ഈ സുവാർത്ത നിരാശിതർക്കും അവഗണിക്കപ്പെട്ടവർക്കും

ബാല്യകാലത്തെ ഒരു അനുഭവം മനസിൽ തെളിയുകയാണ്. ഏറെ പഴക്കംചെന്ന ഓലമേഞ്ഞ പഴയ വീട് പൊളിച്ച് പുതിയ വീട് പണിയാൻ പോകുന്നുവെന്ന് മാതാപിതാക്കൾ ഞങ്ങളെ അറിയിച്ചപ്പോൾ ഉണ്ടായ സന്തോഷം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. മനസിലുള്ള നാളുകളായുള്ള സ്വപ്നം ഫലമണിയാൻ പോകുന്നു.

പുതിയ വീടിന്റെ തറ കെട്ടുന്ന ദിവസം വന്നെത്തി. ഏറെ കരഞ്ഞും വാശി പിടിച്ചും പണിക്കാരെ സഹായിച്ചുകൊള്ളാം എന്ന വ്യവസ്ഥയിൽ സ്‌കൂളിൽ പോകാതെ വീട്ടിൽ നില്ക്കുവാൻ അനുവാദം ലഭിച്ചു. പുതിയ വീടും അതുമായി ബന്ധപ്പെട്ട സ്വപ്നങ്ങളും മാത്രമായിരുന്നു മനസിൽ. ഒരു ദിവസംകൊണ്ടുതന്നെ തറകെട്ട് തീരും എന്നായിരുന്നു പ്രതീക്ഷ. തുടർന്നുള്ള ദിവസങ്ങളിൽത്തന്നെ ഭിത്തിയുടെയും മേൽക്കൂരയുടെയും പണികളും.
എന്നാൽ എന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി മേസ്തിരിയും കൈപ്പണിക്കാരും രാവിലെ മുതൽ ഓരോ കല്ലുകളും അടിച്ചിട്ടും മറിച്ചിട്ടും ഉച്ചവരെ നേരം കളയുന്ന കാഴ്ചയാണ് എനിക്ക് കാണേണ്ടിവന്നത്. അതുകൊണ്ടുതന്നെ അവരോട് എന്തെന്നില്ലാത്ത അമർഷവും നീരസവും എന്റെ കുഞ്ഞുമനസിൽ നിറഞ്ഞുനിന്നു. കൂലിപ്പണിക്കാരായ എന്റെ മാതാപിതാക്കൾ കഷ്ടപ്പെട്ട് പണിയെടുത്തും ലോണെടുത്തും ഉണ്ടാക്കിയ പണമല്ലേ ഇവർക്ക് കൂലിയായി കൊടുക്കുന്നത്. എന്നാൽ അവരിതാ ഓരോ കല്ലും തട്ടിയും മുട്ടിയും പൊട്ടിച്ചും നേരം കളയുന്നു.

സത്യങ്ങൾ
പിന്നീടാണ് ഞാൻ മനസിലാക്കിയത്, അവർ വെറുതെ സമയം കളയുകയല്ല. വീടുപണികൾക്കായി പാറമടയിൽനിന്ന് കൊണ്ടുവന്ന കല്ലുകളിൽനിന്ന് നാലുഭാഗവും ആകൃതിയുള്ളതും മൂലയുള്ളതുമായ ‘മൂലക്കല്ലുകൾ’ ആദ്യമേ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന്. അതെ, തറകെട്ട് തുടങ്ങുവാൻ ആദ്യം വേണ്ടത് ഭംഗിയുള്ള മൂലക്കല്ലുകൾ തന്നെയാണ്. ഇതൊരു ലൗകികസത്യമാണ്.

വീടിന്റെ തറകെട്ടിന് നല്ല കല്ലുകൾ എന്നതുപോലെ തന്നെ ഈ ലോകത്തിലെ എല്ലാ സ്ഥാനമാനങ്ങൾക്കും തിരഞ്ഞെടുപ്പിനും ചില മാനദണ്ഡങ്ങൾ അനിവാര്യമാണ്. ഒരു ജനപ്രതിനിധിയെയോ ഇതര സ്ഥാനങ്ങളിലേക്കോ ഒരു തിരഞ്ഞെടുപ്പ് നടത്തുമ്പോൾ – സൗന്ദര്യം, സമ്പത്ത്, കഴിവ്, കുടുംബമഹിമ, പാരമ്പര്യം, വിദ്യാഭ്യാസം എന്നിവയെല്ലാം പ്രധാന ഘടകങ്ങളായി മാറുന്ന കാഴ്ചയാണ് നാം നമ്മുടെ ചുറ്റുപാടും കാണുന്നത്. അതായത്, ലോകം കഴിവുള്ളതിനെമാത്രം തിരഞ്ഞെടുക്കുന്നു. മറ്റുള്ളവയെല്ലാം ആകൃതിയില്ലാത്ത കല്ലുകൾ അവഗണിക്കപ്പെട്ടതുപോലെ പുറന്തള്ളപ്പെടുന്നു.
എന്നാൽ ദൈവികമായ തിരഞ്ഞെടുപ്പുകൾ അങ്ങനെയല്ല എന്ന് വിശുദ്ധ ഗ്രന്ഥവും രക്ഷാകരചരിത്രവും നമ്മെ പഠിപ്പിക്കുന്നുണ്ട്. ”യേശു അവരോട് ചോദിച്ചു: പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് തന്നെ മൂലക്കല്ലായി തീർന്നു, ഇത് കർത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികൾക്ക് ഇത് അത്ഭുതകരമായിരിക്കുന്നു എന്ന് വിശുദ്ധ ലിഖിതത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ” (മത്തായി 21:42).

