പ്രാർത്ഥിക്കും മുൻപ് ഓർക്കാൻ

ക്രിസ്തുവിന്റെ മരണത്തിന്റെ മൂന്നാം പക്കം. കല്ലറയിലെത്തിയ മറിയം മഗ്ദലേന കണ്ടത് തന്റെ പ്രാണനും അഭയവുമായിരുന്നവന്റെ ശൂന്യമായ കല്ലറ. അവൾക്കു മുന്നിൽ വന്നത് തോട്ടക്കാരൻ. ‘പ്രഭോ, താങ്കൾ എന്റെ പ്രാണപ്രിയനെ എടുത്തുകൊണ്ടുപോയിട്ടുണ്ടെങ്കിൽ തരിക.’ അവൾ നിലവിളിച്ചു.

തന്നെ കാത്തിരിക്കുന്ന മറിയത്തെ ഏറെ സ്‌നേഹിച്ച യേശു തോട്ടക്കാരനിൽ മറഞ്ഞിരിക്കുകയായിരുന്നു. അവളുടെ ആ നിലവിളിയിൽ അധികനേരം മറഞ്ഞിരിക്കാൻ അവനായില്ല. മറിയം എന്നു വിളിച്ച് അവൻ പുറത്തുവന്നു. തോട്ടക്കാരനിൽ മറഞ്ഞിരിക്കുന്ന ക്രിസ്തു വെളിച്ചത്ത് വരുന്നത് മനുഷ്യന്റെ അന്വേഷണത്തിലും നിലവിളിയിലുമാണ്. ഓരോ പ്രാർത്ഥനയിലും സംഭവിക്കുന്നതും ഇതുതന്നെ. അവൻ പുറത്തുവരും, തീർച്ച. ഉണർവിലേക്കുള്ള ക്ഷണമുണ്ട് ഓരോ പ്രാർത്ഥനയിലും. അപേക്ഷിക്കുന്നവനും മറുപടി തരുന്നവനും ഉണരും. പലവിധം പ്രതികരണങ്ങൾ ലഭിക്കാം, അർത്ഥകന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമായി.

പെട്ടെന്നുള്ള മറുപടി
വിളിച്ചു തീരുംമുമ്പേ മറുപടി തരുന്ന ദൈവം. നമുക്കേറെ ഇഷ്ടമാണിത്. ”വിളിക്കുംമുമ്പേ ഞാൻ അവർക്ക് ഉത്തരമരുളും. പ്രാർത്ഥിച്ച് തീരുംമുമ്പേ ഞാനത് കേൾക്കും” (ഏശയ്യാ 65:24). നിലയില്ലാക്കയത്തിൽ ഒരാൾ പ്രാർത്ഥിക്കുമ്പോൾ മൗനം പാലിക്കാൻ ദൈവത്തിനാകുമോ? നിലയില്ലാത്തവന്റെ വിളിയല്ലേ നിലവിളി. മരുഭൂമിയിൽ അലഞ്ഞ ഹാഗാർ തന്റെ കുഞ്ഞിന് ദാഹജലം കിട്ടാൻ പ്രാർത്ഥിച്ചു. പൊടുന്നനെ മരുഭൂമി മരുപ്പച്ചയാക്കി. കരിമ്പാറയിൽ ജലം കുതിർന്നു. കുഷ്ഠരോഗികൾ സൗഖ്യം കിട്ടാൻ നിലവിളിച്ചു. പെട്ടെന്നവൻ സൗഖ്യം നൽകി. ഗതിയില്ലാതെ വലയുന്നവന് ദൈവം മാത്രമാണാശ്രയം. അതുകൊണ്ട്, അവരുടെ നിലവിളി കേൾക്കാതിരിക്കാനാവില്ല.

