ആ രഹസ്യം അമ്മയോട് പറയേണ്ട സമയമായി എന്ന് ലോറയ്ക്ക് മനസിലായി. ശരീരത്തിനേറ്റ മുറിവുകൾ ആ കുരുന്നു ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. ഏത് നിമിഷവും തന്റെ ആത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയാകുമെന്ന് ലോറ വികുന തിരിച്ചറിഞ്ഞു. അതിന് മുമ്പ് അമ്മയോടത് പറയണം. എന്തോ പറയാനുണ്ടെന്ന് ലോറ ആംഗ്യം കാണിച്ചു.
ശ്രദ്ധാപൂർവം ചെവി ചായ്ച്ച അമ്മയുടെ കാതുകളിൽ അവൾ ഇപ്രകാരം മന്ത്രിച്ചു – ”അമ്മേ ഞാൻ മരിക്കുകയാണ്. പക്ഷേ അമ്മയ്ക്ക് വേണ്ടി എന്റെ ജീവൻ തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാൻ ദൈവത്തോട് ഇതിനായി പ്രാർത്ഥിച്ചിരുന്നു.” കൂടുതൽ വിശദീകരണങ്ങളൊന്നും കൂടാതെ അമ്മയ്ക്ക് കാര്യം മനസിലായി. പാപാവസ്ഥയിലായിരുന്ന തന്റെ ആത്മാവിനെ രക്ഷിക്കാൻ വേണ്ടിയാണ് തന്റെ മകൾ ജീവൻ വെടിയുന്നതെന്ന് അറിഞ്ഞപ്പോൾ ആ അമ്മ സ്തബ്ധയായി. കരഞ്ഞുകൊണ്ട് മേഴ്‌സിഡസ് വികുന അപ്പോൾത്തന്നെ മകളോടും ദൈവത്തോടും മാപ്പ് ചോദിച്ചു. പുതിയൊരു ജീവിതം ആരംഭിക്കുമെന്ന് അവർ മകൾക്ക് ഉറപ്പു നൽകി.
1891 ഏപ്രിൽ അഞ്ചിന് ചിലിയിലെ സാന്റിയാഗോയിലാണ് ലോറ വികുനയുടെ ജനനം. അവളുടെ മൂന്നാം ജന്മദിനത്തിന് മുമ്പ് തന്നെ പട്ടാളക്കാരനായ പിതാവ് രോഗബാധിതനായി മരണമടഞ്ഞു. ഭർത്താവിന്റെ മരണത്തെ തുടർന്ന് കുഞ്ഞുങ്ങളെ വളർത്തുന്നതിനായി അമ്മ ലാസ് ലാജാസിലേക്ക് താമസം മാറ്റി. അവിടെ വീട്ടുജോലിയിൽ സഹായിക്കാനായി പോയി തുടങ്ങി.
ധനാഡ്യനായ മാനുവൽ മോറായെ ഇവിടെ വച്ചാണ് മെഴ്‌സിഡസ് വികുന കണ്ടുമുട്ടുന്നത്. വികുന കുടുംബത്തിന്റെ സംരക്ഷണം അയാൾ ഏറ്റെടുത്തു. കുടുംബത്തെ സംരക്ഷിക്കുന്ന മോറയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാൻ മെഴ്‌സിഡനസ് വികുന നിർബന്ധിതയായി.
ദൈവസ്‌നേഹത്തിൽ
എട്ടാമത്തെ വയസിൽ ജുനിനിലെ ബോർഡിംഗ് സ്‌കൂളിൽ ലോറയെ ചേർത്തു. ദൈവത്തെക്കുറിച്ചും ദൈവസ്‌നേഹത്തെക്കുറിച്ചും ലോറ കൂടുതലായി മനസിലാക്കിയത് സ്‌കൂളിൽ നിന്നാണ്. വിശുദ്ധ സക്രാരിയെ യേശുവിന്റെ ചെറുഭവനമെന്ന് വിശേഷിപ്പിച്ചിരുന്ന ലോറ യേശുവുമായി ആഴമായ ബന്ധത്തിലേക്ക് കടന്നുവന്നു. സഹപാഠികളെയും സഹോദരിമാരെയും കൂടുതലായി സ്‌നേഹിച്ചുകൊണ്ടാണ് ലോറ ദൈവസ്‌നേഹത്തോട് പ്രത്യുത്തരിച്ചത്.
ബോർഡിംഗിൽ തന്നെക്കാൾ ഇളയ കുട്ടികളുടെ ആവശ്യങ്ങൾ നിർവഹിക്കുവാൻ ലോറ താൽപര്യം കാണിച്ചു. കുട്ടികൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ അത് പരിഹരിക്കുവാനും അവരെ തിരുത്തുവാനും ലോറക്ക് ആ ചെറു പ്രായത്തിൽ തന്നെ സാധിച്ചിരുന്നു. ”ഞാൻ സ്‌കൂളിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ദൈവത്തെക്കുറിച്ചുള്ള ചിന്ത എന്നെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു” എന്നാണ് ആ കാലഘട്ടത്തെക്കുറിച്ച് ലോറ വികുന പറഞ്ഞത്.
