കിടപ്പുരോഗികളെ വൃത്തിയാക്കുകയും അവരെ കുളിപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയുമൊക്കെ ചെയ്യുന്ന കറുത്ത വർഗക്കാരായ കുറെ പെൺകുട്ടികൾ. ആരുടെയും ശ്രദ്ധയിൽപെടാത്ത, ആരും അധികം വില കല്പിക്കാത്ത ഒരു കൂട്ടമാണവരുടേത്. മറ്റ് പെൺകുട്ടികൾ ചെയ്യാൻ കുറച്ചിലാണെന്നു കരുതുന്ന ജോലി. കുറച്ച് ദിവസം അവരുടെ ജോലികൾ ശ്രദ്ധിച്ച ഞാൻ അതിശയിച്ചുപോയി.
എത്ര ആത്മാർത്ഥതയോടെയാണ് അവർ മരണശയ്യയിൽ കിടക്കുന്ന രോഗികളെ ശുശ്രൂഷിക്കുന്നത്. എന്നാൽ അതിനുതക്ക ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാത്ത വിഭാഗം. മറ്റ് സുന്ദരികളായ പെൺകുട്ടികളെ അപേക്ഷിച്ച് ആകർഷകത്വം കുറഞ്ഞവരെന്നു തോന്നിക്കുന്ന ഈ പെൺകുട്ടികൾ എത്ര വലിയ കാര്യമാണ് ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചു.
ഒരിക്കൽ അവരിലൊരാളോട് ചോദിച്ചു, സ്വന്തം മാതാപിതാക്കളെപ്പോലും ശരിയായി ശുശ്രൂഷിക്കാത്ത മക്കളുള്ള ഈ കാലത്ത് ഇത്രയും ആത്മാർത്ഥതയോടെ ഈ ജോലി ചെയ്യാൻ എന്താണ് പ്രചോദനം? കൂട്ടത്തിലൊരാൾ എന്നോട് പറഞ്ഞു. ഡോക്‌ടേഴ്‌സും നഴ്‌സുമാരും ചെയ്യുന്നത് എല്ലാവരും കാണുന്നു; പക്ഷേ ഞങ്ങൾ ചെയ്യുന്നത് മറ്റാരും കാണുന്നില്ലെങ്കിലും ഒരാൾ കാണുന്നുണ്ട്. അവന്റെ മുന്നിലാണ് ഞങ്ങൾ ഞങ്ങളുടെ ഈ പ്രവൃത്തികൾ സമർപ്പിക്കുന്നത്. അത് മറ്റാരുമല്ല – ജീസസ് ആണ്.”
ഇത്രയും പറഞ്ഞ് കഴുത്തിലണിഞ്ഞിരിക്കുന്ന ജപമാല എന്നെ കാട്ടിത്തന്നു. ”ഞങ്ങൾ ജീസസിനായി പണിയെടുക്കുന്നവരാണ്. മറ്റാരും കാണണമെന്നോ പ്രശംസിക്കണമെന്നോ ഞങ്ങൾക്കില്ല.”
ആ വാക്കുകൾ എന്നെ ഏറെ സ്പർശിച്ചു. ഒരു സൗഖ്യത്തിന്റെ മന്ത്രം എന്നിലൂടെ കടന്നുപോകുന്നത് ഞാനറിഞ്ഞു. ദൈവത്തിന്റെ മുന്നിലേക്ക് ഉയരുന്ന യഥാർത്ഥമായ സ്തുതിഗീതം ഇത്തരം പുണ്യപ്രവൃത്തികളാണെന്ന് തോന്നി. വിശുദ്ധ ഗ്രന്ഥത്തിൽ യേശു പ്രശംസിച്ച വിധവയെയാണ് അതോടൊപ്പം ഓർമ്മ വന്നത്. ആരും കാണാതെ ആത്മാർത്ഥഹൃദയത്തോടെ ആ വിധവ രണ്ട് ചെമ്പുനാണയങ്ങൾ ഭണ്ഡാരത്തിൽ നിക്ഷേപിച്ചപ്പോൾ അതാരും ശ്രദ്ധിക്കുന്നില്ല. പക്ഷേ ആ ചെമ്പുനാണയങ്ങളുടെ സ്വർഗീയവില യേശു തിരിച്ചറിയുന്നു. ”അവൻ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു” (ലൂക്കാ 21: 3)
വിധവയുടെ പ്രതിരൂപം കറുത്ത വർഗക്കാരായ ആ സ്ത്രീകളിൽ എനിക്ക് കാണുവാൻ കഴിഞ്ഞു. വിധവയുടെ കൈയിലിരുന്ന ചെമ്പുനാണയങ്ങളുടെ അതേ വിലയുള്ള നാണയത്തുട്ടുകൾ അവരുടെ ആ പുണ്യപ്രവൃത്തികളിൽ കണ്ടു. വ്രണിതരായി കിടക്കുന്ന അനേകം ഈശോമാരെ അവരുടെ കൈകൾകൊണ്ട് കഴുകിത്തുടക്കുന്നതിനും അവരുടെ മുറിവുകൾ വച്ചുകെട്ടുന്നതിനും ഞാനും സാക്ഷിയായി; പങ്കാളിയായി. നഴ്‌സിങ്ങ് ജോലി പരിപാവനംതന്നെയെന്ന ബോധ്യം മനസിൽ നിറയുകയായിരുന്നു. ആത്മാർത്ഥസമർപ്പണത്തോടെ അവർ ചെയ്ത ശുശ്രൂഷകളെ നോക്കിയും കർത്താവ് അഭിനന്ദനങ്ങൾ ചൊരിയുന്നുണ്ടെന്ന് എനിക്ക് തോന്നി.
ജയിംസ് വടക്കേക്കര