പൊടുന്നനെ മറുപടി കിട്ടുമ്പോൾ ഭയപ്പെടണം. അപേക്ഷകന്റെ ഉത്തരവാദിത്വം വർധിക്കുന്നു എന്നതുതന്നെ കാരണം. മുങ്ങിത്താഴാൻ തുടങ്ങിയ ചെറുപ്പക്കാരൻ വാവിട്ടു നിലവിളിച്ചു. രക്ഷിക്കണേ! സൈക്കിളിൽ അതുവഴി പോയ സ്‌കൂൾമാഷ് ഒന്നും നോക്കിയില്ല. എടുത്തുചാടി അവനെ രക്ഷിച്ചു. രക്ഷപെട്ടതിന്റെ സന്തോഷം അടക്കാനാവാതെ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മാഷ് സൈക്കിളിൽ സ്ഥലംവിട്ടു.
പത്തുവർഷം കഴിഞ്ഞ് തന്നെ രക്ഷിച്ച ആളെ തിരക്കി മാഷിന്റെ അടുത്തെത്തി. എന്നെ രക്ഷിച്ച അങ്ങേക്ക് എന്തുപഹാരമാണ് ഞാൻ തരേണ്ടതെന്ന ചോദ്യത്തിന്, മാഷിന്റെ മറുപടി ലളിതമായിരുന്നു: ‘വെള്ളത്തിൽനിന്നും കരകയറ്റപ്പെടുവാൻ യോഗ്യനായിരുന്നു നീയെന്ന് ജീവിതംകൊണ്ട് തെളിയിക്കുക.’ ശിഷ്ടായുസ് മുഴുവൻ അതിനുള്ള ശ്രമമായിരുന്നു അവന്റെ ജീവിതം!

നിലയില്ലാക്കയത്തിൽ നിന്നും ഉടയവൻ നിന്നെ കരേറ്റുമ്പോൾ ഇത്തരം ഒരു ഉത്തരവാദിത്വംകൂടി ചുമലിൽ വച്ചുതരുന്നുണ്ട്. ഇത്ര പെട്ടെന്ന് പ്രാർത്ഥനയ്ക്ക് മറുപടി കിട്ടാൻ തക്കവിധത്തിൽ യോഗ്യനാണ് നീയെന്ന് ജീവിതംകൊണ്ട് തെളിയിക്കുക!

വൈകിയെത്തുന്ന മറുപടി
പ്രാർത്ഥന ഫലം ചൂടും. ഫലം ചൂടുന്ന ദിനം നിശ്ചയിക്കുന്നത് ഞാനല്ലെന്നുമാത്രം. ദൈവത്തിന്റെ കാലതാമസം, നിഷേധമല്ല. ”ഞാൻ സകല മർത്യരുടെയും കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?” (ജറെമിയ 32:27). കാത്തിരിക്കുന്നവർക്ക് ഒരു വഴി അവൻ കണ്ടുവച്ചിട്ടുണ്ട്. നാസി തടവറയിൽ അകപ്പെട്ട ഒരു ഡോക്ടർ. രക്ഷപെടാൻ ഒരു വഴിയും മുമ്പിലില്ല. അടുത്ത ദിവസം കൽക്കരിഖനിയിലെ ജോലി കഴിയുമ്പോൾ താൻ ഉൾപ്പെടെ നൂറുപേരെ ഗ്യാസ് ചേംബറിൽ കുരുതി കഴിക്കും എന്ന വാർത്ത കേട്ടത് അന്നാണ്. ഏറെ നിരാശയുണ്ടെങ്കിലും, പ്രത്യാശയുടെ ഇരുപത്തിമൂന്നാം സങ്കീർത്തനം അന്നുരാത്രിയിലും ഉരുവിട്ടു. കണ്ണു കലങ്ങിയ വേദനയിൽ ആ രാത്രി കടന്നുപോയി.

