യാനിയായതുകൊണ്ടാണ് താൻ മരണം വരിക്കേണ്ടി വന്നതെന്ന് ലോകത്തെ അറിയിക്കണമെന്ന് ഇസിദോർ ഇൻസ്‌പെക്ടറോട് ആവശ്യപ്പെട്ടു. അവസാന ദിവസങ്ങളിൽ രണ്ട് മിഷനറിമാർ അദ്ദേഹത്തോടൊപ്പം താമസിച്ച് അന്ത്യകൂദാശയും മറ്റ് കൂദാശകളും അദ്ദേഹത്തിന് ലഭിച്ചു എന്ന് ഉറപ്പുവരുത്തി. ക്രൂരമായി ഉപദ്രവിച്ച തൊഴിലുടമയോട് ക്ഷമിക്കുവാൻ അവർ അദ്ദേഹത്തെ ഉപദേശിച്ചു. താൻ ഇതിനോടകം തന്നെ അദ്ദേഹത്തോട് ക്ഷമിച്ചുവെന്നും സ്വർഗത്തിലായിരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി കൂടുതൽ പ്രാർത്ഥിക്കുമെന്നും ഇസിദോർ അവരോട് പറഞ്ഞു.

ആറ് മാസം നീണ്ടുനിന്ന ക്ലേശങ്ങൾക്ക് ശേഷം 1909 ഓഗസ്റ്റ് 15-ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. കർമ്മലീത്ത മാതാവിനോട് അതീവ ഭക്തി പുലർത്തിയിരുന്ന ഇസിദോർ ബാകാഞ്ച മരണസമയത്ത് കയ്യിൽ ജപമാലയും കഴുത്തിൽ ഉത്തരീയവും ധരിച്ചിരുന്നു. 1994 ഏപ്രിൽ 24ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇസിദോർ ബാകാഞ്ചയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

 

Leave a Reply

Your email address will not be published. Required fields are marked *