പ്രശ്‌നവും വചനവും തമ്മിലെന്തു ബന്ധം?

ജർമൻകാരനായ ഒരു മനുഷ്യൻ ധ്യാനത്തിന്റെ അവസാനം സാക്ഷ്യപ്പെടുത്തി. ”ഞാൻ വിവാഹിതനായിട്ട് 41 വർഷമായി. ഒരിക്കൽപോലും ഭാര്യയെ മൈ ഡിയർ ഡാർലിംഗ് എന്ന് വിളിച്ചിട്ടില്ല. എന്നാൽ ധ്യാനത്തിനുശേഷം ആദ്യമായി എന്റെ ഭാര്യയെ മൈ ഡിയർ ഡാർലിംഗ് എന്ന് സ്‌നേഹപൂർവം വിളിക്കാനും എഴുതുവാനും ഹൃദയത്തിൽ പരിശുദ്ധാത്മാവ് തോന്നിച്ചു.”

”എന്റെ പിതാവ് ഇപ്പോഴും പ്രവർത്തനനിരതനാണ്. ഞാനും പ്രവർത്തിക്കുന്നു” (യോഹന്നാൻ 5:17). ഈ വചനം ഇന്നും ജീവിക്കുന്നു എന്നതിന് ഉദാഹരണമായിരുന്നു ഈ അനുഭവം. മറ്റൊന്ന് ഒരു യുവതിയുടെ അനുഭവമാണ്. 2015-ൽ യൂറോപ്പിൽ ഒരു ധ്യാനസമയത്ത് പരിശുദ്ധാത്മാവ് വെളിപ്പെടുത്തി, മക്കളില്ലാത്ത ഒരു മകൾക്ക് കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കുന്നുവെന്ന്. പിന്നീട് 2016-ൽ ആ മകൾ കുഞ്ഞുമായി വന്ന് സാക്ഷ്യപ്പെടുത്തി.

അവളുടെ വാക്കുകൾ: ”അച്ചനിലൂടെ പരിശുദ്ധാത്മാവ് സന്ദേശം വെളിപ്പെടുത്തിയപ്പോൾ എനിക്ക് ഒരു ദൈവികസ്പർശനം ശരീരത്തിൽ അനുഭവപ്പെട്ടു. ഏറെ താമസിക്കാതെ ഞാൻ ഗർഭിണിയായി. ദൈവാനുഗ്രഹത്താൽ എന്റെ ഉദരത്തിൽ ഉരുവായ ആ കുഞ്ഞിനെ ഇപ്പോൾ ഇവിടെ കൊണ്ടുവന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.”

സ്‌നേഹവും പ്രത്യാശയും
ദൈവത്തിന്റെ വചനം ആത്മാവിനും മനസിനും ശരീരത്തിനും പുതുപ്രകാശം നല്കുന്നു. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും പുതുജീവൻ പകരാൻ വചനത്തിന് കഴിയും. തളർന്നുപോയ മനസുകളെ പൊക്കിയെടുക്കുവാൻ ദൈവവചനത്തിന്റെ ശക്തി വളരെ വലുതാണ്. ബേത്‌സഥായിലെ രോഗിയായി കിടന്ന മനുഷ്യൻ യേശുവിന്റെ വചനംകൊണ്ടും സ്പർശനംകൊണ്ടും പുതിയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏശയ്യാ 40:31: ”ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല.”