പിറ്റേന്ന് തലയെണ്ണുന്ന സമയം. 77-ാമതായി ഡോക്ടറെ എണ്ണിയ നേരത്ത് താഴെ വീണ പേന എടുക്കാനായി പട്ടാളക്കാരൻ കുനിഞ്ഞു. എഴുന്നേറ്റപ്പോൾ അടുത്തയാളെ എണ്ണിയത് 77 എന്നുതന്നെ. ഡോക്ടറൊഴികെ വേറെ ആരും ശ്രദ്ധിക്കാത്ത കാര്യം. നൂറിനു പകരം നൂറ്റൊന്നുപേരുമായി വാഹനം ഖനിയിലെത്തി. തിരിച്ച് ഗ്യാസ് ചേംബറിലേക്ക് നൂറ് പേരെയും എണ്ണി കയറ്റി. ഇദ്ദേഹം ഒരിടത്ത് ഒളിച്ചിരുന്നു. പിന്നീട് പുറത്തുകടന്ന് സ്വന്തം ഭവനത്തിലെത്തി. മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലും തന്നെ രക്ഷിച്ചത് ദൈവം മാത്രമാണെന്നദ്ദേഹം ഏറ്റുപറഞ്ഞു.

ഉപേക്ഷിച്ചുകളയാതെ അപേക്ഷ തുടരുന്നവർക്കാണ് മറുപടി. വാഗ്ദാനം നൽകിയവൻ ദൈവമെങ്കിൽ അവൻ കുറവു വരുത്തില്ല. കാലതാമസവും വരുത്തില്ല. രണ്ടു കാര്യം നാം ശ്രദ്ധിക്കണമിവിടെ. ഒന്ന്, നമ്മുടെ കണക്കുകൂട്ടലുകൾ അവൻ ഭേദിക്കും, ചിലപ്പോഴെങ്കിലും. കാരണം ലളിതമാണ്. നീ പ്രാർത്ഥിച്ചതുകൊണ്ടാണ് നിനക്കത് ലഭിച്ചതെന്ന ചിന്തയിൽപോലും നീ കുടുങ്ങരുത്. പ്രാർത്ഥനപോലും വിഗ്രഹമാകരുത്. ജോലിക്കായി പ്രാർത്ഥിച്ചു, ഏറെനാൾ. പിന്നെ ദൈവത്തിന് വിട്ടു. അപ്പോഴിതാ ഇന്റർവ്യൂ കാർഡ് വരുന്നു. നാം കൈവിടുമ്പോൾ അവൻ കൈ നിവർത്താൻ തുടങ്ങും. അവൻ ഒരിക്കലും വഞ്ചിക്കില്ല.

രണ്ടാമതായി, നാം സ്വീകരിക്കാൻ പറ്റിയ പാകമാകുമ്പോൾ ദൈവം തരും. അത്രയും നാൾ അവനതു നിഷേധിക്കും. തീപ്പന്തം കൈയിൽ വച്ചുകൊടുക്കാൻ പപ്പ കാലതാമസം വരുത്തുന്നതുപോലെയാണിത്. കുഞ്ഞ് തീയുടെ ഗുണ-ദോഷങ്ങൾ അറിയുംവരെ പപ്പ കാത്തിരിക്കും. നമുക്കേ സമയം വൈകിയിട്ടുള്ളൂ. അവന് ഇനിയും സമയമായിട്ടില്ല.

പരോക്ഷമായ മറുപടി
ചോദിച്ചതല്ല കിട്ടിയത്. വിക്ക് മാറാൻ മോശ പ്രാർത്ഥിച്ചു. വിക്ക് മാറിയില്ല, പകരം അഹറോനെ നൽകി (പുറപ്പാട് 4:16). പൗലോസ് മുള്ള് മാറാൻ പ്രാർത്ഥിച്ചു. മുള്ള് അവിടെത്തന്നെയിരുന്നു. പകരം കൃപയുടെ സമൃദ്ധി നൽകി (2 കോറിന്തോസ് 12:7). ലാസറിന്റെ രോഗം മാറാൻ പ്രാർത്ഥിച്ചു. രോഗം മാറിയുമില്ല, മരണവും സംഭവിച്ചു. പക്ഷേ, മൂന്നാംപക്കം ഉയിരു നൽകി (യോഹന്നാൻ 11). സുന്ദരകവാടത്തിലെ യാചകൻ ഭിക്ഷാപാത്രം നീട്ടി, ശിഷ്യപ്രമുഖനുനേരെ. ചില്ലിക്കാശ് കിട്ടിയില്ല. പകരം സൗഖ്യം കിട്ടി (അപ്പ. പ്രവ. 3). ദുഃഖവെള്ളി മാറാനാണ് രക്ഷകൻ പ്രാർത്ഥിച്ചത്. അതു മാറിയില്ല, പകരം ഉയിർപ്പുഞായർ നൽകി.
ചോദിക്കുന്നത് നൽകുന്നത് മാത്രമല്ല, നൽകാത്തതും സ്‌നേഹത്തിന്റെ അടയാളംതന്നെ. ആവശ്യപ്പെട്ടതു നൽകാതെ ആവശ്യമുള്ളത് നൽകുന്ന സ്‌നേഹം.

