തന്നോട് പ്രാർത്ഥനാസഹായം ചോദിച്ച വൈദികനുവേണ്ടി ഫൗസ്റ്റീന പ്രാർത്ഥിക്കാനാരംഭിച്ചു. അതോടൊപ്പം അദ്ദേഹം അന്ന് സഹിക്കേണ്ട ആത്മീയവും ഭൗതികവുമായ എല്ലാ സഹനങ്ങളും തന്റെമേൽ ചൊരിയാൻ കൃപയാകണമേ എന്ന് ഈശോയോട് അപേക്ഷിക്കുകയും ചെയ്തു അവൾ. ദൈവം ഭാഗികമായി ആ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കി. എങ്ങുനിന്നെന്ന് അറിയാത്തവിധം വളരെയധികം കഷ്ടതകൾ വന്നു ഫൗസ്റ്റീനയെ പൊതിഞ്ഞു. ഒരു സന്യാസിനി ഉച്ചത്തിൽ അഭിപ്രായപ്പെട്ടു. ”ഇത് എന്തോ ദൈവിക ഇടപെടലാണ്, എല്ലാവരും സിസ്റ്റർ ഫൗസ്റ്റീനയെ വിഷമിപ്പിക്കുകയാണ്.” ചിലർ അതിനെ അനുകൂലിച്ചില്ല. പക്ഷേ സിസ്റ്റർ എല്ലാം നിശബ്ദമായി ആ വൈദികനുവേണ്ടി സമർപ്പിച്ചു.
എന്നാൽ അതുമാത്രമായിരുന്നില്ല, ഫൗസ്റ്റീനക്ക് ആന്തരികമായ സഹനങ്ങളും ഉണ്ടായി. ആദ്യം ഒരു വിഷാദവും മറ്റു സഹോദരികളോടുള്ള നീരസവും അവളെ അടിപ്പെടുത്തി. തുടർന്ന് ഒരു അനിശ്ചിതത്വം അവളെ അസ്വസ്ഥയാക്കാൻ തുടങ്ങി. പ്രാർത്ഥിക്കുവാൻപോലും സാധിക്കാതായി, ക്ഷീണിതയായി. ചെറുദൈവാലയത്തിൽ പ്രവേശിച്ച നേരത്ത് ഒരു അസാധാരണ വേദന അവളെ കീഴ്‌പ്പെടുത്തി. അവൾ വിതുമ്പിക്കരയാൻ തുടങ്ങി. അപ്പോൾ തന്റെ ആത്മാവിൽ ഈ സ്വരം കേട്ടു: ”നീ ഏറ്റെടുത്തിരിക്കുന്നത് ആ ആത്മാവ് അനുഭവിക്കുന്നതിന്റെ വളരെ ചെറിയ ഒരു ഭാഗമാണെന്ന് നീ ഓർക്കണം. അവൻ വളരെയധികം സഹിക്കുന്നു.” ഈ വാക്കുകൾ കേട്ട ഫൗസ്റ്റീന എന്തിനാണ് ഇപ്രകാരം ചെയ്യുന്നത് എന്ന് കർത്താവിനോട് ചോദിച്ചു: അവനായി ഒരുക്കിയിരിക്കുന്ന ബ്രഹ്മചര്യത്തിന്റെയും പൗരോഹിത്യത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും മൂന്നു കിരീടങ്ങൾക്കുവേണ്ടിയാണെന്നായിരുന്നു അവിടുത്തെ മറുപടി. സ്വർഗത്തിൽ അദ്ദേഹത്തെ കാത്തിരിക്കുന്ന ഉന്നതമഹിമയെ കണ്ടപ്പോൾ അവളുടെ ആത്മാവ് ആനന്ദനിർഭരമായി. തന്നോടു കൂടുതൽ ഐക്യപ്പെടുത്താൻ ആഗ്രഹിക്കുന്ന ആത്മാക്കളോട് ദൈവം എങ്ങനെയാണ് വർത്തിക്കുന്നതെന്ന് തന്നെ പഠിപ്പിച്ചതിന് ഫൗസ്റ്റീന സ്‌തോത്രഗീതം ആലപിച്ച് അവിടുത്തേക്ക് നന്ദി പറഞ്ഞു.
സ്വർഗത്തിൽ നമ്മെ കാത്തിരിക്കുന്ന മഹിമയോടു തുലനം ചെയ്യുമ്പോൾ ഇന്നത്തെ വേദനകൾ ഒന്നുമല്ല.
ഡയറി, വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാൽസ്‌ക