അന്നൊരു ആദ്യവെള്ളിയായിരുന്നു. ഡാഡി പതിവായി പോകുന്ന ധ്യാനമന്ദിരത്തിൽ പ്രാർത്ഥനാശുശ്രൂഷയ്ക്ക് പോയി. മമ്മിയും എന്റെ മൂന്നാമത്തെ സഹോദരിയും ഞാനും വീട്ടിലുണ്ട്. നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചശേഷമുള്ള വിശ്രമത്തിലായിരുന്നു ഞാൻ. ഏകദേശം പതിനൊന്ന് മണിയായപ്പോൾ ഒരു ജീപ്പ് മുറ്റത്തേക്ക് വരുന്നതും മമ്മി അവരോട് സംസാരിക്കുന്നതും കേട്ടു.
കുറച്ചുകഴിഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണുമായി മമ്മി എന്റെ അടുത്തെത്തി പറഞ്ഞു, അവർ ബാങ്കിൽനിന്നാണ് വന്നിരിക്കുന്നത്. വീട്ടിൽ ജപ്തി ഒട്ടിച്ചു. കേട്ട മാത്രയിൽ മനസിൽ ഒരു ശ്മശാനമൂകത കടന്നുവന്നു. പുറത്തിറങ്ങി ഞാൻ നോക്കിയപ്പോൾ വീടിന്റെ ഭിത്തിയിൽ അവർ നോട്ടീസ് ഒട്ടിച്ച് പോയിക്കഴിഞ്ഞിരുന്നു. മമ്മി അപ്പോൾ എന്നോട് പറഞ്ഞു, ജപ്തി ഒട്ടിച്ച് അത് ഫോട്ടോയുമെടുത്താണ് അവർ പോയിരിക്കുന്നത് എന്ന്.
എന്തു ചെയ്യണമെന്നറിയാതെ ഞാനും കുടുംബവും നിലവിളിച്ചു. വെള്ളിയാഴ്ച ജപ്തി ഒട്ടിച്ചു, ബുധനാഴ്ച പത്രത്തിൽ വാർത്ത വരും. ഇത്ര നാളും കെട്ടിയുയർത്തിയ ആത്മാഭിമാനമെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയോർത്ത് ഞങ്ങൾ നിലവിളിച്ചു. എത്രയും പെട്ടെന്ന് ആറുലക്ഷം രൂപ ബാങ്കിൽ അടയ്ക്കുക. അതുമാത്രമേ ഞങ്ങൾക്ക് മുൻപിൽ ഒരു വഴിയുള്ളൂ. പെൺകുട്ടികളുടെ വിവാഹവും പ്രസവവുമെല്ലാം കഴിഞ്ഞ് ബാധ്യതകളെല്ലാം ഒരു വിധത്തിൽ തീർത്ത ഒരു സാധാരണ കർഷകനെ സംബന്ധിച്ച് ആറുലക്ഷം രൂപ എന്നത്, അതും രണ്ടു ദിവസത്തിനുള്ളിൽ ബാങ്കിൽ അടയ്ക്കുകയെന്നത്, ഒരു വലിയ കീറാമുട്ടിയാണ്.
ദാനിയേലിന്റെ പുസ്തകത്തിൽ മൂന്നു യുവാക്കൾ തീച്ചൂളയിൽ എറിയപ്പെടുന്നതായി നമ്മൾ വായിക്കുന്നു. നബുക്കദ്‌നേസർ രാജാവ് അറുപത് മുഴം ഉയരവും ആറുമുഴം വണ്ണവുമുള്ള ഒരു സ്വർണ വിഗ്രഹമുണ്ടാക്കി. ഈ വിഗ്രഹത്തെ ആരാധിക്കാതിരുന്ന ഷദ്രാക്ക്, മെഷാക്, അബെദ്‌നെഗോ എന്നീ യഹൂദ ഭരണാധികാരികളെയാണ് എരിയുന്ന ചൂളയിലേക്ക് വലിച്ചെറിയുന്നത്. ആ തീച്ചൂളയ്ക്ക് നടുവിലും അവർ ദൈവത്തെ സ്തുതിച്ചു പാടിയെന്നും ദൈവം ആ തീച്ചൂളയിൽനിന്ന് അവരെ മോചിപ്പിച്ചു എന്നും നാം വായിക്കുന്നു. സമാനമായൊരു തീച്ചൂള അനുഭവത്തിൽ ഞങ്ങൾക്കൊന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ. മൂന്നു യുവാക്കന്മാർ തീച്ചൂളയിൽവച്ച് ചെയ്തതുപോലെ ദൈവത്തെ സ്തുതിച്ച് ആരാധിക്കുക. ഞങ്ങൾ അതുതന്നെ ചെയ്തു.
