തണലുകൾ എന്തിനുവേണ്ടി?

ആ വാടാമുൾച്ചെടിയുടെ തണലിൽ ഏലിയായ്ക്ക് വളരെ ആശ്വാസം തോന്നി. എങ്ങനെ ആശ്വാസം തോന്നാതിരിക്കും? ജസബെൽ രാജ്ഞിയുടെ വാളിൽനിന്നുള്ള രക്ഷപ്പെടലായിരുന്നല്ലോ അത്. കർത്താവ് പറയുന്നതനുസരിച്ചുമാത്രം മുന്നോട്ട് പോകുന്നതിൽ ശ്രദ്ധാലുവായിരുന്നു ഏലിയാ. തന്നെ നിയോഗിച്ച ദൈവത്തിൽ ശങ്കിക്കാതെ അവൻ അടിയുറച്ചു വിശ്വസിച്ചു. പക്ഷേ ജസെബെൽ രാജ്ഞിയുടെ മുന്നിൽനിന്നുള്ള പലായനത്തിനിടയിൽ ഏലിയാ മടുത്തുപോകുന്നു. ആ ചെടിയുടെ തണലിൽ എല്ലാം മറന്നു കിടന്നുറങ്ങാൻ ശ്രമിക്കുന്ന ഏലിയാ പ്രവാചകന് തന്റെ ദൂതൻവഴി ചുടുകല്ലിൽ ചുട്ടെടുത്ത അപ്പം നല്കി ദൈവം ശക്തിപ്പെടുത്തുന്നു.
നമ്മുടെ ജീവിതത്തിലും കാണും ഇത്തരം ആശ്വാസത്തിന്റെ തണലേകുന്ന ചെറുചെടികൾ. ചിലപ്പോൾ നാം കണ്ടുമുട്ടിയ നല്ല സുഹൃത്തുക്കളോ മെച്ചപ്പെട്ട കുടുംബബന്ധങ്ങളോ ആരോഗ്യമോ ആത്മവിശ്വാസമോ ജോലിയിലെ ഉയർച്ചയോ സമൂഹത്തിലെ അംഗീകാരമോ അഭിരുചിയോ താല്പര്യമോ ഒക്കെയാകാം അവ. ആത്മാവിൽ ചെറുകുളിരുണ്ടാക്കുവാൻ ഈ വാടാമുൾച്ചെടികൾക്ക് കഴിഞ്ഞേക്കാം. എങ്കിലും ഈ മരുഭൂവിനപ്പുറമുള്ള ഹോറെബ് മലയിൽ കാത്തിരിക്കുന്ന ദൈവാനുഭവവുമായി തട്ടിച്ചു നോക്കുമ്പോൾ ഇവ തീരെ നിസാരവും നൈമിഷികവുമാണ്.

തണലുകളിൽ ഇരിക്കുമ്പോൾ…
എന്നാൽ ഈ ആശ്വാസങ്ങളോട് നിസംഗത പുലർത്തേണ്ടവരുമല്ല നാം. അതും നമ്മെ ദൈവൈക്യത്തിലെത്തിക്കുകയില്ല. ദൈവത്തിന്റെ സ്വരത്തിനും ദൈവദൂതന്മാരുടെ നിർദേശങ്ങൾക്കും കാതോർക്കുവാൻ ഈ വാടാമുൾച്ചെടിയുടെ തണൽ ഏലിയായ്ക്ക്് അവസരമൊരുക്കുകയാണ്. അവിടെയിരുന്ന് കർത്താവിന്റെ ദൂതൻ നല്കിയ ഭക്ഷണം സ്വീകരിച്ച് ഹോറെബിലെത്തുമ്പോൾ പ്രവാചകൻ തളരുകയല്ല. മറിച്ച് ”സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതി ഞാൻ അതീവ തീക്ഷ്ണതയാൽ ജ്വലിക്കുകയാണ്” (1 രാജാക്കൻമാർ 19:14). തണലുകൾ അതിനായുള്ളതത്രേ.
യോനാ പ്രാവാചകന്റെ ജീവിതത്തിലുമുണ്ട് സമാന അനുഭവം. തന്റെ വാക്കുകൾ കേട്ട് മാനസാന്തരപ്പെട്ട നിനവെയെ ഉൾക്കൊള്ളാൻ കഴിയാതെ അതിന്റെ നാശം കാണാൻ കാത്തുകഴിയുന്ന യോനാ പ്രവാചകന് തണലും ആശ്വാസവും നല്കുന്നതിന് ദൈവമായ കർത്താവ് ഒരു ചെടി മുളപ്പിക്കുന്നുണ്ട് (യോനാ 4:6). എന്നാൽ സന്തോഷത്തോടെ അതിന്റെ തണൽ പറ്റി കഴിയാമെന്ന് ചിന്തിച്ച യോനായ്ക്ക് ആ ചെടി നശിപ്പിച്ചുകൊണ്ടാണ് ദൈവം മറുപടി നല്കുന്നത്.
ഉറ്റവരുടെ അവിചാരിതമായ വിയോഗം, അപകീർത്തി, ഒറ്റപ്പെടൽ, ജോലിനഷ്ടം, രോഗങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ ദൈവത്തോട് കോപിക്കാനും അസംതൃപ്തി പ്രകടിപ്പിക്കാനുമുള്ളതല്ല എന്ന് ഓർക്കാം. തണലേറുന്ന ചെടികളകലുമ്പോൾ മരിക്കാനാഗ്രഹിക്കാൻ നമുക്ക് അധികാരവുമില്ല. ആ സമയം തണൽവിട്ട് ആ ചെടിത്തണലേകിയ ദൈവത്തെ തേടാനുള്ള അവസരമാണ്. തണലുകൾക്കുവേണ്ടി കാത്തിരിക്കാതെ, അവയെ ഓർത്ത് കരയാതെ, തണലേകിയ നല്ല തമ്പുരാനുവേണ്ടി കാതോർക്കാം. •

സിസ്റ്റർ ലീമാ തെരേസ് സി.എസ്.എൻ

 

 

Leave a Reply

Your email address will not be published. Required fields are marked *