ഈ രോഗി 38 വർഷമായി സൗഖ്യത്തിനായി കാത്തിരിക്കുന്നു. ഓരോ മാസവും ആഗ്രഹിക്കുകയും പ്രതീക്ഷ നശിച്ചുപോകുകയും ചെയ്തിരുന്നു. അവനെ സഹായിക്കാൻ ആരും വന്നില്ല. എനിക്ക് ആരുമില്ലായെന്നുള്ള ചിന്ത ആത്മനൊമ്പരമായി വർഷങ്ങളോളം അവന്റെ ഉള്ളിൽ കുടിയിരുന്നു. എന്നാൽ ഒരു കൂടപ്പിറപ്പിന്റെ സ്‌നേഹത്തോടെ, പരിഗണനയോടെ, അനുകമ്പയോടെ, സ്‌നേഹത്തിന്റെ സ്പർശനവുമായി യേശു അവന്റെ അടുത്ത് കടന്നുവന്നു.
യേശുവിന്റെ ചോദ്യം അവന്റെ ഹൃദയത്തെ സ്പർശിച്ചു. നിനക്ക് സുഖപ്പെടുവാൻ ആഗ്രഹമുണ്ടോ? അവൻ ആവലാതികൾ യേശുവിന്റെ മുൻപിൽ നിരത്തിവച്ചു. ഈശോ എല്ലാം കേട്ടു. സങ്കീർത്തനം 56:8: ”അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്. എന്റെ കണ്ണീർക്കണങ്ങൾ കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്.” ആശ നശിച്ചുപോയ അവന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ വചനങ്ങൾ നല്കുകയും കൈ പിടിച്ച് എഴുന്നേൽപിക്കുകയും ചെയ്തു. ഏശയ്യാ 59:1: ”രക്ഷിക്കാൻ കഴിയാത്തവിധം കർത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേൾക്കാനാവാത്തവിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല.”

പുതിയ സാധ്യതകൾ
ഒരുപക്ഷേ വർഷങ്ങളോളം പ്രതീക്ഷ അറ്റുപോയ ജീവിതമായിരിക്കാം എന്റേത്. ചിലപ്പോൾ പ്രതീക്ഷ ഉണ്ടാകുകയും അത് വാടിക്കരിഞ്ഞു പോകുകയും ചെയ്യുന്ന അവസ്ഥയായിരിക്കാം.എന്നാൽ എന്നും പ്രതീക്ഷ നല്കുന്ന യേശുനാഥൻ നമ്മോടുകൂടിയുണ്ട്. അതാണല്ലോ വചനം പറയുന്നത്, പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. നിന്റെ പേര് എന്റെ ഉള്ളംകൈയിൽ ഉണ്ട്.

ദൈവവചനത്തിന്റെ കണ്ണാടിയിലൂടെ ജീവിതത്തെയും കുടുംബത്തെയും രോഗത്തെയും വേദനിപ്പിക്കുന്ന അവസ്ഥയെയുെമല്ലാം നമുക്ക് നോക്കിക്കാണാം. വായിക്കാൻ തടസമുള്ളവർ വായിക്കുന്നതിനുമുൻപ് കണ്ണാടി ധരിക്കുന്നതുപോലെ. അപ്പോൾ ആശയറ്റ അവസ്ഥയിലും പ്രതീക്ഷിക്കാൻ പുതിയ സാധ്യതകളുടെ പ്രതിഫലനങ്ങൾ കാണാൻ സാധിക്കും.

സ്‌നേഹസ്വരൂപനായ ഈശോയേ, നിന്റെ സ്‌നേഹം അനുഭവിക്കാൻ എനിക്ക് അനുഗ്രഹം നല്കണമേ. വേദനകളാലും രോഗത്താലും അലയുന്ന ജീവിതത്തിലേക്ക് ആശ്വാസമായി കടന്നുവരണമേ. എന്റെ തകർച്ചയുടെ അങ്ങേയറ്റത്ത് നീ നില്പ്പുണ്ടെന്നുള്ള വലിയ ബോധ്യം നല്കണമേ. പ്രശ്‌നങ്ങളിലേക്ക് നോക്കാതെ വചനത്തിലേക്ക് നോക്കുവാൻ എന്നെ സഹായിക്കണമേ – ആമ്മേൻ.

റവ. ഡോ. ജോസഫ് വടക്കേൽ എം.സി.ബി.എസ്‌

Leave a Reply

Your email address will not be published. Required fields are marked *