”തന്നിൽ ആശ്രയിച്ച തന്റെ ദാസന്മാരെ അവിടുന്ന് സ്വന്തം ദൂതനെ അയച്ച് മോചിപ്പിച്ചുവല്ലോ” (ദാനിയേൽ 3:28). ചോദിച്ചവരെല്ലാം സഹായിക്കാൻ വിസമ്മതിച്ചപ്പോഴും ദൈവം ദൂതന്മാരെപ്പോലെ സ്‌നേഹിതരെ അയച്ച് ഈ തീച്ചൂളയുടെ മധ്യത്തിലും ആശ്വാസം നല്കി. യാതൊരു പ്രതിഫലവും പറ്റാതെ അവർ ഞങ്ങളെ സഹായിച്ചു. അങ്ങനെ ചൊവ്വാഴ്ച തന്നെ ബാങ്കിലെ പണം അടയ്ക്കാൻ ദൈവം അനുവദിച്ചു.
അധികം വൈകാതെ ഞങ്ങളെ സഹായിച്ചവർക്ക് പണം കൊടുക്കേണ്ടി വന്നു. അങ്ങനെ ഒരു സ്വകാര്യ ബാങ്കിൽനിന്ന് കടമെടുത്ത് അവർക്ക് കൊടുത്തു. മാസം ഏഴായിരം രൂപ പലിശ അടയ്ക്കണമായിരുന്നു. മാസം രണ്ടായിരം രൂപപോലും വരുമാനമില്ലാത്ത ഡാഡി ഏഴായിരം രൂപ മാസം ബാങ്കിൽ അടയ്ക്കാൻ നന്നേ കഷ്ടപ്പെട്ടു. അവിടെയും ദൈവം വിശ്വസ്തത കാണിച്ചു. ആവശ്യങ്ങളിൽ സഹായിക്കാൻ ധാരാളം ആത്മാർത്ഥ സുഹൃത്തുക്കളെ നല്കി അവിടുന്ന് അനുഗ്രഹിച്ചു. അടുത്തുള്ള ഹോമിയോ ഡിസ്പൻസറിയിലെ ഡോക്ടറും സഹപ്രവർത്തകരുമെല്ലാം മുടക്കമില്ലാതെ പലിശ അടക്കാൻ സഹായിച്ചു.
കുറച്ചു മാസങ്ങൾക്കുശേഷം ഞാൻ ഇളയ കുഞ്ഞിനെ ഡോക്ടറെ കാണിക്കുവാൻ കാത്തുനില്ക്കുമ്പോൾ, എനിക്കൊരു ഫോൺകോൾ വന്നു. അത് ഡാഡിയുടേതായിരുന്നു. ജപ്തി ഒട്ടിക്കുന്നതിനുമുമ്പ് പല പ്രാവശ്യം സ്ഥലം വിറ്റ് കടം വീട്ടാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നുവെങ്കിലും അന്നൊന്നും അത് നടന്നിരുന്നില്ല. ജപ്തിയെല്ലാം ഒഴിവായ സമയത്ത് പെട്ടെന്ന് നല്ല വിലയ്ക്ക് സ്ഥലംവിൽപ്പന നടന്നു എന്നായിരുന്നു ഡാഡി ഫോണിലൂടെ പറഞ്ഞത്. തീർത്തും അവിശ്വസനീയമായ വാർത്ത.
തന്നിൽ പ്രത്യാശ വയ്ക്കുന്നവരെ കൈവിടാത്ത ദൈവം എല്ലാ കടങ്ങളും വീട്ടാനും മറ്റൊരു നല്ല വീടും സ്ഥലവും വാങ്ങിക്കുവാനും ഇടയാക്കി. ഇന്ന് ശാന്തമായി ദൈവസന്നിധിയിൽ ആയിരിക്കുമ്പോൾ ദാനിയേൽ 3:29-ൽ പറയുന്നതുപോലെ ”ഈ വിധത്തിൽ രക്ഷിക്കാൻ കഴിവുള്ള വേറൊരു ദേവനില്ലായെന്ന്” ഞാനും കുടുംബവും ഏറ്റുപറയുന്നു. പ്രതിസന്ധികളിലും അവിടുത്തെ സ്തുതിച്ച് ആരാധിക്കുമ്പോൾ തീച്ചൂളകളിൽ അവിടുന്ന് തണുപ്പായി വരും, രക്ഷയേകുമെന്ന ദൈവികബോധ്യം മനസ്സിൽ ശക്തമാകുന്നു.
സൂസൻ ബ്രിജേഷ്