ഒരു ഉർസുലൈൻ വീരഗാഥ

1957 ഫെബ്രുവരി 27. കണ്ണൂരിലുള്ള ഉർസുലൈൻ പ്രൊവിൻഷ്യൽ ഹൗസിന്റെ മുറ്റമാണ് രംഗം. അന്നത്തെ കോഴിക്കോട് ബിഷപ് അഭിവന്ദ്യ പത്രോണി പിതാവ്, ഡോക്ടർമാർ, വൈദികർ, സിസ്റ്റേഴ്‌സ് തുടങ്ങിയവരുടെ ഒരു വലിയ സംഘം ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ്. കോൺവെന്റിലെ സിസ്റ്റർ മരിയ സെലിന് ഇടയ്ക്കിടയ്ക്ക് യേശുവും വിശുദ്ധ കൊച്ചുത്രേസ്യായും പ്രത്യക്ഷപ്പെടുന്നു. പലതരത്തിലുള്ള മിസ്റ്റിക് അനുഭവങ്ങളുണ്ടാകുന്നു. ഇതു സത്യമാണോ എന്ന് പലർക്കും സംശയം.

സെലിൻ ഒരു ഹിസ്റ്റീരിയാരോഗി ആണെന്നും ശാരീരിക പീഡനങ്ങൾ അവൾ സ്വയം ചെയ്യുന്നതാണെന്നും ദർശനങ്ങൾ അവളുടെ ഭാവനാ സൃഷ്ടികളാണെന്നും ചിലർ കരുതി. അന്ന് മുറ്റത്തെ കാറ്റാടിമരത്തിനടുത്തായി ഈശോ പ്രത്യക്ഷപ്പെടും എന്ന് തലേ ആഴ്ചത്തെ ദർശനത്തിൽ ഈശോ അറിയിച്ചിട്ടുണ്ടത്രേ! സെലിന്റെ ദർശനം അതിസ്വാഭാവികമാണോ അതോ തട്ടിപ്പാണോ എന്ന് തിരിച്ചറിയാനാണ് മെഡിക്കൽ വിദഗ്ധരുൾപ്പെടെയുള്ള സംഘം കാത്തിരിക്കുന്നത്.

അതാ… സെലിൻ കോൺവെന്റിന് പുറത്തേക്കിറങ്ങിവരുന്നു. മുറ്റത്തെ കാറ്റാടി മരത്തിനടുത്തെത്തിയപ്പോൾ ആരെയോ കണ്ടിട്ടെന്നവണ്ണം അവൾ ആദരവോടെ കൈകൾ കൂപ്പി…. മുട്ടുകുത്തി. കണ്ണുകൾ ഒരു ബിന്ദുവിൽ ഉറപ്പിച്ചു. പിന്നെ ചലനമില്ല. അല്പസമയത്തിനുശേഷം പരിശോധകസംഘത്തിലൊരാൾ ഒരു മൊട്ടുസൂചിയെടുത്ത് സെലിനെ കുത്തിനോക്കി.

ഒരു പ്രതികരണവുമില്ല. നഖത്തിനടിയിലേക്ക് മൊട്ടുസൂചി കുത്തിയിറക്കിയപ്പോൾപോലും അവൾ യാതൊന്നും അറിയാതെ നിശ്ചലയായി നിന്നു. കത്തിച്ച മെഴുകുതിരി സെലിന്റെ കൂപ്പുകൈകളുടെ അടുത്തേക്ക് കൊണ്ടുവന്നു. എല്ലാവരും ശ്വാസമടക്കി നോക്കിനില്‌ക്കേ തീനാളം അവളുടെ ചെറുവിരലിനെ തൊടുവിച്ചുനിർത്തി. അപ്പോഴും അവൾ കൈകൾ പിൻവലിച്ചില്ല, പേശികൾ സങ്കോചിക്കുകപോലുമുണ്ടായില്ല.

സെലിന്റെ ദർശനം വെറുമൊരു നാടകമല്ലെന്ന് എല്ലാവർക്കും ബോധ്യമായി. വൈദ്യശാസ്ത്രപ്രകാരം അവൾ നോർമൽ യുവതിയാണെന്നും ഹിസ്റ്റീരിയാരോഗം അവൾക്കില്ലെന്നും ഡോക്ടർമാർ വിധിച്ചു. അഞ്ച് ദശാബ്ദങ്ങൾക്കുശേഷം ഇന്ന് സെലിൻ ദൈവദാസി സിസ്റ്റർ മരിയ സെലിനായി വിശുദ്ധിയുടെ പരിമളം പരത്തുകയാണ്.

മൊട്ടുസൂചികൊണ്ട് കുത്തിയപ്പോഴും തീകൊണ്ട് പൊള്ളിച്ചപ്പോഴും അവൾ സാധാരണ മനുഷ്യർ പ്രതികരിക്കുന്നതുപോലെയല്ല പ്രതികരിച്ചത്. അതാണ് അവളിലെ അതിസ്വാഭാവികതയും ദൈവികതയും ബോധ്യപ്പെടാനുള്ള കാരണങ്ങളിലൊന്ന്. അവൾക്കുണ്ടാകുന്ന ദർശനങ്ങൾ യഥാർത്ഥമാണെന്ന് തിരിച്ചറിയാൻ അതിടയാക്കി. നമ്മുടെ ആധ്യാത്മികതയും യഥാർത്ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയുന്നത് വിപരീത അനുഭവങ്ങളോടുള്ള നമ്മുടെ പ്രതികരണംവഴിയാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങളിൽ തകരാതിരിക്കുക. തുളച്ചു കയറുന്ന ക്രൂരതയുടെ അനുഭവങ്ങളിലും പതറാതിരിക്കുക. അത് നമ്മിലെ ദൈവികതയെ വെളിപ്പെടുത്തുന്ന ഘടകങ്ങളിലൊന്നാണ്.

ദൈവവുമായി യഥാർത്ഥമായ ബന്ധം പുലർത്തുന്നവർക്ക് മാത്രമേ വേദനാജനകമായ അനുഭവങ്ങളുടെ നടുവിലും ശാന്തത കൈവിടാതെ ജീവിക്കാനാകൂ. കൊച്ചുകൊച്ചു പ്രശ്‌നങ്ങളിൽ നാമെന്തുകൊണ്ട് തകർന്നുവീഴുന്നു. വിമർശനങ്ങളിൽ, പരിഹാസങ്ങളിൽ, ശത്രുതയിൽ, നമുക്കെന്തുകൊണ്ട് പിടിച്ചുനില്ക്കാൻ കഴിയുന്നില്ല? നമ്മുടെ ആത്മീയതയെ ഇനിയും ആഴപ്പെടുത്തേണ്ടതുണ്ട് എന്നതിന്റെ അടയാളമാണത്. ലോകത്തിന്റെ മനുഷ്യർ പ്രതികരിക്കുന്നതുപോലെ തന്നെയാണ് ദൈവികമനുഷ്യരും നൊമ്പരങ്ങളോട് പ്രതികരിക്കുന്നതെങ്കിൽ ആത്മീയതയുടെ വ്യത്യാസം എവിടെയാണ്?

പ്രാർത്ഥന
കർത്താവേ… കുരിശുകളാണ് ഞങ്ങളുടെ ആധ്യാത്മികതയെ വെളിപ്പെടുത്തുന്നതെന്ന് ഞങ്ങൾ അറിയുന്നു. കുരിശുകളെ ശാന്തതയോടെ സ്വീകരിക്കാനും ഉയിർപ്പിന്റെ മഹത്വം പ്രാപിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

 

Leave a Reply

Your email address will not be published. Required fields are marked *