റോസ്‌മേരിയുടെ വിവാഹം കഴിഞ്ഞിട്ട് 19 വർഷങ്ങളായിട്ടും കുട്ടികൾ ഇല്ലായിരുന്നു. എന്റെ സുഹൃത്തും സഹപ്രവർത്തകയുമാണ് അവൾ. ഒരുപാട് ചികിത്സയും പ്രാർത്ഥനയുമായി നാളുകൾ കഴിഞ്ഞുപോവുകയായിരുന്നു. എത്ര ദുഃഖം ഉള്ളിലുണ്ടെങ്കിലും റോസ് വിഷമിച്ചിരിക്കുന്നത് ഞാൻ കാണാറേയില്ല. ജപമാല മനഃപാഠമാക്കുവാൻ എന്നെ പഠിപ്പിച്ചുതന്നത് റോസ് ആയിരുന്നു. പരിശുദ്ധ മാതാവിന്റെ ഒരു ഉത്തമ ഭക്ത.
ഞങ്ങളുടെ സൗഹൃദം മുന്നോട്ടുപോകവേ 2016 ജനുവരിമാസം മുതൽ ഞാൻ അതിശക്തമായ നടുവേദന കാരണം നാലുമാസം അവധിയെടുത്തു. എന്റെ ഭർത്താവിനാകട്ടെ ഡിമെൻഷ്യ നിമിത്തം ഓർമ്മ മുഴുവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു ദിവസം റോസും മറ്റൊരു സുഹൃത്തുംകൂടെ ഞങ്ങളെ കാണുവാൻ വന്നു. അന്നാദ്യമായി റോസ് ഹൃദയം തകർന്ന് കരയുന്നത് ഞാൻ കണ്ടു.
അവൾ കരഞ്ഞത് ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാണ്. ഞങ്ങൾക്കുവേണ്ടിയുള്ള മധ്യസ്ഥപ്രാർത്ഥനതന്നെയായിരുന്നു അത്. കൂട്ടുകാരിയുടെ കണ്ണീർ കണ്ടിട്ട് ഒരു വാക്കുപോലും പറയാനാവാതെ ഞാൻ നോക്കിനിന്നു. പിറ്റേദിവസം ശാലോം നൈറ്റ് വിജിൽ ഉള്ള ദിവസമായിരുന്നു. നൈറ്റ് വിജിലിൽ പങ്കെടുക്കാൻ ടി.വി സ്‌ക്രീനിന്റെ മുമ്പിൽ ഇരുന്നപ്പോൾ, ഞാൻ എന്റെ വീട്ടിൽ സഹായിയായ പെൺകുട്ടിയോട് ഒരു പരിഭവം പറഞ്ഞു. (അവളും എന്നോടൊപ്പം എല്ലാ നൈറ്റ് വിജിലിലും പങ്കെടുക്കാറുണ്ട്). ”ബാക്കിയുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ എല്ലാം ദൈവം കേട്ടു, ഇതുമാത്രം….” മറ്റുള്ളവർക്കായി മാധ്യസ്ഥം ചോദിച്ച് പ്രാർത്ഥിക്കുന്ന റോസിന് ഇത്രനാളായും അവളുടെ സ്വന്തം നിയോഗം സാധിച്ചുകിട്ടിയില്ലല്ലോ എന്ന ചിന്തയോടെയായിരുന്നു ആ വാക്കുകൾ എന്റെ നാവിൽനിന്നും വീണത്.
രണ്ടാഴ്ച കഴിഞ്ഞു. ആ സമയത്താണ് ഞങ്ങൾ അതറിഞ്ഞത്! റോസ്‌മേരി ഗർഭിണിയാണെന്ന വിവരം വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിരിക്കുന്നു. നാളുകളായി ഒരു ചികിത്സപോലും ഇല്ലാതെയിരിക്കുകയായിരുന്നു. ഡിസംബർ എട്ടിന് മാതാവിന്റെ തിരുനാൾ ദിവസം റോസിനും ഭർത്താവ് അജിത്തിനും ഒരു ആൺകുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു. ആന്റൺ മാരിയോ ജോസഫ് എന്ന് അവന് പേരിട്ടു. മധ്യസ്ഥപ്രാർത്ഥന സ്വർഗത്തിന് എത്രയോ പ്രീതികരമായ പ്രാർത്ഥനയാണ്!
സെലിൻ ബെൻജി