അന്നൊരു അവധിദിവസമായിരുന്നു. ഉച്ചകഴിഞ്ഞ് പതിവില്ലാതെ ശക്തമായ കാറ്റും മഴയും ഇടിയും മിന്നലും. ആകപ്പാടെ ഭയപ്പെടുത്തുന്ന അന്തരീക്ഷം. കുഞ്ഞുങ്ങൾ പേടിച്ച് കൂടെത്തന്നെയുണ്ടായിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂറിനുശേഷം കാറ്റും മഴയും ശമിച്ചു. അന്തരീക്ഷം ശാന്തമായി. കുട്ടികൾ വീണ്ടും സ്വാതന്ത്ര്യത്തോടെ കളിയിലേക്ക് പ്രവേശിച്ചു.
കുറച്ചുസമയത്തിനുശേഷം രണ്ടുപേരും തമ്മിൽ ചെറിയൊരു വാക്കുതർക്കത്തിന്റെ ശബ്ദം കേട്ടു തുടങ്ങി. സ്കൂൾ അവധി ദിവസങ്ങളിൽ ഇത്തരം വാക്കുതർക്കവും അടിയും നിത്യസംഭവമായതിനാൽ ഞാൻ അത് ശ്രദ്ധിക്കാതെ എന്റെ പണികളിൽ വ്യാപൃതയായി. കുറച്ചു കഴിഞ്ഞപ്പോൾ വാഗ്വാദം മൂത്ത് രണ്ടുപേരും അടുക്കളയിലെത്തി. അവരുടെ തർക്കത്തിനാസ്പദമായ വിഷയം ഇതായിരുന്നു: ഇപ്പോൾ കഴിഞ്ഞ ഈ കാറ്റും മഴയും ഉണ്ടാക്കിയത് ദൈവമാണോ? പിശാചാണോ?
മൂന്നാം ക്ലാസുവരെയുള്ള വേദപാഠത്തിലെ അറിവും അനുഭവ പരിചയവുമൊക്കെവച്ച് മൂത്ത മകൻ പറഞ്ഞു: ‘ഈ മഴയും കാറ്റും ദൈവമാണ് ഉണ്ടാക്കിയത്.’ കാരണം എല്ലാത്തിനെയും സൃഷ്ടിക്കുന്നതും പ്രകൃതിയെ നിയന്ത്രിക്കുന്നതുമൊക്കെ ദൈവമാണ്. എന്നാൽ യു.കെ.ജിക്കാരിയായ രണ്ടാമത്തെ മകൾക്ക് എല്ലാ ആപത്തുകളിൽനിന്നും അപകടങ്ങളിൽനിന്നും കാത്തുരക്ഷിക്കുന്ന സ്നേഹസമ്പന്നനായ ദൈവത്തെക്കുറിച്ചേ അറിയൂ. അതുകൊണ്ടുതന്നെ അവൾ പറഞ്ഞു: ”ഈശോ ഇങ്ങനെ മരങ്ങളൊന്നും ഒടിച്ച് നശിപ്പിക്കേല. അങ്ങനെ നശിപ്പിക്കുന്നത് പിശാചാണ്. അതിനാൽ ഈ കാറ്റും മഴയും ഉണ്ടാക്കിയത് പിശാചാണ്.”
ഇതിനൊരു ശരിയായ ഉത്തരം തേടിയാണ് അവർ എന്റെ പക്കൽ എത്തിയത്. ഞാനാകെ വിഷമത്തിലായി. രണ്ടുപേരു പറയുന്നതിലും കാര്യമുണ്ട്. രണ്ടുപേരെയും നിരാശപ്പെടുത്താനും പറ്റില്ല. എന്നാൽ അവർക്കൊരു ഉത്തരം കൊടുക്കുകയും വേണം.
അല്പസമയത്തിനുശേഷം ഞാൻ പറഞ്ഞു: മക്കളേ, ഈ പ്രകൃതിയിലെ ജീവജാലങ്ങൾക്കെല്ലാം ജീവിക്കുവാൻ വെള്ളം വേണം. അങ്ങനെ വെള്ളം കിട്ടണമെങ്കിൽ നന്നായി മഴ പെയ്യണം. മഴ പെയ്യുമ്പോൾ ചെടികളെല്ലാം നന്നായി വളരുകയും നമുക്ക് ഭക്ഷിക്കാനുള്ള പച്ചക്കറികളും പഴങ്ങളുമൊക്കെ അവയിൽ വിളയുകയും ചെയ്യും. അങ്ങനെയാകുമ്പോൾ ഈ പ്രകൃതിയെ മുഴുവൻ നിയന്ത്രിക്കുന്ന ദൈവമാണ് ഈ മഴ തന്നത്. നമുക്കങ്ങനെ വലിയ നാശങ്ങളൊന്നും ഇതുകൊണ്ടുണ്ടായില്ലല്ലോ. അതിനാൽ പിശാചല്ല, ഈശോതന്നെയാണ് ഈ കാറ്റും മഴയും ഉണ്ടാക്കിയത്. അവർക്കിത് അത്രയ്ക്കങ്ങ് മനസിലായില്ലെങ്കിലും ഒരു മറുപടി കിട്ടിയ സന്തോഷത്തിൽ രണ്ടുപേരും വീണ്ടും കളിക്കാനോടി.