കരുതുന്ന സ്‌നേഹം.
അപകടത്തിൽ വലതുകരം നഷ്ടമായ ഒരു ഡ്രോയിങ്ങ് അധ്യാപിക. കരം നഷ്ടമായതോടെ അവരുടെ കാലം തീർന്നു എന്നായി അവർ. പഠിപ്പിക്കാനാവില്ല. കൈ വരാൻ മുട്ടുകുത്തി പ്രാർത്ഥിച്ച് കാലിന്റെ വേദന രൂക്ഷമായി. അങ്ങനെയിരിക്കെ ആരോ പറഞ്ഞു, എന്തുകൊണ്ട് ഇടതുകൈകൊണ്ട് പടം വരയ്ക്കാൻ ശ്രമിച്ചുകൂടാ. എന്തായാലും വര തുടങ്ങി. ഇന്നവരുടെ ചിത്രങ്ങൾ വത്തിക്കാൻ ലൈബ്രറിയിലുണ്ട്. ചിലപ്പോൾ ദൈവം ഇങ്ങനെയാണ്. പ്രാർത്ഥന എന്നും എവിടെയും കേൾക്കപ്പെടുന്നുണ്ട്. മറുപടിയുടെ തലം മാറിയേക്കാം.

ഉദാത്തമായ മറുപടി
ഇതു മനസിലാക്കുക എളുപ്പമല്ല. ഇവിടെ പ്രാർത്ഥനയ്ക്ക് പൊടുന്നനെ മറുപടിയില്ല, വൈകിയും ലഭിക്കുന്നില്ല. പരോക്ഷമായും കിട്ടുന്നില്ല. പിന്നെ, പ്രാർത്ഥിക്കുന്നവനിൽ വല്ലാത്ത ഒരു മാറ്റം സംഭവിക്കുന്നു. അർത്ഥകന്റെ പ്രാർത്ഥനയെ ഉടയവൻ ഉദാത്തമാക്കുന്നു, മറ്റെന്തിനോവേണ്ടി. സ്‌കൂളിൽ പോകാൻ നല്ല വസ്ത്രമില്ലാത്ത കുഞ്ഞ് ദേവാലയത്തിൽ ചെന്നത് ഈശോയോട് പരാതി പറയാനാണ്. മടങ്ങി എത്തി, അവൻ മൗനിയായി.

കാരണം തിരക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്; എനിക്കിടാൻ രണ്ടു ജോഡി വസ്ത്രമെങ്കിലുമുണ്ട്. കുരിശിൽ കിടക്കുന്നവന് നാണം മറയ്ക്കാനുള്ള തുണിപോലുമില്ല. പിന്നെ എന്തു പ്രാർത്ഥിക്കാനാണ്? നാളത്തെ ക്രിസ്ത്യാനി ഒന്നുകിൽ യോഗ്യനായിരിക്കണം, അല്ലെങ്കിൽ ഒന്നുമായിരിക്കില്ല എന്നാണ് കാൾ റാനർ പറയുന്നത്.

