ദിവ്യബലി അനുഭവമാകുന്നില്ലെങ്കിൽ….

ബലിയർപ്പണത്തിലൂടെ കരഗതമാകുന്ന ആത്മീയവും ശാരീരികവുമായ സമ്പത്തിനെപ്പറ്റി ധ്യാനഗുരുവഴിയായി ഈശോ എനിക്ക് പുതിയ ബോധ്യങ്ങൾ നൽകി. വിശുദ്ധ കുർബാന നാവിൽ എത്തിയാലുടനെ ശരീരം ഈശോയുടേതായി മാറുന്നത് അനുഭവിച്ചുകൊണ്ട് ‘ആബാ പിതാവേ’ എന്ന് ഹൃദയത്തിന്റെ ഉള്ളിൽനിന്നു വിശ്വാസത്തോടെ വിളിച്ച് പ്രാർത്ഥിക്കും. അതുവഴി സൗഖ്യം സംഭവിക്കുമെന്നത് അനുഭവത്തിൽനിന്ന് എനിക്ക് വ്യക്തമായി. കഴുത്തിന്റെയും കാൽമുട്ടുകളുടെയും വേദനയും സദൃശമായ ശാരീരികാസ്വസ്ഥതകളും എന്നെ അലട്ടിയിരുന്നു. മുകളിൽ സൂചിപ്പിച്ച പ്രാർത്ഥനയിലൂടെ വേദന വളരെ കുറഞ്ഞു. ഇപ്പോൾ കാര്യമായ ചികിത്സകൾ ഇല്ലാതെതന്നെ എല്ലാ ജോലികളും യാത്രകളും ചെയ്യുന്നു.
നമ്മുടെ ആയിരിക്കുന്ന അവസ്ഥ, രോഗമുള്ള ശരീരം, ദുഃഖങ്ങൾ, സമ്പത്ത്, നേട്ടങ്ങൾ, ബന്ധങ്ങൾ, സ്‌നേഹിക്കാൻ തന്നിരിക്കുന്ന വ്യക്തികൾ എല്ലാം ഈശോ ഏറ്റെടുക്കുന്നു. വിശുദ്ധ കുർബാന സ്വീകരിച്ചാലുടനെ ആദ്യം പറഞ്ഞപ്രകാരം പ്രാർത്ഥിക്കാൻ പഠിച്ചതുകൊണ്ട് ബലിയർപ്പണം കൂടുതൽ അനുഭവമായി. അനുദിനം ബലിയർപ്പിക്കാൻ അനുഗ്രഹം ലഭിച്ച ഞാൻ എത്രയോ ഭാഗ്യവതിയാണെന്ന് ബോധ്യപ്പെട്ടതും അതുകൊണ്ടുതന്നെ.

എല്ലാം അങ്ങയുടേത്!
‘ഈശോയേ ഈ ശരീരം അങ്ങയുടേതാകുന്നു. ഈ രക്തം അങ്ങയുടേതാകുന്നു. ഈ ശരീരത്തിൽ ഇനി രോഗമില്ല, വേദനയില്ല, ദുഃഖമില്ല’ എന്ന് ഏറ്റുപറയും. ഞാൻതന്നെ എന്റെ ശരീരത്തോടു പറയും, ‘ഇത് നിന്റെ ശരീരമല്ല. ഈശോയുടേതാണ്’ എന്ന്. ഇങ്ങനെ ദിവസം പല പ്രാവശ്യം ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കും. കാൽവരിയിൽ വീണ ചോരത്തുള്ളികളിൽ അഭിഷേകം ചെയ്യപ്പെടുമ്പോൾ ജീവിതം മാറിമറിയുന്നു. 1 പത്രോസ് 2:24 നോക്കാം, ”നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത് നാം പാപത്തിന് മരിച്ച് നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.” നമ്മുടെ ആന്തരികാവയവങ്ങളിൽപ്പോലും ഈശോ വ്യത്യാസങ്ങൾ വരുത്തും.
ഏറ്റവും വലിയ ആരാധനയായ ദിവ്യബലി നന്ദിയോടെ, കൊതിയോടെ, സ്‌നേഹത്തോടെ അർപ്പിക്കുമ്പോൾ നമുക്ക് കിട്ടുന്ന സ്വർഗീയ അനുഭവം എത്ര വലുതാണ്. ലോകമെമ്പാടുമുള്ള എല്ലാവരെയും ബലിയിൽ ഈശോയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കേണ്ടവരുമാണ് നമ്മൾ. ദൈവം നമ്മുടെ പിതാവായതുകൊണ്ട് പിതാവിന്റെ സ്വത്തെല്ലാം മക്കൾക്ക് അവകാശപ്പെട്ട് ചോദിക്കാമല്ലോ. ഈശോയുടെ കരുണ, സ്‌നേഹം, സ്വഭാവം, ആരോഗ്യം, എല്ലാം നമുക്ക് നേടിയെടുക്കാം. ഇതിനെല്ലാം പുറമെ സഹായകനായ പരിശുദ്ധാത്മാവിനെയും നമുക്ക് തന്ന് അനുഗ്രഹിച്ചിരിക്കുന്നു. പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്ന് അവിടുന്ന് നമുക്ക് വെളിപ്പെടുത്തും. റോമാ. 8:26-ൽ പറയുന്നതുപോലെ നമ്മുടെ ബലഹീനതയിലും അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കട്ടെ. കാരണം വേണ്ടവിധത്തിൽ പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ.
സ്‌നേഹനാഥനായ ഈശോയേ, വചനം ശ്രവിക്കുമ്പോഴും ധ്യാനാവസരങ്ങളിലും കിട്ടുന്ന വെളിപ്പെടുത്തലുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ. അങ്ങനെ കൂടുതൽ ഫലങ്ങൾ പുറപ്പെടുവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.

റോസമ്മ ജോസഫ്

 

Leave a Reply

Your email address will not be published. Required fields are marked *