അവധിക്കാലം ചെലവഴിക്കാൻ വീട്ടിലെത്തുന്ന സമയത്താണ് അമ്മയുടെ ജീവിതം ദുഃഖം നിറഞ്ഞതാണെന്ന് ലോറ മനസിലാക്കിയത്. ”ദൈവമേ അങ്ങയെ കൂടുതൽ അറിയാനും സന്തോഷം അനുഭവിക്കുവാനും അമ്മയ്ക്ക് ഇടവരുത്തണമേ” എന്നതായിരുന്നു അന്നുമുതൽ ലോറയുടെ പ്രാർത്ഥന. വീട്ടിലായിരുന്ന സമയത്ത് മോറ അവളോട് പല തവണ മോശമായി പെരുമാറിയെങ്കിലും ലോറ ചെറുത്തു നിന്നു. തന്റെ വിശുദ്ധി സംരക്ഷിക്കുന്നതിനായി ലോറ വീട്ടിലേക്കുള്ള യാത്രകൾ കുറച്ചു.
മാതൃസ്‌നേഹത്തിന്റെ കവിത
പത്താമത്തെ വയസിൽ ആദ്യകുർബാന സ്വീകരിച്ച അവസരത്തിൽ ഈ പെൺകുട്ടി തന്റെ നോട്ടുബുക്കിൽ ഇപ്രകാരം കുറിച്ചു-”ഓ ദൈവമേ, ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും ആഗ്രഹിക്കുന്നു. എന്റെ ആത്മാവും ഹൃദയവും, എന്നെത്തന്നെ മുഴുവനായും അങ്ങേക്ക് സമർപ്പിക്കുന്നു.” ഫാ. ക്രെസ്നെല്ലോ എന്ന വൈദികന്റെ അടുത്താണ് ലോറ വികുന സ്ഥിരമായി കുമ്പസാരിച്ചിരുന്നത്. ഒരു സലേഷ്യൻ സന്യാസിനിയാകുവാനുള്ള ആഗ്രഹം ലോറ വികുന ആ വൈദികനുമായി പങ്കുവച്ചിരുന്നു. അമ്മയുടെ മാനസാന്തരത്തിനായി തന്റെ ജീവൻ ദൈവത്തിന് സമർപ്പിക്കുവാനുള്ള തീരുമാനവും വൈദികന്റെ അനുവാദത്തോടെയാണ് ലോറ എടുത്തത്.
1903ലെ ശൈത്യകാലത്ത് ലോറ രോഗബാധിതയായി. പിന്നീട് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ലോറ വീട്ടിലേക്ക് പോയി. 1904 ജനുവരി 14ന് രാത്രി മദ്യപിച്ച് ലക്കില്ലാതെ മോറ ഇവർ താമസിച്ച ഭവനത്തിലെത്തി. ലോറയെ അയാൾ ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അവൾ ഭവനത്തിൽ നിന്ന് ഇറങ്ങി ഓടി. ഒരു ചാട്ടവാറുമായി അവളെ പിന്തുടർന്ന മോറ വഴിയിൽവച്ച് അവളെ പിടികൂടി ക്രൂരമായി പ്രഹരിച്ചു.രോഗബാധിതമായ അവളുടെ ശരീരത്തിന് ആ ക്രൂരമായ പ്രഹരം താങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം 1904 ജനുവരി 22-ാം തിയതി അവൾ ദൈവസന്നിധിയിലേക്ക് യാത്രയായി.
അമ്മയുടെ മാനസാന്തരത്തിന് വേണ്ടി ലോറ വികുന നടത്തിയ സമർപ്പണം പാഴായില്ല. മരണത്തിനുമുമ്പ് മകളോട് പറഞ്ഞതനുസരിച്ച് അവൾ മരിച്ച ദിവസം വൈകിട്ടുതന്നെ അവർ ദൈവാലയത്തിലെത്തി കുമ്പസാരിച്ച് സഭാ ജീവിതത്തിലേക്ക് തിരികെ വന്നു.
1988 സെപ്റ്റംബർ മൂന്നിന് ലോറ വികുനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചുകൊണ്ട് ജോൺ പോൾ മാർപാപ്പ ഇപ്രകാരം പറഞ്ഞു-”ലോറ വികുന എന്ന ദിവ്യകാരുണ്യപുഷ്പത്തിന്റെ ജീവിതം വിശുദ്ധിയുടെയും സഹനത്തിന്റെയും മാതൃസ്‌നേഹത്തിന്റെയും ഒരു കവിത തന്നെയായിരുന്നു.” •
രഞ്ജിത് ലോറൻസ്
1 Comment
Truely insspiring..