ഈ ഉത്തരം ലളിതം
ഈ സംഭവത്തെക്കുറിച്ച് വീണ്ടും ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ഈശോ എന്നോട് ഇങ്ങനെ പറയുന്നതായി തോന്നി. ‘ഈ യു.കെ.ജിക്കാരിയുടെ വിശ്വാസമല്ലേ പലപ്പോഴും നിന്റേതും’ എന്ന്. ജീവിതത്തിൽ എന്നും സന്തോഷം മാത്രം തരുന്ന, കഷ്ടതകളിലും വേദനകളിലും നിന്നെല്ലാം മാറ്റി നിർത്തുന്ന, സ്നേഹസമ്പന്നനായ ദൈവത്തെക്കുറിച്ച് ഓർക്കാനാണ് നമുക്കിഷ്ടം.
എന്നാൽ സുഖദുഃഖ സമ്മിശ്രമാണ് മനുഷ്യജീവിതം. തീർച്ചയായും വേദനകളും ദുഃഖങ്ങളും രോഗങ്ങളും സാമ്പത്തിക ഞെരുക്കങ്ങളും സന്തോഷകരമായ ജീവിതത്തിനിടയിൽ എപ്പോൾ വേണമെങ്കിലും കടന്നുവരാം. അതിനെ നമ്മൾ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജീവിതം സ്വസ്ഥമോ അസ്വസ്ഥമോ ആകുന്നത്. കാലവർഷങ്ങൾ പലപ്പോഴും നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണെങ്കിലും അതിലൂടെ ഭൂമിയിൽ ഉളവാകുന്ന നന്മകളെക്കുറിച്ച് ഓർക്കുമ്പോൾ വൈകിവരുന്ന കാലവർഷങ്ങളെ നാം കൊതിയോടെ കാത്തിരിക്കാറുണ്ട്.
പരാതിപ്പെടാതിരിക്കാൻ
നമ്മുടെ ജീവിതത്തിൽ ദൈവം അനുവദിക്കുന്ന സഹനങ്ങളുടെ അർത്ഥം പലപ്പോഴും ആ നാളുകളിൽ നമുക്ക് മനസിലാകണമെന്നില്ല. ഇതിന്റെ ഉത്തരവാദിത്വം മറ്റു പലരിലും അടിച്ചേല്പിക്കാനാണ് നാം ശ്രമിക്കാറുള്ളത്. എന്നാൽ മഴയിലൂടെ ലഭിക്കുന്ന വെള്ളം സ്വീകരിച്ച് ആഴ്ചകൾക്കുശേഷം സസ്യലതാദികളിൽ പുതിയ നാമ്പുകൾ മുളയ്ക്കുന്നതുപോലെ നമ്മുടെ ജീവിതത്തിലും സഹനങ്ങൾക്കുശേഷം വലിയ വളർച്ചകൾ ഉണ്ടാകുന്നത് കാണുവാൻ സാധിക്കും.
1 പത്രോസ് 4:12-13-ൽ പറയുന്നു: ”പ്രിയപ്പെട്ടവരേ നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ! അവന്റെ മഹത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ലാദിക്കും.” നമ്മുടെ ജീവിതത്തിൽ യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നില്ല. ഓരോ ചെറിയ കാര്യവും സംഭവിക്കുന്നത് ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലിന്റെ ഭാഗമായാണ് എന്ന് തിരിച്ചറിയുമ്പോൾ സഹനങ്ങളിൽ പരാതി പറയാൻ നമുക്ക് സാധിക്കില്ല.
”ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങൾ ഉണ്ടാകാൻ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അവയെ അതിജീവിക്കുവാൻ വേണ്ട ശക്തി അവിടുന്ന് നിങ്ങൾക്ക് നല്കും” (1 കോറിന്തോസ് 10:13). വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്ന ഓരോ സഹനങ്ങളും അതിജീവിക്കുവാനും നമ്മെ സഹായിക്കും.
അതിനാൽ ഇപ്പോഴുള്ള കഷ്ടതകളുടെ അവസ്ഥയിൽ നമ്മുടെ മനസ് ഉടക്കിപ്പോകാതെ ഇതിലൂടെ ഉളവാകുന്ന നന്മകളിലേക്ക് നമ്മുടെ മനസുയർത്താം. അപ്പോൾ ഈ സഹനങ്ങളെ വേഗം അതിജീവിക്കാൻ നമുക്ക് സാധിക്കും. പുതിയ പ്രത്യാശയിലേക്ക് നാം നയിക്കപ്പെടുകയും ചെയ്യും.
ബിന്ദു ജോബി