വിധി മാറ്റിയെഴുതുന്നവൻ
വീടിന്റെ തറകെട്ട് നടക്കുമ്പോൾ അന്ന് ആ പണിക്കാർ കാലുകൊണ്ട് ചവിട്ടിമാറ്റിയും മുറുക്കി തുപ്പിയും ‘ഒന്നിനും കൊള്ളില്ല’ എന്ന് വിധിയെഴുതി അവഗണിച്ചതുമായ അത്തരം കല്ലുകളെ നോക്കിയാണ് ക്രിസ്തു പറഞ്ഞത് – ‘പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.’ ഇതാണ് ദൈവിക തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. അവിടുന്ന് ആരെയും അവഗണിക്കുന്നില്ല. ”ഞാൻ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ” (ഹെബ്രായർ 13:5).

അവഗണിക്കപ്പെട്ട കല്ലിനെപ്പോലെ പലരുടെയും ആട്ടും തുപ്പും സഹിച്ച്, സ്‌നേഹം നല്‌കേണ്ടവർ സ്‌നേഹം നല്കാത്തതിന്റെ, മനസിലാക്കേണ്ടവർ മനസിലാക്കാത്തതിന്റെ വേദന കടിച്ചമർത്തി, എന്നെ ഒന്നിനും കൊള്ളില്ല, ഞാനെന്തിന് ജീവിക്കണം എന്ന് ചിന്തിച്ച് ജീവിതംതന്നെ ഒരു ഭാരമായി മാറിയിട്ടുണ്ടോ? എന്നാൽ അറിയുക. പണിക്കാർ ഉപേക്ഷിച്ച കല്ലുകളെ മൂലക്കല്ലുകളാക്കി മാറ്റുന്നവനാണ് നമ്മുടെ ദൈവം. ലോകം അവഗണിച്ചവരെയും തള്ളിക്കളഞ്ഞവരെയും തിരഞ്ഞെടുക്കുവാനും ഉയർത്തുവാനും കഴിവുള്ളവൻ യേശുക്രിസ്തു മാത്രമാണ്. ”ഇത് കർത്താവിന്റെ മാത്രം പ്രവൃത്തിയാണ്. മനുഷ്യദൃഷ്ടിയിൽ ഇത് അത്ഭുതകരമായിരിക്കുന്നു” (ലൂക്കാ 21:42).

കിരീടമണിയിക്കും
അവിടുന്ന് നിന്റെയുള്ളിൽ ധാരാളം നന്മകളും സാധ്യതകളും കാണുന്നു. മനുഷ്യനും ലോകവും ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുമ്പോൾ നിന്റെ കർത്താവ് ഹൃദയം കാണുന്നു. അവിടുത്തെ മുൻപിൽ നീ ബഹുമാന്യനും പ്രിയങ്കരനും അമൂല്യനുമാണ്. കർത്താവ് നിന്നോട് അരുളിച്ചെയ്യുന്നു.”എന്തെന്നാൽ കർത്താവിന്റെ പ്രവൃത്തികൾ വിസ്മയകരവും മനുഷ്യദൃഷ്ടിക്ക് അഗോചരവുമാണ്. കിരീടധാരികൾ തറ പറ്റുന്നു. ഒന്നുമില്ലാത്തവർ കിരീടമണിയുന്നു” (പ്രഭാഷകൻ 11:4-5). നീ ചെയ്യേണ്ടത് ഒന്നുമാത്രം – നിന്റെ ജീവിതവും ജീവനും പൂർണമായി കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുക. ‘ഇതാ കർത്താവേ ഞാൻ’ എന്ന് ഓരോ പ്രഭാതത്തിലും ഹൃദയത്തിൽ ഏറ്റുപറയുക. സ്വർഗം ഭൂമിയിൽനിന്ന് കേട്ട ഏറ്റവും മഹത്വമമായ വാക്ക് അത് മാത്രമാണ്. നിന്റെ ജീവിതവും ഭാവിയും രൂപാന്തരപ്പെടുകതന്നെ ചെയ്യും. നിന്റെ കുടുംബത്തിനും സമൂഹത്തിനും നിന്റെ ജീവിതം ഒരനുഗ്രഹമായി മാറും. ദൈവരാജ്യത്തിന്റെയും സഭാഗാത്രത്തിന്റെയും നിർമിതിയിൽ അവിടുന്ന് നിന്നെ ഒരു മൂലക്കല്ലായി ഉപയോഗിക്കും, തീർച്ച. ഗലീലിയിലെ ദുർബലരായ മുക്കുവരെ, സമൂഹം അവഗണിച്ചവരെ സഭയുടെ നെടുംതൂണുകളാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിന് അസാധ്യമായി എന്താണുള്ളത്? ആ ദൈവം സംസാരിക്കുന്നു.
”തീർച്ചയായും നിനക്കൊരു ഭാവിയുണ്ട്, നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല” (സുഭാഷിതങ്ങൾ 23:18)

മാത്യു ജോസഫ്

2 Comments

  1. the lord of almighty is withus

Leave a Reply

Your email address will not be published. Required fields are marked *