ചോദിക്കുന്നതൊക്കെ സ്വർഗത്തിലെ അപ്പൻ തരുമെന്നാണ് നമ്മെയെല്ലാം അവൻ പഠിപ്പിച്ചത്. പക്ഷേ, ആ ക്രിസ്തുതന്നെ ഒരിക്കൽ അപ്പനോട് ചോദിച്ചു: ‘അപ്പാ, കഴിയുമെങ്കിൽ ഈ പാനപാത്രം മാറ്റിത്തരണം.’ ആദരവുള്ളതുകൊണ്ടാണ് കഴിയുമെങ്കിൽ എന്ന് പറഞ്ഞത്. ആവശ്യമില്ലാഞ്ഞിട്ടല്ല. അതുകൊണ്ടാണല്ലോ ഒരേ പ്രാർത്ഥന മൂന്നാവർത്തി ഉരുവിട്ടത്. ഫലം ശോചനീയമെന്നു തോന്നും. മൂന്നാമതും വിളിച്ചിട്ട് കേൾക്കാത്തതുകൊണ്ട് അപ്പന്റെ ഇഷ്ടം മറ്റെന്തോ ആണെന്നറിഞ്ഞ മനുഷ്യപുത്രൻ നിന്റെ ഇഷ്ടം നിറവേറട്ടെ എന്നു പറഞ്ഞു. അപ്പോഴാണ് ദൂതരെ അയച്ച് ഇനിയുള്ള മുഹൂർത്തങ്ങൾ പ്രധാനപ്പെട്ടതാകയാൽ അവനെ ബലപ്പെടുത്തുന്നത്. ഇതെന്തൊരു പ്രാർത്ഥനയും മറുപടിയുമാണ്!

ഗദ്‌സമനിൽ മാത്രമല്ല കാൽവരിയിലും ഏതാണ്ടിതുപോലെതന്നെ. വേദന ആത്മാവിലും ശരീരത്തിലും ഒരുപോലെ അരിച്ചുകയറിയപ്പോഴാണ് അവൻ കരഞ്ഞത്, ”എന്റെ അപ്പാ, എന്റെ അപ്പാ, എന്തുകൊണ്ട് എന്നെ കൈവിട്ടു?” ക്രൂരമായ നിശബ്ദത മാത്രമായിരുന്നു ആ സമയം. ആയിരം വർഷംമുമ്പ് ദാവീദ് സങ്കീർത്തനമെഴുതിയപ്പോൾ ഈ നിലവിളി ഒരർത്ഥത്തിൽ പ്രവചിക്കുകയായിരുന്നു. സ്വന്തം ഇഷ്ടത്തിനുമീതെ ദൈവത്തിന്റെ ഇഷ്ടം സ്വീകരിക്കാനുള്ള ശക്തിയാണ് ആ പ്രാർത്ഥനയ്ക്ക് മറുപടി.

ദൈവം കൈവിട്ടാൽ എന്തു ചെയ്യും എന്നാകും നാം ആദ്യം ചോദിക്കുക. എന്നാൽ അത്ഭുതങ്ങൾ രണ്ടുവിധമുണ്ട് എന്ന് ഓർക്കണം. മനുഷ്യന്റെ പ്രാർത്ഥനയ്ക്കിണങ്ങിയവിധം ദൈവം വഴങ്ങുമ്പോൾ അത്ഭുതമാണ്. ദൈവത്തിനിണങ്ങിയ വിധത്തിൽ മനുഷ്യൻ വളരുമ്പോഴും അത്ഭുതംതന്നെ. രണ്ടാമത്തേതിനെ മഹാത്ഭുതം എന്നു പറയാം. രോഗം മാറിയില്ല, സ്വീകരിച്ചു. സൗഖ്യത്തെക്കാൾ വലിയ സൗഖ്യമല്ലേയിത്. ഇനി അയാളെ രോഗിയാക്കാൻ ഏതെങ്കിലും ദീനത്തിനാകുമോ? തോൽവി വിജയമായില്ല. സ്വീകരിച്ചു. ഇനി അയാളെ പരാജിതനാക്കാൻ ആർക്കെങ്കിലും കഴിയുമോ?
ഹൃദയാഭിലാഷങ്ങൾ പ്രാർത്ഥനകളാക്കാൻ കഴിയാതെ വരുമ്പോൾ, ദൈവം നിന്റെ ഹൃദയത്തെ കേൾക്കുന്നു എന്നറിയുക. ഉദാത്തമായി മറുപടിക്കായി ആശിക്കാം. വിളമ്പുന്നത് ഭക്ഷിക്കാം, പരാതി വേണ്ട.

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *